നിങ്ങളിലാർക്കെങ്കിലും ആദ്യമായിട്ട് ബിയർ കുടിച്ചിട്ട് പനിച്ചിട്ടുണ്ടോ? നമ്മടെ ഒരു കോളേജ് മേറ്റിനത് സംഭവിച്ചു. ഒരു ബോട്ടില് ബിയറില് ഒരു ദിവസം തല പൊങ്ങിയില്ല… പ്രതിഭാസ കിക്ക്!
എല്ലാ കോളേജിലും സെക്കൻഡ് ഇയർ ആവുമ്പോ സംഭവിക്കുന്ന സ്ഥിരം താമസംമാറലുണ്ടല്ലോ, കോളേജ് ഹോസ്റ്റലിൽ നിന്നും ഫിക്സഡ് ഡെപ്പോസിറ്റും വാങ്ങി പുറത്ത് വീട് വാടകയ്ക്ക് എടുക്കൽ.
നമ്മടെ ചെക്കനും കൂട്ടുകാരും അത് ചെയ്തിരിക്കുന്ന വേളയിലാണ് ഒരു ദിവസം ബിയർ അടിക്കുന്നത്… ആ കയ്പ്പേറിയ രാത്രി കഴിഞ്ഞ പിറ്റേന്ന് ഇവന് മാത്രം തൊട്ടാൽ പൊള്ളുന്ന പനി! ചുള്ളൻ കോളേജിൽ പോവാതെ പുതച്ചുമൂടി കിടക്കുന്ന നട്ടുച്ചയ്ക്കാണ് ഫോണിൽ വാപ്പയുടെ കോൾ, മൂപ്പര് കോളേജ് ഗൈറ്റിന് മുമ്പിലുണ്ട്!
ലവൻ ഒറ്റ കരച്ചില്,
“വാപ്പ ഇതെങ്ങനെ അറിഞ്ഞു വാപ്പാ…?”
“എന്ത്?”
ആ മറുചോദ്യത്തിൽ വാപ്പ ഒന്നും അറിഞ്ഞിട്ടില്ലെന്നു മനസ്സിലാക്കിയ സെക്കന്റിൽ അവൻ കരച്ചില് നിർത്തി, ജസ്റ്റ് മിസ്സ്.
വാപ്പ എന്തോ ബിസിനസ് ആവശ്യത്തിനായി അത് വഴി പോയപ്പോൾ, മോനെ കണ്ട് ഒരു ബിരിയാണി വാങ്ങി കൊടുക്കാം എന്നു കരുതി കോളേജിൽ വന്നതാണ്! (തലേന്നായിരുന്നെങ്കിൽ ഒരു കോമ്പിനേഷൻ കിടപ്പുണ്ടായിരുന്നു)
മോൻ പനിച്ച് കിടക്കുകയാണ് എന്നറിഞ്ഞപ്പോൾ മൂപ്പര് നേരെ റൂമിലേക്ക് മണ്ടി പിടിച്ചു.
വാപ്പയെ രണ്ടു തവണ വഴി തെറ്റിച്ച് കിട്ടിയ ആ സമയം കൊണ്ട് അവൻ പനി മറന്ന് വീട് വൃത്തിയാക്കി വെച്ചു. അല്ലെങ്കിൽ അരങ്ങേറ്റ മത്സരത്തിൽ ഡോപ് ടെസ്റ്റിന് പൊട്ടിയിട്ട് ആജീവനാന്ത വിലക്ക് കിട്ടുന്ന അവസ്ഥയുണ്ടായേനെ.
മുറിയിൽ, നോർവീജിയൻ പൂച്ചയ്ക്ക് രോമാഞ്ചം വന്ന മാരി കിടക്കുന്ന മോനെ കണ്ടിട്ട് വാപ്പയ്ക്ക് സഹിച്ചില്ല. ആള് അവനെ പിടിച്ച് എഴുന്നേൽപ്പിച്ച് കാറിൽ കയറ്റി കുറ്റിപ്പുറത്തുള്ള ഒരു ക്ലിനിക്കിൽ ചെന്നു.
ഡോക്ടർ പരിശോധിച്ചു തുടങ്ങി…
‘എപ്പോ തുടങ്ങി, ജലദോഷമുണ്ടോ, വേറെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ’ മുതലായ ചോദ്യങ്ങൾക്ക് ശേഷം
മരുന്ന് എഴുതും മുൻപ് ഡോക്ടർ അവനെ ഒന്നു നോക്കിയിട്ട് ചോദിച്ചു,
“മദ്യപിക്ക്വോ?”
അവൻ ഇല്ലെന്ന് പറയും മുൻപേ വാപ്പ പറഞ്ഞു, “നെവർ!”
അവൻ പിന്നെ അതങ്ങു ശരിവെച്ചുകൊണ്ടു തലയാട്ടി കൊടുത്തു.
ഡോക്ടർ, ഓക്കെ എന്നു പറഞ്ഞുകൊണ്ട് മരുന്നിന്റെ കുറിപ്പെഴുതികൊടുത്തു.
മുറിക്ക് പുറത്തിറങ്ങി നടക്കുമ്പോൾ അവൻ പെട്ടെന്ന് അങ്ങു നിന്നു.
“ക്ലാസിലെ ഒരു ഫ്രണ്ടിന് തലവേദന ഉണ്ടെന്ന് പറഞ്ഞിരുന്നു… വാപ്പ ഇവിടെ നിൽക്ക്, ഞാനവനുള്ള ഗുളിക കൂടി വാങ്ങിച്ചിട്ടു വരാം”
വാപ്പയെ വരാന്തയിൽ നിർത്തി അവൻ ഡോക്ടറുടെ മുറിയിലേക്ക് ഓടികയറി ആ കുറിപ്പ് നീട്ടി,
“ഡോക്ടർ ഡോക്ടർ, ഞാൻ മദ്യപിക്കും കള്ളു കുടിക്കും! മരുന്ന് മാറ്റി എഴുതിക്കോ”
“ഞാൻ മരുന്നെഴുതാൻ വേണ്ടി അല്ല താൻ കള്ളു കുടിക്ക്വോന്ന് ചോദിച്ചത്…”
“പിന്നെ?”
“മണത്തിട്ടു നിൽക്കാൻ വയ്യ ചങ്ങായീ…!”
പരാക്രമ കിക്ക്!
ബിയർ കുടിച്ചിട്ടുള്ള പനിയ്ക്ക് പ്രത്യേകം മരുന്നൊന്നും ഇല്ലെന്ന് മനസ്സിലാക്കി തലതാഴ്ത്തി തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവനെ ഡോക്ടർ പിറകിൽ നിന്നും വിളിച്ചു,
“അല്ലെടോ, തന്റെ ഫാദർ ഈ സ്മെൽ കിട്ടീട്ട് ഒന്നും ചോദിച്ചില്ലേ?
“ഉം, ഏതാ മോനേ പെർഫ്യൂമ് ന്ന് ചോദിച്ചു”
സുബാഷ്!
“ഞാൻ കല്യാണി ആണെന്ന് പറഞ്ഞു”
“കല്യാണിയോ?”
“ആം… അതിന്നലെ കുടിച്ച ബിയറിന്റെ പേരാ, കല്യാണി പ്രീമിയം”
എം ബി ബി എസ്സുകാരൻ ആ സെക്കന്റ് ഇയർ ബി ടെക്കുകാരനെ എഴുന്നേറ്റ് നിന്നു തൊഴുതു.