മുകളിലേക്കുള്ള നടത്തം അമ്പിളി കുന്നിലേക്കുള്ള ആയാസത്തിന്‍റെ നാലിരട്ടിയുണ്ടായിരുന്നു… “നിന്‍റെ വല്യമ്മാമ ഇടയ്ക്കെന്‍റെ സ്വപ്നത്തിൽ വരാറുണ്ട്..” മുന്നിൽ നടന്നിരുന്ന ചേക്കുട്ടി തിരിഞ്ഞുനോക്കാതെ പറഞ്ഞു. “എന്തിന്?” “ഞാൻ ചോദിച്ചിട്ടില്ല, വന്നുകേറുന്ന വിരുന്നുകാരോട് വന്നതെന്തിനാ ന്ന് ചോദിക്കുന്നത് മര്യാദ കേടല്ലേ?” അവൻ ശരിയാണെന്ന് തലയാട്ടി. “അവസാനം വന്നത് എന്നാണെന്ന് അറിയോ? ഞാൻ കേളാഗൂറിൽ നിന്ന് പോരുന്നതിന്റെ തലേന്ന്”. അതുപറഞ്ഞു കൊണ്ടു ചേക്കുട്ടി പൊട്ടിച്ചിരിച്ചു…. സത്യം പറഞ്ഞിട്ട് പൊട്ടിച്ചിരിച്ചാലും നുണ പറഞ്ഞശേഷം പൊട്ടിച്ചിരിച്ചാലും കേൾക്കുന്നയാൾക്ക് കേട്ടത് നുണയാണെന്നേ തോന്നൂ.
മലയുടെ മുകളിൽ നിന്ന് തീവണ്ടി പോവുന്നത് കാണാൻ വിചാരിച്ചത്ര രസമൊന്നും ഉണ്ടായിരുന്നില്ല. എന്നാലും അവിടെ ഇരുന്ന് അവര്‍ മൂന്ന് പാസഞ്ചർ തീവണ്ടികള്‍ പോവുന്നത് കണ്ടു. “മതിയായോ?” ചേക്കുട്ടിയുടെ ചോദ്യം, അവന്‍ ശരിക്ക് തലയാട്ടി. “പോരാ… ഒരു ഗുഡ്സ് തീവണ്ടി കൂടി കണ്ടിട്ട് ഇറങ്ങാം!” ഗുഡ്സ് വണ്ടി വന്നത് ഇരുട്ടത്താണ്, പിന്നെ രാത്രി ആ മഞ്ഞത്ത് കിടക്കുകയെ നിവൃത്തിയുണ്ടായിരുന്നുള്ളൂ… “അന്തരീക്ഷം കണ്ടിട്ട് കരടി ഇറങ്ങുന്ന സ്ഥലമാണെന്ന് തോന്നുന്നു” ചേക്കുട്ടി പ്രസ്താവിച്ചു. അതോടെ തണുപ്പടിച്ച് മരവിച്ചുതുടങ്ങിയിരുന്ന അവന്‍റെ എട്ടാം വാരിയെല്ലിന് ഉള്ളിലൂടെ ഒരു ഭയം അരിച്ചുകേറി! നാട്ടിലെ വല്ല കുളത്തിലോ കിണറ്റിലോ അന്തസ്സായി മരിച്ചുകിടക്കേണ്ട മന്ദാരവളപ്പിലെ സന്തതി, ട്രെയിൻ പിടിച്ച് മഹാരാഷ്ട്രയിലെ ഏതോ മലമുകളിൽ കരടി പിടിച്ച് മരിച്ചുകിടക്കുന്ന ആ രംഗം അവൻ വെറുതെയാലോചിച്ചു…
ചേക്കുട്ടിയുടെ കയ്യിൽ വിരിപ്പും പുതപ്പും ഒക്കെ ഉണ്ടായിരുന്നു. പുതപ്പ് അവനു കൊടുത്തിട്ട് അയാൾ വിരി നിലത്തുവിരിച്ചു മലർന്നു കിടന്നു. “ആ… ഇനി അതുകൊണ്ട് എന്നെ പുതപ്പിക്ക്”അവൻ ചേക്കുട്ടിയെ തല വരെ മൂടി പുതപ്പിച്ചശേഷം കുറച്ചുമാറി,ദൂരെ വെളിച്ചം കാണാവുന്ന ഒരേയൊരു ദിക്കിലേക്കും നോക്കി ഇരുന്നു. അതിനിടെ എപ്പോഴോ ചേക്കുട്ടി അവനെ വിളിച്ചു… “ഞാനെന്തിനാണ് എല്ലാ മാസവും നാട് വിടുന്നത് എന്നറിയോ?” അവന്‍ തലയാട്ടി, “ഇല്ല.” “നിനക്ക് അറിയില്ലെങ്കിൽ ഞാൻ പറഞ്ഞുതരില്ല.” ‘അറിയാമായിരുന്നെങ്കിൽ പറഞ്ഞുതരുമായിരുന്നോ’ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു അവന്, പിന്നെയതിന്‍റെ യുക്തിയാലോചിച്ചപ്പോൾ വേണ്ടെന്ന് തോന്നി.
രാവിലെ അവിടെ നിന്നും ഇറങ്ങി താഴേക്ക് നടക്കും മുൻപ് ചേക്കുട്ടി ബാഗിൽ നിന്നും ആ ഗ്ളാസ് പുറത്തെടുത്തു. റയിൽവെ സ്റ്റേഷനിൽ ദിവസവും ആയിരക്കണക്കിന് യാത്രക്കാരെ കണ്ടു ജീവിച്ചുകൊണ്ടിരുന്ന ആ ഗ്ലാസിനെ ആരോരുമില്ലാത്ത മലമുകളിൽ വെച്ചിട്ട് ചേക്കുട്ടി പോന്നു!
താഴെ എത്തിയശേഷം ചേക്കുട്ടി തീരുമാനം പറഞ്ഞു, “ഇനി ബസ്സിന് പോവാ..”. ‘അതല്ലെങ്കിലും ഈ കാട്ടിൽ, പാളത്തിൽ കയറി നിന്ന് കൈ കാണിച്ചാൽ ഏത് തീവണ്ടി നിർത്താനാണ്…’ കടുംചൂടിൽ, പൂക്കളെക്കുറിച്ച് കേട്ടിട്ടു കൂടിയില്ലാതെ കുറെ കുറ്റിമരക്കാടുകൾക്ക് നടുവിലൂടെ, സൂര്യനെ നോക്കി ചേക്കുട്ടി കാണിച്ചുകൊടുക്കുന്ന ദിശയില്‍ അവർ എങ്ങോട്ടെന്നില്ലാതെ നടന്നു. അതിനോടകം, വിശപ്പും ദാഹവും ചേക്കുട്ടിയുടെ ഉടലില്ലാത്ത വാക്കുകളാണെന്ന് അവൻ തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു. ഇടയ്ക്കൊന്നുരുമ്മിപ്പോയ ഒരിളം കാറ്റില്‍, നാടിന്‍റെ തണുപ്പും വീട്ടിലെ ഊണും അവനെ നോക്കി പല്ലിളിച്ചുചിരിച്ചതായി തോന്നിയവന്. തലേന്ന് ഓക്കാനിച്ചുകൊണ്ടു കഴിച്ചുതീർത്ത അവസാനത്തെ വടാപ്പാവെങ്കിലും കിട്ടിയിരുന്നെകിൽ എന്നവൻ മോഹിച്ചു.
പൊടി തുള്ളിക്കളിക്കുന്ന ഒരു മൺപാതയിലെത്തി നടത്തം തുടരുമ്പോൾ പിറകിലൊരു വണ്ടിയുടെ ശംബ്ദം കേട്ട് ഇരുവരും തിരിഞ്ഞു നോക്കി. രണ്ടുപേര്‍ സഞ്ചരിക്കുന്ന ആ ബൈക്കിന് ചേക്കുട്ടി ഒരു മനഃസ്ഥാപവുമില്ലാതെ കൈ കാണിച്ച് ലിഫ്റ്റ് ചോദിച്ചു. വന്നവർ വണ്ടി നിർത്തി എണ്ണം നാലുപേരാക്കി യാത്ര തുടർന്നു. അവന്‍ ശ്രാദ്ധമൂട്ടിയിട്ടുള്ള ഏതോ കാരണവന്മാരുടെ അനുഗ്രഹം…
കഷ്ടപ്പെട്ട് എത്തിപ്പെട്ട ഏതോ ഒരു ബസ് സ്റ്റാന്റില്‍ കണ്ട ആദ്യത്തെ ഹോട്ടലില്‍ ഓടിക്കയറി അവന്‍ എന്തൊക്കെയോ കഴിച്ചുകൂട്ടി. കഴിഞ്ഞ രണ്ടു ദിവസത്തെ കടബാധ്യതകളും, ഇനി വരാനുള്ള രണ്ടു ദിവസത്തേക്കുള്ള സ്ഥിരനിക്ഷേപവും. അത്രയും സംഖ്യ ആമാശയത്തില്‍ എത്തിയശേഷമാണ് അവന്‍റെ കണ്ണും മനസ്സും ഉണര്‍ന്നത്. പിന്നെ ആ സ്ഥലം ഏതാണെന്ന് മനസ്സിലാക്കാന്‍ മുന്നില്‍ കണ്ട ഒരു ഹിന്ദി ബോര്‍ഡിലെ അക്ഷരങ്ങള്‍, അതുവരെ പഠിപ്പിച്ച എല്ലാ ഹിന്ദി ടീച്ചര്‍മാരെയും മനസ്സിലോര്‍ത്ത് അവന്‍ വായിക്കാന്‍ പരിശ്രമിച്ചുകൊണ്ടേയിരുന്നു… ഒടുവില്‍ ചേക്കുട്ടി അവന്‍റെ പിറകില്‍ വന്നു പറഞ്ഞു, “അത് ഹിന്ദിയല്ല, മറാട്ടിയാണ്” പിന്നവന് സ്ഥലം ഏതാണെന്ന് അറിയണം എന്നുണ്ടായില്ല.
പൂനെയ്ക്കുള്ള ബസ് നോക്കി വൈറ്റിംഗ് ഷെഡില്‍ ഇരിക്കുമ്പോള്‍ അവന്‍ ചേക്കുട്ടിയോട് ചോദിച്ചു, “നിങ്ങളുടെ എല്ലാ സഞ്ചാരങ്ങളും ഇങ്ങനെയാണോ?” തന്‍റെതല്ലാത്ത ഒരു ചിരിയോടെ ചേക്കുട്ടി പറഞ്ഞു, “ആയിട്ടില്ല, നമ്മള് തുടങ്ങിയിട്ടല്ലേ ഉള്ളൂ…” മാറാട്ട വിഭവങ്ങളുള്ള അവന്‍റെ വയറ്, ഒന്നല്ല മൂന്നു തവണ കാളി.
ഒന്നരമണിക്കൂര്‍ അവര്‍ കാത്തിരുന്ന പൂനെയിലേക്കുള്ള അശോക് ലെയ് ലാന്റിന്‍റെ മുക്കാലും തേഞ്ഞ അപ്പോളോ, സ്റ്റാന്റിലെ ചിതറിക്കിടക്കുന്ന കരിങ്കല്ലുകള്‍ക്ക് മുകളിലുരുമ്മിയപ്പോഴാണ് ചേക്കുട്ടി ആ ചോദ്യം ചോദിക്കുന്നത്, “നീ ഇതേവരെ എത്ര പെണ്‍കുട്ടികളെ ഉമ്മ വെച്ചിട്ടുണ്ട്?” ഉള്ളിലെ കന്നിമൂലയില്‍ നിന്നും ഒരു വരണ്ട കാറ്റ് വീശി. അവന് ആരെക്കുറിച്ചും ഓര്‍ക്കാനും പറയാനുമില്ലായിരുന്നു.…അതറിഞ്ഞതും ചേക്കുട്ടി ഉറക്കെ ചിരിച്ചു, “നിന്‍റെ പ്രായത്തിലെത്തിയപ്പോഴേക്ക് ഞാന്‍ ആറു പെണ്ണുങ്ങളെ അനുഭവിച്ചു കഴിഞ്ഞിരുന്നു.” പിന്നെ ഒന്നാലോചിച്ചശേഷം തിരുത്തി, “ആറു പെണ്ണുങ്ങള്‍ എന്നെ!” ആ ആറനുഭവങ്ങളുടെ ഓളങ്ങളൊക്കെയും ചേക്കുട്ടിയുടെ കവിളില്‍ വെട്ടുന്നതവന്‍ കണ്ടു. “നിനക്ക് ആഗ്രഹമുണ്ടോടാ?” അപ്രതീക്ഷിതമായ ചോദ്യം! അതിനുതൊട്ടടുത്ത നിമിഷം കടുത്തതായിരുന്നു. ഉള്ളിലെ മോഹങ്ങള്‍ വാക്കുകളായി പുറത്തേക്ക് ഒഴുകാതെ അവന്‍ കടിച്ചുപിടിച്ചു, എന്നാല്‍ പുരികചലനങ്ങളില്‍ ചേക്കുട്ടിയ്ക്ക് കണ്ടെടുക്കാന്‍ പാകത്തിന് അത് തെളിയുകയും വേണം. “എന്നാ നമുക്ക് രത്നഗിരി വരെ ഒന്ന് പോയാലോ?” യാത്ര തുടങ്ങിയിട്ട് ആദ്യമായിട്ടാണ് ചേക്കുട്ടി ഒരു തീരുമാനം എടുക്കും മുന്പ് അവനോട് അഭിപ്രായം ചോദിക്കുന്നത്. കേരളം കടന്നപ്പോള്‍ നഷ്ടപ്പെട്ട അവന്‍റെ ബഹുമാനമൊക്കെയും അതോടെ തിരിച്ചുവന്നുകഴിഞ്ഞിരിന്നു. അവന്‍ പതുക്കെ തലയാട്ടി.
രത്നഗിരിയിലേക്കുള്ള ബസ്സില്‍ കയറിയപ്പോഴേക്കും അവന്‍റെ ദേഹത്ത് ഒരു പനി വരവറിയിച്ചു തുടങ്ങിയിരുന്നു. തൊട്ടുതലേന്നത്തെ തണുപ്പും ഇന്ന് തലയില്‍ത്തൊട്ട ചൂടും കൂടി ശരീരോഷ്മാവിന്റെ വേലിയേറ്റമുണ്ടാക്കി, മൂക്കില്‍ നിന്നും ശ്വാസം പുറത്തേക്കെത്തുമ്പോള്‍ ഉള്ളിലെ താപനില അറിയിച്ചുകൊണ്ടുള്ള ചൂടുകാറ്റ്. വളരെയെളുപ്പം ഒരു വല്ലാത്ത ക്ഷീണം വന്ന് അവനെ പുതഞ്ഞുനിന്നു. പനിച്ചുകിടക്കുമ്പോള്‍ മുന്‍കാല പനി ഓര്‍മ്മകള്‍ മനസ്സില്‍ തെളിയുക സ്വാഭാവികമാണ്. അതില്‍ അമ്മ നെറ്റിയില്‍ നനച്ചിടുന്ന വെള്ളത്തുണിയുടെ തണുപ്പും, അമ്മമ്മയുടെ കടുമാങ്ങയുടെയും ചുട്ട പപ്പടത്തിന്‍റെയും സ്വാദുള്ള കഞ്ഞിയും, വല്യച്ചന്‍ വാങ്ങി സൂക്ഷിച്ച കമ്പിളിപ്പുതപ്പിന്‍റെ സുഖവും പലകുറി തികട്ടി വന്നു. ‘ഉമ്മയോളം വലിയൊരു നാടില്ല’ എന്ന് ചേക്കുട്ടി പറയുന്നതവന്‍ ഓര്‍ത്തു. വീട്ടിൽ നിന്നിറങ്ങിയാൽ ഈ ലോകം എളുപ്പമല്ല എന്ന് അവന്‍ അതിനോട് കൂട്ടിച്ചേര്‍ത്തു. “ചേക്കുട്ട്യാക്കാ… ഈ സഞ്ചാരം എന്ന വാക്കിനു വേറൊരു അർത്ഥം കൂടി ഉള്ളത് അറിയോ ഇങ്ങക്ക”. “ഉവ്വ്…. വേദനാന്ന് അല്ലെ?”. “ഉം… എന്‍റെ കുടുംബത്തില് ആർക്കും സഞ്ചാരമടിച്ചിട്ട് മരിക്കേണ്ടി വന്നിട്ടില്ല, എല്ലാം സുഖമരണങ്ങളായിരുന്നു….” ഇതും പറഞ്ഞ് അവന്‍ കണ്ണടച്ചു.
ഓര്‍മ്മ വന്നപ്പോള്‍ അവന്‍ ഒരു മടിയിലായിരുന്നു. വലംപിരി ചുരുള്‍മുടിയുള്ള ഒരു പെണ്‍കുട്ടി. ശലഭച്ചിറകുകള്‍ വിടരുന്നതുപോലെ അവളുടെ കണ്ണുകളുണര്‍ന്നു. ‘സല്‍മ’, അവള്‍ പരിചയപ്പെടുത്തി. ചേക്കുട്ടി കൃത്യസ്ഥലത്ത് തന്നെ എത്തിച്ചിരിക്കുന്നു! അവളുടെ വലത്തേ കൈ വിരലുകള്‍ അവന്‍റെ നെഞ്ചിലായിരുന്നു. പനി കുറഞ്ഞിട്ടില്ല, ക്ഷീണം കാരണം അവന് അനങ്ങാനാവുന്നുണ്ടായിരുന്നില്ല. അവളുടെ കതാന്‍ സില്‍ക്കിന്‍റെ മടിയുടെ ചൂടില്‍ തന്നെ കിടന്ന് അവന്‍ ചേക്കുട്ടിയെ തിരക്കി. അടുത്ത മുറിയിലുണ്ടെന്നു അവള്‍ ആംഗ്യം കാണിച്ചു. അവന്‍റെ കണ്ണിലേക്ക് ഇമവെട്ടാതെ നോക്കി അവള്‍ കുറച്ചുനിമിഷം ഇരുന്നു. കണ്ണുകള്‍ക്ക് പുഞ്ചിരിക്കാന്‍ കഴിയുമെന്ന് അവനാദ്യമായി അറിയുകയായിരുന്നു… അവന്‍റെ ഹൃദയമോടുന്നതിന്‍റെ വേഗം മാറുന്നത് അവളുടെ വിരലുകളറിയുന്നുണ്ടായിരുന്നു….. അവള്‍ തല കുമ്പിട്ട് അവനെ ചുംബിക്കാനായി ഒരുങ്ങിയപ്പോള്‍ അവന്‍ തടുത്തു, അവള്‍ കാര്യമറിയാനുള്ള നോട്ടം നോക്കി. “നീ ശാപം എന്ന് കേട്ടിട്ടുണ്ടോ?” അവള്‍ മനസ്സിലായില്ലെന്നു തല കുലുക്കിപ്പറഞ്ഞു. “എന്നാ പിന്നെ പറഞ്ഞിട്ട് കാര്യമില്ല! ഉമ്മ വെച്ചോ”. സാലങ്കികള്‍ കൂട്ടിമുട്ടുന്നത് പോലെ അവള്‍ ചിരിക്കുന്നത് അവന്‍ കേട്ടു, അത്ര മാത്രം.
ഔറംഗാബാദിലേക്കുള്ള ഒരു അരി ലോറിയിലായിരുന്നു അവന്‍ പിറ്റേന്ന് രാവിലെ കണ്ണ് തുറന്നത്. അവന്‍റെ പനി വിട്ടിരുന്നു. അവന്‍ ചുറ്റും നോക്കി, ലോറിയുടെ അങ്ങേ അറ്റത്ത് ഒരു അരി ചാക്കിന് മുകളില്‍ മലര്‍ന്നു കിടന്ന് ചുരുട്ട് വലിക്കുകയായിരുന്നു ചേക്കുട്ടി. “സല്‍മ??”. “പനിക്കുമ്പോ അങ്ങനെ പല സ്വപ്നങ്ങളും കാണും”. അവന്‍ തലേന്ന് കണ്ടതാണോ അതോ ചേക്കുട്ടി ഇപ്പൊ പറഞ്ഞതാണോ സത്യം എന്നവന് തിട്ടപ്പെടുത്താനായില്ല. പക്ഷെ അവന്‍റെ ദേഹത്തപ്പോഴും ആ രാത്രിലില്ലികളുടെ മണമുണ്ടായിരുന്നു.
ആ ലോറി ഔറംഗാബാദ് ബസ് സ്റ്റാന്റില്‍ എത്തുന്നതിനും പത്തര മിനുറ്റ് മുന്പ് ചേക്കുട്ടി ചോദിച്ചു, “പൂനെയില്‍ തന്നെ ജീവിക്കാനായിരുന്നോ നിന്‍റെ തീരുമാനം?”. “അല്ല, അവിടന്ന് ബോംബെയ്ക്ക് പോവാന്‍.” “ജീവിക്കാന്‍ നിനക്ക് ഏതെങ്കിലും ഒരു നഗരം പോരേ?”. ചേക്കുട്ടി തന്നെ ഔറംഗാബാദില്‍ ഉപേക്ഷിച്ച് തിരിച്ചുപോവാന്‍ ഒരുങ്ങുകയാണെന്ന് അവന് തോന്നി. പക്ഷെ ബസ്സ്റ്റാന്റില്‍ അവര്‍ വന്നിറങ്ങുന്നതും കാത്ത് ഒരു കാര്‍ കിടപ്പുണ്ടായിരുന്നു. ഡ്രൈവറോട് പരിചയം പുതുക്കി ചേക്കുട്ടി അവനെയും കൂട്ടി ആ കാറില്‍ കയറി. പോവുന്നതെങ്ങോട്ടാണെന്ന് അവന് ഒരു രൂപവും കിട്ടിയില്ല. ചോദിച്ചിട്ടും ചേക്കുട്ടി ഒന്നും പറഞ്ഞതുമില്ല. ഏക്കറുകള്‍ പരന്നുകിടക്കുന്ന വിരിപ്പുകൃഷി പാടങ്ങള്‍ക്ക് നടുവിലൂടെ ആ വണ്ടി സഞ്ചരിച്ച് അധികം വൈകാതെ ഒരു കൊട്ടാരത്തിന് മുന്നിലെത്തി. കാവല്‍ക്കാരും രണ്ടാള്‍ പൊക്കമുള്ള മതിലും പിന്നിട്ട് അകത്ത് എത്തിയശേഷമാണ് അതൊരു വീടാണെന്നു അവന് മനസ്സിലായത്.
വാടാമല്ലിയുടെ മ്യൂസിയം പോലുള്ളൊരു മുറ്റം. അടുത്തെങ്ങോ ഒരു കളഭനദി ഒഴുകുന്നത് പോലെത്തെ സൌരഭ്യം. ആ വീടിന്‍റെ വലുപ്പവും ഭംഗിയും അവനെ അമ്പരപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ചേക്കുട്ടി പറഞ്ഞു, “നീ ഏതായാലും വീടും കുടുംബവും ഒക്കെ ഉപേക്ഷിച്ചിട്ട് വന്നതല്ലേ… വല്ല ഹോട്ടലിലോ ഫാക്ടറിയിലോ ഒക്കെ അടിമപണിയെടുത്ത് ജീവിതം കരി പിടിപ്പിക്കണ്ട, ഇനി ഈ വീട്ടില്‍ കഴിഞ്ഞോ…” അവന്‍ കാര്യം മനസ്സിലാവാതെ ചേക്കുട്ടിയെ നോക്കി, “ഇവരുടെ ഒരേയൊരു മകനെ ചെറുപ്പത്തില്‍ കാണാതായിട്ടുണ്ട്, നീ അവനാണെന്ന് ഞാന്‍ പറഞ്ഞാല്‍, അവര് വിശ്വസിക്കും. അത്രയ്ക്ക് ബന്ധമാണ് ഞാനും അവരും തമ്മില്‍.” അവന്‍ അമ്പരപ്പോടെ നിന്നു.“പവന്‍ ദാസ്, ഇനി അതാണ് നിന്‍റെ പേര്”. നിറയെ ആഭരണത്തില്‍ കുളിച്ച കരുത്തയായ ഒരു സ്ത്രീ അവരുടെ മുന്നിലേക്ക് വന്നു, “അമ്മ” ചേക്കുട്ടി പറഞ്ഞുകൊടുത്തു.
അവര്‍ അവനെ കരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ചു ചേര്‍ത്ത് നിര്‍ത്തി. അകത്തുനിന്നും വേറെയുമൊരുപാട് ബന്ധുക്കളും പരിചാരകരുമെല്ലാം വന്നു… അവരവനെ ആഘോഷപ്പൂര്‍വ്വം സ്വീകരിച്ചു. അവന്‍റെ അമ്മയായ മല്ലിക ബാര്‍വേയോട് എന്തൊക്കെയോ സംസാരിച്ചശേഷം ചേക്കുട്ടി പുറത്തേക്കു നടക്കുന്നത് അവൻ തീന്‍മേശയിലെ രാജകീയമായ സല്‍ക്കാരങ്ങള്‍ക്കിടയില്‍ കണ്ടു. ഒരു നന്ദി വാക്ക് പോലും കേള്‍ക്കാന്‍ നില്‍ക്കാതെ ആ മനുഷ്യന്‍ അയാളുടെ സഞ്ചാരത്തിലേക്ക് മടങ്ങുകയാണ്.
ഏതൊക്കെയോ ഹിന്ദി സിനിമകളില്‍ കണ്ട ശതകോടീശ്വരന്മാരുടെ കിടപ്പുമുറികളുടെ ഛായയുണ്ടായിരുന്നു അവര്‍ അവനുവേണ്ടി മാറ്റിവെച്ച മുറിയ്ക്ക്. അവിടെയുള്ള ഓരോ നിമിഷവും ചേക്കുട്ടിയ്ക്ക് അവന്‍ മനസ്സില്‍ നൂറായിരം നന്ദി പറഞ്ഞു. മുറിയുടെ ജനാലയിലൂടെ പുറത്തുള്ള ആ വലിയ ലോകത്തിലേക്ക് വിശ്വം ജയിച്ച സന്തോഷത്തോടെ അവന്‍ നോക്കി നില്‍ക്കുമ്പോള്‍ പിറകിലൊരു ശബ്ദമുണ്ടായി. “ഇത് കുടിക്കാന്‍ മറക്കണ്ട.” മലയാളം! അവന്‍ തിരിഞ്ഞു നോക്കി. ഒരു ഗ്ലാസ് പാലുമായി വന്നിട്ടുള്ള ഒരു വൃദ്ധ. വേഷം കണ്ടിട്ട് അവിടുത്തെ ജോലിക്കാരിയാണെന്ന് അവന് വ്യക്തമായി. പക്ഷെ ആ വീട്ടില്‍ ഇതുവരെ എല്ലാവരും അവനോടു കാണിച്ച ബഹുമാനവും സ്നേഹവുമൊന്നും ആ മലയാളിയിലില്ല, പുച്ഛം മാത്രം. പോകാന്‍ നേരം തിരിഞ്ഞുനിന്ന് അവര്‍ അവനോടു ചോദിച്ചു, “ശരിക്കും നിന്‍റെ പേരെന്താ?”. അതിലവന്‍ ഞെട്ടി. ഈ രഹസ്യമെങ്ങനെ ഇവര്‍… “നീ ഇവിടുത്തെ കുട്ടി അല്ലെന്ന് എനിക്കറിയാം, മല്ലിക ബാര്‍വേക്ക് അറിയാം, ഈ വീട്ടിലെ പലര്‍ക്കും അറിയാം.. പക്ഷെ അവര്‍ക്ക് ഒരു മകനെ വേണമല്ലോ… അതുകൊണ്ടാണ് നീയീ കണ്ടതൊക്കെ ഇവിടെ നടന്നത്.” പിന്നെ ആ സ്ത്രീ അടുത്തേക്ക് വന്ന് ശബ്ദം താഴ്ത്തി പറഞ്ഞു, “ആ പവനെ പണ്ട് കാണാതെ പോയതല്ല, അവന്‍ നാടുവിട്ടു പോയതാ.” “എന്തിന്?” “ഈ കുടുംബത്തിന് ഒരു ശാപം ഉണ്ട്, ഇവിടെ ആണുങ്ങള്‍ ഇരുപത് വയസ്സിന് അപ്പുറം ജീവിക്കാറില്ല. അത് പേടിച്ച് ഓടി പോയതാണ് അവൻ!”. അവന്‍റെ ഉള്ളില്‍ ഒരു കുഴിമിന്നി പൊട്ടി, കല്യാണിക്കാവ് പാടത്ത് പൊട്ടാതെ ബാക്കിയായ ഒന്ന്. അവന്‍ ആ വീട് ഒന്നുകൂടെ നോക്കി, ആളും മനുഷ്യരുമില്ലാത്ത തന്‍റെ വീട് പോലെയല്ല, പുറത്ത് വിടാതെ പിടിച്ചുവെക്കാന്‍ അനേകം പരിചാരകരും കാവല്‍ക്കാരും, ചാടിക്കടക്കാനാവാത്ത വലിയ മതിലും! അവന്‍റെ നോട്ടം കണ്ടിട്ടായിരിക്കണം, അവര്‍ പറഞ്ഞു, “അവരുടെ മോന്‍ ഒരിക്കല്‍ നാടുവിട്ടതുകൊണ്ട് നിന്നെ എന്തായാലും അവര്‍ നല്ലോണം ശ്രദ്ധിച്ചോളും” സ്ത്രീ പുറത്തേക്കു നടന്നു.
മുറിയിലുണ്ടായിരുന്ന വലിയ നിലകണ്ണാടിയുടെ മുന്നില്‍ പോയി ആകാശ് പവന്‍ദാസിനെ നോക്കി. പേരില്ലൂരില്‍ മുപ്പത് വയസ്സ് വരെ ജീവിക്കേണ്ടവന്‍ നാടുവിട്ട് ഔറംഗാബാദില്‍ വന്ന് ഇരുപതാം വയസ്സിൽ മരണം വരിക്കുന്ന ആ സംഭവം എന്തായാലും കാലന് സൌഹൃദസദസ്സില്‍ പൊട്ടിച്ച് ചിരിയും കയ്യടിയും വാങ്ങാനുള്ളതുണ്ട്.