സാബിത്തിന്റെ വീടിന്റെ ഹൗസ് വാർമിങ്ങ്. അവൻ ഫോണിൽ ക്ഷണിക്കുമ്പൊതന്നെ ഞാൻ ചോദിച്ചു,
“എവിടെ ആയിട്ടാടാ വീട്?”
“നീ എങ്ങനെയാണ് വരുന്നത്?”
“ബുള്ളറ്റിന്”
“ബൈക്കിന് ആണെങ്കില്‍… “
“ശ്ശ്! ബൈക്കല്ല. ബുള്ളറ്റിന്”
രണ്ടു മിനുറ്റ് നിശബ്ദത, എൻഫീൽഡിന്റെ സിഇഒ, സിദ്ധാർത്ഥ ലാൽ മദ്രാസിലിരുന്നു തുമ്മിക്കാണും.
“കുറ്റിപ്പാല ബിവറേജ് കഴിഞ്ഞുള്ള വലത്തേക്കുള്ള റോഡിൽ നേരെ ഒരു കിലോമീറ്റർ വന്നാ മതി, കാണും”
“ഓക്കെ”.
സംഭവദിവസം രാവിലെ ഞാൻ പതിവുപോലെ അഞ്ചുമിനിറ്റ് നേരത്തെ ഇറങ്ങി. എന്നിട്ടെന്റെ അഞ്ഞൂറ് സിസിയുള്ള വികാരത്തിന്റെ കിക്കറ് അഞ്ച് മിനുറ്റ് അടിച്ചു. പിന്നെ റെട്രോ, ലെഗസി, മസ്കുലിൻ എന്നീ മൂന്ന് വാക്കുകൾ ഉരുവിട്ടുകൊണ്ട് രണ്ട് ഡീപ് ബ്രീത്തുകൾ എടുത്തു… വണ്ടി സ്റ്റാർട്ടായി.
വട്ടംകുളം കഴിഞ്ഞ് പട്ടാമ്പി റോഡിൽ രണ്ടു തവണ വണ്ടി ഉരുട്ടികളിച്ചിട്ടും കുറ്റിപ്പാല ബിവറേജ് എന്റെ കണ്ണിൽ പെട്ടില്ല (സുകൃതക്ഷയം). അവസാനം ഞാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ഒരു ചങ്ങായിടെ അടുത്ത് വഴി ചോദിച്ചു,
“ഈ ബിവറേജ് എവിടെയാണ്?”
അയാളുണ്ട് പീടികതിണ്ണയിൽ നിന്ന് എന്‍റെ അടുത്തേക്ക് നടന്നു വരുന്നു…
“എന്താ മോനേ, ഏത് ലോകത്താണ്? ഇന്ന് ഗാന്ധി ജയന്തി ആയിട്ട് ബിവറേജ് ഇല്ലാന്ന് അറിയില്ലേ?”
വണ്ടി ഓഫായി, ഞാൻ വായ പൊളിച്ചു.
ഹാൾടിക്കറ്റ് മറന്ന് പരീക്ഷാഹാളിലേക്ക് വന്ന ബിടെക്കുകാരനോട് ആധ്യാപകൻ കാട്ടികൂട്ടുന്നപോലെ അയാൾ പിന്നെയും എന്നെ ഗുണദോഷിച്ചു,
“ഇനിയെന്നാണ് ബോധം വരുന്നത്, ഇതൊക്കെ നോക്കീട്ട് വേണ്ടേ വരാൻ? പെട്രോളടിച്ച കാശ് വെറുതെ പോയില്ലേ?
എന്‍റെ കോശങ്ങള് വരെ കുരവയിട്ടു.
.
.
.
.
“ബിവറേജ് അവധി ആണെങ്കിലും സാധനം കിട്ടും ചേട്ടാ…”
ആ ഒറ്റ കിക്കിൽ വണ്ടി സ്റ്റാർട്ട്! അയാളുടെ കണ്ണിൽ അടക്കാകമ്പനി കണ്ട അടക്കാകുരുവിയുടെ തിളക്കം. പിന്നെ വിടോ…
“ഷട്ടറിന്‍റെ മേലേക്ക് മൂന്ന് പ്രാവശ്യം കല്ലെടുത്തെറിഞ്ഞിട്ടു കാക്ക കരയുന്ന ഒച്ച ഉണ്ടാക്കിയാൽ മതി, അതാ കോഡ്… അവര് ഷട്ടർ പൊക്കും.”
ഞാൻ ബൈക്ക് എടുക്കുമ്പോൾ, അയാൾ മേലോട്ട് നോക്കി നിൽക്കുന്നത് കണ്ടു. കോഡ് മനഃപാഠമാക്കുന്നതാണോ, അതോ മിമിക്രി വശമില്ലാത്തതുകൊണ്ട് കാക്കയെ പിടിക്കാൻ കേറാൻ പറ്റിയ മരം നോക്കുന്നതാണോ എന്തോ… അടുത്ത പ്രാവശ്യം കാണുമ്പൊ ചോദിക്കണം. എന്തായാലും ഏറ് ഉറപ്പാ!
Deepu Pradeep