കണ്ടോ, ചെറിയ ഒരു മിസ്റ്റേക്കില്ലേ?
ആ, അതുപോലെ തന്നെയായിരുന്നു ഫ്രീക്കുസ്മാനും. അധികൊന്നൂല്ല്യ, ചെറിയോരു മിസ്റ്റേക്ക്. ആ ചെറുതിലൊന്ന് വലിയൊരു ആരാധനയാണ്. ആൽബം രംഗത്തെ ജീവിക്കുന്ന ഇതിഹാസം, ഹിറ്റുകളുടെ മരം, കുഞ്ഞിമോൻ കൊയിലാണ്ടി (യഥാർത്ഥ പേരല്ല) അസ്ഥിക്ക് പിടുത്തമിട്ട യുവത്വങ്ങളിൽ ഒന്നാണ് ഫ്രീക്കുസ്മാൻ. കുഞ്ഞുമോൻ ഫാൻസ് ജില്ലാ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്നത് വരെ ഉസ്മാന്റെ ഇടത്തേ നെഞ്ചിലാണ്, അജ്ജാതി ഫാൻബോയ്!

പക്ഷെ കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും, ഉസ്മാനെ പറ്റി പറയാൻ തുടങ്ങിയാൽ ഞാൻ ‘കഥപറയുമ്പോൾ’ ക്ളൈമാക്സിലെ അശോക് രാജാവും. കണ്ണിൽ നിന്ന് രണ്ട് ഔൺസ് കണ്ണീര് പൊഴിയും….
അശോക് രാജ് പറഞ്ഞപോലെ, ഓരോ വ്യക്തിയുടെ ജീവിതത്തിലും കൃത്യമായ സമയത്ത് സ്വാധീനം ചെലുത്തുന്ന ഒരാളുണ്ടാവും. ഈ ഫോളോവേർസും ലൈക്കുകളും വരുന്നതിനും എത്രയോ മുൻപ്, എന്നിൽ ഒരു എഴുത്തുകാരനുണ്ടെന്നു ആദ്യമായി തിരിച്ചറിഞ്ഞത് അവനായിരുന്നു…. എന്‍റെ ബാ, അല്ല ഉസ്മാൻ.

2007. എഴുതിവെക്കുന്നത് അടക്കാകുരുവിക്ക് പോലും വേണ്ടാത്ത കാലം. കട്ട ഡിപ്രഷൻ! എഴുത്തു നിർത്തി ഹിന്ദുസ്ഥാനി സംഗീതത്തിലേക്കോ, കരാട്ടയിലേക്കോ ശ്രദ്ധ കേന്ദ്രീകരിച്ചാലോ എന്ന് ചിന്തിച്ച് നടക്കുന്ന ഒരു നട്ടുച്ചകളിൽ ഒന്നിലാണ് ഉസ്മാൻ, തലയ്ക്ക് ബാക്കിലൊരു വലയവുമായി എന്റെ മുന്നിൽ പ്രത്യക്ഷപെടുന്നത്. പെട്ടയുടൻ ഹോണസ്റ്റ് ബേക്കറിയിലേക്ക് വലിച്ചുകേറ്റി അവനെനിക്ക് എന്‍റെ അന്നത്തെ വീക്ക്നെസ്സുകളായിരുന്ന അവിൽമിൽക്കും മുട്ടപഫ്‌സും വാങ്ങിതന്നു. കുഞ്ഞുമോൻ കൊയിലാണ്ടിയുടെ പുതിയ ആൽബം, ‘കുലുക്കമുണ്ട് ഖൽബേ’യുടെ ആസ്വാദനകുറിപ്പ് പറയാനായിരിക്കും ആ സ്‌നേഹം എന്ന് കരുതിയ എനിക്ക് തെറ്റി. വന്നത് ഈ വരിയായിരുന്നു…
“ദീപോ…നീ മാരക എഴുത്താണ്”
ബ്ലും! അടിവയറ്റിൽ മഞ്ഞുതുള്ളി വീണ ഒരു ഫീല്!!
പിന്നെയുഡ്രാ… സ്വാഗതപ്രസംഗത്തിൽ ചീഫ് ഗസ്റ്റിനെ വർണ്ണിക്കണപോലെ എന്നെയും എന്‍റെ എഴുത്തിനെയും ഹഡാടെ വർണ്ണിച്ച് ഒരു പത്ത് മിനുറ്റ് ഫുൾസ്റ്റോപ്പില്ലാതെ നോൺ സ്റ്റോപ്പ്!
എന്‍റെ അവിൽ മിൽക്ക് കഴിഞ്ഞതുപോലും ഞാനറിഞ്ഞില്ല. ജാതി കിക്ക്, വെറും ഹൈ!
എന്നിട്ടും കഴിഞ്ഞിട്ടില്ലായിരുന്നു.
“ദീപോ, ഞാനൊരു കാര്യം പറഞ്ഞാ ഒന്നും തോന്നരുത്…. ഞാൻ അന്റെയൊരു ഫാനാണ്.”
ട്ടും! എന്റെ ആന്ദോളനങ്ങൾ അട്ടത്ത്കയറി.
ഒന്നുമില്ലെങ്കിലും ഞാനന്നൊരു പ്ലസ്റ്റുക്കാരനല്ലേ? അട്ടത്ത്തന്നെ കയറി, ട്ടും ട്ടും!!

എന്തോ…പിന്നെ ഞാൻ നോക്കിയത് ഉസ്മാന്റെ ആ വലത്തേ നെഞ്ചിലേക്കായിരുന്നു. അശോക് രാജിനെ പോലെത്തന്നെ നിറകണ്ണുകളോടെ ഞാൻ ചോദിച്ചു,
“ഈ കടങ്ങളൊക്കെ ഞാനെങ്ങനെ വീട്ടും എന്റെ ബാ…. അല്ല ഉസ്മാനെ?”
“എനിക്ക് ഇയൊരു ലവ് ലെറ്റർ എഴുതിതന്ന് വീട്ടിയാൽ മതി”
സ്വാഹ! ചോദിക്കണ്ടേർന്നില്ല.
“ഉസ്മാനെ, ലവ് ലെറ്ററൊന്നും എഴുതി എനിക്ക് ശീലമില്ല, സാധാ എഴുത്ത് പോലെയല്ല, നല്ല പണിയുള്ള പരിപാടിയാ”
“എനിക്ക് നാലേ നാല് വരി മതി. അവളെ വർണ്ണിച്ചുകൊണ്ടുള്ള കുറച്ച് ഹാന്റ്പിക്ക്ഡ് വാക്കുകൾ മാത്രം”
വീണ്ടും ബഹുമാനം! ഓരോരോ കോന്തന്മാര് ഒന്നരയേക്കർ പറമ്പിന്‍റെ അടിയാധാരം പോലെ ഓരോ ലവ് ലെറ്ററ് അങ്ങട്ട് കാച്ചും, ന്നിട്ടോ? പെണ്ണും പോവും, പേപ്പറും വേസ്റ്റാവും.
അവന്‍റെ ആ സിംപ്ലിസിറ്റി കണ്ട് ഞാൻ സമ്മതം മൂളി.

സ്വന്തം ജീവിതത്തിലെ പ്രേമനൈരാശ്യങ്ങളും, നാട്ടാരുടെ ജീവിതത്തിലെ അബദ്ധങ്ങളും എഴുതുന്നപോലെ സിമ്പിളല്ല ഈ പ്രേമലേഖനപരിപാടി എന്ന്, പേപ്പറും പേനയും പിടിച്ച് അരമണിക്കൂർ നഖം കടിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത്. തീപ്പൊരിയൊന്നും വരാതായപ്പോ ഞാൻ നേരെ പ്രേമത്തിൽ എം ഫിൽ ചെയ്യുന്ന കൂട്ടുകാരൻ അച്ചുവിന് വിളിച്ചു കാര്യം പറഞ്ഞു.
“ഇത്രേയുള്ളോ? ഇതൊക്കെ സിമ്പിടുന്ന പോലെ സിമ്പിളല്ലേ?”
“സിമ്പിളോ, എന്നാ നീയൊന്ന് വർണ്ണിച്ചേ….”
സ്പോട്ടില് വന്നു.
“പെണ്ണെ… സെപ്റ്റിക്ക് ടാങ്കായിരുന്ന എന്റെ മനസ്സിൽ പെയ്ത അത്തറ് മഴയാണ് നീ”
വാവ്! അതൊക്കെയാണ് ലവ് ലെറ്ററ്‌! കാമുകി മാത്രമല്ല, അവളുടെ നാത്തൂനും വല്യച്ഛനും മേമമാരും വരെ കൂടെ ഇറങ്ങിവരും. ഞാൻ ഫോൺ വെച്ചു.

രാത്രിയായി, നഖം കഴിഞ്ഞ് ഞാൻ പേന കടിക്കാൻ തുടങ്ങി എന്നല്ലാതെ വേറെ മാറ്റം ഒന്നുമില്ല. ആ സമയം അപ്രതീക്ഷിതമായി പുറത്ത് ക്ലാര പെയ്തു. മോനേ!! അടപടല റൊമാന്റിക്ക്. അതില് ഒരു അസാധ്യ സാധനം വന്നു. നാല് വരി! എഴുതിയത് വായിച്ച എനിക്ക് തന്നെ എന്നെ കെട്ടിപ്പിടിക്കാൻ തോന്നി.
ആ ലവ് ലെറ്ററും കൊണ്ട് പോയ ഉസ്മാൻ പിറ്റത്തെ കൊല്ലം തന്നെ ഓളെ കെട്ടി. എന്‍റെ എഴുത്തിന് അതിലും വലിയൊരു ജ്ഞാനപീഠം പിന്നെ കിട്ടാനുണ്ടോ? സ്വജീവിതം കൊണ്ട്‌ ഉസ്മാൻ തന്ന ആ ഊർജ്ജത്തിന്റെ ഉത്സാഹത്തിലാണ് ഞാൻ പിന്നീട് എഴുത്ത് തുടരുന്നത്.

2015. ബ്ലോഗ് ഒക്കെ ഹിറ്റായി, എഴുതിയ സിനിമയും ഇറങ്ങിനിൽക്കുന്ന സമയം. നാട്ടിലെ തിരക്കഥാകൃത്തിനെ അനുമോദിക്കാൻ നാട്ടുകാർ ഒരു ചടങ്ങു സംഘടിപ്പിക്കാൻ പോവുന്നുണ്ടെന്നു ഞാനറിഞ്ഞു. എനിക്ക് ഉസ്മാനെ ഓർമ്മ വന്നു. പരിപാടിയുടെ മറുപടി പ്രസംഗത്തിൽ, ഈ ഇൻസ്പിറേഷൻ സ്റ്റോറി പറഞ്ഞ് കണ്ണൊന്നു തുടച്ചശേഷം, എംഎൽഎ എന്നെ അണിയിച്ച ആ പൊന്നാട, ഉസ്മാനെ സ്‌റ്റേജിലേക്ക് വിളിച്ച് അണിയിച്ച് കയ്യടി വാങ്ങാനായിരുന്നു എന്റെ എളിയ പ്ലാൻ.

പരിപാടിയ്ക്ക് ഒരാഴ്ച മുൻപ്, ഒരു കോട്ടയ്ക്കൽ ബസിൽ യാത്ര ചെയ്യുകയായിരുന്നു ഞാൻ. വെട്ടിച്ചിറ കഴിഞ്ഞപ്പൊ, ബസ്സിലെ ജെബിഎൽ സ്പീക്കർ കുഞ്ഞുമോൻ കൊയിലാണ്ടിയുടെ ശബ്ദത്തിൽ പാടാൻ തുടങ്ങി. ടിക്കറ്റ് എടുത്തകാരണം ഇറങ്ങിഓടാനും പറ്റില്ല. പെട്ട സീന്‍.
കുഞ്ഞുമോന്റെ പഴയൊരു ആൽബമാണ്, ‘ഓളെന്ത് ഓളാ’!
‘ആത്മാക്കളേ…പിടിച്ചിരുന്നോ’
പല്ലവി കഴിഞ്ഞപ്പൊ വന്നു, പണ്ട് ഞാൻ ഉസ്മാന് വേണ്ടി എഴുതികൊടുത്ത ആ നാല് വരികൾ!! എന്താ പറയാ, അയമോദകവെള്ളത്തിൽ ആട്ടുംകാട്ടം കലക്കികുടിച്ചൊരു ഫീല്!!

ഉസ്മാന്റെ അന്നത്തെ കല്യാണം പ്രേമം ഒന്നുമായിരുന്നില്ല, അറേഞ്ച്ഡ് മാര്യേജ് ആയിരുന്നെന്ന് ഞാൻ പിന്നീടറിഞ്ഞു. ആ വരി അവൻ കുഞ്ഞുമോന്റെ പ്രീതിക്ക് വേണ്ടി മറിച്ചാണ്.
ഊഷ്മളാവസ്ഥ!!
പൊന്നാട ഞാൻ പിന്നെ വേസ്റ്റാക്കിയില്ല.

Deepu Pradeep