ഇടപ്പള്ളിയിലെ നല്ല ഒരു റെസ്റ്ററന്റിൽ വിശന്നുപൊളിഞ്ഞ് ഡിന്നർ കഴിക്കാൻ പോയതാണ്, ഒറ്റയ്‌ക്കെയുള്ളൂ… ഒരു ടേബിളിൽ ചെന്ന് ഇരുന്നപ്പോൾ സ്റ്റാഫ് വന്നിട്ട് പറഞ്ഞു
“സർ നല്ല റഷുണ്ട്”
“ഇപ്പൊ ചുട്ടതാണോ?”
“അതല്ല സർ, തിരക്കാണ്”
“ഓ.. ആ റഷ്”
എനിക്കപ്പഴാണ് ബൾബ് കത്തിയത്…
“ബുദ്ധിമുട്ടില്ലെങ്കിൽ ഒന്ന് ടേബിൾ ഷെയർ ചെയ്യാമോ”
‘ബുദ്ധിമുട്ടണ്ട്… വൈ ഷുഡ് ഐ?’
വല്യ പൊതുജനതാൽപര്യാർത്ഥത്തിനുള്ള മൂഡ് ഇല്ലാത്തതുകൊണ്ട് ഞാനൊരു നുണ പറഞ്ഞു,
“ചിലപ്പൊ ഒരാള് കൂടി വരും”
അയാള് ‘ഓക്കെ’ന്നു പറഞ്ഞ് മെനു കാർഡ് തന്നിട്ട് പോയി.
ഓർഡർ എടുക്കാൻ വന്നത് വേറൊരാളാണ്. മെനു വിശദമായി വായിച്ചറിഞ്ഞ്, വെയിറ്ററോട് ആറേഴ് ഡൗട്ടും ചോദിച്ച് അവസാനം പകലാണെങ്കിൽ ബിരിയാണിയും രാത്രിയാണെങ്കിൽ അൽഫാമും ഓഡർ ചെയ്യുന്ന ചില പരമ്പരാഗത ബോറൻമാരെ പോലെയായിരുന്നില്ല ഞാൻ.
“ഈ ബീഫ് വറ്റൽ മുളക് റോസ്റ്റിൽ നിങ്ങള് ഏത് ഓയിലാണ് യൂസ് ചെയ്യാറ്?”
“സൺ ഫ്‌ളവർ ഓയിലാണ് സർ”
“ചെമ്മീൻ കിഴിയാണോ മഞ്ചൂരിയനാണോ സ്പൈസി?”
“മഞ്ചൂരിയനാണ് സർ”
“ന്നാ ഒരു പീസ് ആൽഫാമെടുത്തോ”
എന്റെ കോഴി വരുന്നതിനു മുൻപാണ് അവൻ വന്നത്. ഏർളി ട്വന്റിസിൽ ഉള്ള ഒരു പയ്യൻ എന്റെ ഓപ്പോസിറ്റ് ചെയറിൽ! അവനോട് ഏതെങ്കിലും സ്റ്റാഫ് ചുട്ട റഷിന്റെ കാര്യം പറഞ്ഞു കാണും. എന്തെങ്കിലുമാവട്ടെന്ന് ഞാനും വിചാരിച്ചു.
ആസനസ്ഥനായതും “ഇവിടുത്തെ ഫുഡ് എങ്ങനെയുണ്ട്?” എന്ന ഓപ്പണിങ് ക്വസ്റ്റിനിൽ അവനങ്ങ് തുടങ്ങി അവന്റെ സംസാരം. പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറ് തുറന്നത് പോലെ, ധാര ധാര ധാര! സത്യം പറയാലോ.. എന്നെ എന്റെ മയോണയ്‌സിലേക്ക് നോക്കാനായി കണ്ണെടുക്കാൻ പോലും അവൻ സമ്മതിച്ചിട്ടില്ല. കുവൈറ്റിൽ റിഗ്ഗിൽ ആണ്
ജോലിയെന്നും, ഇരുപത്തിയഞ്ചാം വയസ്സിൽ ഇന്നോവ ക്രിസ്റ്റ വിത്ത് ഫാൻസി നമ്പർ വാങ്ങിയെന്നും, കല്യാണം നോക്കുന്നുണ്ടെന്നും… സങ്കൽപ്പത്തിലെ പെണ്കുട്ടിയുടെ ചേലും, നാലാം ക്ലാസിലെ പ്രണയവും, പത്താം ക്ലാസിലെ റോൾ നമ്പറും, ഗൂഗിൾ ക്രോമിൽ ലാസ്റ്റ് സെർച്ച് ചെയ്ത കീവേർഡും വരെ അവൻ പറഞ്ഞു.
സംസാരത്തിനിടെ അവൻ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന ഒരു വാക്കായിരുന്നു, “എനിക്ക് കുഴപ്പമൊന്നുമില്ല… എനിക്ക് കുഴപ്പമൊന്നുമില്ല.. “ന്ന്. അതിലെനിക്ക് ശക്തമായ വിയോജിപ്പുണ്ടായി, എന്തോ കുഴപ്പം, ണ്ട്!
ഇടയ്ക്ക് അവൻ പൊറോട്ടയും ചിക്കൻ സ്റ്റ്യൂവും ഓർഡർ ചെയ്യുമ്പോൾ മാത്രമാണ് ഒരു ഗ്യാപ് വന്നത്. പിന്നെ വീണ്ടും,
“പണ്ട് ഞാൻ നൂറു രൂപയും ഇരുന്നൂറു രൂപയുമൊക്കെ കടം വാങ്ങി നടന്നിട്ടുണ്ട്, ഇപ്പൊ ആളുകൾ എന്നോടാണ് കടം ചോദിക്കുന്നത്…. ഞാൻ വാരിക്കോരി കൊടുക്കും, എനിക്ക് കുഴപ്പമൊന്നുമില്ല..”
എ ബി ഡിവില്ലിയേഴ്സ് ഫോമിലായ പോലത്തെ ഇന്നിംഗ്‌സ് ആണ് ഷഗോദരൻ കളിക്കുന്നത്.
“ഇന്നലെ ബസ് സ്റ്റോപ്പിൽ വെച്ച് വീട്ടിൽ പോവാൻ കാശില്ലെന്നു വിഷമം പറഞ്ഞ ഒരാൾക്ക് ഞാൻ അഞ്ഞൂറ് രൂപ കൊടുത്തു, കണ്ടാലറിയാം കള്ളുകുടിക്കാൻ ആണ്…പക്ഷെ ഞാൻ കൊടുത്തു… എനിക്ക് കുഴപ്പമൊന്നുമില്ല”
‘പിന്നെ എനിക്കാണോടാ കുഴപ്പം?’
കുവൈറ്റി ദിനാറെന്നല്ല, ഒരു കറൻസിയും ലോകത്തൊരു മനുഷ്യനോടും ഇമ്മാതിരി ക്രൂരത ചെയ്യരുത്.
കഴിക്കുന്നതിനിടെ ഇങ്ങനെ വായിട്ടലച്ചിട്ടും
ആദ്യം തീന്നത് അവന്റെ ഫുഡാണ്.
“ചേട്ടന് ഞാനൊരു ജ്യൂസ് പറയട്ടെ?”
‘ഇത് ജ്യൂസിൽ നിക്കില്ല, റെഡ് ബുള്ളില് ഉപ്പുസോഡയും ഗ്ലൂക്കോസ് പൗഡറും കലക്കി കുലുക്കി കുടിക്കേണ്ടി വരും’ ഞാൻ മനസ്സിൽ പറഞ്ഞു.
“വേണ്ട.”
അവന്റെ കടുത്ത നിർബന്ധം ഞാൻ കടുപ്പിച്ച് നിരസിച്ചു. അപ്പൊ എന്റെ ബില്ല് കൊടുക്കാമെന്നായി അവൻ…
“ചേട്ടാ, ഞാൻ കൊടുത്തോളാ, എനിക്ക് കുഴപ്പൊന്നൂല്ല…”
ശരിക്കും കേട്ടുകൂലിയായിട്ട് അവന്റെന്ന് അതങ്ങ് ഈടാക്കുകയാണ് വേണ്ടത്. പക്ഷെ അതും ഞാൻ ഒരു വിധം വേണ്ടാന്നു പറഞ്ഞ്, അവനെ പേരൊക്കെ ചോദിച്ച് യാത്രപറഞ്ഞ് പറഞ്ഞയച്ചു. അതിനുശേഷമാണ് മനസമാധാനത്തോടെ
ഞാനൊന്ന് ആഹാരം കഴിക്കുന്നത്.
കൈ കഴുകി ബില്ലും കൊണ്ട് കാർഡ് വീശാൻ (കോണ്ടാകറ്റ്ലെസ്) കൗണ്ടറിൽ ചെന്നപ്പോഴായിരുന്നു അത്,
“സർ, സാറിന്റെ കൂടെ ഉണ്ടായിരുന്ന ആള് ബില്ല് പേ ചെയ്തിട്ടില്ല!”
ആവോ ദാമാണോ…നാളാള് കൂടണല്ലോ
ആവോ ദാമാണോ…. ആളാകെ ചുറ്റണല്ലോ…
എന്റെ വിയോജിപ്പ് മാറി. അവൻ പറഞ്ഞത് വളരെ വളരെ കറകറ്റായിരുന്നു… അവനു കുഴപ്പമൊന്നുമില്ല!! മ്മക്കാണ്.
Discover more from Deepu Pradeep
Subscribe to get the latest posts sent to your email.