സ്വർണ്ണമടങ്ങിയ ബാഗ് മറന്നു വെച്ചത് തിരിച്ചുകൊടുത്ത് മാതൃകയാവുന്ന ഡ്രൈവർമാർ എന്നും എന്നെ സംബന്ധിച്ച് ഹീറോസാണ്. എന്നെങ്കിലും ആരെങ്കിലും അതേപോലെ വല്ലതും എന്റെ വണ്ടിയിലും മറന്നുവെക്കണേ എന്ന് ഞാനാഗ്രഹിക്കാറുമുണ്ട്. ഒരിക്കൽ ഒരു ഫ്രണ്ട് എന്റെ വണ്ടിയിൽ ഒരു ദുബായ് ഡ്യൂട്ടി ഫ്രീ ടെ കവർ മറന്നു വെച്ചു. മാതൃകയാവാൻ മുട്ടിയ ഞാനാ ഫോറിൻ കവർ കണ്ടപാട് അവനെ വിളിച്ച് കാര്യം പറഞ്ഞു.
“ആ.. അത് റോഡിൽ കളയാൻ വേണ്ടി എടുത്ത കുറച്ച് കുറച്ച് വേസ്റ്റാ… ഇനിയിപ്പൊ അതും കൊണ്ട് ഇവിടെ വരെ ഡ്രൈവ് ചെയ്ത് ബുദ്ധിമുട്ടണ്ട, നീ തന്നെ എവിടെയെങ്കിലും കളഞ്ഞോ”എന്ന് കേട്ടപ്പോൾ ലവന് പ്രകൃതിയോട് ആണോ എന്നോടാണോ വിരോധം എന്ന് തോന്നിപ്പോയിട്ടുണ്ട്.
കഴിഞ്ഞ മാസം കൊച്ചിയിൽ വന്നപ്പോൾ കടവന്ത്രയിലുള്ള ഒരു കാർ വാഷിൽ പോയി വണ്ടി ഒന്ന് വാട്ടർ സർവീസ് ചെയ്തു. അവിടുന്നിറങ്ങി ഡ്രൈവ് ചെയ്യുമ്പോൾ എതിരെ വരുന്ന വണ്ടിക്കാരിൽ ചിലർ എന്റെ ബോണറ്റിലേക്ക് നോക്കി എന്തോ ആംഗ്യം കാണിക്കുന്നു. ഭാഷ ആംഗ്യം ആയതുകൊണ്ട് ഞാൻ വണ്ടി നിർത്തി നോക്കിയപ്പോൾ അതാ, ബോണറ്റിൽ ഉണക്കാനിട്ടിരിക്കുന്ന അവരുടെ മൈക്രോ ഫൈബർ ക്ലോത്ത്. ഞാൻ അതെടുത്ത് എന്റെ ഡിക്കിയിയിലിട്ടു. സർവീസ് സെന്ററിൽ നിന്ന് കുറച്ച് ദൂരം പോന്നത് കൊണ്ടും, അത്യാവശ്യമായി ഒരു മീറ്റിംഗ് ഉണ്ടായിരുന്നത് കൊണ്ടും, ആ വസ്തു പിന്നീട് തിരിച്ചു കൊടുക്കാമെന്നാണ് ഞാൻ തീരുമാനിച്ചത്.
പിന്നെ നോക്കിയപ്പോൾ സാധനം നല്ല മൈക്രോ ഫൈബർ ആണ്, ഷൈൻ എക്സ് പ്രോ… ആയിരം രൂപയോളം ഉണ്ട് ആമസോണിൽ. സ്വർണ്ണമല്ലെങ്കിലും വിലയുണ്ട്… പോയി എന്നുറപ്പിച്ച ഒരു സാധനം ഒട്ടും പ്രതീക്ഷിക്കാതെ തിരിച്ചുകിട്ടുമ്പോൾ ആരായാലും ഒന്ന് ഹാപ്പിയാവും. ഇനി ചിലപ്പോ ഇതാണവരുടെ രാശി തുണി എങ്കിലോ… അത് പോയ ശേഷം സർവീസ് സെന്റർ നഷ്ടത്തിലേക്ക് കൂപ്പു കുത്തികൊണ്ടിരിക്കുമ്പോഴാണ് ഞാനതുമായി മടങ്ങി വരുന്നതെങ്കിലോ… ‘ലക്കി മൈക്രോഫൈബർ തിരിച്ചുകൊടുത്ത് തിരക്കഥാകൃത്ത് മാതൃകയായി’.
അതിനുശേഷം രണ്ടുമൂന്നു തവണ കൊച്ചിയിൽ പോയെങ്കിലും കടവന്ത്ര ഭാഗത്ത് പോവേണ്ടി വന്നിരുന്നില്ല. ഇപ്രാവശ്യം പോയപ്പോഴായിരുന്നു ആ സുദിനം.
ഓണർ സ്ഥാപനത്തിന്റെ മുറ്റത്ത് തന്നെയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിൽ നിന്ന് വാട്ടർ സർവീസ് ചെയ്തതുകൊണ്ട് എന്റെ വണ്ടി നല്ല വൃത്തിയുള്ള കോലത്തിലായിരുന്നു. ‘ഈ വണ്ടി എന്തിനാണ് കാർ വാഷിംഗ് സെന്ററിലേക്ക്’ എന്ന അർഥത്തിൽ അയാൾ നോക്കി. ഞാൻ വണ്ടിയിൽ നിന്നറങ്ങി ‘പെരുവണ്ണാപുരത്തിലെ വിശേഷങ്ങൾ’ ക്ലെയ്‌മാക്‌സിലെ ലാലേട്ടനെ പോലെ കാറിൽ കൈവെച്ച് നിന്നു.
“ഈ വണ്ടി മനസ്സിലായോ?”
അയാൾ ഒന്നാലോചിച്ചു.
“അന്ന് പോളിഷ് ചെയുമ്പോ വാച്ച് കൊണ്ട് സ്‌ക്രാച്ച് ആയ ഹോണ്ടാ സിറ്റി….?”
അല്ല
“ഇന്റീരിയർ ക്ലീൻ ചെയ്യുമ്പോൾ പണിക്കാരന്റെ വായിലെ മുറുക്കാൻ വീണ് സീറ്റ് കേടുവന്ന ഹോണ്ടാ സിറ്റി?”
‘എന്തുവാടെ ഇത്’
കൂടുതൽ വല്ലാത്തൊരു കഥകൾ പറയിപ്പിക്കണ്ട എന്ന് കരുതി ഞാൻ എന്റെ ആഗമനോദ്ദേശ്യം വെളിപ്പെടുത്തി. ഇങ്ങനെയൊരു കസ്റ്റമർ ആൾടെ കരിയറിൽ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു, സന്തോഷം കൊണ്ട് പുള്ളിയുടെ കണ്ണിലൊക്കെ വെള്ളം വന്നു. അലകനെല്ലൂർ കാളയുടെ മുന്നിൽ പിണ്ണാക്കും ചെമ്പ് വെച്ച പോലെ.
ദാറ്റ് മെയ്ഡ് മൈ ഡേ!
അയാളെയും വിളിച്ചുകൊണ്ട് വണ്ടിയുടെ പിറകിലേക്ക് വന്ന് ഞാൻ മാജിക്കുകാരൻ പെട്ടി തുറക്കുന്ന പോലെ ഡിക്കി തുറന്ന് കാണിച്ചപ്പോൾ, സാധനമില്ല!
ഏലപുല ഏലോ, ഏലപുല എലോ….
കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് വാഷ് ചെയ്യാൻ കൊടുത്തപ്പോ അവിടുള്ളവൻ മുക്കിയതാണ്.
എന്റെ സകലതും പോയി. അയാൾ സൗമ്യനായി എന്നോട് പറഞ്ഞു,
“പിന്നെ കൊണ്ടുവന്നാ മതി”
“ഉം…”
ഞാൻ കഴിഞ്ഞതവണ വന്ന അന്ന് അയാൾക്ക് ആ തുണി എവിടെപ്പോയി എന്നറിയില്ല, ചിലപ്പോ പോയത് പോലും അറിഞ്ഞിട്ടുണ്ടാവില്ല. ഇപ്പൊ നല്ല വ്യക്തമായിട്ടറിയാം. ഇനി അത്, അല്ലെങ്കിൽ അതുപോലൊന്ന് വാങ്ങിച്ചു കൊടുക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്.
ഞാൻ വണ്ടി തിരിക്കുമ്പോൾ ഓണറും ജോലിക്കാരനും തമ്മിൽ, എവിടുന്നോ വന്ന്… എങ്ങോട്ടോ പോവുന്ന എന്നെ നോക്കി സാംസാരിക്കുന്നുണ്ടായിരുന്നു. എന്റെ ഏത് നട്ടിനാണ് ഇളക്കം എന്നതിനെപ്പറ്റിയായിരിക്കും.
‘ഇത് ജന്മനാ ഉള്ള ഒരു കിലുക്കമാണ് ചേട്ടാ..
നന്ദി.’
-Deepu Pradeep