ഫേസ്‌ബുക്കിൽ, തീ തുപ്പുന്ന ഡ്രാഗൻ കുഞ്ഞുങ്ങളുടെയും ബാറ്ററി വേണ്ടാത്ത മിന്നാമിനുങ്ങിന്റെയും പരസ്യങ്ങളുടെയും കൂടെ, കളഞ്ഞാൽ തിരിച്ചു വരാത്ത പൂച്ചയുടെ പരസ്യം കണ്ടപ്പോഴാണ് പണ്ട് വീട്ടിലുണ്ടായിരുന്ന ആ പൂച്ചയെകുറിച്ചോർമ്മ വന്നത്.
ഞാനന്ന് ഏഴിലാണ്…. ഫേസ് ലിഫ്റ്റഡ് മാരുതി എസ് ക്രോസിന്റെ മുഖച്ഛായയുള്ള ഒരു പൂച്ച വീട്ടിൽ വന്ന് കൂടി.
കഴുകിവെച്ച മീൻ നക്കിനോക്കിയിട്ട് പൊന്നാനിയിലേതാണെങ്കിൽ അവിടെനിന്നു തിന്നുക, മംഗലാപുരമാണെങ്കിൽ പുറത്തുകൊണ്ടുപോയി തിന്നുക, നാല് അടപ്പ് പെനോയില് കൊണ്ടു കഴുകിതുടച്ച നിലത്ത്, ഒറ്റ അടപ്പ് മൂത്രം കൊണ്ട് അതിനേക്കാൾ പരിമളമുണ്ടാക്കുക തുടങ്ങിയ അതിന്റെ എന്റർടൈന്മെന്റുകൾ സഹിക്കാൻ വയ്യാതെ ആയപ്പോ എനിക്ക് ഡ്യൂട്ടി കിട്ടി.
സ്റ്റോർ റൂമിൽ നിന്നും തപ്പിയെടുത്തൊരു പ്ലാസ്റ്റിക് ചാക്കായിരുന്നു എന്റെ ഡിപ്ലോമാറ്റിക് ബാഗേജ്. ചാക്കിനകത്ത് കയറിയാൽ ഉണക്കമീൻ വരട്ടിതരാം, പൂച്ചയുടെ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാം എന്നേതാണ്ടൊക്കെയോ പറഞ്ഞ് പ്രലോഭിപ്പിച്ച് ഞാനതിനെ ചാക്കിലാക്കി. ശ്വാസം കിട്ടാൻ ചാക്കിൽ ഇട്ടുകൊടുത്ത ഓട്ടകളിലൂടെ പൂച്ച, അടയാളം വെക്കാൻ പറ്റിയ അംബരചുംബികളായ കെട്ടിടങ്ങൾ നോക്കിയിരുന്നു…. എവടെ, നാട്ടിലന്ന് അംബരചുംബി പോയിട്ട് ഇലക്ട്രിക് പോസ്റ്റ് ചുംബി പോലുമില്ല (ഇപ്പഴും ഇല്ല)
പൂച്ചയെ കളയാൻ ഏതൊക്കെയോ കുന്നിലേക്കൊക്കെ കയറിപ്പോയിട്ട് തിരിച്ച് വീട്ടിലേക്കുള്ള വഴി അറിയാതെ മിഴിച്ച് നിന്ന്, ലാസ്റ്റ് വീടെത്താൻ വേണ്ടി അതേ പൂച്ചയെ തന്നെ ഫോളോ ചെയ്യേണ്ടിവന്ന ഒരു കൂട്ടുകാരന്റെ അനുഭവം മുന്നിലുണ്ടായിരുന്നത് കൊണ്ട് അറിയാവുന്ന വഴിയിൽ മാത്രേ ഞാൻ പോയുള്ളൂ….
അത്താണിപാടത്തിൻറെ അപ്പുറം മൊതലിനെ കൊണ്ടുവിട്ടിട്ട് ചാക്കിന്റെ കെട്ടഴിച്ചിട്ട് ഞാൻ ഓടി. ഒന്നരകിലോമീറ്റർ കൂടുതൽ ചുറ്റി വീടെത്തിയ ഞാൻ കയറുംമുൻപ് ഒന്ന് ചുറ്റും നോക്കി….. ഭാഹ്യം, എത്തിയിട്ടില്ല.
മിഷൻ വിജയകരമായതിന്റെ ഓണററി സർട്ടിഫിക്കറ്റ് വാങ്ങി നിൽക്കുമ്പോഴായിരുന്നു അത്, പൂച്ചയുണ്ട് ഗെയിറ്റിന്റെ അവിടെ വന്ന് എന്നെയും നോക്കി ഇമവെട്ടാതെ നിൽക്കുന്നു!
പക്ഷെ അകത്ത് കയറിയില്ല….. തിരിച്ച് ഒരൊറ്റ നടത്തം!
ആറ്റിട്യൂഡിന്റെ മരം, നിലപാടിന്റെ മല!!
എന്നെയങ്ങട് ഇല്ലാണ്ടാക്കികളഞ്ഞു,
അതിൽപിന്നെ ഒരു പൂച്ചയെയും കളയാൻ കൊണ്ടുപോവാൻ തോന്നാത്ത തരത്തിൽ….
Deepu Pradeep