ഈ ഇരട്ടപ്പേര് എന്ന് പറയുന്നത് തിണ്ടലം അർഷാദിന്റെ ഗാനമേള പോലെയാണ്, എപ്പൊ വരുമെന്നോ എന്തൊക്കെ കേൾക്കേണ്ടിവരുമെന്നോ മുൻകൂട്ടി പറയാൻ പറ്റില്ല.
‘ഹരേവാ ശിങ്കാരിമേളം’ ട്രൂപ്പ് പ്രൊപ്രൈറ്റർ സുകുമാരൻ, ഒരു ഉന്നം തെറ്റാതെ വന്ന വൈകുന്നേരത്ത് അമ്മയോട് ചായക്ക് ഓർഡർ ചെയ്ത് വീടിന്റെ മുറ്റത്തിറങ്ങി ഉലാത്തുകയായിരുന്നു. അപ്പോഴാണ് അങ്ങോട്ട് ഹരേവായുടെ മാർക്വീ പ്ലെയർ രമണൻ ശിങ്കാരി മേളം കോസ്റ്റ്യൂമില് ഓടി വരുന്നത്, വിത്ത് നോട്ടുമാല. മേലേ കാവിലെ ഉത്സവത്തിന് ഫൈറ്റേഴ്‌സ് ക്ലബിന്റെ വരവിന് കൊട്ടാൻ പോയവൻ ഇങ്ങോട്ടെന്തിനാ വരുന്നത് എന്ന് സുകുമാരൻ വണ്ടറടിച്ചു.
“ആശാനേ ഇവിടെ തോട്ടി ഉണ്ടോ?”
“നീയെന്താ കൊട്ടാൻ പോവാതെ മാങ്ങ പറിക്കാൻ പോവാണോ?”
“കൊട്ടുന്നിടത്ത് നിന്നാ വരുന്നത്, ബാക്കി കൊട്ടാൻ ഒരു തോട്ടി വേണം”
“ശിങ്കാരിമേളം കൊട്ടാൻ എന്തിനാടാ തോട്ടി?”
“നമ്മടെ ആ ചെണ്ട മോളിലേക്ക് എറിഞ്ഞ് തിരിച്ച് പിടിക്കണ ആ ഹിറ്റ് ഐറ്റമില്ലേ, അത് കളിച്ച് കഴിഞ്ഞപ്പൊ എന്റെ ചെണ്ട മാത്രം തിരിച്ച് വന്നില്ല. മോളില് തങ്ങി ഇരുന്നു!!”
സുകുമാരൻ തലയിൽ കൈവെച്ചിരുന്നു. ‘കൂട്ടത്തില് മര്യാദയ്ക്ക് കൊട്ടാൻ അറിയുന്ന ഒരേയൊരുത്തനാണ്, ഇവനും കൂടി ഇങ്ങനെ തുടങ്ങിയാൽ താനെങ്ങനെ ശിങ്കാരിമേളത്തിനു കൊടുത്ത സമഗ്രസംഭാവനയ്ക്കുള്ള പദ്മശ്രീ വാങ്ങിക്കും?’ എന്ന് കുണ്ഠിതപ്പെട്ടു.
“ഇനി മരം കേറാൻ അറിയുന്നവരെ ട്രൂപ്പിൽ എടുത്താ മതി മോനെ”.
ചായയും കൊണ്ട് വന്ന അമ്മയുടെ മനസ്സുവായിച്ചുള്ള പഞ്ച്.
‘ആ… ഭാഗ്യം. എറിഞ്ഞ ചെണ്ട മുകളിൽ തന്നെയുണ്ടല്ലോ, വല്ല ഇന്റർ സ്റ്റേറ്റ് ലോറിയിലും പോയി വീണിരുന്നെങ്കിലോ?’ എന്ന് സ്വയം ആശ്വസിച്ച് സുകുമാരൻ തോട്ടി എടുത്തുകൊടുത്ത് ശിഷ്യനെ അനുഗ്രഹിച്ചുവിട്ടു.
‘എന്നാലും ഏത് മരത്തിലായിരിക്കും ആ ചെണ്ട തങ്ങിയിരുന്നത്’ എന്ന ആലോചനയോടെ സുകുമാരൻ ആ ചായ ഗ്ളാസ് കാലിയാക്കും മുൻപ് വീട്ടിലേക്ക് അടുത്ത ഓട്ടക്കാരൻ വന്നു.
“സുകുമാരേട്ടാ…… സുഗുണന് ഷോക്കടിച്ചു!”
“ഷോക്കോ?”
“ഇലക്ട്രിക് ലൈനിലിരിക്കുന്ന ചെണ്ട തോട്ടികൊണ്ട് എടുക്കാൻ നോക്കിയതാ”
ഹരേവാ! മാർക്യീ പ്ളേയറുടെ ഇലക്ട്രിഫൈയിങ്ങ് പെർഫോമൻസ്!!
കറണ്ടും കമ്പിയിൽ കുടുങ്ങിയ ചെണ്ട എടുക്കാൻ ശിഷ്യന് തോട്ടി കൊടുത്തുവിട്ട സുകുമാരന്, സ്പോട്ടില് പേര് വീണു, തോട്ടി സുകുമാരൻ!
ഐ റിപ്പീറ്റ്, ഈ ഇരട്ടപ്പേര് എന്ന് പറയുന്നത് തിണ്ടലം അർഷാദിന്റെ ഗാനമേള പോലെയാണ്, എപ്പൊ വരുമെന്നോ എന്തൊക്കെ കേൾക്കേണ്ടിവരുമെന്നോ മുൻകൂട്ടി പറയാൻ പറ്റില്ല.
Deepu Pradeep