ലുംബിനിയിലെ നേപ്പാള്‍ പോലീസിന്‍റെ നാലാം നമ്പര്‍ കോട്ടേഴ്സിനുള്ളിലെ  കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് ഒരുങ്ങികൊണ്ടിക്കുകയായിരുന്നു ഹെഡ് കോണ്‍സ്റ്റബിള്‍ സ്റ്റീഫന്‍. സ്റ്റേഷനിലേക്കായിരുന്നില്ല, ലുബിനിയിലെ പവന്‍ പാലസ് ഹോട്ടലിലേക്കായിരുന്നു അയാളുടെ യാത്ര. സ്റ്റീഫന്‍ നേപ്പാളിലെത്തിയിട്ട് വര്‍ഷം എട്ടാവുന്നു, അതിനിടയില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവം. ലീവിന് നാട്ടില്‍ പോവുമ്പോള്‍ നിരവധി പെണ്ണുകാണലുകള്‍ക്ക് പോയിട്ടുണ്ടെങ്കിലും നേപ്പാളില്‍ വെച്ചൊരു പെണ്ണുകാണല്‍ നടാടെയാണ്… കാഠമണ്ടുവില്‍ ജോലിചെയ്യുന്ന ചേച്ചിയുടെയും ഭര്‍ത്താവിന്റെയും അടുത്തേക്ക് കുറച്ച് ദിവസത്തെ  വെക്കേഷന് വന്നതാണ് കൂനംമാവുകാരി ലൈല. അതിനിടയിലാണ് വലതുപുരികത്തിനു മീതെ മൂന്ന് കാക്കാപുള്ളികള്‍ ഉള്ള അവളെ തേടി തലയില്‍ ഇരട്ടചുഴിയുള്ള സ്റ്റീഫന്‍റെ വിവാഹാലോചനയെത്തുന്നത്. എങ്കില്‍ പിന്നെ നേപ്പാളില്‍ വെച്ച് തന്നെ പെണ്ണുകാണല്‍ നടത്താം എന്ന് പറഞ്ഞത് അവളുടെ ചേച്ചിയുടെ ഭര്‍ത്താവാണ്.  അവര്‍ ലൈലയ്ക്കും സ്റ്റീഫനും വേണ്ടി കാഠമണ്ടുവില്‍ നിന്നൊരു   ലുംബിനി യാത്ര പ്ലാന്‍ ചെയ്തു.

ഇടാനുള്ള ഷര്‍ട്ടും പാന്‍റും സ്റ്റീഫന്‍ ഇന്നലെത്തന്നെ മാര്‍ക്കറ്റില്‍ പോയി വാങ്ങിച്ചിരുന്നു. മീറ്റിംഗ് പ്ലെയ്സ് ആയ ഹോട്ടല്‍ സെലക്റ്റ് ചെയ്തത് സ്റ്റീഫന്‍ തന്നെയാണ്. അതിന്‍റെ ഓണര്‍ക്കും ജീവനക്കാര്‍ക്കും അയാളെ നന്നായറിയാം. അവര് തന്നോട് കാണിക്കാറുള്ള പേടിയും ബഹുമാനവും, പെണ്ണുകാണല്‍ നടക്കുമ്പോള്‍ ഒരു അഡ്വാന്‍റെജായി ഉണ്ടായിക്കോട്ടെ എന്നയാള്‍ കണക്കുകൂട്ടി. സ്ഥിരമായി പോവാറുള്ള സലൂണ്‍ ഒഴിവാക്കിയിട്ട് പരീക്ഷിച്ചു നോക്കിയ ബാബാ ലക്ഷ്വറി സലൂണിലെ സ്റ്റൈലിസ്റ്റ്  മിനുക്കിയ തന്‍റെ മുഖവും മുടിയും ഓരോ തവണ കണ്ണാടി നോക്കുമ്പോഴും സ്റ്റീഫന് ആത്മവിശ്വാസം കൊടുത്തുകൊണ്ടിരുന്നു. ‘എന്തിനാ പോലീസില്‍ ചേര്‍ന്നത്, സിനിമയില്‍ ഒന്ന് ട്രൈ ചെയ്യാമായിരുന്നില്ലേ; എന്നൊരു ചോദ്യം വരെ സ്റ്റീഫന്‍ പ്രതീക്ഷിക്കാന്‍ തുടങ്ങി.   

സമയമായതോടെ പോവാനായി ഇറങ്ങിയ സ്റ്റീഫന്‍ താന്‍ മുറ്റത്ത് നട്ടുവളര്‍ത്തുന്ന പേരാലിന് ഒരു ചെറിയ വാട്ടം കണ്ട്, അകത്തേക്ക് തിരിച്ചുപോയി കുറച്ച് വെള്ളം എടുത്ത് തളിക്കുമ്പോഴാണ് സ്റ്റേഷനിലെ ഡ്രൈവര്‍ ശ്രീധര്‍ പോലീസ് ജീപ്പില്‍ അങ്ങോട്ട്‌ എത്തിയത്. 

“സ്റ്റീഫന്‍… തന്നെ സബ് ഇന്‍സ്പെക്റ്റര്‍ അത്യാവശ്യമായി സ്റ്റേഷനിലേക്ക് വിളിക്കുന്നു” 

സ്റ്റീഫന് ഉടലില്‍ നിന്നും തരിച്ചുകയറി… ‘ഞാനിന്നു ലീവാണെന്നും,  ലീവെടുത്ത് എന്തിനാണെന്നും ആങ്ങേര്‍ക്ക് അറിയാമല്ലോ?”

“അറിയാം… പക്ഷെ ഇതെന്തോ അത്യാവശ്യ കേസാണ്”

സ്റ്റീഫന്‍ അതേ ചൂടില്‍ ഫോണെടുത്ത് സബ് ഇന്‍സ്പെക്റ്റര്‍ ബിഷ്ണുവിനെ വിളിച്ചു.  പക്ഷെ അങ്ങോട്ട്‌ എന്തെങ്കിലും പറയും മുന്‍പ് അയാള്‍ സ്റ്റീഫനോട് രണ്ടു രണ്ടു മൂന്ന് സോറി പറഞ്ഞു.

“ഐ നോ യുവര്‍ സിറ്റുവേഷന്‍ സ്റ്റീഫന്‍, ബട്ട് താനിവിടെ പെട്ടെന്ന് വന്നേ പറ്റൂ… തന്നെകൊണ്ട് മാത്രമേ പ്രയോജനം ഉള്ളൂ”

“എന്നെ കൊണ്ട് മാത്രം പറ്റുന്ന എന്ത് അത്യാവശ്യമാണ് അവിടെ?” ദിവസവും വൈകുന്നേരം ക്ലബ്ബില്‍ ഒരുമിച്ച് പോവുന്ന ബിഷ്ണുവിന്റെ കൂട്ടുകാരനെന്ന  സ്വാതന്ത്യ്രവും കൂടി എടുത്ത് സ്റ്റീഫന്‍ ചോദിച്ചു.

“ലുംബിനി പാര്‍ക്കിനു അടുത്തുള്ള ഗൗതമബുദ്ധ ലോഡ്ജില്‍ നിന്നും നാല് ഇന്ത്യാക്കാരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അവര്‍ക്ക് ഹിന്ദിയോ ഇംഗ്ലീഷോ ഒന്നും അറിയില്ല…”

“പിന്നെ?”

“ദേ ആര്‍ ഫ്രം സൌത്ത് ഇന്ത്യ, തന്‍റെ നാട്ടുകാരാണ്, മലയാളം”

താന്‍ പലതവണ പറഞ്ഞ് പഠിപ്പിക്കാന്‍ ശ്രമിച്ച വാക്ക് ബിഷ്ണു സര്‍ ഇങ്ങോട്ട് പറയുന്നു, മലയാളം!

“താനിങ്ങ്‌ വാ..”

‘മുടിയാനായിട്ട്! ഏതവന്മാരാണ് കേരളത്തില്‍ നിന്ന് ലുംബിനിയിലേക്ക് കുറ്റിയും പറിച്ച് വന്നിട്ടുള്ളത്’ എന്ന് പിറുപിറുത്തുകൊണ്ട് സ്റ്റീഫന്‍ അകത്തേക്ക് തിരിച്ച് കയറി വസ്ത്രം മാറ്റി വന്നു ജീപ്പില്‍ കയറി.  ഇതിനിടയില്‍ ലൈലയുടെ കോ ബ്രദറിനെ വിളിച്ച് പെണ്ണുകാണലിന്‍റെ സമയം ഉച്ചയ്ക്ക് ശേഷം എന്നാക്കുമ്പോള്‍ അവർ തമ്മിലുണ്ടായിരുന്ന ഇക്വേഷനിൽ പോലീസുകാരന്‍ എന്ന നിലയില്‍ അയാള്‍ അതുവരെ നേടിയിരുന്ന ഡൊമിനേഷന്‍ സ്റ്റീഫന് കളഞ്ഞു കുളിക്കേണ്ടി വന്നു. ഉച്ച വരെ ലുംബിനിയില്‍ കറങ്ങി സമയം കളഞ്ഞോളാമെന്ന് അയാള്‍ പറഞ്ഞെങ്കിലും അനിശ്ചിതത്വങ്ങള്‍ കൂടെപിറപ്പായ തന്‍റെ ജോലി ഓര്‍ത്ത് സ്റ്റീഫന് സ്വയം പുച്ഛം തോന്നി. സ്റ്റീഫന്‍ അയാള്‍ക്ക് ഒരു അപോളജി മെസേജ് കൂടി അയച്ചിട്ടു.

തുള്‍സിപുരില്‍ സ്ഥിതി ചെയ്യുന്ന ലുംബിനി പ്രൊവിന്‍സ്‌ പോലീസ് സ്റ്റേഷനിലേക്ക് ധൃതിയിലാണ് ആ ജീപ്പ് എത്തിയത്. കസ്റ്റഡിയിലുള്ളവര്‍ എന്ത് ക്രൈം ആണ് ചെയ്തിട്ടുള്ളതെങ്കിലും വലുതോ ചെറുതോ എന്ന് നോക്കാതെ ആദ്യം പിടിച്ച് നാലെണ്ണം പൊട്ടിക്കണം എന്ന് ഉറപ്പിച്ചാണ് സ്റ്റീഫന്‍ അകത്തേക്ക് കയറിച്ചെന്നത്. പക്ഷെ കുറ്റകൃത്യങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്നും, അവര്‍ താമസിച്ച ഹോട്ടലിലെ ജീവനക്കാര്‍ക്ക് തോന്നിയ എന്തോ സംശയത്തിന്‍റെ പുറത്താണ് പോലീസ് അവരെ കസ്റ്റഡിയില്‍ എടുത്ത് എന്നറിഞ്ഞപ്പോള്‍ സ്റ്റീഫന്‍റെ ആ ആവേശവും ചോര്‍ന്നു.    

നാല് പേരായിരുന്നു ആ മുറിയില്‍ ഉണ്ടായിരുന്നത്. ആരുടെ മുഖത്താണ് ഏറ്റവും കൂടുതല്‍ ദൈന്യതയും ആകുലതയും ഉള്ളതെന്ന് കൃത്യമായി പിടികൊടുക്കാതെ മാര്‍ബിള്‍ നിലത്ത് കുത്തിയിരിക്കുന്ന നാല് സാധു മലയാളികള്‍.  സ്റ്റീഫന്‍ കയറിചെന്ന് ‘നിങ്ങള്‍ എവിടുന്നാ?’ എന്ന് ചോദിച്ചപ്പോള്‍ ഭാഷ അറിയുന്ന ഒരാളെ കണ്ട തിളക്കമായിരുന്നു നാലുപേരുടെയും മുഖത്ത്. അവര്‍ നാലുപേരും ഒരേപോലെ അന്തംവിട്ട് സ്റ്റീഫനെ നോക്കി ഇരുന്നു.  ആരില്‍ നിന്നും ഉത്തരം കിട്ടുന്നില്ലെന്ന്  മനസ്സിലായപ്പോള്‍ സ്റ്റീഫന്‍ വീണ്ടും പറഞ്ഞു… 

“സമയം മിനക്കെടുത്താതെ പറ, എന്താണ് ലുംബിനിയില്‍ കാര്യം? നിങ്ങള്‍ എവിടുന്നാ വരുന്നത്?”

“ആറങ്ങോട്ടുകരയില്‍ നിന്നാണ്!”

അതിനു തൊട്ടടുത്ത ആ നിമിഷത്തിലാണ് സ്റ്റീഫന്‍ തരിപ്പുകമ്പനിയെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്…   ആറങ്ങോട്ടുകരയിലെ തരിപ്പുകമ്പനി!

ആദ്യം പറയേണ്ടത് തരിപ്പുകമ്പനിയെ കുറിച്ചാണോ അതോ ആറങ്ങോട്ടുക്കരയെക്കുറിച്ചോ? ജയരാമനെക്കുറിച്ചാവാം….

കുറിച്ചിടപ്പെടേണ്ടവനാണ് ജയരാമൻ എന്ന് ആദ്യം തോന്നിയിട്ടുള്ളത് എനിക്കല്ല, ഞാൻ മൂന്നാമനാണ്. സ്‌കൂൾ മാഗസിനിൽ ജയരാമനെ കുറിച്ച് എട്ട് കഥകൾ അച്ചടിച്ചതിന്റെ പേരിൽ വിദ്യാഭ്യാസ ജീവിതം അവസാനിപ്പിക്കേണ്ടിവന്ന രണ്ടായിരത്തിപത്തിലെ സ്റ്റുഡന്റ് എഡിറ്റർ, സക്കറിയ. ജയരാമനെകുറിച്ച് ഹ്രസ്വ ചിത്രമെടുക്കാൻ വന്ന്, ജയരാമനോളം വരില്ല സിനിമ എന്ന ഉദയമുണ്ടായി, ബോധം ജയരാമന് നൽകിയ കുശൻ. പിന്നെ അപ്പു ചട്ടമ്പി, മുളയങ്കാവ്, സലാവുദ്ധീൻ… തരിപ്പുകമ്പനിയായി.

തരിപ്പുകമ്പനിയുടെ ആസ്ഥാനമുള്ള ആറങ്ങോട്ടുകര ഗ്രാമത്തിലുള്ളത് രണ്ട് അങ്ങാടികളാണ്. കിഴക്കുംമുറി തൃശൂർ ജില്ലയിലും, പടിഞ്ഞാട്ടുംമുറി പാലക്കാട് ജില്ലയിലുമായി ആറങ്ങോട്ടുകരയങ്ങനെ വിഭജിക്കപ്പെട്ട് കിടക്കുകയാണ്. ആ ജില്ലകൾക്കും, കേരളത്തിനും, ഇന്ത്യയ്ക്കും മുമ്പ്, ആറങ്ങോട്ടുക്കര ഒരു ബുദ്ധനഗരമായിരുന്നു. പട്ടാമ്പി മുതൽ വടക്കാഞ്ചേരി വരെ നീണ്ട ആ കരയിൽ നിറയെ ബുദ്ധവിഹാരങ്ങളായിരുന്നു. ഇപ്പോള്‍ തിരുമിറ്റക്കോടും കഴിഞ്ഞ്  ഉള്ളിലോട്ടു കയറുമ്പോള്‍ കാണാനാവുന്ന കാടുമൂടി കിടക്കുന്ന ആ കല്‍വിഹാരത്തിന്‍റെ മാത്രകയില്‍ അനവധി.  പലപ്പോഴായി കണ്ടെടുത്തതിലും കൂടുതല്‍ സ്തൂപങ്ങളും ശേഷിപ്പുകളും ആറങ്ങോട്ടുകരയുടെ  മണ്ണിന്നടിയില്‍ ഇപ്പോഴുമുണ്ട്.  നശിപ്പിച്ച് കുഴിച്ചിട്ട എല്ലാ ഓര്‍മ്മകളും വിസ്മൃതിയിലായ ശ്രീബുദ്ധനും, പതിറ്റാണ്ടുകൾക്ക് ശേഷം ആറങ്ങോട്ടുകരക്കാരുടെ ശബ്ദങ്ങളിലേക്ക് തിരിച്ചുവരുന്നത് ജയരാമനിലൂടെയാണ്…

താഴത്തൂട്ടിലെ അശോകന്‍റെയും ദേവിയുടെയും മകനായി ജയരാമൻ പിറന്നന്ന് രാത്രി, മുഖം മറച്ച അഞ്ച് ബുദ്ധ സന്യാസികളെ ജയരാമന്‍റെ വീട്ടിലും, ആറങ്ങോട്ടുകരയിലും കണ്ടവരുണ്ട്. അക്കൂട്ടത്തിലൊരാൾ, സലാവുദ്ധീൻ പിറ്റേന്ന് കാലത്ത് അപ്പു ചട്ടമ്പിയോട് താൻ കണ്ടത് പറയുന്നിടത്താണ് തരിപ്പുകമ്പനിയുടെ ഉദയം. അന്ന് പുലർച്ചെ പശുവിനെ കറക്കാൻ പുറത്തിറങ്ങിയപ്പോൾ ആ ബുദ്ധ വിഹാരത്തിന് ചുറ്റും പ്രകാശം കണ്ടപ്പോഴുണ്ടായ അതേ തരിപ്പ് അപ്പുചട്ടമ്പിക്ക് വീണ്ടുമുണ്ടായി! സലാവുദ്ധീൻ അന്ന് മോഷണം നിർത്തി!

സന്യാസികളെ കണ്ട, എന്നാൽ സലാവുദ്ധീനെ പോലെ തരിപ്പ് കയറാതിരുന്ന ബാക്കി മൂന്നുപേർ ആറങ്ങോട്ടുക്കരയിൽ നിന്നും അകാലത്തിൽ മരണപ്പെട്ടുപോയതോടെയാണ് തരിപ്പു കമ്പനിയുടെ പ്രസക്തിയെ പറ്റി നാട്ടുകാരിൽ ഒരു ചർച്ചയുണ്ടാവുന്നത്. അതിൽപിന്നെ തരിപ്പുണ്ടായില്ലെങ്കിലും അവരും ജയരാമനെ ശ്രദ്ധിക്കാൻ തുടങ്ങി. മരിച്ച മൂന്നുപേർക്ക് പകരം, സലാവുദ്ധീനെയും അപ്പു ചട്ടമ്പിയെയും ബന്ധിപ്പിച്ച ജയരാമന്‍റെ ആ അദൃശ്യതയിലേക്ക്, വരത്തന്മാരായ കുശനും സക്കറിയയും മുളയൻകാവും പിന്നീട് ഒഴുകിയെത്തുകയായിരുന്നു. 

തരിപ്പുകമ്പനിയുടെ ആസ്ഥാനമന്ദിരമായി പ്രവർത്തിക്കുന്ന മുളയങ്കാവിന്‍റെ ചായപീടിക ആറങ്ങോട്ടുക്കരയെ പോലെതന്നെയാണ്. ഉമ്മറം തൃശൂരിലും, അടുക്കള പാലക്കാടും. കൂറ്റനാടിൽ നിന്നും മുളയങ്കാവിലേക്ക് മണലടിക്കാൻ വന്ന ലോറിയിലെ ഡ്രൈവറായിരുന്നു രണ്ടായിരത്തി രണ്ടിലെ മുളയങ്കാവ്. കടവിൽ വെച്ച് പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാലുവയസ്സുകാരൻ ജയരാമനെ കണ്ട് മുളയങ്കാവ്, ബോധക്ഷയമുണ്ടായി നിലത്തേക്ക് വീണു. പിടിച്ചെഴുന്നേല്‍പ്പിച്ചവരോട്, നിളമണൽ പറ്റിയ കണ്ണുകൾ തുറന്ന് പാതിബോധത്തോടെ മുളയങ്കാവ് പറഞ്ഞത് ഉടൽലാകെ ഒരു തരിപ്പുണ്ടായി എന്നാണ്! സലാവുദ്ധീൻ മുളയങ്കാവിനെ കൂട്ടി വീട്ടിലേക്ക് നടന്നു… അതിൽപിന്നെ മുളയങ്കാവ് മുളയങ്കാവിലേക്ക് പോയിട്ടില്ല. ലോറി വിറ്റ് ആറങ്ങോട്ടുകരയുടെ നടുക്ക് ഒരു ചായപീടിക ഇട്ടു, ‘ജെ ആർ’ ടീ സ്റ്റാൾ.

ചായകടയുടെ കന്നിമൂലയിൽ ഇരുന്നേ ആ സംഘം ജയരാമനെകുറിച്ച് സംസാരിക്കുകയുള്ളൂ. അരവട്ടത്തിലിരുന്ന്, തലകൾ താഴ്ത്തി, അടക്കിപ്പിടിച്ച് അവർ സംസാരിക്കുന്നതെല്ലാം ജയരാമനെക്കുറിച്ചാണെന്നു നാട്ടുകാർക്കുറപ്പായിരുന്നു. പക്ഷെ ജയരാമനെക്കുറിച്ച് പറയുന്ന രഹസ്യങ്ങളത്രയും സമോവാറിന്‍റെ ചൂളം വിളികളിലേക്കായിരുന്നു അലിഞ്ഞിരുന്നത്. അതിൽ തിളച്ച ചായകളിലൂടെ അത് നാട്ടുകാരിലേക്ക് എത്തിയതുമില്ല.

ജയരാമൻ തരിപ്പുകമ്പനിയുടെ ആരായിരുന്നു?

സ്ഥാപകനല്ല, സെക്രട്ടറിയുമല്ല. പിന്നെന്താണ്? ‘തരിപ്പുകമ്പനി ഒരു അമ്പലമാണ്, ജയരാമനാണ് അവിടുത്തെ പ്രതിഷ്ഠ!’ എന്ന് ആറങ്ങോട്ടുക്കരയിൽ ഒരു തമാശയുണ്ട്. പക്ഷെ ആ തമാശ ആദ്യം പൊട്ടിച്ച ചെത്തുക്കാരൻ ഡെന്നിസ് ഒരു കുടം കള്ളുമായി തെങ്ങിൽ തൊടാതെ താഴേക്കെത്തി. പിന്നെയാരും അത് പറഞ്ഞിട്ടില്ല! ആറങ്ങോട്ടുക്കരയിലേക്ക് എന്തൊക്കെയോ തിരിച്ചുവരാൻ പോവുകയാണെന്ന് ജ്യോത്സ്യൻ നാണുപണിക്കർ, ഒരമാവാസി ദിവസം രാത്രി ഭാര്യയോട് പറഞ്ഞശേഷം പിറ്റേന്ന് നാടുവിട്ടുപോവുകയും ചെയ്തു!

 

(തുടരും…)