പൊതുവെ ഞാനൊരു സെഡേറ്റഡ് ഡ്രൈവറാണ്. ആരെങ്കിലും നമ്മളെ ചൊറിഞ്ഞും കൊണ്ട് ഓവർട്ടേക്ക് ചെയ്താലോ, മുന്നിലോ ബാക്കിലോ നിന്ന് വെറുപ്പിച്ചാലോ സ്വഭാവം മാറും, ചെറിയൊരു റോഡ് റാഷിന്നാരംഭമാവുകയും ചെയ്യും. പക്ഷെ ഇന്നേവരെ മോട്ടോർ സൈക്കിളിൽ അത് സംഭവിച്ചിട്ടുണ്ടായിരുന്നില്ല. ഇന്നലെയതുണ്ടായി.

വൈകുന്നേരം ബുള്ളറ്റിലാണ് വീട്ടിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ടത്. തൃശൂർ റൗണ്ട് ചുറ്റിക്കഴിഞ്ഞപ്പോഴേക്കും ഇരുട്ടായിരുന്നു. പി ജെ ഫ്രൂട്സിൽ നിന്ന് രണ്ടു ജ്യൂസും കൂടി കുടിച്ചശേഷമാണ് മിഷൻ ഹോസ്പിറ്റൽ വഴി ഹൈവേയിലേക്ക് ഓടിച്ചത്. രാത്രി ഒരുപാടൊന്നും വൈകാത്തത് കൊണ്ട് റോഡിൽ അത്യാവശ്യം വണ്ടികളുണ്ട്.
നടത്തറ സിഗ്നലിൽ വെച്ച് ഗ്രീൻ കിട്ടി ഹൈവെയിലേക്ക് കയറുമ്പോൾ ഒരു ബൈക്കുകാരൻ അപകടകരമായ രീതിയില് എന്നെ ഓവർട്ടേക്ക് ചെയ്ത് മുന്നോട്ട് കയറി. ഞെട്ടൽ, കോപം, അഡ്രിനാലിൻ റഷ്! ത്രോട്ടിൽ ചെയ്ത് ഹൈവെയിൽ കയറി തിരിച്ചതേപോലെ അയാളെ വെട്ടിച്ച് ഞാൻ മുന്നിൽ കയറി. അത്യാവശ്യം നല്ല വേഗത്തിലാണ് പിന്നെ മുന്നോട്ട് പോയത്. പക്ഷെ കുട്ടനെല്ലൂർ കഴിഞ്ഞപ്പോ മുന്നിൽ അതാ ആ ബൈക്കുകാരൻ!

ഒരു കാര്യവുമില്ലാതെ ആൺ ഈഗോ ഉണർന്നു. റോഡ് സൈഡിൽ വാങ്ങാൻ കിട്ടുന്ന സാധാ ഹെൽമെറ്റു മാത്രം വെച്ച് നൂറ്റിയമ്പത് സിസിയുള്ള ബൈക്കിൽ, ഫുൾ റൈഡിങ് ഗിയർ ഇട്ട് ഇരട്ടിയിലധികം സിസിയും പവറും ഉള്ള വണ്ടിയിൽ പോവുന്ന എന്നെ ഓവർട്ടേക്ക് ചെയ്ത അയാളെ വെട്ടിച്ചിട്ടല്ലേ ബാക്കിയുള്ളൂ…. വീണ്ടും അത് ചെയ്തു.
ഇനി പിടുത്തം കൊടുക്കാതിരിക്കലാണ് നെക്സ്റ്റ് ടാസ്ക്. തൊണ്ണൂറ്റിയഞ്ചിലൊക്കെ പിടിച്ച് ഞാൻ മുന്നോട്ട് പോയി. അതിൽ കൂടുതലൊന്നും ഞാൻ സാധാരണ എടുക്കാറില്ല. പക്ഷെ അധികം താമസിയാതെ മരത്താക്കര എത്തിയപ്പോൾ അയാളുണ്ട് വീണ്ടും എന്റെ മുന്നിൽ!

ഇത്തവണ ഓവർട്ടേക്ക് ചെയ്യാതെ ഞാനയാളെ നിരീക്ഷിച്ചു. ഒരു കറുത്ത ഹോണ്ട യൂണിക്കോൺ ആണ്, തയ്‌പ്പിച്ച പാന്റ്സും ഫുൾ സ്ലീവ് ഷർട്ടുമാണ് വേഷം, നാല്പത്തിനുമേൽ എന്തായാലും പ്രായം കാണും. പിറകിൽ സൈലൻസറിനു മുകളിലേക്കായി തൂക്കിയിട്ടിരിക്കുന്ന അധികം സാധനങ്ങൾ നിറയ്ക്കാത്ത ഒരു ഡഫിൾ ബാഗുണ്ട്, ടെക്സ്റ്റെയിൽസിൽ നിന്നൊക്കെ കിട്ടുന്ന പോലൊരെണ്ണം. അത് സൈലൻസറിൽ തട്ടാതിരിക്കാൻ ഒരു ഇരുമ്പ് ഫ്രെയിം വെൽഡ് ചെയ്തു പിടിപ്പിച്ചിട്ടുണ്ട്. തൃശൂർ രെജിസ്റ്ററേഷൻ കൂടിയായതുകൊണ്ട് ഈ ലക്ഷണങ്ങൾ കണ്ടിട്ട് ഈ റൂട്ടിൽ സ്ഥിരം ജോലിക്ക് പോവുന്ന ഒരാളായിരിക്കണം, ബാഗിൽ പണി ഡ്രസ്സും, ഞാൻ കണക്കുകൂട്ടി. കാണുന്ന കാഴ്ചകളിൽ നിന്ന് ഇങ്ങനെ നിഗമനങ്ങളിലേക്ക് എത്തിച്ചേരുന്ന രീതി എനിക്ക് വർഷങ്ങൾക്ക് മുൻപ് കൂടെ താമസിച്ചിരുന്ന ഒരാളിൽ നിന്ന് കിട്ടിയതാണ്.

പാലിയേക്കര ടോൾ കഴിഞ്ഞതും ഞാൻ അയാളെ പിന്നെയും പിറകിലാക്കി, അതിനുശേഷം ആമ്പല്ലൂർ സിഗ്നൽ മഞ്ഞ ആയിട്ടും ഞാൻ മുന്നോട്ടെടുത്തു, തൊട്ടു പിറകെയുള്ള പുതുക്കാട് സിഗ്നൽ ഞാൻ കടന്നതും, അതും റെഡ്. രണ്ടു സിഗ്നലുകളിലും അയാൾ പെട്ടിട്ടുണ്ടാവും എന്നുറപ്പാണ്. സ്വാഭാവികമായും നമ്മൾ വലിയൊരു ലീപ്പ് എടുത്തിട്ടുണ്ടാവും എന്നല്ലേ നമ്മൾ വിചാരിക്കുക. പക്ഷെ നെല്ലായി എത്തിയില്ല, അയാളുണ്ട് എന്റെ മുന്നിൽ പോവുന്നു!
വിശ്വസിക്കാനേ പറ്റിയില്ല…
ഞാൻ ഇങ്ങനെ ഒക്കെ പോയിട്ടും അയാളെന്റെ മുന്നിലെത്തിയതല്ല എന്നെ അമ്പരിപ്പിച്ചത്…. അയാൾ എന്നെ വെട്ടിച്ചുപോവുന്നത് ഞാൻ കാണണ്ടേ??
ഇത്രയും തവണയായിട്ടും ഒരിക്കൽ പോലും അയാൾ എന്നെ കടന്നുപോവുന്നത് ഞാൻ കണ്ടിട്ടില്ല, പക്ഷെ ഓരോ തവണയും എന്റെ മുന്നിൽ അയാളുണ്ട്!
എന്റെ വാരിയെല്ലുകൾക്കിടയിലൂടെ ഒരു കയ്പ്പ് പാഞ്ഞു!

Something is wrong…. ഞാൻ സ്പീഡ് കൂട്ടി അയാളുടെ പാരലൽ ആയി വണ്ടി പിടിച്ചു, എന്നിട്ട് തല വെട്ടിച്ചിട്ടു അയാളുടെ മുഖത്തേക്ക് നോക്കി…. എനിക്കയാളുടെ മുഖം കാണണമായിരുന്നു. അപ്പോൾ, ആ നിമിഷം… അയാൾ രണ്ടു കൈകളും ഹാന്റിലിൽ നിന്ന് വായുവിൽ ഉയർത്തി ഒരു ക്രോസ് കാണിച്ചു, എയർക്രാഫ്റ്റ് മാർഷലിംഗ് സിഗ്നൽസിലെ ‘എമർജൻസി സ്റ്റോപ്പ്’ നോട് സാമ്യമുള്ള ഒന്ന്.
തൊട്ടുപിറകെ ലെഫ്റ്റ് എടുത്തിട്ട് അയാൾ ഹൈവെയിൽ നിന്നും ഇറങ്ങിപ്പോയി. അതുപോലൊന്ന് ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടുണ്ട്!
And that was a sign, പഴയ ആ സംഭവത്തിലേക്കുള്ള ഒരു സിഗ്നൽ!!

ബാംഗ്ലൂരിൽ, ഇലക്രോണിക് സിറ്റി കഴിഞ്ഞ് ഹൊസൂരിലേക്ക് സഞ്ചരിക്കുമ്പോൾ കാണുന്ന ബൊമ്മസാന്ദ്ര എന്ന സ്ഥലത്തായിരുന്നു ഞങ്ങള് താമസിച്ചിരുന്നത്… ഞങ്ങള് ന്ന് പറഞ്ഞാൽ കുറ്റിപ്പുറം എം ഇ എസ് കോളേജിൽ ഒരുമിച്ചു പഠിച്ച ഞങ്ങള്‍ ആറുപേര്‍. ബൊമ്മസാന്ദ്രയിലും അടുത്തുള്ള ജിഗ്‌നി ഇന്റസ്ട്രിയൽ ഏരിയയിലും ആയിട്ടായിരുന്നു ഞങ്ങളെല്ലാവരും വർക്ക് ചെയ്തിരുന്ന കമ്പനികൾ. അക്കൂട്ടത്തിലേക്കാണ് അവൻ കയറിവരുന്നത്, വിക്റ്റര്‍! ഞങ്ങളുടെ കൂടെയുണ്ടായിരുന്ന മറ്റൊരു ക്ലാസ്മേറ്റ് മാമുവിൻ്റെ നാട്ടുകാരൻ ആയിരുന്നു അവന്‍. മാമു ഖത്തറില്‍ പോയതോടെ കൂടിയ ഓരോരുത്തരുടെയും റൂം റെന്റ് ഷെയര്‍ വീണ്ടും കുറയുന്ന കാര്യമായതുകൊണ്ട് ഞങ്ങളാ അന്തേവാസിയെ ആവേശത്തോടെ സ്വാഗതം ചെയ്തു.

ആളൊരു ഡിക്‌റ്റിടീവ് ആണെന്ന് മാമു മുമ്പ് താമാശയ്ക്ക് പറഞ്ഞിരുന്നു. പിന്നീട് കൂടെ താമസിക്കാൻ തുടങ്ങിയപ്പോൾ അത് സത്യമാണെന്നു പതിയെ മനസ്സിലായിതുടങ്ങി. സിനിമയിലോ പാട്ടിലോ ബിസിനസ്സിലോ പാഷൻ ഉള്ളവരെയൊക്കെയല്ലേ നമ്മൾ അധികവും കണ്ടിട്ടുള്ളത്, കുറ്റാന്വേഷണത്തിലായിരുന്നു ഇവന്റെ കമ്പം. രണ്ടു കൊല്ലം മെഡിസിൻ പഠിച്ചു, Bsc കെമിസ്ട്രി ഒരു കൊല്ലം, സൈക്കോളജി ആറുമാസം, പിന്നെ കുറച്ചുക്കാലം സോഷ്യോളജിയും. അവനു വേണ്ട കാര്യങ്ങൾ ഒരു ഇൻസ്റ്റിട്യൂഷനില്‍ നിന്ന് കിട്ടി കഴിഞ്ഞാൽ അവന്‍ പഠിപ്പു നിര്‍ത്തി പുതിയത് തുടങ്ങുമായിരുന്നു. ഒരു അന്വേഷണത്തിന്റെ ഭാഗമായി നാട്ടിൽ എന്തോ പ്രശ്നമുണ്ടായപ്പോൾ മാറിനിൽക്കാൻ വന്നതാണ് അവന്‍ ബാംഗ്ലൂരിൽ എന്ന് പിന്നീട് മനസ്സിലായി. ആ പ്രശ്നത്തിന്റെ ഗ്രാവിറ്റി ഒന്നും അറിയില്ലെങ്കിലും അവനെ തേടിവരുന്ന അടിയുടെ ഒരു ഷെയര്‍ വാങ്ങിക്കാന്‍ ഞങ്ങളും തയ്യാറായി ഇരുന്നു. ബാംഗ്ലൂരിലും വിക്റ്റര്‍ വെറുതെ ഇരുന്നില്ല, മടിവാള അടുത്ത് ഒരു ഇന്‍സ്റ്റിട്ട്യൂട്ടില്‍ ക്രിമിനോളജി പഠിക്കാന്‍ പോയിത്തുടങ്ങി, പിന്നെ കൂടെ താമസിക്കുന്ന ഞങ്ങള്‍ എല്ലാവരും മെക്കാനിക്കല്‍ എഞ്ചിനിയേഴ്സ് ആയതുകൊണ്ട് പാര്‍ട്ട് ടൈം ആയി വെല്‍ഡിങ്ങും ഫിറ്റിങ്ങും!

ഞങ്ങളുടെ കൂട്ടത്തിലന്ന് റിഷാദിന്റെ കയ്യിൽ മാത്രമാണ് ബൈക്കുള്ളത്, ഒരു ഫസ്റ്റ് ജനറേഷൻ പൾസർ. ഒരു വെള്ളിയാഴ്ച ദിവസം നാട്ടിൽ പോവുന്ന റിഷാദ്, എന്നെ ബൈക്കില്‍ മടിവാളയിൽ ഡ്രോപ്പ് ചെയ്യാനായി വിളിച്ചു. എലവേറ്റഡ് ടോൾവേ കയറി മടിവാള എത്തി അവനെ ബസ് കയറ്റി വിട്ടപ്പോൾ രാത്രി എട്ടുമണി. ഞാൻ ഫോണെടുത്ത് വിക്റ്ററിനെ വിളിച്ചു നോക്കിയപ്പോൾ അവൻ റൂം പിടിച്ചിട്ടില്ല, മടിവാള എത്തുന്നതെയുള്ളൂ…
അവനെയും കൂട്ടി അവിടെയൊന്നു കറങ്ങിയശേഷം കൈരളി റസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ച് ഞങ്ങൾ ബൊമ്മസാന്ദ്രയിലേക്ക് പുറപ്പെട്ടപ്പോഴേക്കും മണി പത്താവാറായിരുന്നു.

നിയോൺ വെളിച്ചത്തിൽ നഗരത്തിരക്കുകൾ മെല്ലെ അവസാനിക്കുന്നത് കണ്ടു… ഞങ്ങൾ ഏലവേറ്റഡ് ടോൾ വേ എത്തി. സിൽക്ക് ബോർഡ് മുതൽ ഇലക്ട്രോണിക് സിറ്റി വരെയുള്ള 10 കിലോമീറ്റർ നീളമുള്ള നാലുവരി പാത. കയറിയാൽ പിന്നെ ഒരു യു ടേൺ പോലുമില്ല, മറുവശത്തെ ഇറങ്ങാൻ കഴിയൂ… ജീവിതം പോലെ.
ടോൾവേ കയറി ഒരു കിലോമീറ്റർ പോയില്ല, ഞങ്ങളുടെ വണ്ടി അപ്രതീക്ഷിതമായി നിന്നു. ഇളക്കിയും കുലുക്കിയും ഞങ്ങൾ ശ്രമിച്ചുനോക്കി. ഇല്ല, അനക്കമില്ല.. പെട്രോൾ തീർന്നതാണ്! ഒരു മനസമാധാനത്തിന് നാലു തെറി പറയാൻ വേണ്ടി റിഷാദിനെ വിളിച്ചെങ്കിലും അതും കിട്ടിയില്ല. ഞാനും വിക്റ്ററും ഇനി എന്ത് ചെയ്യണമെന്നറിയാതെ നിന്നു. വണ്ടി തള്ളുകയല്ലാതെ വേറെ നിവൃത്തിയില്ല… വാഹനങ്ങൾ നൂറിലും നൂറ്റി ഇരുപതിലുമൊക്കെ പായുന്ന ആ പാതയിൽ മുന്നോട്ട് തള്ളുന്നത് തന്നെ റിസ്ക് ആണ്… അതുകൊണ്ട് തിരിച്ച് ഒരു കിലോമീറ്റർ റോങ്ങ് സൈഡ് പോവുന്നതിനെ പറ്റി ഞങ്ങൾ ചിന്തിച്ചത് പോലുമില്ല.

ഈ സമയം അധികം വേഗതയില്ലാതെ ഞങ്ങളെ കടന്നുപോയ ഒരു ബൈക്ക് കുറച്ച് ദൂരെയായി നിർത്തി. പിന്നെ കാണുന്നത് ആ വണ്ടി റോങ് സൈഡിൽ ഞങ്ങളുടെ അടുത്തേക്ക് തിരിച്ചുവരുന്നതാണ്.
“നീ കൈ കാണിച്ചിരുന്നോ?” ഞാൻ വിക്റ്ററിനോട് ചോദിച്ചു.
അവന്‍ ഇല്ലെന്നു തലയാട്ടി. അവന്‍ എന്നെക്കാള്‍ ക്യൂരിയസ് ആയി നില്‍ക്കുകയാണ്.
ബൈക്ക് അടുത്തെത്തിയപ്പോൾ വ്യക്തമായി, അതിലുണ്ടായിരുന്നത് ഒരു ചെക്കനും പെണ്കുട്ടിയുമാണ്, കന്നഡിഗര്‍.
‘പെട്രോൾ തീർന്നതാണോ?’ എന്നവര്‍ ഇങ്ങോട്ട് കന്നടയില്‍ ചോദിച്ചു.
ഞാനും വിക്റ്ററും പരസ്പരം ഒന്നുനോക്കി അതെയെന്ന് തലയാട്ടി. ‘കയറി ഇരുന്നോ, ഞാൻ തള്ളി തരാം..’ എന്നായിരുന്നു പിന്നീടവന്‍ പറഞ്ഞതിന്റെ പരിഭാഷ. ഒരു നിമിഷം എനിക്കും വിക്റ്ററിനും അവൻ സഹായവാഗ്ദാനം കേട്ട് ഞെട്ടിത്തന്നെ നിൽക്കേണ്ടി വന്നു.
“ഗാഡി ഹത്തി”
എന്ന് അവൻ വീണ്ടും പറഞ്ഞപ്പോഴാണ് ഞങ്ങൾ ബൈക്കിൽ കയറിയത്.

പിറകിലെ ഫുട്ട്റെസ്റ്റിൽ ഇടം കാലു വെച്ച് ചവിട്ടികൊണ്ട് അവൻ ഞങ്ങളുടെ വണ്ടി നീക്കിത്തുടങ്ങി. ഞാൻ പിറകിലിരിക്കുന്ന വിക്റ്ററിനോട് ചോദിച്ചു,
“നിനക്കിവരെ പരിചയമുണ്ടോ?”
“ഇല്ല… നിനക്ക് പരിചയമുള്ളവരാണോ”
“എവിടുന്ന്!”
അങ്ങോട്ട്‌ ചോദിക്കാതെ, അവരുടെ വണ്ടിയ്ക്ക് കൈ പോലും കാണിക്കാതെ അവര്‍ ഞങ്ങളെ സഹായിക്കാൻ തുനിഞ്ഞതെന്തിനാണ് എന്നായിരുന്നു പിന്നീട് എന്റെ സംശയം മുഴുവനും. അതും, രാത്രി ഒരു പെണ്കുട്ടിയെയും പിറകിലിരുത്തി പോവുമ്പോൾ… എനിക്കുറപ്പാണ് എന്നെക്കാള്‍ കൂടുതല്‍ ഈ ചോദ്യത്തിനുത്തരം ഫിഗര്‍ ഔട്ട്‌ ചെയ്യാന്‍ വിക്റ്റര്‍ ശ്രമിക്കുന്നുണ്ടാവും.
ചിലപ്പോള്‍ മുന്പ് എപ്പോഴെങ്കിലും ഇതുപോലൊരു രാത്രി പെട്രോള്‍ തീര്‍ന്നു വഴിയില്‍ കിടന്ന ഒരനുഭവം ഉണ്ടായിരിക്കും അവന്. ഞാന്‍ മനസ്സില്‍ വിചാരിച്ചു.

കുറച്ചു ദൂരം പോയപ്പോള്‍ തന്നെ ഇങ്ങനെ വണ്ടി തള്ളുന്നതിൽ അവൻ ഒരു എക്‌സ്പേർട്ട് ആണെന്നെനിക്ക് മനസ്സിലായി. ബാലൻസ് പോവാതെ, നിലത്തൊന്ന് കാല് പോലും കൂത്താതെ അവൻ രണ്ടു ബൈക്കുകളും ചലിപ്പിച്ചുകൊണ്ടിരിന്നു. വിക്റ്റര്‍ അവനോട് എന്തൊക്കെയോ ചോദിക്കുന്നത് പിറകിൽ നിന്ന് കേൾക്കാമായിരുന്നു. ബെന്നാർഗെട്ട നാഷണൽ പാർക്കിലേക്കാണ് അവരുടെ യാത്രയെന്നു പറഞ്ഞു. പക്ഷെ അവന്‍ ഒരു കോണ്‍വസേഷനില്‍ താല്‍പര്യം കാണിക്കാത്തത് കൊണ്ടാവണം, വിക്റ്റര്‍ പെട്ടെന്ന് സൈലന്റ് ആയി.

രണ്ടു വണ്ടികളും ടോൾവേ ഇറങ്ങിയപ്പോഴേക്ക് മണി പത്തരയായിരുന്നു. അവിടെ ലെഫ്റ്റ് സൈഡിൽ ഇന്ത്യൻ ഓയിലിന്റെ ഒരു പമ്പുണ്ട് എന്നതായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. പക്ഷെ അവിടെ എത്തിയപ്പോഴേക്ക് അത് ക്ലോസ് ചെയ്തിരുന്നു.
‘ഇനി സർവീസ് റോഡ് ഉണ്ടല്ലോ.. ഞങ്ങൾ ഉന്തി പൊയ്ക്കൊളാം’ എന്ന് പറഞ്ഞപ്പോൾ അവൻ കൂട്ടാക്കിയില്ല… താമസിക്കുന്നത് എവിടെ ആണെന്ന് അവന്‍ തിരക്കി, അവിടെ നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെ ഹൈവേയുടെ അടുത്ത് തന്നെയാണ് എന്ന് പറഞ്ഞപ്പോള്‍ അതു വരെ എത്തിച്ചുത്തരാം എന്നായി അവന്‍.

പിന്നീടുള്ള അഞ്ചു കിലോമീറ്ററും അതുപോലെ ഞങ്ങളുടെ വണ്ടി തള്ളിയ അവന്‍ എന്നെ അത്ഭുതപ്പെടുത്തികൊണ്ടേയിരിക്കുകയായിരുന്നു.
പത്തേമുക്കാലോടെ ബൊമ്മസാന്ദ്ര എത്തിയപ്പോള്‍ അവരോട് ഉള്ള നന്ദി, ആ ഒറ്റവാക്കില്‍ എങ്ങനെ ഒതുക്കും എന്നായിരുന്നു ഞങ്ങളുടെ പ്രശ്നം. കൂടുതല്‍ ഫോര്‍മാലിറ്റിക്ക് ഒന്നും നില്‍ക്കാതെ, ‘ഏകാക്ഷര’ എന്ന് സ്വയം പരിചയപ്പെടുത്തി അവന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. പിറകിലെ പെൺകുട്ടി ഞങ്ങളെ നോക്കി ഒരു പാതി ചിരി പൊഴിച്ചു. അവൻ രണ്ടു കൈകളും വായുവിൽ ഉയർത്തി ആ സിഗ്നൽ കാണിച്ചു. അതിന്റെ അർത്ഥം എനിക്ക് പറഞ്ഞു തന്നത് വിക്റ്ററാണ്.
അവൻ ചുണ്ട് കൂട്ടി കടിച്ചുകൊണ്ട് അവരുടെ ബൈക്ക് പോവുന്നതും നോക്കി നിന്നു. പൂരിപ്പിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ള സമസ്യകളുടെ ചുഴികളിലേക്ക് പോവുമ്പോള്‍ അതായിരുന്നു അവന്റെ രീതി.

പിറ്റേന്ന് വര്‍ക്ക് ഉണ്ട്. ഉച്ചയ്ക്ക്, ജിഗനിയിലുള്ള എന്റെ കമ്പനിയില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ സ്ഥിരമായി പോവാറുള്ള BMTC ഡിപ്പോ ക്യാന്റീനില്‍ പോയതായിരുന്നു ഞാന്‍. അവിടെ വെച്ച് ഞാനൊരു കാഴ്ച കണ്ടു, ധമനിയിൽ നിന്ന് രക്തം ആവിയായി പോവുന്നത് സ്വയമറിയുന്നത് പോലൊരു കാഴ്ച. ക്യാന്റീനില്‍ ഇരുന്ന് നീട്ടിപിടിച്ചു കന്നഡ പത്രം വായിക്കുന്ന ഒരാളുടെ കയ്യിലെ ആ പത്രത്തില്‍, തലേന്ന് ഞങ്ങളെ സഹായിച്ച ആ ചെക്കന്റെയും പെണ്‍കുട്ടിയുടെയും ഫോട്ടോകള്‍ അടക്കമുള്ള വാര്‍ത്തയില്‍ എന്റെ കണ്ണുകള്‍ ഉടക്കി. അവര് നാല് ദിവസം മുന്പ് ഉണ്ടായ ഒരു ബൈക്ക് അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു! മൃതശരീരങ്ങള്‍ കണ്ടെത്തിയത് തലേന്ന് രാത്രിയും!!

വൈകുന്നേമാവാന്‍ ഞാന്‍ കാത്തിരുന്നു… വൈകുന്നേരമായപ്പോള്‍ വിക്റ്റര്‍ റൂമിലേക്ക് എത്താനും. That was the most dreadful hours of my life. കൂടെ ഉള്ള ആരോടും ഞാനതിനെ പറ്റി സംസാരിച്ചില്ല. വിക്റ്റര്‍ വന്ന ഉടന്‍ അവനെയും വിളിച്ചുകൊണ്ടു ഞാന്‍ ടെറസിലേക്കോടി…. കിതപ്പ് മാറും മുന്പ് ഞാന്‍ ആ പത്രം അവനു നേരെ നീട്ടി. പക്ഷെ ആ വാർത്ത അവന്റെ മുഖത്ത് ഒരു ചലനവും ഉണ്ടാക്കിയില്ല. പകരം എന്നോട് ഒരു ചോദ്യമായിരുന്നു ഉണ്ടായത്,
“നീ എത്ര നാളായി ഈ ബാംഗ്ലൂർ സിറ്റിയിൽ?”
“നാല് മാസം.”
“ഈ നാല് മാസത്തിനിടയിൽ എത്ര കന്നഡ ന്യൂസ് പേപ്പർ നീ വായിച്ചിട്ടുണ്ട്”
“ഇത് ആദ്യത്തെയാണ്”
“പിന്നെ ഈ പത്രം തന്നെ എങ്ങനെ നീ കണ്ടു?”
ഞാൻ ആലോചിച്ചു നോക്കി… ശരിയാണ് ഈ പത്രം ഞാന്‍ കണ്ടതല്ല, എന്നെ കാണിപ്പിച്ചതാണ്.
വിക്റ്റര്‍ തുടര്‍ന്നു,
“അവര് രണ്ടുപേരും മരിച്ചിട്ടില്ല…നമ്മള്‍ കണ്ടത് അവരുടെ പ്രേതങ്ങളെയും അല്ല”
എനിക്കൊരു ഉടലാകെ ഒരു തരിപ്പുണ്ടായി..
“ഞാൻ റിഷാദിനോട് സംസാരിച്ചിരുന്നു… ഇന്നലെ രാവിലെ അവന്‍ വണ്ടിയിൽ പെട്രോൾ അടിച്ചിട്ടുണ്ട്.രാത്രി ഇലവേറ്റഡ് ടോൾവെയിൽ നമ്മുടെ വണ്ടി നിന്നതും, അവർ വന്നു നമ്മളെ സഹായിച്ചതും, നിന്റെ മുന്നിൽ ഈ പത്രം എത്തിയതും… എല്ലാം അവർ രണ്ടുപേരും തീരുമാനിച്ച പ്രകാരമായിരുന്നു”
“എന്തിന്?”
“അവർക്ക്, ഞാനവര് പോയ വഴിയിൽ ചെല്ലണം… എന്തോ കാരണത്താല്‍ സ്വന്തം മരണം പോലും ഫേക്ക് ചെയ്ത ആ രണ്ടുപേരുടെയും പിറകെ! and I’m already behind them”

സാധാരണ ഞാൻ എഴുതിയത് വായിക്കുമ്പോൾ കൂടുതൽ പേരും ഏറ്റവും ഒടുവില്‍, ചിരിപ്പിക്കുന്ന ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിക്കാറുണ്ട്. ഇതില്‍ അതില്ല…. കാരണം ഇതല്ല അതിന്റെ അവസാനം, it is the beginning of something!

 

 

Part 02

സെപ്റ്റംബർ പതിനഞ്ചിനാണ് ഞാൻ ആ പോസ്റ്റ് ഫേസ്ബുക്കിൽ ഇടുന്നത്. പോസ്റ്റ് പബ്ലിക് ആയതിനു പിറകെ എന്തെങ്കിലും സംഭവിക്കുമെന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു, ഒരുതരം ഇൻട്യൂഷൻ.
And I always trust my intuitions and instincts.
ഏറ്റവും കൂടുതൽ കമെന്റ് വന്ന പോസ്റ്റ് ആയി അത് പെട്ടെന്ന് മാറി, ഇരുന്നൂറ് എണ്ണത്തോളം! വായിച്ചവരെല്ലാവരും അതിന്റെ ബാക്കിയ്ക്ക് വേണ്ടി കാത്തിരിക്കുമ്പോൾ, ഞാനും കാത്തിരിക്കുകയായിരുന്നു, എന്നെ തേടി വരാൻ പോവുന്ന കഥകൾക്ക് ….
രണ്ടു ദിവസം കഴിഞ്ഞുള്ള രാത്രി, അപ്രതീക്ഷിതമായി സുഹൃത്തും റിലേറ്റീവുമായ വിഷ്ണുവിന്റെ വാട്സാപ്പ് വോയിസ് നോട്ട് വന്നു. അവനിപ്പോൾ ബംഗലൂരുവിലാണ് ജോലി ചെയ്യുന്നത്.
അത് ശരിക്കും നടന്നതായിരുന്നോ എന്നാണ് അവനു അറിയേണ്ടിയിരുന്നത്.
“അതേടാ… രണ്ടായിരത്തി പന്ത്രണ്ടിൽ” ഞാൻ വളരെ ക്യാഷ്വലായി പറഞ്ഞു.
“ഏട്ടാ… ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം, അതേ ഇലവേറ്റട് ടോൾവെയിൽ വെച്ച്!”
തരിപ്പ്! ഞാൻ അത് കേട്ട് കസേരയിൽ നിന്നെഴുന്നേറ്റു.
“ഞാൻ ഒറ്റയ്ക്കായിരുന്നു… രാത്രി ടോൾവെയിൽ വെച്ച് ബൈക്കിന്റെ പെട്രോൾ തീർന്നപ്പോൾ ഒരു ഫ്രണ്ടിനെ വിളിച്ചു പറഞ്ഞശേഷം അവനുവേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു. അപ്പോഴാണ് ഒരു ചെക്കനും പെൺകുട്ടിയും ആ പോസ്റ്റില് പറഞ്ഞപോലെ എന്നെ കടന്നുപോയിട്ട് തിരിച്ചു വന്നത്. ഇങ്ങോട്ട് നിർബന്ധിച്ച് അതേപോലെ വണ്ടി ടോ ചെയ്തു തന്ന് ടോൾവേ ഇറക്കിതന്നപ്പോൾ, ആ പെട്രോൾ പമ്പ് അടച്ചിട്ടുണ്ട്. അവരെന്നെ റൂം വരെ ആക്കിത്തരാമെന്നു പറഞ്ഞു നിൽക്കുമ്പോ എന്റെ ഫ്രണ്ട് അവിടേക്ക് വന്നതുകൊണ്ട് അവര് ഞങ്ങളോട് യാത്ര പറഞ്ഞു പോവുകയാണുണ്ടായത്.. ”
“വിഷ്ണൂ… അവര് അങ്ങനെയൊരു സിഗ്നൽ കാണിച്ചിരുന്നോ?”
കുറച്ച് നേരത്തെ നിശബ്ദതയായിരുന്നു അവന്റെ അടുത്ത് നിന്നും ഉണ്ടായത്.
“ഉം!”
പത്തു വർഷങ്ങൾക്ക് ശേഷം രണ്ടായിരത്തി ഇരുപത്തിരണ്ടിലെ ഒരു രാത്രിയിൽ ആ രണ്ടുപേർ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
And now the plot thickens!

ഞാൻ ഓർത്തത് വിക്റ്ററിനെയാണ്. പതിനൊന്നു വർഷമായി അവൻ അപ്രത്യക്ഷമായിട്ട്… കൃത്യമായി പറഞ്ഞാൽ അന്നത്തെ രാത്രിക്ക് ശേഷം. പക്ഷെ ആദ്യം ഞങ്ങൾക്ക് അതൊരു പുതുമയുള്ള കാര്യമായിരുന്നില്ല, ചിലപ്പോൾ നിന്ന നിൽപ്പിൽ അവൻ മൂന്നാല് ദിവസത്തേക്കൊക്കെ മുങ്ങിക്കളയാറുണ്ട്. അന്വേഷിക്കാൻ വല്ലതും കിട്ടുമ്പോ എല്ലാം മറന്ന് അതിന്റെ പിറകെ അങ്ങ് പോവുന്നതായിരിക്കും എന്ന് ഞങ്ങൾക്ക് പിന്നീടാണ് മനസ്സിലായത്. മുമ്പൊരിക്കൽ അതുപോലൊരെണം കഴിഞ്ഞു തിരിച്ചുവന്നപ്പോൾ ഞാൻ അവനോട് അതിനെപ്പറ്റിയൊന്നു തിരക്കി.
“മടിവാളയില് എന്റെ ഇൻസ്റ്റിറ്റൂട്ടിന് അടുത്ത് ഒരു ജ്യൂസ് ഷോപ്പ് ഉണ്ട് , നല്ല അടിപൊളി ജ്യൂസുകൾ കിട്ടുന്നതുകൊണ്ട് നല്ല തിരക്കുമായിരുന്നു… പക്ഷെ പെട്ടെന്നൊരു ദിവസം അവരത് പൂട്ടി. ഇത്രയും ഇൻവസ്റ്റ് ചെയ്ത്, നല്ല ബിസിനസ് നടക്കുന്ന ഒരു സ്ഥാപനം അവരെന്തിനു പൂട്ടണം, അതിന്റെ പിറകിലൊരു കാരണം ഉണ്ടാവില്ലേ?”
“ഉണ്ടാവും.”
“ആ… ഞാനത് അന്വേഷിക്കാൻ പോയതായിരുന്നു”
ഞാൻ തലയാട്ടി.
“ആ കടയുടെ ലൈസൻസ് ഒരു ഷിമോഗക്കാരന്റെ പേരിലായിരുന്നു… അയാൾക്ക് ഇങ്ങനെ ഒരു ബിസിനസ് തുടങ്ങിയതിനെകുറിച്ച് പോലും അറിവില്ല”
എന്റെ ആകാംഷ കൂടി. വിക്റ്റർ തുടർന്നു…
“അയാളുടെ ഐഡി വെച്ച് കട വാടകക്ക് എടുത്തതും ലൈസൻസ് എടുത്തതും ഹോസൂർ ഉള്ള ഒരു കള്ളനാ… പക്ഷെ ആ ജ്യൂസ് കടയിൽ ജീവനക്കാരായി നിന്നിരുന്ന മൂന്നു പേരാണ് അയാൾക്ക് അങ്ങോട്ട് കാശ്കൊടുത്ത് അത് ചെയ്യിപ്പിച്ചത്. ഹോസൂരുകാരൻ ആ ജ്യൂസ് ഷോപ്പ് കണ്ടിട്ട് കൂടിയില്ല. എന്റെ അന്വേഷണം ആ മൂന്നു പേരിലേക്ക് എത്തിയപ്പോൾ…”
“അപ്പോൾ?”
“അവര് എന്നെ തേടി ഇങ്ങോട്ട് വന്നു. സ്റ്റേറ്റിന്റെ ഏതോ ഏജൻസിയാണ്, RAW യോ ഇന്റലിജൻസോ അങ്ങനെ ഏതുമാവാം. ജ്യൂസ് ഷോപ്പ് ഇട്ടത് അവിടെയുള്ള ആരെയോ നിരീക്ഷിക്കാൻ ആണത്രെ. ആളെ പൂട്ടിയപ്പോൾ അവര് കടയും പൂട്ടി… അതിന്റെ ഇടയ്ക്കാണ് ദുരൂഹതയും മണപ്പിച്ചുകൊണ്ട് ഞാൻ ചെന്ന് കേറികൊടുത്തത്”
“എന്നിട്ട് അവര് നിന്നെ എന്തെങ്കിലും ചെയ്തോ?”
“അവര് ഒരു തവണ കൂടി എനിക്ക് ജ്യൂസ് ഉണ്ടാക്കിത്തന്നു… നിർത്തിക്കോ എന്നും പറഞ്ഞു.”
ഞാൻ ചിരിച്ചു.
“ചില അന്വേഷണങ്ങളിൽ, ചിലരുടെ പിറകെ ചെല്ലുമ്പോൾ നമ്മൾ ഇടയ്ക്ക് തിരിഞ്ഞു ഒന്ന് നോക്കണം…. അവര് സത്യത്തിൽ നമ്മളുടെ പിറകിലായിരിക്കും!”

ആ ലൈൻ പിന്നെയും സ്ട്രൈക്ക് ചെയ്തു. എന്റെ പിറകെ ആരൊക്കെയോ ഉണ്ടെന്നു പിന്നീടുള്ള ദിവസങ്ങളിൽ എനിക്ക് മനസ്സിലായിരുന്നു. Somebody is watching me. എന്റെ ആ പോസ്റ്റിൽ ഒരു മെസേജ് ഉണ്ടായിരുന്നു… ഒരുപക്ഷെ വിക്റ്ററിന് മാത്രം മനസ്സിലാവുന്ന ഒന്ന്. ഫേസ്ബുക്കിൽ എന്നെ ഫോളോ ചെയ്യുന്ന പതിനായിരം പേരിൽ അവനുണ്ടെങ്കിൽ ഉറപ്പായും അവൻ ഞാനുള്ളിടത്ത് എത്തുമെന്ന വിശ്വാസത്തിൽ ഒളിപ്പിച്ച ഒരു സന്ദേശം.
ആ രാത്രിക്ക് ശേഷം അവർക്കും, വിക്റ്ററിനും എന്തൊക്കെ സംഭവിച്ചു എന്നറിയാൻ മുൻപത്തെക്കാളേറെ ആകാംഷ എനിക്കിപ്പോഴുണ്ട്. അതറിഞ്ഞാൽ മാത്രം അഴിച്ചെടുക്കാനാവുന്ന കുരുക്കുകളുമുണ്ട് എനിക്കു ചുറ്റും…..

ഇന്നലെ വൈകുന്നേരം ബുള്ളറ്റിൽ ഒരാവശ്യത്തിന് കളമശ്ശേരി പോയി തിരിച്ചു വരികയായിരുന്നു ഞാൻ. കൊച്ചിയിലെ വൈകുന്നേരത്തിരക്കിന്റെ ബഹളത്തിനിടയ്ക്ക് ഒരു ബൈക്കിലേക്ക് എന്റെ ശ്രദ്ധ പതിഞ്ഞു.
വർഷങ്ങളായി ഞാനുപയോഗിക്കുന്നത് Sol SF 5 എന്ന മോഡലിന്റെ ഒരു ബ്ളാക്ക് ആന്റ് വൈറ്റ് ഹെൽമെറ്റ്‌ ആണ്. അതുപോലെ ഒരെണ്ണം വെച്ച് ഒരാൾ എന്റെ മുന്നിൽ പോവുന്നു. മനസ്സിൽ വന്നത് പണ്ട് വിക്റ്റർ പറഞ്ഞുതന്ന ഒരു കാര്യമാണ്
“ആൾക്കൂട്ടത്തിലും തിരക്കുകളിലും നമ്മളെകൊണ്ട് ഒരാളെ ശ്രദ്ധിപ്പിക്കുന്ന ഒരു ഘടകമുണ്ട്. നമ്മുടെ കയ്യിലുള്ള എന്തെങ്കിലും കോമൺ അല്ലാത്ത ഒരു വസ്തുവോ വസ്ത്രമോ ചുറ്റിലുള്ള ആരുടെയെങ്കിലും കയ്യിൽ കണ്ടാൽ, നമ്മൾ അയാളെ പെട്ടെന്ന് നോട്ടീസ് ചെയ്യും!”
ചെയ്തു. ഞാൻ ശ്രദ്ധിച്ചെന്ന് ഉറപ്പായപ്പോൾ ആ ബൈക്കർ പതിയെ ഹാന്റിലിൽ നിന്നും കൈകൾ ഉയർത്തി ഹെൽമെറ്റിനു മുകളിലൂടെ ഇരു ചെവികളും അടച്ചു പിടിച്ചു. അതിനുശേഷം വേഗം കൂട്ടി എന്റെ കാഴ്ചയിൽ നിന്നും അപ്രത്യക്ഷമായി.

കലൂരിലെ വീട്ടിൽ എത്തിയ ഉടനെ ആ സിഗ്നൽ എന്തിന്റെയാണെന്ന് നെറ്റിൽ തിരയുകയാണ് ഞാൻ ചെയ്തത്. അതും ഒരു എയർ ക്രാഫറ്റ് മാർഷലിംഗ് സിഗ്നൽ ആയിരുന്നു, ഞാൻ അർത്ഥം നോക്കി, ‘Establish Communication’.
എന്നോട് എന്തോ രഹസ്യമായി പറയാൻ ശ്രമിക്കുകയാണ്. ഞാൻ എന്നെയും എനിക്ക് ചുറ്റുമുള്ളതും വിശദമായി തന്നെ നോക്കി.
എന്റെ ബുള്ളറ്റിന്റെ മുൻവശത്തെ നമ്പർ പ്ളേറ്റിൽ ആയിരുന്നു ആ ക്ലൂ ഉണ്ടായിരുന്നത്. എന്റെ വണ്ടിയുടെ 9091 എന്ന നമ്പറിലെ 909 മാത്രം ചുവന്ന ഒരു മാർക്കർ കൊണ്ട് വരച്ചിട്ടിരിക്കുന്നു!
മുന്നോട്ടേക്കുള്ള വഴി കണ്ടു. പക്ഷെ 909, അത് എന്തുമാവാം… ഫ്ലാറ്റ് നമ്പറോ, റൂം നമ്പറോ ഞാൻ കയറേണ്ട വണ്ടി നമ്പറോ അങ്ങനെ എന്തും. പക്ഷെ ഏത് അപാർട്മെന്റ്, ഏത് ഹോട്ടൽ, എവിടെ വരുന്ന വണ്ടി?

909 എന്നത് geographical cordinates ആണോ എന്ന് ചിന്തിച്ചു, 9.09 latitude കൊല്ലം ജില്ലയിലൂടെ കടന്നു പോവുന്നുണ്ട്, മൺറോ തുരുത്തൊക്കെ അതിൽ വരും. പക്ഷെ അതാണെങ്കിലും longitude അറിയണ്ടേ?
കുറെ നേരത്തെ ആലോചനയ്ക്ക് ഒടുവിലാണ് മുന്നിലെ വഴിയിലെ ഇരുളും മഞ്ഞും മാറിയത്.
കൊച്ചിയിൽ ഒരു നമ്പർ സിസ്റ്റം ഉണ്ട്. വളരെ കോമൺ ആയി ഉപയോഗിക്കുന്ന എന്നാൽ നമ്പർ മാത്രമായി കണ്ടപ്പോൾ എന്റെ മനസ്സിൽ തെളിയാതെ പോയ ഒന്ന്…. മെട്രോ പില്ലേർസ്!
വൈറ്റിലയ്ക്കും പേട്ടയ്ക്കും നടുവിലുള്ള പില്ലർ നമ്പർ 909, അവിടെയാണ് ഞാൻ കാത്തുനിൽക്കേണ്ടത്.
ആ നിമിഷം ഞാനത് അടിവരയിട്ടുറപ്പിച്ചു… Victor is Coming!

 

Part 03

വിഷ്ണുവിന്റെ മെസേജ് വന്നത് പോലെ വേറൊന്നു കൂടി ഈ ദിവസങ്ങള്‍ക്കിടയില്‍ സംഭവിച്ചു. വീട്ടിലേക്ക് വിളിച്ചപ്പോൾ അമ്മ കുറച്ചു ദിവസം മുൻപുള്ള രാത്രി കണ്ട ഒരു സ്വപ്നത്തെ പറ്റി പറഞ്ഞു. മറന്നുപോയ അക്കാര്യം ഓര്‍മ്മ വന്നത് ഞാൻ വാട്സപ്പില്‍ ഈ പോസ്റ്റിന്റെ ലിങ്ക് ഷെയര്‍ ചെയ്തത് കണ്ട് നോക്കിയപ്പോഴാണത്രെ. എനിക്ക് ബൈക്ക് ആക്സിഡന്റ് പറ്റി ആശുപത്രിയില്‍ ആണെന്ന വിവരമറിയുന്നതായിരുന്നു ആ സ്വപ്നം. എന്നെ അത്ഭുതപ്പെടുത്തിയത് സ്വപ്നം കണ്ടെന്നു പറഞ്ഞ ആ തീയതിയാണ്, തൃശൂരിൽ വെച്ചുണ്ടായ ആ സംഭവത്തിന്റെ അന്ന് രാത്രി!

ഓരോ നഗരത്തിനും അദൃശ്യമായൊരു നിയമമുണ്ട്, അത് കൊച്ചി ആണെങ്കിലും ബാംഗ്ലൂര്‍ ആണെങ്കിലും. അത് തിരിച്ചറിയുമ്പോഴാണ് ഒരാള്‍ ആ നഗരത്തിലെ ഒരാളായി മാറുന്നത്. വിക്റ്റര്‍ വളരെ വേഗത്തില്‍ ഒരു ബാംഗ്ലൂരിയനായി. അവനവിടെ വലിയൊരു നെറ്റ്വർക്ക് തന്നെ ഉണ്ടായിരുന്നു.
ഇങ്ങനെയുള്ളവർക്ക് തെരുവുകളിലും ഓട്ടോ ഡ്രൈവേഴ്‌സിന്റെ ഇടയിലും കച്ചവടക്കാർക്കിടയിലും ഇൻഫോർമന്റ്സ് ഉണ്ടാവുക സ്വഭാവികമാണ്. പക്ഷെ ആ രണ്ടു മാസം കൊണ്ട് അവനത് എങ്ങനെ ഉണ്ടാക്കി എന്നെനിക്ക് മനസ്സിലായില്ല. സംശയം വിക്റ്റര്‍ തന്നെ തീര്‍ത്തുതന്നു.
“ഒരു നഗരത്തിൽ വന്നു അതിന്റെ ഭാഗമായി എന്നെ പോലൊരാൾ പ്രവർത്തിക്കുമ്പോൾ ഇവിടെയുള്ള എന്നെപോലുള്ള വട്ടന്മാരെ കണ്ടുമുട്ടാനുള്ള സാധ്യത വളരെ കൂടുതലാണ് and then we exchanged our informant list. They need cash and we need informations.
ചുറ്റിനും നീ കാണുന്ന, അനുഭവിക്കുന്ന കാര്യങ്ങളിൽ നിന്ന് കഥകൾ തേടുന്നത് പോലെ ഞാൻ ദുരൂഹതകൾ തേടും, അതിന്റെ ഉത്തരങ്ങൾ തേടും.”

ഇപ്പോൾ ഞാനും ദുരൂഹതകള്‍ തേടാന്‍ ആരംഭിച്ചിരിക്കുന്നു. കൊച്ചിയില്‍ സദാ സമയം എന്‍റെ പിറകില്‍ ആരൊക്കെയോ ഉണ്ടെന്ന തോന്നല്‍. ചിലപ്പോഴിതൊക്കെ എന്റെ തോന്നല്‍ മാത്രമാവാം. അതല്ലെങ്കില്‍ സത്യമാവാം.
ഇനി അതല്ലാത്ത ഒരു സാധ്യത കൂടിയുണ്ട്, പകുതി തോന്നലും പകുതി സത്യവും?
ഓര്‍മ്മ വന്നത് വിക്റ്റര്‍ പണ്ടെന്നോട് ചോദിച്ച ഒരു കാര്യമാണ്
“ഒരാള്‍ നമ്മളോട് ഒരു ചോദ്യം ചോദിച്ച്, A or B എന്നിങ്ങനെ രണ്ടു ഓപ്‌ഷൻസ് തരുന്നു. നമ്മൾ രണ്ടിലേതെങ്കിലും ഒന്ന് ഉത്തരമായി പറയുന്നു. എന്നാല്‍ ശരിയായ ഉത്തരം എ യും ബി യും ചേർന്നതാണെങ്കിലോ ?
“നമ്മുടെ ഉത്തരം പാതി മാത്രം ശരിയാവും”
“അപ്പൊ ആരാ ജയിക്കുന്നത്”
“ചോദ്യം ചോദിച്ച ആൾ.” ഞാന്‍ പറഞ്ഞു.
“അതെ… രണ്ട് ഉത്തരങ്ങളും നമ്മുടെ കൺമുന്നിൽ തന്നെ ഉണ്ടായിരുന്നു… ഒരുപക്ഷെ ഓപ്‌ഷൻസ് തന്നിലായിരുന്നെങ്കിൽ നമ്മൾ ശരിയുത്തരവും പറഞ്ഞേനെ… എന്നിട്ടും ചോദ്യം ചോദിച്ച ആൾ നമ്മളെ കബളിപ്പിക്കുകയാണ് ചെയ്തത്”

സത്യമറിയാന്‍ ഞാന്‍ തീരുമാനിച്ചു. മുറി പൂട്ടി വീട്ടില്‍ നിന്നും പുറത്തേക്കു പോവുമ്പോള്‍ വാതിലിന് ഇടയില്‍ ഒരു ചെറിയ കടലാസ് കക്ഷണം മടക്കി വെച്ചു. ആരെങ്കിലും വാതില്‍ തുറന്നിട്ടുണ്ടെങ്കില്‍ അത് നിലത്തുവീഴുമല്ലോ. കുറച്ചുസമയം കഴിഞ്ഞ് തിരിച്ചു വന്നു നോക്കുമ്പോള്‍ കടലാസ് കക്ഷണം വാതിലിന്റെ ഇടയില്‍ തന്നെ ഉണ്ട്. പക്ഷെ…… വാതിലിന്റെ ലോക്കില്‍ നിന്നും താഴേക്ക് പതിനൊന്ന് സെന്റിമീറ്റര്‍ അളന്നാണ് ഞാന്‍ അത് വെച്ചിരുന്നത്. ഇപ്പോള്‍ അതായിരുന്നില്ല കണക്ക്. തിരിച്ചു വെച്ച ആള്‍ക്ക് കടലാസ് എവിടെ നിന്നാണ് വീണതെന്ന് മനസ്സിലാക്കാന്‍ കഴിയില്ലല്ലോ!
ലാപ്ടോപ്‌ ബാഗിന്റെ സിബ്ബുകള്‍ തമ്മിലുള്ള അകലം നാല് സെന്റിമീറ്റര്‍ ആയിരുന്നു. അതും മാറിയിട്ടുണ്ട്!
ഉത്തരമായി.

മെട്രോ പില്ലർ 909 ൽ വിക്റ്ററിനെ പ്രതീക്ഷിക്കേണ്ട സമയം എനിക്കറിയാമായിരുന്നു…. രാത്രി പത്തുമണിയ്ക്കും പത്തരയ്ക്കും ഇടയിൽ. ആ സമയമായിരുന്നല്ലോ എല്ലാത്തിന്റെയും തുടക്കം.
എന്റെ പിറകെയുള്ളവർക്ക് എന്നെയല്ല വേണ്ടത് വിക്റ്ററിനെയാണെന്ന് എനിക്കുറപ്പായിരുന്നു. ഞാനാണ് വിക്റ്ററിലേക്കുള്ള അവരുടെ പാലം. വിക്റ്ററിലേക്ക് എത്തും മുൻപ് അവരുടെ കണ്ണിൽ നിന്നും കാഴ്ചയിൽ നിന്നും ഞാൻ മറഞ്ഞിരിക്കണം. ഗോസ്റ്റിങ് എന്ന് വിളിക്കാം, ഒരു പ്രേതത്തെ പോലെ ഒരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷനാവുക. ഒരർത്ഥത്തിൽ പണ്ട് വിക്റ്റർ ഞങ്ങളോട് ചെയ്തതും അതാണ്‌.
ജീവിക്കുന്ന ചുറ്റുപാടും അവിടെയുള്ള സകലതിനെയും ഞാൻ പൊതുവിൽ നിരീക്ഷിച്ചു വെക്കാറുണ്ട്. അത് വിക്റ്ററിനെ പോലെയൊരു അന്വേഷണകുതുകി ആയതുകൊണ്ടല്ലേ, എന്റെ കഥകൾ പിറക്കുന്നത് അതിൽ നിന്നൊക്കെയാണ്.
കലൂരിലെ വീടുള്ള സ്ട്രീറ്റിന്റെ തൊട്ടടുത്താണ് ജഡ്ജസ് അവന്യൂ… വീടുകള്‍ മാത്രമുള്ള ശാന്തവും നിശബ്ദവുമായ ഒരിടം. അവിടെ നാല് വീടുകളിൽ വളർത്തുനായ്ക്കളുണ്ട്. ആ നാലിന്റെയും പരിസരത്ത് ആല്ലാത്ത, റോഡിൽ കാറുകള്‍ പാര്‍ക്ക് ചെയ്യുന്ന ഒരു സ്ഥലം ഞാന്‍ സ്പോട്ട് ചെയ്തു.
കുക്ക് മണിയേട്ടന്റെ ഫോണിൽ നിന്ന് കൂട്ടുകാരന്‍ ഷാനിനെ വിളിച്ച് രാത്രി ഒൻപത് മണിയാവുമ്പൊ അവിടെ ഏതെങ്കിലും ഒരു ബൈക്ക് കൊണ്ടുവെക്കാന്‍ പറഞ്ഞു. അതിനു താഴെ ചുരുട്ടിയ ഒരു കടലാസ്സിനുള്ളിൽ ആ വണ്ടിയുടെ ചാവിയും.
“ആർക്കും ഒരു സംശയം തോന്നരുത്. പേട്ട മെട്രോ സ്റ്റേഷന് അടുത്ത് ഒരു മണിക്കൂര്‍ കഴിഞ്ഞ് തിരിച്ച് അതുപോലെ ഞാനാ വണ്ടി വെക്കാം.”
ഷാന്‍ ആ ടാസ്ക് ഏറ്റെടുത്തു.

വീട്ടില്‍ നിന്ന് ഫ്രണ്ട് ഗേറ്റ് വഴി പുറത്തിറങ്ങിയാൽ ശരിയാവില്ല. ബാൽക്കണിയിൽ നിന്ന് തൊട്ടടുത്ത വീടിന്റെ ടെറസിലേക്ക് ചാടി താഴേക്ക് ഇറങ്ങിയാൽ അവരുടെ പിറകുവശത്തെ ഗേറ്റ് വഴി ജഡ്ജസ് അവന്യൂവിലെത്താം. പക്ഷെ ആ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമുള്ള ഒരു ചേച്ചിയുണ്ട്,
വവ്വാലിന്റെ ചെവിയും താറാവിന്റെ പേടിയുമാണ് അവർക്ക്.
സന്ധ്യയായശേഷം ഞാനവരെ പോയി കണ്ടു.
“ചേച്ചി ഞാനൊരു കാര്യം പറയാൻ വേണ്ടി വന്നതാ”
“എന്താ മോനെ?”
“ഇന്ന് രാത്രി ഞാനൊന്ന് നിങ്ങളുടെ വീടിന്റെ ടെറസ് വഴി താഴേക്ക് ഇറങ്ങി പിറകുവശത്തെ ഗെയിറ്റ് തുറന്ന് ഓടും… ഞാൻ ടെറസിലേക്ക് ചാടുന്ന ശബ്ദം കേട്ട് ചേച്ചി നിലവിളിക്കരുത്”
“നിന്റെ പിറകെ ആരെയെങ്കിലും ചാടിയാൽ നിലവിളിക്കാമോ?”
‘ചേച്ചീ….!’
“വേണ്ടെച്ചീ… ഞാൻ തന്നെ നിലവിളിച്ചോളും.”

രാത്രി ഒമ്പതരയായപ്പോള്‍ ഫോൺ റൂമില്‍ തന്നെ വെച്ച് ബാല്‍ക്കണിയില്‍ നിന്നും ആരും കാണാതെ മറ്റേ ബിൽഡിങ്ങിലേക്ക് ചാടി. ഞാൻ തിരിഞ്ഞു നോക്കി… ആരുമില്ല.
ചേച്ചിയുടെ നാക്ക് കരിന്നാക്കല്ല!
നിലവിളികളൊന്നും ഉണ്ടാക്കാതെ, ആരുടേയും കണ്ണിൽ പെടാതെ ഞാൻ ജഡ്ജസ് അവന്യൂവിലെത്തി, Successfully ghosted.
പക്ഷെ അവിടെയിരിക്കുന്ന മോട്ടോർസൈക്കിള്‍ കണ്ടു ഞാൻ ഞെട്ടിപ്പോയി, Kawazaki Versys 650 എന്ന സൂപ്പർബൈക്ക്!
ആഹാ… ആർക്കും ഒരു സംശയവും തോന്നില്ല,
ഒരാളുടെയും ശ്രദ്ധയിൽ പെടാതെ പോവാൻ പറ്റിയ വണ്ടി! ഇങ്ങനെയൊരു തിരുമണ്ടൻ, ഞാന്‍ ഷാനിനെ മനസ്സില്‍ സ്മരിച്ചു.

വേറെ ഓപ്ഷന്‍ ഇല്ല, കവാസാക്കി വേർസിസ് 650 തന്നെ. ഏറ്റവും രസമെന്തെന്നു വെച്ചാല്‍ സിംഗിൾ സിലിണ്ടർ മോട്ടോർ സൈക്കിളിൽ നിന്ന് മൾട്ടി സിലിണ്ടറിലേക്ക് അപ്ഗ്രെഡ് ചെയ്യാന്‍ വേണ്ടി ഞാന്‍ കണ്ടുവെച്ചിരിക്കുന്നത് ഇതേ വണ്ടിയാണ്. ആ ബൈക്കിന് ഇടാൻ വെച്ചിരിക്കുന്ന ഒരു പേരുമുണ്ട്, ‘The Ghost’, അത് തന്നെയാണ് ഞാന്‍ ആക്റ്റീവായിട്ടുള്ള ഒട്ടോമോട്ടീവ് ഫോറം Team Bhp യിലെ എന്റെ ഹാന്റിലും നെയിമും.
Why does this story resonate with me and motorcycles so much! കാരണങ്ങൾ എന്തെന്നറിയാതെ, എന്റെ പാസ്റ്റും ഫ്യൂചറും പലയിടത്തും ഇതുമായി ലിങ്ക് ആവുന്നുണ്ട്.

വേർസിസിൽ പേട്ട മെട്രോ സ്റ്റേഷന് അടുത്തെത്തി വണ്ടി അവിടെ വെച്ച ശേഷം, മെയിൻ റോഡ് എടുക്കാതെ ഊടു വഴികളിലൂടെ ഞാൻ മെട്രോ പില്ലർ നമ്പർ 909 ന് അരികെയെത്തി.
909 ഒന്നല്ല, രണ്ടു പില്ലറുകളുണ്ട്… റോഡിനു ഇരുവശവുമായി 909R & 909L. ഞാൻ അവ രണ്ടിനുമിടയിലായി നിന്നു. അധികം താമസിയാതെ ഒരു ഓട്ടോ വന്നു എന്റെ മുന്നിൽ ഞാൻ കൈ കാണിക്കാതെ തന്നെ നിർത്തി. സ്വാഭാവികമായും അത് വിക്റ്റർ പറഞ്ഞു വിട്ടതാണ് എന്നല്ലേ നമ്മൾ ചിന്തിക്കുക, ഞാൻ കയറി. വണ്ടി നീങ്ങി തുടങ്ങിയശേഷം ഓട്ടോ ഡ്രൈവർ “ഹിൽ പാലസിലേക്ക് അല്ലേ?” എന്ന് ചോദിച്ചു.
ഞാൻ അതേയെന്നു പറഞ്ഞു.
ചിലപ്പോൾ അതൊരു കോഡ് ആയിരിക്കാം… അതല്ലെങ്കിൽ എനിക്ക് തെറ്റിയതായിരിക്കാം. ഹിൽ പാലസ് ഭാഗത്ത് വല്ല ഉത്സവമോ പരിപാടിയോ നടക്കുന്ന ദിവസമാണെങ്കില്‍ ധാരാളം യാത്രക്കാർ സഞ്ചരിക്കുന്നത് കൊണ്ടുമാവാലോ ആ ചോദ്യം വന്നത്. ഞാൻ അയാളോട് അതെയെന്ന് പറഞ്ഞും പോയി.

വണ്ടി തേർഡ് ഗിയറിലേക്ക് മാറ്റും മുൻപ് തന്നെ ആ ഓട്ടോ ഡ്രൈവർ സംസാരം തുടങ്ങി.
“സാറേ പണ്ട് ഒരു രാത്രി എനിക്ക് നിങ്ങള് കേറിയ അതേ പില്ലറിന്റ അവിടെ നിന്നൊരു ഓട്ടം കിട്ടിയിട്ടുണ്ട്”
അയാളുടെ ഇടിച്ചുകയറിയുള്ള സംസാരം കേട്ട് എനിക്ക് അബദ്ധം പിണഞ്ഞോ എന്ന് സംശയം തോന്നിത്തുടങ്ങി.
“ഒരു കോൾ വന്നപ്പോ ഓട്ടോ നിർത്തി സംസാരിച്ച് വെച്ചശേഷം ഞാൻ ഒരു സിഗരറ്റ് കത്തിച്ചതേയുണ്ടായിരുന്നുള്ളൂ…. ഒരു പെൺകുട്ടി വണ്ടിയുടെ പുറകിൽ നിന്ന് വന്നു അകത്തു കയറി, ‘ഉദയംപേരൂർ’ എന്ന് പറഞ്ഞു. ഞാൻ സിഗരറ്റ് കുത്തികെടുത്താൻ നോക്കിയപ്പോൾ,
“കത്തിച്ചതല്ലേയുള്ളൂ ചേട്ടാ, വെറുതെ കളയണ്ട” എന്ന് പറഞ്ഞു അവൾ ആ സിഗരറ്റ് എന്റെ കയ്യിൽ നിന്നും വാങ്ങിച്ചു.
ആദ്യമായിട്ടാണ് സാറേ, ഒരു പെൺകുട്ടി നമ്മുടെ കയ്യിൽ നിന്ന് സിഗരറ്റൊക്കെ വാങ്ങി വലിക്കുന്നത്. ആ പുഞ്ചിരിയോടെ ഞാൻ വണ്ടി സ്റ്റാർട് ചെയ്തു. ”
കഥ ആര് പറഞ്ഞാലും അതിന്റെ ബാക്കി അറിയാൻ നമുക്കൊരു ആകാംഷയുണ്ടാവും, ഞാൻ ചോദിച്ചു,
“എന്നിട്ട്?”
“പിന്നെ ഞാൻ എന്റെ കണ്ണ് ബ്ലിങ്ക് ചെയ്തപ്പോ വണ്ടി അവിടെ തന്നെ കിടക്കുന്നു, വണ്ടിയുടെ പുറകിൽ ആരുമില്ല….. സിഗരറ്റ് എന്റെ കയ്യിൽ തന്നെ ആയിരുന്നു ഉണ്ടായിരുന്നത്, പക്ഷെ അത്, കത്തിതീർന്നിരിക്കുന്നു!”
I am hooked!
“എനിക്കുറപ്പാണ് സാർ അവൾ എന്റെ തോന്നൽ ഒന്നും ആയിരുന്നില്ല… ഞാൻ സിഗരറ്റ് വലിച്ചതായി എന്റെ ഓർമ്മയിലും ഇല്ല. പിന്നെന്താവും സർ സംഭവിച്ചിട്ടുണ്ടാവുക? അതൊരു പ്രേതമായിരിക്കോ, അതോ എന്റെ മനസ്സിന് എന്തെങ്കിലും പറ്റിയതായിരിക്കോ?”
ഞാൻ ഒരു നിമിഷത്തെ നിശബ്ദതയെടുത്തു.
“യുക്തി നോക്കാതിരിക്കുകയാണെങ്കിൽ ആ പെൺകുട്ടി ഒരു പ്രേതം തന്നെ ആയിരിക്കും… യുക്തിയോടെ ചിന്തിക്കുകയാണെങ്കിൽ അവൾ Anterograde Amnesia ഉണ്ടാക്കുന്ന എന്തെങ്കിലും കെമിക്കല്‍ പ്രയോഗിച്ചിട്ടുണ്ടാവണം. കുറച്ചുനേരത്തേക്ക് നമ്മുടെ തലച്ചോറിന് പുതിയ ഓർമ്മകൾ ഒന്നും സേവ് ചെയ്യാൻ പറ്റില്ല, എല്ലാം മാഞ്ഞുപോയിരിക്കും. എന്നിട്ട് അവൾ ആ സിഗരറ്റ് നിങ്ങളുടെ കയ്യിൽത്തന്നെ തിരികെ വെച്ചിട്ട് നടന്നുപോയിക്കാണും.”
ഞാനാ ഓട്ടോ ഡ്രൈവർ എങ്ങനെ പ്രതികരിക്കുമെന്നറിയാൻ കാത്തിരിക്കുകയായിരുന്നു.
“യഥാർത്ഥ ഉത്തരം വേറെയാണെങ്കിലോ, ഓപ്ഷൻ A യും ഓപ്ഷൻ B യും കൂടിച്ചേർന്ന ഒന്ന്”
അയാൾ അവിടെ ഓട്ടോ നിർത്തി. എന്നിട്ടെന്നെ തിരിഞ്ഞുനോക്കി.
വിക്റ്റർ!!
“Welcome back”

 

Part 04

നമുക്ക് ചുറ്റുമുള്ള പരിസരങ്ങളിൽ ഉള്ള വസ്തുക്കൾ രണ്ടു തരമുണ്ട്. ഒന്ന് സ്വഭാവികമായി ആ ഇരിക്കുന്നിടത്ത് എത്തിച്ചേർന്നവ, രണ്ടാമത്തെത് അടയാളങ്ങളാണ്. ആരോ ആർക്കോ വേണ്ടി വെക്കുന്ന അടയാളങ്ങൾ.

ബൊമ്മസാന്ദ്രയിലെ ഞങ്ങളുടെ ഫ്ലാറ്റിലെ ബാത്ത് റൂമിൽ നുള്ളിൽ നിന്നായിരുന്നു വിക്റ്ററിന് ആദ്യത്തെ അടയാളം കിട്ടുന്നത്. അതൊരു പൊട്ടായിരുന്നു. ഏഴ് ആണുങ്ങൾ താമസിക്കുന്ന ആ വീട്ടിൽ, മുമ്പൊന്നും കാണാത്ത ഒരു പൊട്ട് കണ്ടതിലെ പൊരുൾ ആലോചിച്ച് വിക്റ്റർ ബാൽക്കണിയിൽ ചെന്നൊരു ബീഡിക്ക് തീ കൊളുത്തി. അപ്പോഴാണ് താഴെക്കിറങ്ങുന്ന പടിയുടെ കൈവരിയിൽ രണ്ടാമത്തേത്. മുന്നിൽ കാണുന്നത് ഒരു ദിശാസൂചിക ആണെന്ന് താഴെ പാർക്ക് ചെയ്തിട്ടുള്ള ഒരു വെള്ള ആക്ട്ടീവയ്ക്ക് മുകളിലുള്ള മൂന്നാമത്തെ പൊട്ടു കൂടി കണ്ടപ്പോഴാണ് വിക്റ്ററിന് മനസ്സിലായത്. അവനൊരു യാത്രയ്ക്ക് തയ്യാറായി… പക്ഷെ അപ്പോൾ അവനറിയില്ലായിരുന്നു, അതുവരെ ജീവിച്ച ജീവിതത്തിൽ നിന്നും, അതിന്റെ എല്ലാ ബന്ധങ്ങളിൽ നിന്നും, പതിനൊന്നു വർഷങ്ങൾ മാറിയൊഴിഞ്ഞു കൊടുക്കേണ്ടിവരാൻ പോവുന്ന ഒരു യാത്രയായിരിക്കും അതെന്ന്!

 

6mm വലിപ്പമുള്ള കടും ചുവപ്പ് നിറത്തിലുള്ള ഓരോ പൊട്ടും വിക്റ്റർ കയ്യിലെടുത്തു. അങ്ങനെ കിട്ടുന്ന അടയാളങ്ങൾ അവിടെ തന്നെ ഒരിക്കലും അവശേഷിപ്പിക്കരുത്, വേറെ ഒരാളും പിറകെ ആ വഴിയിൽ വരാതിരിക്കാൻ.

ബോർഡറിന് അടുത്തു തുടങ്ങിയത് കൊണ്ട് തമിഴ്നാടൻ തെരുവുകളെ ഓർമ്മിപ്പിക്കുന്ന ഞങ്ങളുടെ ബൊമ്മസാൻഡ്രയിൽ സ്ട്രീറ്റിൽ നിന്നും വിക്റ്ററിന് വഴികാണിച്ചുകൊണ്ട് ഇലക്ട്രിക് പോസ്റ്റിലും മതിലുകളിലും ആയി ഇരുപത്തിയാറ് പൊട്ടുകൾ ഉണ്ടായിരുന്നു. അവനെത്തിയത് ഗ്ലാസ് ഫാക്ട്ടറി ലേ ഔട്ടിലുള്ള മിനി ഫോറസ്റ്റിലായിരുന്നു… അവിടെ വിക്റ്ററിനെ കാത്ത് ആ ചൂണ്ടയിട്ടവർ ഉണ്ടായിരുന്നു. അവർക്ക് വേണ്ടത് തലശ്ശേരിയിൽ നിന്നു ബാംഗ്ലൂരിലേക്ക് കുടിയേറിയ, അപസർപക കഥളിൽ ഹരം കണ്ടെത്തുന്ന അസാമാന്യ സാമർത്യമുള്ള ആ വിക്റ്ററിനെ അല്ലായിരുന്നു, ഇലവേറ്റഡ് ടോൾ വേ യിൽ വെച്ച് രാത്രി ഏകാക്ഷരയെ നേരിട്ട് കണ്ട ഒരാളെ മാത്രമായിരുന്നു.

 

കൊച്ചി മെല്ലെ ഉറങ്ങിത്തുടങ്ങിയിരുന്നു…. വിക്റ്റർ ഓടിക്കുന്ന ഓട്ടോ സാമാന്യം നല്ല വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നത്. അത് വേണമായിരുന്നു എന്ന് എനിക്കും തോന്നി. വിക്റ്ററിൽ നിന്നും എനിക്കറിയാൻ കാര്യങ്ങൾ ഒരുപാടുണ്ട്.

തൃപ്പൂണിത്തുറയിൽ കൊച്ചി മെട്രോ പില്ലറുകൾ അവസാനിച്ചപ്പോൾ വിക്റ്റർ എന്നോട് ചോദിച്ചു, “അന്ന് നമ്മളെ സഹായിച്ച അവര് വന്ന മോട്ടോർസൈക്കിൾ ഏതാണെന്നു ഓർമ്മയുണ്ടോ?”

“ഇല്ല…”

“ഞാൻ നോക്കിയിരുന്നു, Yamaha RD 350. നമ്പർ KRF 1126. അവർ ഇങ്ങോട്ട് സഹായം വാഗ്ദാനം ചെയ്ത നിമിഷം മുതൽ ഞാൻ അവരെ നിരീക്ഷിക്കാൻ തുടങ്ങി. പക്ഷെ എന്‍റെ ചോദ്യങ്ങളിൽ നിന്നൊക്കെ അവൻ വിദഗ്തമായി ഒഴിഞ്ഞുമാറുകയാണുണ്ടായത്. അവൻ പോവാൻ നേരം കാണിച്ച എയർമാർഷൽ സിഗ്നലിൽ ആസ്വഭാവികമായ എന്തോ ഉണ്ടെന്നു അപ്പോഴേ എനിക്ക് തോന്നിയിരുന്നു…”

ഇരുമ്പനത്തു നിന്നു വിക്റ്റർ ഓട്ടോ റൈറ്റിലേക്ക് എടുത്തു.

“പിറ്റേ ദിവസം ഞാൻ പോയത് ഇൻസ്റ്റിട്ട്യൂട്ടിലേക്കായിരുന്നില്ല… ആ വണ്ടിയുടെ നമ്പർ അന്വേഷിച്ചായിരുന്നു. അത് ബൈക്കുകൾ വാടകയ്ക്ക് കൊടുക്കുന്ന ഒരു സ്ഥാപനത്തിലെ വണ്ടിയായിരുന്നു”

വിക്റ്റർ അത്രയും പറഞ്ഞപ്പോൾ എന്‍റെ മനസ്സിൽ ഒരു സംശയമുണ്ടായി. “സെക്കന്റ് ഹാന്റ് മാർക്കറ്റിൽ ലക്ഷങ്ങൾ വിലയുള്ള, വളരെ റെയർ ആയ RD 350 എന്ന വണ്ടിയൊക്കെ ആരെങ്കിലും വാടകയ്ക്ക് കൊടുക്കുമോ? അതിലെന്തോ ഉണ്ടല്ലോ വിക്റ്റർ”

അവൻ പുഞ്ചിരിച്ചു, എന്തോ ഒളിപ്പിച്ചു വെച്ചിട്ടുള്ളപോലെ… “അതിന്റെ ഉത്തരം ഞാൻ പിന്നീട് പറയാം….”  Race Derived 350 എന്ന RD 350 ക്ക് അതിറങ്ങിയ കാലത്തുണ്ടാക്കിയ അപകടമരണങ്ങൾ കൊണ്ട് ഒരു ഇരട്ടപ്പേര് വീണിട്ടുണ്ടായിരുന്ന കാര്യം ഞാൻ മനസ്സിലോർത്തു, Rapid Death!

വിക്റ്റർ തുടർന്നു, “പിറ്റേ ദിവസം, നീ കൊണ്ടുവന്ന പത്രത്തിലുണ്ടായിരുന്ന ഏകാക്ഷരയും ശ്രീധന്യയുടെയും അപകട വാർത്തയ്ക്ക് പിറകെയാണ് ഞാൻ സഞ്ചരിച്ചത്. ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ അങ്ങനെയൊരു മരണം വേറെ എവിടെയും രേഖപ്പെടുത്തിയിട്ടില്ലായിരുന്നു… അവരുടെ മൃതശരീരങ്ങളും കണ്ടെടുക്കപ്പെട്ടിട്ടില്ല. ആ വാർത്ത ഒരു ചൂണ്ടയായിരുന്നു… കൊത്തിയത് ഞാനും!”

തൃപ്പൂണിത്തുറ ഹിൽപാലസ് പിന്നിട്ട ഉടനെ ചോറ്റാനിക്കര റോഡിൽ ഒരിടത്ത് വിക്റ്റർ ഓട്ടോ ഒതുക്കി നിർത്തി. അൻപത്തിനാല് ഏക്കറിൽ പരന്നുകിടക്കുന്ന ആ കൊട്ടാരമായിരുന്നു വിക്റ്ററിന്‍റെ ഡെസ്റ്റിനേഷൻ എന്നെനിക്ക് മനസ്സിലായി. തൃപ്പൂണിത്തുറ ഹിൽ പാലസും ഞാനും തമ്മിലൊരു ബന്ധമുണ്ട്… ഞാനീ നാഡീ ജ്യോൽസ്യം പരീക്ഷിച്ചിട്ടുണ്ട്. അന്നെടുത്ത ഓലയിൽ എന്‍റെ കഴിഞ്ഞ ജന്മത്തിൽ ഞാൻ ജോലിചെയ്തിരുന്നത് തൃപ്പൂണിത്തുറ കൊട്ടാരത്തിലായിരുന്നെന്നും, വിഷം തീണ്ടിയിട്ടായിരുന്നു എന്‍റെ മരണം എന്നും വായിച്ചിട്ടുണ്ട്. പിന്നെ… നാലാം വയസ്സിൽ എന്‍റെ ജീവിതത്തിലാദ്യമായി ഞാൻ തിയേറ്റർ പോയി കണ്ട സിനിമ ഹിൽ പാലസിൽ ഷൂട്ട് ചെയ്ത മണിച്ചിത്രത്താഴും! കാലമാണോ അതോ നമ്മുടെയൊക്കെ പ്രായമാണോ മുന്നോട്ട് സഞ്ചരിക്കുന്നത്??

അവിടെ കാവലുള്ള സെക്യൂരിറ്റികൾ കാണാതെ ഞങ്ങൾ മതില് ചാടി കൊട്ടാരത്തിന്റെ കൊമ്പൗണ്ടിന് അകത്ത് കടന്നു. പാതി നിലാവിൽ നിറഞ്ഞു നിൽക്കുന്ന കൊച്ചിയുടെ കൊട്ടാരം! സുജാതാ മോഹൻ ആഹിരി രാഗത്തിൽ ‘ഒരു മുറൈ വന്ത് പാരായോ’ പാടുന്നത് മനസ്സിൽ കേൾക്കാമായിരുന്നു. പുത്തൻ മാളികയുടെ സമീപത്തെ വഴിയിലൂടെ ഒച്ചയുണ്ടാക്കാതെ ഞങ്ങൾ കുറച്ചു ദൂരം നടന്നു. “പണ്ട് രാജാക്കന്മാർ ഉണ്ടാക്കിവെച്ച രഹസ്യ പാതകളൊക്കെ ഞങ്ങളെപ്പോലെ ഉള്ളവരാണ് ഇപ്പൊ ഉപയോഗിക്കുന്നത്”.

“ഞങ്ങൾ എന്ന് പറഞ്ഞാൽ?” വിക്റ്റർ അതിനുള്ള ഉത്തരം പറയുമ്പോഴേക്കും ഞങ്ങൾ കൊട്ടാരത്തിനു പിറകിലെ മാൻ പാർക്കിൽ എത്തിയിരുന്നു. അവിടുന്ന് കുറച്ചു മീറ്റർ ഇടത്തേക്ക് നടന്ന് ഹെറിട്ടേജ് മ്യൂസിയത്തിനും കുളത്തിനും അടുത്തായിട്ടുള്ള ഒരു ഡ്രൈനെജ് സ്ലാബ് വിക്റ്റർ മാറ്റി… അതൊരു ഭൂഗർഭ വഴിയായിരുന്നു!അതിനുള്ളിൽ കയറിയതും കണ്ണുകളിൽ ഇരുട്ട് പരന്നു. അടുത്തുനിന്നാണോ അകലെ നിന്നാണോ എന്നറിയാതെ വിക്റ്ററിന്റെ ശബ്ദം എനിക്ക് ചുറ്റും മുഴങ്ങി, “ഇനി കുറച്ചുനേരം നീ കാണുന്നതും കേൾക്കുന്നതുമൊന്നും നിന്റെ ഓർമ്മയിൽ ഉണ്ടാവില്ല… സോറി”

ഞാൻ കണ്ണ് തുറക്കുന്നത് ഏതോ തേയിലതോട്ടത്തിന് നടുവിലുള്ള പൂട്ടിയിട്ട ഒരു വീട്ടിനുള്ളിലാണ്. സ്ഥലകാലങ്ങൾ മനസ്സിലാക്കിയെടുക്കാൻ എൻറെ കയ്യിൽ ഫോണും ഇല്ലായിരുന്നല്ലോ. വിക്റ്ററിന്റെ ഒരു കുറിപ്പും കഴിക്കാനുള്ള ഭക്ഷണവും ആ മാത്രമാണ് ആ വീട്ടിൽ എന്നെ കൂടാതെ ഉണ്ടായിരുന്നത്. ‘ഇന്ന് നീ ഇവിടെ കഴിയുക… ഞാൻ നാളെ രാവിലെ തിരിച്ചെത്തും’. വിക്റ്റർ ഇപ്പോൾ ഏതോ അജ്ഞാത സംഘടനയിലാണ് ഉള്ളത് എന്ന് ഞാനൂഹിച്ചു. ആ ‘ഞങ്ങൾ’ അവരാണ്!

ഹിൽപാലസിൽ ഞങ്ങൾ അസമയത്ത് കയറിയത് അവിടുത്തെ ആളുകളുടെ കണ്ണ് വെട്ടിച്ചിട്ടാണോ ആതോ അവർ കണ്ടിട്ടും ഞങ്ങളെ ‘കാണാതിരുന്നതാണോ’ എന്നെനിക്ക് ഇപ്പോൾ സംശയമുണ്ട്. എന്തായാലും രണ്ടായിരത്തിപന്ത്രണ്ടിൽ അപ്രത്യക്ഷനായ വിക്റ്റർ അവിടെനിന്നൊരുപാട് വളർന്നിട്ടുണ്ട്. രാത്രി വരെ, കഴിഞ്ഞ കാര്യങ്ങൾ പലകുറി റീവൈന്റ് ചെയ്തിട്ടും ഞാൻ ഇരുട്ടിൽ തന്നെയായിരുന്നു.

പിറ്റേദിവസം രാവിലെ കണ്ണ് തുറപ്പോൾ വിക്റ്റർ എന്റെ മുറിയിലുണ്ടായിരുന്നു. “നമ്മളിപ്പോ എവിടെയാണ്?”. “കുറെ ദൂരെയാണ്… ഊഹിക്കാൻ പറ്റുമോ?”, വിക്റ്റർ എനിക്കൊരു ചാലഞ്ച് തന്നു. ടീ പ്ലാന്റെഷനും കോടമഞ്ഞുമുള്ള ഒരു ഹൈ റേഞ്ച്… അത് ഏതുമാവാം നെല്ലിയാമ്പതി, പീരുമേട്, മൂന്നാർ, ബോണക്കാട്…. അങ്ങനെ ഏതും. “പക്ഷെ ഇത് വയനാട് ആണ്”. വിക്റ്റർ ചിരിച്ചു, “എങ്ങനെ കണ്ടുപിടിച്ചു?”. ഒരു ദിവസമായി ഞാനിവിടെ. ഇതേവരെ ഒരു വിമാനത്തിന്റ ശബ്ദം പോലും കേട്ടിട്ടില്ല…. എന്റെ അറിവിൽ ഇക്കൂട്ടത്തിൽ സിവിൽ ഏവിയേഷൻ ഫ്ലൈറ്റ് റൂട്ട് ഇല്ലാത്ത ഒരേയൊരു സ്ഥലം വയനാടിന്‍റെ കർണ്ണാടകയോട് ചേർന്നുക്കിടക്കുന്ന പ്രദേശങ്ങളാണ്”. വിക്റ്റർ ക്ലാപ് ചെയ്തു, “impressive.” “വിക്റ്റർ, നമ്മൾ എന്താണിവിടെ?”

“ഞാനൊരു കഥ പറയാം…. വയനാട്ടിൽ പണ്ട്, ലേറ്റ് സെവന്റീസിലും ഐറ്റീസിലുമൊക്കെ സജീവമായ ഒരു റിസോർട്ട് ഉണ്ടായിരുന്നു, ആയിരം ഏക്കർ പ്രൈവറ്റ് ഫോറസ്റ്റ് ന് നടുവിലുള്ള ഒരു ബ്രിട്ടീഷ് ബംഗ്ലാവ്. അവര് ഓഫർ ചെയ്തിരുന്നത് പ്രൈവസി ആയിരുന്നു. ഇന്ത്യയിൽ കാലുകുത്തിയാൽ വരെ വാർത്തയാവുന്ന ലോക നേതാക്കന്മാരും പുറത്തുനിന്നുള്ള സെലിബ്രിറ്റികളും, എയർ സിഗ്നൽസ് ഒഴിവാക്കിയുള്ള ചാർട്ടേഡ് ഫ്ളൈറ്റുകളിലോ ചോപ്പറുകളിലോ വന്ന് ആ റിസോർട്ടിൽ താമസിച്ച്, ഒരു പാപ്പരാസികളുമറിയാതെ തിരിച്ചുപോവാറുണ്ടായിരുന്നു.”

വിക്റ്റർ പറഞ്ഞുകയറുന്നത് എവിടെക്കാണെന്ന് എനിക്ക് മനസ്സിലായില്ല. അവന്റെ കഥ തുടർന്നു… “1989ലാണ് ആ റിസോർട്ട് പൂട്ടുന്നത്. അവിടെ അവസാനത്തെ താമസക്കാരായി ചെന്നത് ഈജിപ്തിൽ നിന്നുള്ള രണ്ടു നിധിവേട്ടക്കാരാണ്. ബാംഗ്ലൂരിൽ നിന്ന് ഒരു മോട്ടോർസൈക്കിൾ റെന്റിനു എടുത്തിട്ടാണ് അവർ വയനാട്ടിലേക്ക് സഞ്ചരിച്ചത്. അവർ എത്തിയതിന്‍റെ പിറ്റേന്ന്, അവർ രണ്ടുപേരും, പിന്നെ റിസോർട്ടിലുണ്ടായിരുന്ന ഇരുപത്തിനാല് ജീവനക്കാരും ഈ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷരായി! ഇവിടുത്തെ എല്ലാ സിസ്റ്റവും വര്ഷങ്ങളോളം അന്വേഷിച്ചിട്ടും ഇതേവരെ അവരെക്കുറിച്ച് ഒരു തുമ്പോ തെളിവോ കിട്ടിയിട്ടില്ല.” “ആ റിസോർട്ടും നമ്മളും തമ്മിൽ എന്താണ് ബന്ധം?”

വിക്റ്റർ ഒന്ന് പുഞ്ചിരിച്ചു. “അന്ന് ആ ഈജിപ്തുകാർ വാടകയ്ക്ക് എടുത്തത് ഒരു RD 350 മോട്ടോർ സൈക്കിൾ ആയിരുന്നു…. നമ്പർ KRF 1126! അന്ന് അപ്രത്യക്ഷരായ റിസോർട്ട് ജീവനക്കാരുടെ കൂട്ടത്തിൽ ബാംഗ്ലൂരിൽ നിന്നുള്ള ഒരു ചെക്കനും പെണ്ണും ഉണ്ടായിരുന്നു. അവളുടെ പേര് ശ്രീധന്യ, അവന്‍റെ പേര്…… ഏകാക്ഷര! 1989ൽ അവരെ കാണാതെയാവുന്ന പ്രായത്തിൽ തന്നെയാണ് 2012 ൽ നമ്മൾ അവരെ കണ്ടത്!! പത്തു വർഷങ്ങൾക്ക് ശേഷം 2022ൽ അവർ വീണ്ടും പ്രത്യക്ഷപ്പെട്ട രാത്രി അവരെ കണ്ട നിന്റെ കൂട്ടുകാരൻ വിഷ്ണുവിനോടും ചോദിച്ചു നോക്ക്, അവർക്കിപ്പോഴും…. അതേ പ്രായമായിരിക്കും!”

 

Part 05

ഗ്ലാസ് ഫാക്ടറി ലേ ഔട്ടിലെ കാട്ടിലേക്ക് വിക്റ്ററിനെ ക്ഷണിച്ചവർ ഒരു ഇന്റർനാഷണൽ സ്പൈ ഏജൻസിയിൽ ഉള്ളവരായിരുന്നു. ഏകാക്ഷരയുടെ വരവിനു പിറകിലെ ദുരൂഹതയായിരുന്നു അവരുടെ ലക്ഷ്യം. വർഷങ്ങൾ നീണ്ട അന്വേഷണങ്ങൾക്കിടയിൽ അവർ ആദ്യമായിട്ടായിരുന്നു ഏകാക്ഷരയെ നേരിട്ട് കണ്ട ഒരാളെ കണ്ടെത്തുന്നത്. വിക്റ്റർ ആ സംഘടനയിൽ ജോയിൻ ചെയ്തു… അവരുടെ അത്യന്തം രഹസ്യാത്മകമായ, കടുപ്പമേറിയ എല്ലാ നിബന്ധനകളെയും അംഗീകരിച്ച്…

ഞങ്ങൾ ഇരുന്നിരുന്ന ആ മുറിയുടെ ബാൽക്കണിയിലേക്ക് വിക്റ്റർ നടന്നു… പോക്കറ്റിൽ നിന്നെടുത്ത ഒരു ക്യൂബൻ സിഗാർ, ഗിലറ്റീൻ കൊണ്ട് ചോപ് ചെയ്ത ശേഷം തീ കൊടുത്തു. “ഇതിലേക്ക് മാറിയോ?” ചിരിച്ചുകൊണ്ട് വിക്റ്റർ പറഞ്ഞത് ആൽഫ്രെഡ് ടെന്നിസൺന്റെ ഒരു വരിയാണ്. ‘I am a part of all that I have met.’

അവൻ ആ രഹസ്യ സംഘടനയെകുറിച്ച് സംസാരിച്ചു തുടങ്ങി… “ലോകത്ത് പലയിടത്തും സാമൂഹികമായും സംസ്കാരികമായും രാഷ്ട്രീയമായും നടന്ന പല സംഭവങ്ങളിലും ഈ ഏജൻസിക്ക് പങ്കുണ്ട്, ഇവിടെ കേരളത്തിലും ഉണ്ടായിട്ടുണ്ട്. ചില ഹൈ പ്രൊഫൈൽ ക്ലയ്ന്റസിന്റെ തീരുമാനങ്ങൾക്ക് വേണ്ട ഇടപെടലുകൾ നടത്തുകയായിരുന്നു ഞങ്ങളുടെ ജോലി. നിങ്ങളൊക്കെ കരുതുന്നത് പോലെ ഈ ലോകം അതിന്റെ പാട്ടിനു മുന്നോട്ട് പോകുന്നതല്ല… ഇങ്ങനെ ചിലരാണ് ലോകവും മനുഷ്യരും എന്തു ചെയ്യണമെന്നും, എങ്ങനെയാവണം എന്നൊക്കെ തീരുമാനിക്കുന്നത്. നമ്മളീ കണ്മുന്നിൽ കാണുന്ന സത്യങ്ങളെല്ലാം കുറെ അസത്യങ്ങളുടെ റിഫ്ളക്ഷനാണ്…” വിക്റ്റർ അത്രയും പറഞ്ഞപ്പോൾ, ചില നിഗൂഢതകൾ നിഗൂഢതകളായിത്തന്നെ തുടരുന്നതാണ് നല്ലതെന്നു എനിക്ക് തോന്നി.

“പത്തുവർഷമായിരുന്നു എന്റെ കോണ്ട്രാക്റ്റ്… കഴിഞ്ഞ വർഷം അതവസാനിച്ചപ്പോൾ റിന്യൂ ചെയ്യാതെ ഞാൻ ഇറങ്ങി. സാധാരണ പുറത്ത് വന്നാലും നമ്മൾ അവരുടെ ക്ളോസ് സർവയ്ലൻസിലായിരിക്കും, ഞാൻ പക്ഷെ ഗോസ്റ്റ് ചെയ്തു. ആർക്കും പിടി കൊടുക്കാതെ  സഞ്ചരിച്ചുകൊണ്ടിരുന്നു. വേറൊന്നിനുമല്ല, എന്റെയുള്ളിലുണ്ടായിരുന്ന ഒരു ട്രാവലറിനെ തൃപ്തിപ്പെടുത്തണമായിരുന്നു എനിക്ക്…  സംഘടനയ്ക്ക് ഇപ്പോൾ എന്നെ കൊണ്ട് എന്തെങ്കിലും ആവശ്യമുണ്ടായിരിക്കണം… അതായിരിക്കാം അവർ നീ വഴി എന്നിലേക്ക് എത്താൻ ശ്രമിച്ചത്. “ചിലപ്പോൾ ഏകാക്ഷരയുടെ കേസ് തന്നെ ആണെങ്കിലോ…?” ഞാൻ ചോദിച്ചു. “ആവാം… ആവാതിരിക്കാം, ഞാൻ എന്തായാലും അവർക്ക് മുന്നിലേക്ക് പോവുകയാണ്, അതിനു മുമ്പായി നിന്നെ ഒന്ന് കാണണമെന്നും സംസാരിക്കണമെന്നും തോന്നി, ഇനി ഈ കളത്തിലും കളിയിലും നീ ഉണ്ടാവില്ല”. വിക്റ്റർ പറഞ്ഞു നിർത്തി. കുറെ ഒക്കെ ഭാരം ഒഴിഞ്ഞതുപോലെ തോന്നി എനിക്ക്.

 

എന്നെ തിരിച്ചു ബസ് കയറ്റി വിടാൻ വേണ്ടി മാനന്തവാടിയിലേക്കുള്ള കാർ യാത്രയിലാണു വിക്റ്റർ തന്‍റെ അന്വേഷണത്തെ പറ്റി പറയുന്നത്… “ഈജിപ്ഷ്യൻ ട്രഷറർ ഹണ്ടേഴ്സ് രണ്ടുപേരും വയനാടൻ കാടുകളിൽ എത്തിയത് നിധി തേടിയിട്ടായിരുന്നില്ല എന്ന് ഞാൻ കണ്ടുപിടിച്ചു… നിധിയേക്കാൾ വിലപിടിപ്പുള്ള ഒരു മനുഷ്യനെ തേടി ആയിരുന്നു! പക്ഷെ ഇടയ്ക്ക് വെച്ച് അവരുടെ മിഷനിൽ എന്തോ തെറ്റ് പറ്റി, അപ്പുറത്തുള്ളവർ കളിച്ചതാവാനും മതി, കളിച്ചത് സമയം കൊണ്ടായിരുന്നു… TIME! ഞാൻ കണ്ടെത്തുന്ന വിവരങ്ങൾ അങ്ങോട്ട് റിപ്പോർട്ട് ചെയ്യുക എന്നതല്ലാതെ ഓർഗനൈസേഷൻ കണ്ടെത്തിയ വിവരങ്ങൾ ഞാനുമായി ഷെയർ ചെയ്യുന്ന ഒരു രീതി അവിടെ ഉണ്ടായിരുന്നില്ല. എന്‍റെ അന്വേഷണം എട്ടുമാസം പിന്നിട്ടപ്പോൾ മുകളിൽ നിന്നും വന്ന ഒരു എമർജൻസി മെസേജിൽ എല്ലാം സ്റ്റോപ്പ് ചെയ്യുകയായിരുന്നു.”

വിക്റ്ററിന്‍റെ കാറും, ഞങ്ങളും മാനന്തവാടി ഡിപ്പോയ്ക്ക് മുമ്പിലെത്തി. വണ്ടി നിർത്തിയശേഷം അവൻ എന്‍റെ മുഖത്തേക്ക് നോക്കി, “അന്നത്തെ ആ ഇൻസിഡന്റും, നീയും എന്‍റെ ജീവിതത്തിലേക്ക് ഇതുപോലെ തിരിച്ചു വരുമെന്ന് ഞാൻ കരുതിയിരുന്നില്ല… പക്ഷെ ഒരു കാര്യം ഉണ്ടെടാ, ഏകാക്ഷരയും ശ്രീധന്യയും RD 350 എന്ന മോട്ടോർ സൈക്കിളും… ഇലവേറ്റഡ് ടോൾവേയിൽ പ്രത്യക്ഷപ്പെടുന്നതിനു പിറകിൽ ഒരു രഹസ്യമുണ്ട്, എന്തിനാണ് എന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ലാത്ത ഒരു രഹസ്യം!”

ഇതുവരെ എഴുതാതെ ഇരുന്ന ഒരു കാര്യം അപ്പോൾ ഞാൻ അവനോടു പറഞ്ഞു, “വിക്റ്റർ, കഴിഞ്ഞ സെപ്റ്റംബർ പതിനൊന്നിനാണ് തൃശൂർ വെച്ച് എനിക്കാ അനുഭവം ഉണ്ടാവുന്നത്… നമ്മൾ 2012ൽ ഇലവേറ്റഡ് ടോൾവേയിൽ വെച്ച് അവരെ കണ്ടതും, വിഷ്ണു 2022 ൽ കണ്ടതും ഒരു സെപ്റ്റംബർ പതിനൊന്നിന് ആയിരുന്നു…  ആൻഷ്യന്റ് ഈജിപ്ഷ്യൻ കലണ്ടർ പ്രകാരം അവരുടെ വർഷം ആരംഭിക്കുന്ന ദിവസം!” വിക്റ്ററിന്റെ മുഖത്ത് ആദ്യമായി ഭയം കതിരിടുന്നത് ഞാൻ കണ്ടു. കണ്ണുകളിൽ ആ ഭയത്തിന്റെ കണ്ണുനീര് നിറയുന്നതും… എനിക്കൊന്നും തന്നെ മനസ്സിലായില്ല. “എന്തേ?”. “അപ്പോൾ ഞാൻ ഉദ്ദേശിച്ചവർ അല്ല നിന്‍റെ പിറകെയുള്ളത്!” അവൻ ധൃതിയിൽ ഫോണെടുത്ത് വിറച്ചുകൊണ്ട് ആർക്കോ ഒരു ടെക്സ്റ്റ് മെസേജ് അയച്ചു. “ഞാന്‍ ഭയപ്പെട്ടിരുന്ന ഒരു കാര്യം സംഭവിക്കാന്‍ പോവുന്നു!ഞാൻ എന്‍റെ സംഘടനെയെയാണ് തുടക്കം മുതൽ സംശയിച്ചത്… തെറ്റിപ്പോയി.” അവൻ തലയിൽ കൈ വെച്ചു, “അല്ലെങ്കിലും ഈ ഒരു കേസിൽ തുടക്കം മുതൽ എൻറെ ഊഹങ്ങളും കണ്ടെത്തലുകളും ഒക്കെ തെറ്റികൊണ്ടിരിക്കുകയാണ്” വിക്റ്റർ ഡ്രൈവിങ് സീറ്റിൽ ഇരുന്നു ഭ്രാന്തമായി അലറി!

കെ എസ് ആർ ട്ടി സിയിൽ ചുരമിറങ്ങുമ്പോൾ, വിക്റ്റർ പിരിയാൻ നേരം പറഞ്ഞത് മാത്രമാണ് എന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നത്.. “ആരായാലും അവർ നിന്നെ തേടിവരും… രണ്ടു ദിവസം അവരുടെ കൺവെട്ടത്ത് നിന്നും നീ മാറിയത് അവർക്കറിയാൻ പറ്റും, നീ എന്‍റെ കൂടെയായിരുന്നു എന്നുള്ളതും… ഉറപ്പായും അവർ നിന്നെ തേടിയെത്തും!”

വീട്ടിൽ തിരിച്ചെത്തിയതിന്റെ പിറ്റേന്ന് പകൽ നിനച്ചിരിക്കാതെ എനിക്കൊരു ഇന്റർനെറ്റ് കോൾ വന്നു… വിക്റ്റർ എങ്ങനെയാണ് ബന്ധപ്പെടാൻ പോവുന്നത് എന്നറിയാതെ ഇരിക്കുന്നതിനാൽ പെട്ടെന്ന് തന്നെ മുറിക്ക് അകത്ത് കയറി വാതിലും ജനാലകളും കൊട്ടിയടച്ച് ഞാൻ ആ കോൾ അറ്റൻഡ് ചെയ്തു. പക്ഷെ വിളിച്ചത് വിക്റ്റർ അല്ല, കൂട്ടുകാരൻ ജിതിനായിരുന്നു. മധ്യപ്രദേശിലെ ഉജ്ജ്യയിനിൽ ഒരു ഹോം ഓട്ടോമേഷൻ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് അവൻ. ഞാൻ മുറിയിലെ കട്ടിലിൽ ഇരുന്നു. അധികം നീണ്ടു നിൽക്കാത്ത ഒരു കുശലന്വേഷണത്തിന് ശേഷം അവൻ നേരെ കാര്യത്തിലേക്ക് കയറി. “എടാ നിനക്ക് ആർത്താറ്റ് അറിയുമോ?”. “ഉം… കുന്നംകുളത്തിന് അടുത്തുള്ളതല്ലേ, നമ്മള് ഗുരുവായൂർ പോവുമ്പോ കണ്ടിട്ടുണ്ട്.. എന്തെ?”. “എന്‍റെ കമ്പനിക്ക് ഈ അടുത്ത് അവിടെ നിന്നും ഒരു വർക്ക് വന്നു…. ഒരു വീട്ടിലെ കുറച്ചു സ്ഥലം മോഷൻ സെൻസിങ്ങ് അലാം ചെയ്യാൻ വേണ്ടി. ഞാൻ ആണെങ്കിൽ നാട്ടിൽ വരാൻ ഒരു കാരണം നോക്കി ഇരിക്കുകയായിരുന്നു… പക്ഷെ അവർക്ക് ശക്തമായൊരു ഡിമാന്റ്, പണിക്ക് വരുന്നത് നോർത്ത് ഇന്ത്യയിൽ നിന്നുള്ള ആരെങ്കിലും തന്നെ ആവണം, ആളിന്റെ പേരും ഐഡിയും നേരത്തെ തന്നെ അയച്ചു കൊടുത്ത് അവരുടെ അപ്രൂവൽ എടുക്കണമെന്നും.  എന്റെ സ്വഭാവം നിനക്കറിഞ്ഞൂടെ, അപ്പൊത്തന്നെ എനിക്ക് പൊട്ടി… വീട് അല്ലേ, റിസർവ് ബാങ്ക് ഒന്നും അല്ലല്ലോ: ഞാൻ എം ഡിയുടെ സമ്മതവും വാങ്ങി എന്റെ ഫെയ്ക് ഐഡി ഉണ്ടാക്കി അവരുടെ സ്‌ക്രീനിങ്ങും പാസായി ഒരു നോർത്ത് ഇന്ത്യക്കാരൻ ആയിട്ട് അവിടെ പണിക്ക് പോയി” അത്രയുമായപ്പോൾ എനിക്ക് വേണ്ട എന്തോ ഒന്ന് ജിതിൻ പറഞ്ഞു വരുന്നുണ്ടെന്നു എനിക്ക് തോന്നിത്തുടങ്ങി.

“എന്നിട്ട്?”.

“കണ്ടാൽ തന്നെ നല്ല ചിക്കിളി ഉണ്ടെന്നു ഉറപ്പിക്കാവുന്ന ഒരു പഴയ തറവാട്ടിൽ, നിലവറയ്ക്ക് അകത്തായിരുന്നു ജോലി. പക്ഷെ നിലവറയ്ക്ക് ഉള്ളില് ഞാൻ ഊഹിച്ചത് ആയിരുന്നില്ല പരിപാടി… സ്വത്തും പണ്ടവും ഒന്നുമല്ല, എന്തൊക്കെയോ വെച്ചാരാധനകളും കർമങ്ങളും ഒക്കെയാണ് അവിടെ. ഒരു പത്തെഴുപത്തിയഞ്ചു വയസ്സൊക്കെയുള്ള,  ഭ്രമയുഗത്തിലെ മമ്മൂക്കയെ പോലെ ഒരു ചെങ്ങായി ആയിരുന്നു അവിടുത്തെ മെയിൻ. ഈ വക വശപിശക് ഒക്കെ മണത്തത് കൊണ്ട് ഞാൻ ഹിന്ദി അല്ലാതെ ഒരു വാക്ക് മിണ്ടിയില്ല. ഇവര് രഹസ്യങ്ങള് പുറത്ത് പോകാതിരിക്കാൻ ഡിവൈസുകൾ വാങ്ങി സ്വന്തമായി ഒന്ന് സെറ്റ് ചെയ്യാൻ ശ്രമിച്ച് പാളിയശേഷമാണ് നോർത്ത് ഇന്ത്യക്കാരെ തപ്പി ഇറങ്ങിയത് എന്ന് എനിക്ക് മനസ്സിലായി. ഇടയ്ക്ക് ആൾക്കാരു മാറി ഞാൻ ഒറ്റയ്ക്ക് ആയപ്പോൾ അതിനകത്തുള്ള പല മുറികളിൽ ഒരു മുറി ഞാൻ തുറന്ന് നോക്കി… അകത്തെ ചുവരിനപ്പുറത്ത് നിന്നു കടലിന്റെ ഇരമ്പം കേട്ടപ്പോഴേ എന്റെ പാതി ജീവൻ പോയി… ആ ചുവരിൽ പഴയൊരു ഗ്രൂപ്പ് ഫോട്ടോ ഉണ്ടായിരുന്നു, ആയിരത്തി തൊള്ളായിരത്തി എൺപത്തി ഒമ്പതിലെ! കാട്ടിലെ ഏതോ ഒരു ബിൽഡിങ്ങിന് മുന്നിൽ നിൽക്കുന്ന പത്തു മുപ്പത് ആള്ക്കാര്, അതിലെ രണ്ടു പേര് ഫോറിനേഴ്സാ….”

ഞാൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.  അപ്രത്യക്ഷരായവർ! ഈജിപ്തിൽ നിന്നു വന്ന നിധിവേട്ടക്കാരും, ഏകാക്ഷരയും ശ്രീധന്യയും പിന്നെ റിസോർട്ടിലെ ജീവനക്കാരും!! ‘അവരെങ്ങനെ ആർത്താറ്റിലെ ആ വീട്ടിൽ?’

“ആ മുറിയില് നീ വേറൊന്നും കണ്ടില്ലേ?”

കുറച്ചു നേരത്തെ നിശബ്ദത ആയിരുന്നു അവന്റെ ഭാഗത്തു നിന്നും ഉണ്ടായത്”

“ഞാൻ ആ ഫോട്ടോയിൽ തന്നെ വേറൊരു കാര്യം  കണ്ടിരുന്നു”

“എന്താ……?”

“ആക്കൂട്ടത്തിലെ ഒരാൾ, നീയായിരുന്നു!”