കല്യാണ ആലോചനയും കൊണ്ടു വന്ന ബ്രോക്കർ, എക്‌സ് മിലിട്ടറികാരനായ പെണ്ണിന്റെ അച്ഛന് ചെറുക്കന്‍റെ ഫോട്ടോ കാണിച്ചു കൊടുത്തു. ഫോട്ടോയിലേക്ക് നോക്കിയ പെണ്ണിന്റ്റെ അച്ഛന്റെ മുഖം പടിഞ്ഞാറന്‍ വവ്വാല് പരിപ്പുവട കണ്ടപോലെയായി, ഇഷ്ടപ്പെട്ടിട്ടില്ല…. ഇഷ്ടപ്പെട്ടിട്ടില്ല… ബ്രോക്കർ പെട്ടെന്ന് ഗിയർ മാറ്റി.
“ചെക്കൻ കെജിബി യിലാ വർക്ക് ചെയ്യുന്നത്”
പൊടുന്നനെ അയാളുടെ അതേ മുഖം, പെയിന്റും പീടിക കണ്ട ഓന്തിനെ പോലെ വിടർന്നു!
കെ ജി ബി!! മരുമോൻ റഷ്യൻ ചാര സംഘനയായ കെ ജി ബി യിലാണ് എന്ന് മിലിട്ടറി സുഹൃത്തുക്കളുടെ വാട്സ്ആപ് ഗ്രൂപ്പിൽ പറയുന്ന ആ മൊമെന്റ് നെ പറ്റി അയാൾ ഓർത്തു. ഫുള്ള് ഓൺ പുളകം! ഇതിലും വലിയ ഒരു പരമവീരചക്രം ഇനി കിട്ടാനില്ല.
കരസേനക്കാരന്റെ കണ്ണിലെ കല്‍ക്കണ്ടം കണ്ട ബ്രോക്കർക്ക് സംഗതി ഏറ്റു എന്നു മനസ്സിലായി, അയാൾ ചോദിച്ചു
“എന്തേ?”
“എനിക്ക് ഓക്കെ…”
“എന്നാ അവരോടു പെട്ടെന്ന് വന്ന് പെണ്ണുകാണാന്‍ പറയാം”
“ഉം…” കെ ജി ബി ക്കാരന്‍ മരുമോന്‍റെ വീര ചാര കഥകള്‍, ക്വോട്ട വാങ്ങിക്കാന്‍ പോവുമ്പോള്‍ കൂട്ടുകാരോട് പറയുന്നതിന്റെ നിമിഷത്തിലായിരുന്നു അയാളപ്പോള്‍.
“കല്യാണം കഴിഞ്ഞാൽ മോളെ അവൻ റഷ്യയിൽ കൊണ്ട് പോവുമായിരിക്കും അല്ലേ?”
“അവന് ഹണിമൂണിന് കൊളുക്ക് മല പോവാനാ ആഗ്രഹം, വീട്ടില്‍ നിന്നെല്ലാരും കഴിഞ്ഞകൊല്ലം ടൂര്‍ പോയപ്പൊ, പല്ലിന് ക്ലിപ്പിട്ടിരിക്കുകയായിരുന്നത് കൊണ്ട് അവന് പോവാന്‍ പറ്റിയിരുന്നില്ല” (ശരിയാ… അവിടെ ചെന്നാല്‍ കൂട്ടിയിടിക്കുമല്ലോ)
“ഹണിമൂണല്ല… ജോലിസ്ഥലത്തേക്ക്, എന്ത് കെജിബി ആണെന്ന് പറഞ്ഞാലും കല്യാണം കഴിഞ്ഞ് എന്റെ മോളെ ഇവിടെ ഒറ്റയ്ക്കാക്കി റഷ്യയിലേക്ക് പോവാൻ പറ്റില്ല”
“റഷ്യയോ, അയിന് അവനിവിടെ കൂട്ടിലങ്ങാടി അല്ലേ ജോലി?”
പെണ്ണിന്റച്ഛൻ എഴുന്നേറ്റു,
“അപ്പൊ കെജിബി?”
“ആ… കെ ജി ബി! കേരളാ ഗ്രാമീൺ ബാങ്ക്, കൂട്ടിലങ്ങാടി ശാഖ”