ഡിയറസ്റ്റ് അയൽവാസി ഉത്തമേട്ടന്‍റെ ഹൗസ് വാർമിങ്ങ്. അന്ന് രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെടുന്ന എന്നോട് അവിടുന്ന് ഗിഫ്റ്റ് വാങ്ങിച്ച് കൊണ്ടുവന്നോളാൻ പറയുന്ന അമ്മ, “കൊച്ചിയിലാവുമ്പൊ ലാഭം ഉണ്ടാവൂലോ…”
“പിന്നേയ്!” ന്ന് ഞാൻ.

തൃശ്ശൂരും കുന്നംകുളവും പാസ് ചെയ്ത് പോരുമ്പോൾ ഞാൻ നോക്കി. ഇല്ല, ഒരു കടയുടെ മുന്നിലും ഉത്തമേട്ടന്‍റെ ആ മുഖം തെളിഞ്ഞില്ല. അവസാനം നാട്ടിൽ, എടപ്പാൾ അമാന മാളിലെ ഏഷ്യൻ സൂപ്പർ മാർക്കറ്റിൽ തന്നെ ഞാൻ എത്തി. വൈബ്!!
എന്‍റെ ബഡ്ജറ്റിലുള്ള പാത്രങ്ങളും, ഡിന്നർ സെറ്റും, നോൺ സ്റ്റിക്ക് ഐറ്റംസും തപ്പുന്നതിനിടെയാണ് ആ വലിയ ബോർഡ് കണ്ണിൽ പെടുന്നത്. നോൾട്ടാ റൊട്ടി മേക്കർ, ഫ്‌ളാറ്റ് ഫിഫ്റ്റി ഓഫ്! പിന്നെ വേറൊന്നും നോക്കീല. ഉത്തമേട്ടന്‍റെ അടുക്കള കൊട്ടാരമായിക്കോട്ടെ….

ബില്ലടിച്ച് ഗിഫ്റ്റ് വ്രാപ്പ് ചെയ്യുമ്പോൾ ആ ചേട്ടൻ ചോദിച്ചു,
“പ്രൈസ് ടാഗ് കീറി കളയണോ?”
“ഓഫർ പ്രൈസ് ചീന്തി കളഞ്ഞേക്ക്, മറ്റത് കളയണ്ട”
പുഞ്ചിരി.

സമയം വൈകുന്നേരം ആയെങ്കിലും എനിക്കുള്ള ബിരിയാണി മാറ്റി വെച്ചേക്കാൻ ഞാൻ മുൻകൂട്ടി പറഞ്ഞിരുന്നു. ആ ഗുമ്മ്‌ ഗിഫ്റ്റും കവറും കൊണ്ട് ഞാൻ ഉത്തമേട്ടന്‍റെ പുതിയ വീട്ടിലേക്ക് കേറിച്ചെല്ലുമ്പോൾ കാണുന്നത്, ഉമ്മറത്ത് താടിക്ക് കൈവെച്ചിരിക്കുന്ന ഉത്തമേട്ടൻ ആൻഡ് ഫാമിലിയെയാണ്. മൂത്ത മകൾ സിറ്റൗട്ടിൽ തന്നെ ഇരിക്കുന്നത് കണ്ടതുകൊണ്ട് സംഭവം അതല്ല എന്നുറപ്പിച്ചു. പിന്നെന്താണ്? ‘അടുക്കള പൊളിഞ്ഞുചാടിയോ? അതോ ബിരിയാണി പൊകാളിയോ?’ എന്‍റെ മനസ്സിലെ സംശയങ്ങൾ പലതായിരുന്നു.
“എന്ത് പറ്റി ഉത്തമേട്ടാ?”
ഉത്തമേട്ടൻ അതേ ഗദ്ഗതത്തോടെ എന്നെയും വിളിച്ചുകൊണ്ട് അകത്തേക്ക് നടന്ന്, ഒരു മുറിയുടെ വാതിൽ തുറന്നു. മുറി നിറയെ പൊട്ടിച്ച പ്രസന്റേഷൻ പാക്കറ്റുകൾ.
പത്ത് നോൾട്ടാ റൊട്ടി മേക്കറുകൾ വരെ ഞാൻ എണ്ണി!
വെക്കാനും വിളമ്പാനും മാത്രമല്ല, കുളിക്കാനും കട്ടില് പണിയാനും വരെ ഉണ്ട്.
“മഹാപാപികള്…. എവിടുന്നെങ്കിലും നക്കാപ്പിച്ചാ കാശിന് കിട്ടിക്കാണും”
ഞാൻ അതെയെന്ന് തലയാട്ടി ശരിവെച്ചു, അതു തന്നെയാണല്ലോ…

“ഉം…. നീ നിന്‍റെ കവറ് അവിടെവെച്ചിട്ടു വായോ, ഭക്ഷണം കഴിക്കാം…”
കൈവെള്ളയിലിരുന്ന് എന്‍റെ റൊട്ടി മേക്കർ ജപ്പാൻ ജ്വരം പിടിച്ച ജഗന്നാഥനെ പോലെ വിറച്ചു! കൊടുത്താൽ കൊല്ലത്തല്ല, അപ്പ തന്നെ കിട്ടും. കടുംകൊടൂരമായ കറുത്ത മൊമെന്റ്‌സ്!!
‘ഇറങ്ങി ഓടിയാലോ…..? ടോയ്‌ലറ്റിൽ പോവാനുണ്ടെന്നു പറയാം’
ഛെ ഛെ ചെ ഇമേജ് പോവും.
‘ബോധം കെട്ടു വീണാലോ?’
വേണ്ട, ഇച്ചങ്ങായി മുഖത്ത് വെള്ളം തളിക്കുന്നതിന് മുന്നെ ഗിഫ്റ്റ് പൊട്ടിച്ച്നോക്കുന്ന ഇനമാണ്….

ഞാനീ വക ചിന്തകൾ കൊണ്ട് സ്റ്റേഷൻ കിട്ടാതെ നിൽക്കുമ്പോഴാണ് ഉത്തമേട്ടന്‍റെ മൂന്ന് കൂട്ടുകാർ ഗിഫ്റ്റ് കവറുകളും കൊണ്ട് അകത്തേക്ക് വന്നത്. അതവിടെ വാങ്ങി വെച്ച് ഉത്തമേട്ടൻ അവരെയുംകൊണ്ട് പുറത്തേക്ക് ഇറങ്ങിയ ആ സമയം, ആ നാല് മില്ലി സെക്കണ്ട്സ്, അതിൽ ആ നാലിന്റെയും ടാഗ് കീറിയെടുത്ത് ഞാൻ പുറത്തേക്ക് ഓടി, കലാസ്!
ബാക്കി ഞാൻ ഉത്തമേട്ടന് വിട്ടുകൊടുത്തു.

NB: ബിരിയാണി ഞാൻ കുറച്ചേ കഴിച്ചുള്ളൂ…. നമുക്ക് എത്തിക്സ് എന്നൊന്നുണ്ടല്ലോ

Deepu Pradeep