തീൻമേശകളിലും ഫാമുകളിലും ഫ്രീസറുകളിലുമൊക്കെയായി എത്രയോ കോടി കോഴികളുണ്ട് ഈ ലോകത്ത്, അതില്‍ മിച്ചേച്ചിടെ കോഴി മാത്രം ഇവിടെ കയറി മുളയണം എന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരു കാരണമുണ്ടാവുമല്ലോ. ഉണ്ട്, ആ കാരണത്തിന്റെ പേരാണ് ടി.കെ.സുന്ദരന്‍. മിച്ചേച്ചിടെ ഈ ജന്മത്തിലെ ഭര്‍ത്താവ്.
ഒന്നാം വിവാഹവാർഷികത്തിന്റെ അന്ന് രാവിലെ മിച്ചേച്ചിക്കൊരു ആഗ്രഹം, ഉണക്കമീന്‍ കൂട്ടി ഊണ് കഴിക്കാൻ. ആ ആഗ്രഹ സഫലീകരണത്തിനായി എടപ്പാൾ ചന്തയിൽ ഉണക്കസ്രാവ് വാങ്ങിക്കാൻ ചെന്ന ടി.കെ.സുന്ദരനെ നോക്കി കൂട്ടിലിരുന്ന് പുഞ്ചിരിച്ചു എന്നൊരു തെറ്റേ ആ കോഴികുഞ്ഞ് ജീവിതത്തില്‍ ചെയ്തിട്ടുള്ളൂ… അത് പുഞ്ചിരിയായിരുന്നില്ല, താന്‍ കോട്ടുവായ ഇട്ടതാണെന്ന് ആ കോഴി തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ചിരി കണ്ടിഷ്ടപെട്ട ടി.കെ.എസ്, ആ കോഴികുട്ടിയെ വീട്ടിലേക്ക് അവരുടെ ഒന്നാം വിവാഹവാര്‍ഷിക സമ്മാനം എന്ന ലേബലൊട്ടിച്ചിട്ട് കൊണ്ടുപോയി. മിച്ചേച്ചിക്ക് വാര്‍ഷികം, ഉണക്കമാന്തളില്ലാതെ ആഘോഷിക്കേണ്ടി വന്നു.
“എനിക്കെന്തോ, ഈ കോഴിയുടെ മുഖം കണ്ടപ്പോൾ നിന്നെ ഓർമ്മ വന്നു മിന്യേ” എന്ന സുന്ദരന്റെ മോഹനസുന്ദര ഡയലോഗിനും മിച്ചേച്ചിയെ ആശ്വസിപ്പിക്കാനായില്ല.
പക്ഷെ പോകെ പോകെ അതേ കോഴി മിച്ചേച്ചിക്ക് പ്രിയപെട്ടവളായി മാറി…. മിചേച്ചിക്ക് സുന്ദരൻ പിന്നെ ആ ജന്മത്തിൽ വേറൊരു സമ്മാനവും വാങ്ങി കൊടുത്തിട്ടില്ല എന്ന ഒറ്റ റീസൺ കൊണ്ട്…
വർഷങ്ങൾക്കിപ്പുറം കോഴി വളർന്ന് വലുതായി ഒരു സുന്ദരനായി, പക്ഷെ സുന്ദരൻ വലുതായപ്പോൾ കോഴിയായില്ല, നല്ല ഒരു ടൈലറായി അങ്ങാടിയിൽ കടയിട്ടിരുന്ന് പഞ്ചായത്തിന്റെ സ്റ്റയിലിസ്റ്റായി.
പണ്ട് അതേ അങ്ങാടിയുടെ ഹൃദയഭാഗത്ത് ഐ എസ് ഡി ബൂത്ത് നടത്തിയിരുന്ന, പിന്നീട് മൊബൈൽ ഫോണ് വിപ്ലവം വന്നപ്പോൾ ബിസിസിനസ് ലിക്വിഡേറ്റ് ചെയ്ത് സുന്ദരന്റെ അസിസ്റ്റന്റായി കേറിയ ഐ എസ് ഡി എന്ന് തന്നെ ഇപ്പോഴും നാട്ടുകാർ വിളിക്കുന്ന……. വിളിക്കുന്ന…… (അവന്റെ ശരിക്കുള്ള പേര് ഞാനും മറന്നു!) എന്തായാലും ആ ഐ എസ് ഡി ആയിരുന്നു അന്ന് ടൈലർ ഷാപ്പിൽ ഉണ്ടായിരുന്നത്.
ആസ്ഥാന സുയിപ്പൻ സൈക്കോ ബാലചന്ദ്രൻ, തന്റെ എവർ റോളിംഗ് ശത്രു സുന്ദരന് ഒരു പണി കൊടുക്കണം എന്ന് തീരുമാനിച്ച് വീട്ടിൽ നിന്ന് പല്ലുതേക്കാതെ ഇറങ്ങിയ ദിവസമായിരുന്നു അത്….
ടൈലർ ഷാപ്പിലെ മുന്നിലെ ഹമ്പിനടുത്തേക്ക് ബാലചന്ദ്രൻ എത്തുമ്പോഴാണ്, ബാചയേക്കാൾ പരിമളം വിതറികൊണ്ട് ഒരു കോഴിലോറി ആ ഹമ്പ് ജമ്പി പോയത്.
ബാലചന്ദ്രൻ നോക്കുമ്പോ, കടയുടെ മുന്നിലായി അതാ മിച്ചേച്ചിടെ കോഴി ഒരു കാര്യവുമില്ലാതെ നെഞ്ചും വിരിച്ച് നിൽക്കുന്നു. കടയുടെ അകത്തിരുന്ന് ഐ എസ് ഡി ‘തിരുവോണം’ ബസ്സിന്റെ കണ്ടക്ടർ തിരുവാണം ബാബുവിന്റെ കാക്കി ഷർട്ടിന് കുടുക്ക് വെക്കുന്നു…
സ്പൊണ്ടനിയസ് ദുൽമ്! ബാലചന്ദ്രൻ ഒറ്റ പറച്ചിലാ..
“ഐഎസ്ഡിയെ…. കോഴി ലോറീന്ന് വീണ കോഴിയാണ്, പിടിച്ചടാ..”
ബാലചന്ദ്രന് മുഴുവനാക്കേണ്ടിവന്നില്ല, ഐഎസ്ഡി കഴുത്തിലെ മീറ്റർ ടേപ്പ് പോലും ഊരിവെക്കാതെ വെള്ളമുണ്ട് മടക്കികുത്തി പുറത്തെത്തികഴിഞ്ഞിരുന്നു!
ഡ്രിബിൾ ചെയ്യുന്ന റൊണാൾഡീഞ്ഞോടെ കയ്യിൽ നിന്നും കടമെടുത്ത രണ്ടു സ്റ്റെപ്പുമായി ഐഎസ്ഡി കോഴിയുടെ പിറകെ കൂടി.
‘എന്ത് ഒലക്കപിണ്ണാക്കിനാണ് ഇവനെന്റെ പിന്നാലെ വരുന്നതെന്ന്’ ആലോചിച്ച് കോഴിയും കൺഫ്യൂഷനിലായി. കോഴി ലെഫ്റ്റ് എടുത്ത് നടന്ന് ബാലൻകുട്ടി കടയുടെ മുന്നിലെത്തിയപ്പോഴും അവൻ പിറകെ… പന്തികേട് മണത്ത കോഴി പിന്നൊന്നും നോക്കീല ഒറ്റ മണ്ടലാ. കിക്കോഫ്! പിന്നാലെ ഐ എസ് ഡി യും….
രണ്ടും നേരെ ചാച്ചുട്ടന്റെ കള്ളുഷാപ്പിന്റെ മുൻവാതിലിലൂടെ അകത്തേക്ക് കേറി പിൻവാതിലിലൂടെ പുറത്തേക്കെത്തി, ഡെക്കാൻ മേനോന്റെ വാടകവീടിനെ രണ്ടുകുറി പ്രദിക്ഷണംവെച്ച്, മൂലേപറമ്പിലൂടെ നൂറേ നൂറില് ചാടിയോടി, പാലിങ്ങലിലെ രണ്ടു വീട്ടിലും ഹാജർ വെച്ച്, മനക്കിലെ തൊടിയിൽ എത്തിയപ്പോ ഒറ്റ പറക്കല് (ഐ എസ് ഡി പറന്നില്ല) സേഫ് ലാന്റ് ചെയ്തത് റോഡിൽ. അവിടുന്ന് നേരെ പടിഞ്ഞാട്ടോടി, തോട്ടിൻകരയിൽ എത്തി നീന്താൻ നിൽക്കാതെ ലെഫ്റ്റ് എടുത്ത് ശാരദേട്ത്തിയുടെ വിറകുപുരയിലൂടെ, കരിങ്കൊറക്കാരുടെ കിണറിനു മീതെ കൂവികൊണ്ടു പാറിയശേഷം, സദാനന്ദൻ മാഷ്ടെ മുറ്റത്ത് വെച്ച് ഐ എസ് ഡിയുടെ സ്ലൈഡിങ്ങ് ടാക്ക്ളിങ്ങിനെ അതിജീവിച്ച്, ഒടുവിൽ ഇബ്രാഹിടെ ഇതക്കിൽ വെച്ച് വെട്ടിത്തതിരിഞ്ഞപ്പോ കോഴി തന്റെ ഹോം ഗ്രൗണ്ട് കണ്ടു. അവിടുന്നാ കുക്കുടം വെടിച്ചില്ലു പോലെ പാഞ്ഞ് വീട്ടിലെത്തി നേരെ കൂട്ടിൽ കയറി “മിച്ചേച്ച്യേ…. കുഴി മാന്തിക്കോ” ന്നും പറഞ്ഞൊരു കിടപ്പായിരുന്നു…..
മുറ്റത്തു നിൽക്കുന്ന മിച്ചേച്ചിയുടെ ആ നോട്ടത്തിൽ നിന്ന് കിതപ്പിനിടയിലും ഐ എസ് ഡിക്ക് കോഴിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് സ്ഥിതീകരണം കിട്ടി. ഓടാൻ പോയിട്ട് ഒന്ന് നടക്കാൻ പോലുമുള്ള ആമ്പിയർ ഇല്ലാതിരുന്നിട്ടും ഐ എസ് ഡി, അതേ ജ്യോഗ്രഫിയിലൂടെ തിരിഞ്ഞോടി!
‘ഐ എസ് ഡിയുടെ ഒരു സ്റ്റാമിന!’ എന്ന് പറയാൻ വരട്ടെ, മടലുമായി പിറകെ ഓടിയ മിച്ചേച്ചിയായിരുന്നു ആ സ്റ്റാമിനയ്ക്ക് പിറകിൽ….
ലോകത്ത് വസന്ത വന്നു മരിച്ച കോഴികളുണ്ടാവും, കുറുക്കൻ കറിവെച്ച കോഴികളുണ്ടാവും, മനുഷ്യൻ കൊന്ന കോഴികളുണ്ടാവും… പക്ഷെ, ഓടിമരിച്ച കോഴി, ഈ ഒരെണ്ണമേയുള്ളൂ… മിച്ചേച്ചിടെ കോഴി!
മുതലാളിയുടെ കോഴിയെ മണ്ടിച്ചു കൊന്ന തൊഴിലാളിയോട് മിച്ചേച്ചി നഷ്ടപരിഹാരം ചോദിച്ചു, കോഴിയുടെ രണ്ടുമാസം പ്രായമുള്ള ബേബിയുടെ ചിലവ് ഏറ്റെടുക്കണം. തൊഴിൽ നഷ്ടപെടാതിരിക്കാൻ ഐ എസ് ഡി ക്ക് അത് സമ്മതിച്ചുകൊടുക്കേണ്ടി വന്നു. അതിൽ പിന്നെ അവന് സുന്ദരൻ ആ ചിലവ് കാശ് കിഴിച്ചിട്ടുള്ള ശമ്പളമേ കൊടുത്തിരുന്നുള്ളൂ… ആ ഇടയ്ക്കാണ് ഐ എസ് ഡി ക്ക് കൂറ്റനാട് നിന്നും ഒരു കല്യാണാലോചന വരുന്നത്. അവനെ പറ്റി അന്വേഷിക്കാൻ പെണ്ണിന്റെ വകേലെ ഒരു അമ്മാവൻ അങ്ങാടിയിൽ വന്നിട്ട് തിരക്കിയത് സൈക്കോ ബാലചന്ദ്രനോടും…
“നല്ല ചെറുപ്പക്കാരനാ… ഒരു ദുശ്ശീലവുമില്ല, പക്ഷെ കയ്യിലിരുപ്പ് കാരണം ഒരു കോഴിക്ക് ചിലവിനു കൊടുക്കുന്നുണ്ട്!”
“കോഴിക്കോ?”
സാധാരണ ബന്ധം ഒഴിവാക്കുമ്പോൾ ഭാര്യയ്ക്കും കുട്ടിക്കും ഒക്കെ അല്ലെ കൊടുക്കാറ്…. വകയിലമ്മാവന് ഡൗട്ട് പെരുത്തു. ബാച വിടോ, ഒരു ദീർഘ നിശ്വാസം വിട്ടിട്ടു പറഞ്ഞു…
“ഹാ… മരിച്ച കോഴിയും അവനും തമ്മിലുള്ള ബന്ധം അങ്ങനെയൊക്കെയായിരുന്നു….!”