ബി ടെക്കിന്റെ ഫൈനൽ ഇയർ പ്രോജക്ട് ചെയ്ത് മാർക്ക് വാങ്ങിക്കാനും പാസാവാനും എല്ലാവർക്കും പറ്റും, ഏറി അപ്പുറം പോയാൽ ന്യൂസ് പേപ്പറിൽ രണ്ടുകോളം ന്യൂസ് അതുമല്ലെങ്കിൽ ആ പ്രൊജക്റ്റ് വെച്ചൊരു സ്റ്റാർട്ടപ്പ്.
എന്നാൽ ഒരു ബി ടെക് മെക്കാനിക്കൽ പ്രോജക്ട് ചെയ്ത്, വർഷങ്ങളായി തെറ്റിപിരിഞ്ഞു നിന്നിരുന്ന രണ്ടു കുടുംബങ്ങളെ ഒന്നിപ്പിക്കാൻ കഴിയുമോ ഏതെങ്കിലും സക്കീർ ഭായിക്ക്?
ബട്ട് ദേ ക്യാൻ, ഞങ്ങളുടെ ക്ലാസിലെ ഒരു പ്രോജക്ട് ഗ്രൂപ്പിന്….
ഞങ്ങളുടെ എഞ്ചിനീയറിംഗ് കോളേജിന്റെ പരിസരത്തായി ഒരു വെൽഡിങ് കടയും ഒരു ഫിറ്റിങ് ഷോപ്പും ഉണ്ടായിരുന്നു. രണ്ടും നടത്തുന്നത് ജേഷ്ഠാനുജന്മാർ, പക്ഷെ രണ്ടാൾക്കും വർഷങ്ങളായി കണ്ണെടുത്താൽ കണ്ടൂട, വമ്പൻ കച്ചറ. അച്ഛൻ മരിച്ചപ്പോ ലേയ്ത്ത് മെഷീൻ ഏട്ടൻ എടുത്തതിന്റെ പേരിൽ തുടങ്ങിയ കശപിശയാണ്. മരിക്കാൻ നേരം അച്ഛൻ തന്നെ അടുത്ത് വിളിച്ചിട്ട്, ‘ലേയ്ത്ത് ലേയ്ത്ത്’ എന്ന് പറഞ്ഞെന്ന് മൂത്തവൻ. അതല്ല, അച്ഛൻ കഴിക്കാൻ ലൈയ്സ് വേണമെന്ന് പറഞ്ഞതാണെന്ന് ഇളയവൻ. എന്തായാലും വർഷങ്ങൾക്കിപ്പുറവും രണ്ടും തമ്മിൽ കണ്ടാൽ വെള്ളാപ്പള്ളിയും സുകുമാരൻ നായരുമാണ്….
ഇവരുടെ ജീവിതം ഒരു സിനിമാ തിരക്കഥ ആക്കുകയാണെങ്കില് അതിലെ ഇരുപതാം മിനുട്ടിലെ പ്ലോട്ട് പോയന്റ് വൺ ആണ് ഞങ്ങളുടെ ബി ടെക് ഫൈനൽ ഇയർ പ്രോജക്റ്റ്. ക്ലാസിലെ ഒരു പ്രോജക്ട് ഗ്രൂപ് അവരുണ്ടാക്കിയ മെഷീൻ, വെൽഡ് ചെയ്യാൻ അനിയന്റെ കടയിലും ലേയ്ത്ത് വർക്കിന് ഏട്ടന്റെ കടയിലും ആണ് കൊടുത്തത്. പക്ഷെ കാശ് രണ്ടാൾക്കും കൊടുത്തില്ല! പറ്റിക്കണം എന്ന് വെച്ച് ചെയ്തതല്ല, വഞ്ചിച്ചതാണ്!
തമ്മിലുള്ള ശത്രുത കാരണം, വെൽഡിങ് പണി നടക്കുമ്പോ വെൽഡറനിയൻ, നിങ്ങള് മറ്റവന് കാശൊന്നും കൊടുക്കേണ്ട കാര്യമില്ല എന്ന കുരുട്ടുബുദ്ധി ഉപദേശിച്ചിരുന്നത്രെ… ഇതേ തന്ത്രം ഫിറ്ററേട്ടൻ അപ്പുറത്ത് നിന്നും ഇങ്ങോട്ടും പയറ്റിയിരുന്നു! ഒരേ ചോരയല്ലേ….
എന്തായാലും പണിക്കൂലിക്ക് വേണ്ടി ആ ലേയ്ത്ത് ബ്രോസ് പിന്നെ കുറെ ദിവസം കോളേജ് ഗൈറ്റിന്റെ മുന്നിൽ രാവിലെയും വൈകുന്നേരവും ലുക്ക് ഔട്ട് നോട്ടീസും കൊണ്ടു വന്നു നിൽക്കാൻ തുടങ്ങി. എവിടെ, ഇവന്മാര് അതിന് കോളേജിൽ പോയിട്ട് വേണ്ടേ?
പിന്നെ അവർ ഹോസ്റ്റലിന് മുന്നിൽ ഔട്ട് പോസ്റ്റ് ഇട്ടു. അവിടെ കാത്തുനിൽക്കുമ്പോൾ ദിവസവും തമ്മിൽ കണ്ട്, സമയം ചോദിച്ചും, സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടി ചോദിച്ചും പതിയെ അവരുടെ ഉള്ളിലെ മഞ്ഞുരുകാൻ തുടങ്ങി…
ഇവിടെ വന്നുനിന്ന് കടതുറക്കാൻ പറ്റാതെ രണ്ടാളുടെയും ബാക്കിയുള്ള അന്നം കൂടി മുടങ്ങാതിരിക്കാൻ അവർ ഒരുമിച്ച് ഒരു ഡിസിഷനിൽ എത്തി. ഇപ്പോഴത്തെ നമ്മടെ കൊറോണ സാഹചര്യം പോലെ റൊട്ടേഷൻ പിടിക്കുക, തിങ്കൾ ജേഷ്ഠൻ നിന്നാൽ ചൊവ്വ അനിയൻ നിൽക്കുക, ബുധൻ റെസ്റ്റ് എടുത്തിട്ട് വ്യാഴം വീണ്ടും ജേഷ്ഠൻ.
ഒടുവിൽ പ്രോജക്റ്റ് പ്രസന്റേഷൻ ഒക്കെ വിജയകരമായി കഴിഞ്ഞ് എവിടുന്നോ കാശ് ഒക്കെ ഒപ്പിച്ച് പ്രോജക്ട് ടീം അവരുടെ അടുത്തു പോയപ്പോൾ കാണുന്നതെന്താ, രണ്ടാളും ഒരു പീടികമുറിയിൽ വെൽഡിങ് ആൻഡ് ഫിറ്റിങ് ഷോപ്പ് നടത്തുന്നു, ഒരേ പാക്കറ്റിൽ കയ്യിട്ട് ലെയ്‌സും തിന്നുന്നു!
അവരുടെ അമ്മ സുകൃതഹോമം ചെയ്തിട്ട് പോലും കിട്ടാത്ത സുകൃതം!!
“രക്തബന്ധത്തിന്റെ മൂല്യം മനസ്സിലാക്കിതന്ന നിങ്ങൾക്ക് ഞങ്ങൾ അങ്ങോട്ടാണ് കാശ് തരേണ്ടത്!” എന്നവര് കെട്ടിപ്പിടിച്ച് പറയുമ്പോൾ ‘എന്നാ തന്നോ’ ന്ന് പറഞ്ഞ് ഗ്രൂപ്പിലെ ഒരുത്തൻ കൈ നീട്ടി നിൽക്കുകയും ചെയ്തിരുന്നു. പ്രോജക്ട് പ്രസന്റേഷനിൽ ഈ ഇൻഫറൻസ് കൂടെ പറഞ്ഞിരുന്നെങ്കിൽ നാല് മാർക്ക് കൂടുതല് കിട്ടിയിരുന്നേനെ എന്നായിരുന്നു ഗ്രൂപ്പ് ലീഡറുടെ അപ്പോഴത്തെ ചിന്ത.
മരിച്ചുപോയ ധീരുഭായ് അംബാനിക്ക് യോഗമില്ലാത്തത് കൊണ്ടാണ് ഇവർക്ക് റിലയൻസിൽ ജോലി കിട്ടാത്തത്, ഉണ്ടായിരുന്നെങ്കിൽ മുകേഷും അനിലും ഇങ്ങനെ തെറ്റി ഇരിക്കില്ലായിരുന്നു.
Your message has been sent
Discover more from Deepu Pradeep
Subscribe to get the latest posts sent to your email.