മാനുട്ടിയെ പറ്റി പറയും മുമ്പ് അവന്റെ വാപ്പ ഉമ്മറിക്കയെ പറ്റി പറയണം.
മണ്ണെണ്ണ ഒഴിച്ച ഡീസൽ എഞ്ചിൻ പോലെ വികസനത്തിലേക്ക് കുതിക്കുന്ന ഞങ്ങളുടെ ടൗണിൽ ഒരു റെസ്റ്റോറന്റ് ഭംഗിയായും ബ്യൂട്ടിഫുളായും നടത്തുകയാണ് മാനുട്ടിയുടെ വാപ്പ ഉമ്മറിക്ക.
പക്ഷെ ചെറിയൊരു എലമെന്റ് പ്രശ്നമുണ്ട്,
പരിചയമില്ലാത്ത ഏതെങ്കിലും ചെറുപ്പക്കാരൻ ദൂരെ യാത്രയ്ക്കിടെ ആ ഹോട്ടലിൽ കയറിയാൽ, കൂടെ ഉള്ളത് അയാളുടെ ഫാമിലി ആണെങ്കിൽ ഉമ്മറിക്ക ചോദിക്കും,
“മോനെ നീയല്ലേ കഴിഞ്ഞ ആഴ്ച ഇവിടെ ഒരു കുപ്പിയുമായി വന്നിട്ട് അകത്തിരുന്നു അടിക്കാൻ പറ്റ്വോ ന്ന് ചോദിച്ചത്?”
ഇടിയും മിന്നലും!
ഇനി വന്നത് അയാളുടെ ഭാര്യയുടെ കൂടെ ആണെങ്കിൽ, “മോനല്ലേ കുറച്ചൂസം മുന്നേ വേറൊരു പെൺകുട്ടിയെയും കൊണ്ടു ഇവിടെ വന്നിരുന്നത്, അന്ന് കഴിച്ച ഫലൂദ തന്നെ എടുക്കട്ടെ?”
ചുഴലിക്കാറ്റ്!!
ഇമ്മാതിരി സാഡിസ്റ്റ് അപരാധങ്ങൾക്ക് ശേഷം അവർക്കിടയിൽ ഉണ്ടാവുന്ന സംശയങ്ങളും ചോദ്യങ്ങളും പൊട്ടിത്തെറികളും കണ്ട് നിർവൃതി അടയുക ആയിരുന്നു മൂപ്പർക്ക് പെട്ടിയിൽ കാശ് വീഴുന്നതിലും ഹരം. ആ ഒരു എന്തൂസിയാസത്തിന് കൊടുക്കണം നാല് പെട… പക്ഷേ അത് കിട്ടിയത് മോൻ മാനുട്ടി വഴിയായിരുന്നു.
കൊറോണക്കാലത്ത് മുട്ടിയും തട്ടിയും ഡിഗ്രി കഴിഞ്ഞതോടെ മാനുട്ടി കടൽ കടന്നു…. വയനാട്ടിലെത്തി. ‘ഐ, സാധാരണ കടൽ കടന്നാൽ ഗൾഫിലല്ലേ എത്തുക’ എന്ന് ചോദിക്കരുത്, മാനുട്ടിയുടെ ഗെത്ത് ഇത്തിരി ഡിഫറന്റ് ആണ്. കായലിൽ കക്ക വാരാൻ മുങ്ങിയിട്ട് കറുത്തഹലുവയുമായി പൊങ്ങുന്ന ഒരു ഐറ്റമാണ് മാനുട്ടി. വയനാട്ടിൽ ഏതോ റിസോർട്ടിൽ ഒന്നരകൊല്ലം പണിയെടുത്ത ശേഷം മുംബൈയിലേക്ക് പോയപ്പോഴാണ് മാനുട്ടിയുടെ രാശി തെളിയുന്നത്, ചില്ലറ ബിസിനസുകൾ ഒക്കെ ചെയ്ത് പച്ചപിടിച്ചു. പക്ഷേ നാട്ടിൽ അതല്ല കഥ, മാനുട്ടിക്ക് വയനാട്ടിൽ നിന്നൊരു നിധികിട്ടി അതുമായി മുംബൈയിൽ പോയതാണ് എന്നും, അതല്ല മുംബൈയിൽ നിന്നും നിധി കണ്ടുപിടിക്കുന്ന മെഷീനുമായി വയനാട്ടിൽ വന്നിട്ട് നിധി കണ്ടുപിടിച്ചതാണെന്നും എന്നുള്ള രണ്ടു വാദങ്ങളാണ് ഉള്ളത്. എന്തായാലും അധ്വാനിച്ച് കാശുണ്ടാക്കിയതാണെന്ന് സമ്മതിക്കാൻ ഞങ്ങളുടെ നാട്ടുകാർക്ക് ഇച്ചിരി ബുദ്ധിമുട്ടുണ്ട്.
ബോംബെയിൽ മാനുട്ടിയുടെ കൂടെയുണ്ടായിരുന്ന തമിഴ്നാട്ടുകാരൻ സെൽവരാജ് ഒരിക്കൽ സെറോദ ആപ്പിലെ റെഫറൽ കാശ് കിട്ടാനായി മാനുട്ടിയെ കൊണ്ട് ഒരു അക്കൗണ്ട് തുടങ്ങിപ്പിച്ച് ടാറ്റ യുടെ കുറച്ചധികം ഷെയറുകൾ വാങ്ങിപ്പിച്ചു. ടാറ്റ മോട്ടോഴ്സ്, സ്റ്റീൽസ്, കമ്മ്യൂണിക്കേഷൻസ്, ടിസിഎസ്…. ഒട്ടും കുറച്ചില്ല. പക്ഷേ, സ്റ്റോക്ക് മാർക്കറ്റിനെക്കുറിച്ചോ ഷെയർ ട്രേഡിങ്ങിനെ കുറിച്ചോ യാതൊരു അറിവും ഇല്ലാതിരുന്ന പാവം മാനുട്ടി കരുതിയത് ടാറ്റ കമ്പനിയില് തനിക്കും ചെറിയൊരു ഓണർഷിപ്പ് വന്നു എന്നാണ്. സെൽവരാജ് റെഫറൽ കാശ് കിട്ടാനായി അങ്ങനെ പറഞ്ഞു പറ്റിച്ചതാവാനും മതി. എന്തായാലും മാനുട്ടി ചാഞ്ചാട്ടങ്ങളുടെ ലോകത്തേക്ക് കാലെടുത്ത് വെച്ചു.
ടാറ്റെന്റെ ഒരംശം സ്വന്തമായെന്ന് വിശ്വസിച്ചിരുന്ന മാനുട്ടി പിന്നീട് ടാറ്റയുടെ സ്ഥാപനങ്ങളിൽ പോവുമ്പോൾ ആ ഒരു അധികാരവും അരുമത്വവും ഒക്കെ കാണിക്കാൻ തുടങ്ങിയിരുന്നു. ഇടയ്ക്ക് കാപ്പിയുണ്ടാക്കാൻ വാങ്ങിച്ച ടാറ്റ കോഫീക്ക് വിചാരിച്ച സ്വാദില്ലെന്ന് കണ്ട് സെറോദയുടെ പ്ലേ സ്‌റ്റോർ റിവ്യൂവിൽ കയറി കോഫി ഫാക്ടറി ജീവനക്കാരോട് ഇതൊക്കെ ശ്രദ്ധിക്കണം എന്നൊരു താക്കീത് കൂടി മാനുട്ടി കൊടുത്തു.
കഴിഞ്ഞ കൊല്ലത്തെ ചെറിയ പെരുന്നാളിന് ലീവിന് വന്നപ്പോഴാണ് സംഭവങ്ങളുടെ തുടക്കം… കൂട്ടുകാരൻ സന്ദീപിൻന്റെ ടാറ്റ അൾട്രോസ് സർവീസ് ചെയ്യാൻ വേണ്ടി മാനുട്ടിയും സന്ദീപും ബിബിനും കൂടി സർവീസ് സെന്ററിൽ പോയി. അവിടെ വണ്ടിയുടെ ഒരു കംപ്ലൈന്റ് പറഞ്ഞ് സർവീസ് അഡ്വൈസറുമായി സന്ദീപ് ഒന്നുരസി. കച്ചറയാക്കിയ അവനോട് സന്ദീപും ബിബിനും ഒച്ചപ്പാടുണ്ടാക്കാൻ തുടങ്ങിയപ്പോൾ മാനുട്ടി ഡീൽ ചെയ്തത് കുറച്ച് ഡിഫറൻറ് ആയിട്ടായിരുന്നു…. ഒരു ഭീഷണി,
“ടാറ്റയില് ഷെയർ ഉള്ള ഒരാളുടെ ഫ്രണ്ടിനോട്, ടാറ്റയുടെ ഷോറൂമിലെ ഒരു ജീവനക്കാരൻ പെരുമാറുന്നത് ഇങ്ങനെയാണോ? ഞാൻ മുംബൈയിലേക്ക് വിളിക്കട്ടെ, നീയിനി ടാറ്റ യില് വേണ്ട!”
മാനുട്ടിയുടെ അത്ര പോലും മൂളക്കമില്ലാതിരുന്ന ആ സർവീസ് അഡ്വൈസർ പയ്യൻ, വിളിക്കാനായി തന്റെ ഫോണെടുത്ത മാനുട്ടിയുടെ കൈ രണ്ടും കൂട്ടിപ്പിടിച്ച് ഒറ്റ കരച്ചിൽ! പിന്നെ മാപ്പൊക്കെ പറഞ്ഞ് എല്ലാം സന്ദീപ് പറഞ്ഞപോലെ ചെയ്തുകൊടുത്തു.
മാനുട്ടിയുടെ ട്രാൻസ്ഫോർമർ കണ്ട ഛെ, ട്രാൻസ്ഫോർമേഷൻ കണ്ട സന്ദീപ്, വണ്ടർലാ കണ്ട വരിവണ്ടിനെ പോലെ വണ്ടറടിച്ച് നിന്നപ്പോൾ അത്യാവശ്യം വിവരമുള്ള ബിബിൻ മാനുട്ടി മാറ്റി വിളിച്ചു നിർത്തി,
“മാനുട്ടിയെ… ആ ഷെയർ അല്ലട്ടാ ഈ ഷെയർ” എന്ന ഡയലോഗിൽ തുടങ്ങി ഒരു ചെറിയ ക്രാഷ് കോഴ്‌സ് എടുത്തു. “എന്തായാലും പറഞ്ഞത് പറഞ്ഞു, ഇനി ആവർത്തിക്കണ്ട” എന്ന് ബിബിൻ പറഞ്ഞ് നിർത്തിയപ്പോഴാണ് ‘ടാറ്റക്ക് എന്ത് മാനുട്ടി’ എന്ന് മാനുട്ടിക്ക് തിരിഞ്ഞത്.
പക്ഷെ സന്ദീപിന് തിരിഞ്ഞിട്ടില്ലായിരുന്നു. അഭിമാനകരമായ നേട്ടമല്ലേ… സന്ദീപ് ഇതിന് നാട്ടിൽ പരമാവധി പബ്ലിസിറ്റി കൊടുത്തു. പറഞ്ഞ് പറഞ്ഞ്
ടാറ്റയുടെ ഒരു ഭാഗം മാനുട്ടിയുടെ കയ്യിലാണെന്ന് വരെ ആയി.
‘എന്റെ ടൈറ്റാന്റെ വാച്ച് ഓടുന്നില്ല മാനുട്ടിയെ’,’നീ വിളിച്ച് പറഞ്ഞാൽ താജില് ഡിസ്‌കൗണ്ടില് റൂം കിട്ടോ?’, ‘വോൾട്ടാസിനോട് ഒരു ഇന്റക്ഷൻ കുക്കർ ഇറക്കാൻ പറയ്’ എന്നൊക്കെ പരിചയക്കാര് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് മാനുട്ടിക്ക് അപകടം മണത്തത്.
കുടുംബക്കാരും നാട്ടുകാരും മക്കൾക്ക് ടാറ്റയിൽ ജോലി വാങ്ങിച്ച് കൊടുക്കണം എന്ന് പറഞ്ഞ് വരുന്നതിന് മുമ്പ് മാനുട്ടി ലീവ് മതിയാക്കി മുംബൈയിലെത്തി!
കഴിഞ്ഞ കർക്കിടകം, മാനുട്ടി വീണ്ടും ലീവിന് വന്ന സമയം… സന്ദീപ് പഠിച്ച സ്കൂളിലെ റീ യൂണിയൻ
ട്രിപ്പ് പ്ലാനിങ്ങ് വാട്സാപ്പ് ഗ്രൂപ്പ്. അഞ്ച് പേരടങ്ങുന്ന ആ ഗ്രൂപ്പിൽ പൊരിഞ്ഞ ചർച്ച നടക്കുകയാണ്, അടുത്ത യാത്രയെ പറ്റി. ആരും ഇതുവരെ റീൽ എടുക്കാത്ത, വ്ലോഗ് ചെയ്യാത്ത ഒരു സ്ഥലം വേണം എന്നായിരുന്നു ആദ്യത്തെ കണ്ടീഷൻ. അതിനിടയിലാണ് ഒരാൾ മൂന്നാർ ദേവികുളത്തുള്ള ഒരു തടാകത്തെ പറ്റി പറയുന്നത്, ഒരു അൺ ടച്ഡ് ലേയ്ക്ക്. ഫോട്ടോസോ വീഡിയോസോ ഒന്നുമിതുവരെ അങ്ങനെ പുറത്ത് വന്നിട്ടില്ല. സന്ദീപിൻന്റെ കൂട്ടുകാരായ വ്ലോഗർമാർക്ക് ഹരം കയറി. പക്ഷേ ഒരു പ്രശ്നം, സംഭവം ടാറ്റയുടെ പ്രൈവറ്റ് പ്രോപർട്ടി ആണ്. അവരുടെ പെർമിഷൻ ഇല്ലാതെ അകത്ത് കയറാൻ പറ്റില്ല.
സന്ദീപ് കളത്തിൽ ഇറങ്ങി…
“ആഹാ… ടാറ്റയുടെ ആണോ, ന്റെ ഫ്രണ്ട് മാനുട്ടി ടാറ്റയുടെ ചെറിയൊരു ഓണറാണ്?”
“എന്നാ നീ സംസാരിക്ക്”
“പക്ഷെ അവൻ ഒരു പ്രത്യേക ടൈപ്പാ… കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോ ഈ ന്യൂസ് സ്‌പ്രെഡ് ആയതോടെ തിരിച്ചു പോയതാ… ബിസിനസ്സും ഫ്രണ്ട്ഷിപ്പും അവൻ കൂട്ടിക്കുഴക്കില്ല”
“എന്നാ അവനെ കൂടെ നമുക്ക് ട്രിപ്പ് കൊണ്ട് പോവാ…. എന്നിട്ട് അവിടെ എത്തിയിട്ട് നൈസായിട്ട് നിർബന്ധിച്ച് സമ്മതിപ്പിക്കാം”
സന്ദീപ് അങ്ങനെ മാനുട്ടിയെ അവരുടെ ഗ്രൂപ്പിന്റെ മൂന്നാർ ട്രിപ്പിലേക്ക് പ്രത്യേക ക്ഷണിതാവായി സ്വാഗതം ചെയ്തു. അവന്റെ സർവ്വ ചിലവുകളും എടുത്തോളാം എന്ന് കൂടി പറഞ്ഞപ്പോൾ മാനുട്ടിക്ക് മൂന്നാറിലെ കുളിര് മലപ്പുറത്ത് തന്നെ കിട്ടി. സെറ്റ്!
ആറു പേരടങ്ങുന്ന സംഘം പുലർച്ചെ ഒരു ഇന്നോവയിൽ പുറപ്പെട്ട് വട്ടവട ഒക്കെ ഒന്ന് കറങ്ങി രാത്രിയായപ്പോൾ കാടിനടുത്തുള്ള ഒരു റിസോർട്ടിൽ ചെന്ന് മുളഞ്ഞു. രാത്രി മദ്യപിച്ച് കഴിഞ്ഞ് സ്കൂൾ ഫ്രണ്ട്സ് എല്ലാം റൂമിലേക്ക് പോയപ്പോൾ മദ്യപിക്കാത്ത മാനുട്ടിയും മൂക്കറ്റം ഫിറ്റായ സന്ദീപും മാത്രമായി ബാക്കി. മാനുട്ടി സന്തോഷത്തോടെ പറഞ്ഞു
“നിന്റെ ക്ലാസ്മേറ്റ്സ് കൊള്ളാടാ… എന്റെ ക്ലാസ്മേറ്റ്സ് പോലും എന്നെ ഇതുവരെയൊരു ടൂർ കൊണ്ടുപോയിട്ടില്ല”.
അവരെ പൊക്കി പറഞ്ഞതുകൊണ്ടാണോ അതോ വയറ്റിലുള്ള അഞ്ച് പെഗ്ഗാണോ… ഏതോ ഒന്ന് സന്ദീപിനെ കൊണ്ടത് പറയിപ്പിച്ചു.
മാനുട്ടി ഞെട്ടി.
“ഇപ്പൊ തന്നെ ഞെട്ടല്ലേ… നാളെ രാവിലെ ദേവികുളത്ത് നിങ്ങളുടെ എസ്റ്റേറ്റിന്റെ മുന്നിൽ വെച്ച് നിന്നോട് പറയാനാ ഞങ്ങളുടെ സർപ്രൈസ് പ്ലാൻ… അപ്പൊ ഞെട്ടിയാ മതി”
പ്രൈവറ്റ് പ്രോപ്പാർട്ടിയിലേക്ക് അതിക്രമിച്ച് കടന്ന് അറസ്റ്റിലാവുന്ന ന്യൂസും, തെറ്റിദ്ധരിപ്പിച്ച് ടൂറിന് വന്നതിന് സന്ദീപിന്റെ ഫ്രണ്ട്സിന്റെ വക ഇടിയും, പിറകെയുള്ള മാനഹാനികളും മനസ്സിൽ വിഷ്വലുകളായി തെളിഞ്ഞപ്പോൾ മാനുട്ടിയുടെ മുൻപിൽ ഒരേയൊരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ… സന്ദീപ് ഓഫായപ്പോൾ മാനുട്ടി തന്റെ ഫോൺ ഓഫാക്കി അപ്പുറത്തെ റൂമിലുള്ള ബാഗ് പോലും എടുക്കാതെ അവിടുന്ന് മുങ്ങി. വട്ടവടയിൽ നിന്നു പച്ചക്കറി ലോഡുമായി പോവുന്നൊരു ലോറിയിൽ കയറി പുലർച്ചെ തന്നെ ഇടുക്കി ജില്ല വിട്ട്, വീട്ടിലെത്തി കിടന്നുറങ്ങി.
അവിടെ മൂന്നാറിൽ പക്ഷേ സംഭവ പരമ്പരകളുടെ മഞ്ഞു വീഴ്ചയായിരുന്നു. ടൂറിനു വന്ന് രാത്രി റിസോർട്ടിൽ താമസിച്ച ആറുപേരിൽ ഒരാൾ മിസിംഗ്! മാനുട്ടി സുഭാഷായി. വീണ കുഴി അറിയാത്തതുകൊണ്ട് വടം കെട്ടി ഇറങ്ങാനും പറ്റാത്ത അവസ്ഥ. ഫോറസ്റ്റും പോലീസും വിഷയത്തിൽ ഒരുപോലെ ഇടപെട്ടു. കലിപ്പേഷ് ബാബു എന്ന് ഓമനപ്പേരുള്ള കപിലേഷ് ബാബു ആയിരുന്നു അവിടുത്തെ എസ് ഐ. കൃത്യനിർവഹണത്തിൽ കടുകിട തെറ്റാത്ത പ്രകൃതം. പുലർച്ചെ തന്നെ കപിലേഷ് കേസിൽ ഇൻ ആയി, തിരോധാനം നടന്നത് കാടിന് അടുത്തായതു കൊണ്ട് വരായാടുകളുടെ മൊഴി എടുത്തു, കലമാനിനെ ചോദ്യം ചെയ്തു, കാട്ടുപോത്തിനെ കുനിച്ചു നിർത്തി ഇടിച്ചു… ഒരു തുമ്പും കിട്ടിയില്ല.
കാട്ടിലും കുളത്തിലും കൊക്കയിലുമുള്ള തിരച്ചിലിനിടയിലൊക്കെ സന്ദീപ് തേങ്ങി… ക്ലാസ്മേറ്റ്‌സിന് മാനുട്ടിയോട് ഒറ്റ ദിവസത്തെ ബന്ധമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അവരും തേങ്ങി.
“സന്ദീപേ… നമുക്കവന്റെ വീട്ടിലൊക്കെ ഒന്ന് അറിയിപ്പിക്കണ്ടേ?”
സന്ദീപ് കണ്ണുതുടച്ച് ഉമ്മറിക്കയ്ക്ക് ഫോൺ ചെയ്തു. കേട്ടപാട് മൂപ്പര് നിലവിളിച്ചുകൊണ്ട് ഹോട്ടലിൽ നിന്നിറങ്ങിയോടി ഒരു ടാക്സിയും വിളിച്ച് നേരെ മൂന്നാറിലേക്ക് പാഞ്ഞു.
ഒരു പകല് മുഴുവൻ നീണ്ട അന്വേഷണം വിഫലമായി മുന്നോട്ട് പോവുമ്പോൾ കൂർമ്മബുദ്ധിയായ കപിലേഷിന് ചെറിയൊരു സംശയം.
ഇവർ അഞ്ച് പേർ സഹപാഠികൾ… ഒരാള് മാത്രം ഇവരുടെ ഗ്രൂപ്പിൽ ഇല്ലാത്തവൻ, ഇവരുടെ കൂടെ ആദ്യമായി ടൂറിന് വരുന്നു. എന്നിട്ട് അയാള് തന്നെ മിസ്സിങ്ങാവുന്നു. സംതിങ് ഫിഷി! കപിലേഷ് കുറ്റിപ്പുറം സ്റ്റേഷനിലുള്ള ഒരു പരിചയക്കാരൻ കോൺസ്റ്റബളിനെ വിളിച്ച് മാനുട്ടിയുടെയും സന്ദീപിന്റെയും നാട്ടിൽ ഒന്നന്വേഷിക്കാൻ പറഞ്ഞു.
യാത്രാക്ഷീണം ഒക്കെ മാറി വൈകീട്ട് അങ്ങാടിയിലേക്ക് നടക്കുന്നതിനിടെയാണ് കുറ്റിപ്പുറത്തെ ആ പോലീസുകാരൻ ബൈക്കിൽ വന്ന് മാനുട്ടിയുടെ അടുത്ത് വണ്ടി നിർത്തുന്നത്.
“ഇവിടെയല്ലേ ഹോട്ടല് നടത്തുന്ന ഉമ്മറിക്കയുടെ വീട്?”
“ആ കാണുന്നതാ..”
“അയാളുടെ മോൻ മാനുട്ടി എങ്ങനെയാ ആള്?
“നല്ലവനാ…”
“നിനക്കറിയോ?”
“ആ, ഞാൻ തന്നെയാ”
പോലീസുകാരൻ ഈ വാർത്തയറിയിപ്പിക്കാൻ വേണ്ടി മൂന്നാറിലേക്ക് വിളിക്കുമ്പോൾ കപിലേഷ് ബാബുവിനെ ഒരു കാട്ടുപോത്ത് ഓടിക്കുകയായിരുന്നു. ഏയ് മുൻ വൈര്യാഗ്യമൊന്നുമല്ല, സെർച്ചിനിടെ ചെന്ന് കേറി കൊടുത്തതാ….
കാര്യമറിഞ്ഞപ്പൊ ഇനി കുത്തിയാലും വേണ്ടില്ല എന്നുറപ്പിച്ച് കപിലേഷ് അവിടെ നിന്നു.
“അവനെ എനിക്ക് ഇവിടെ കിട്ടണം… എന്റെ സ്റ്റേഷൻ അതിർത്തിയിൽ… എന്റെ ഓഫീസ് മുറിയിൽ!!”
ഇരുട്ടായിത്തുടങ്ങിയപ്പോൾ ഉമ്മറിക്ക പോലീസ് സ്റ്റേഷനിലെത്തി. പുലർച്ചെ തൊട്ട് തിരോധാനത്തിന്റെ പിറകെ നടന്ന്, നേരാവണ്ണം ഭക്ഷണം പോലും കഴിക്കാതെ ചെവിയിൽ മൂളക്കവും, തലയിൽ വിങ്ങലുമൊക്കെയായി ടേബിളിൽ തല വെച്ച് കിടക്കുകയായിരുന്ന എസ് ഐ നെയാണ് മൂപ്പരാള് കാണുന്നത്. മേശപ്പുറത്ത് ആഞ്ഞൊരു അടി അടിച്ചിട്ട് ഉമ്മറിക്ക ഇതും അടിച്ചു,
“എന്റെ മോനെ ഇന്നലെ രാത്രി മുതൽ കാണാതായിട്ട് അത് ഒന്ന് അന്വേഷിക്കാതെ സ്റ്റേഷനിൽ ഇരുന്ന് ഉറങ്ങുന്നോടാ നാറി പോലീസുകാരാ?“
ഞെട്ടിയെണീറ്റ കപിലേഷിന് ഓരോ ക്രോമസോമിൽ നിന്നായി തരിച്ചു കയറി.
“നിങ്ങള് എവിടുന്നാ വരുന്നത്?”
“ന്റെ വീട്ടീന്ന്”
ആദ്യം പറഞ്ഞ ആ നാല് പെട മൂന്നാറിലെ തണുപ്പത്ത് അതേ എന്തൂസിയാസത്തോടെ തന്നെ കപിലേഷ് കൊടുത്തു.
രാത്രി തന്നെ മാനുട്ടിയുടെ ഒരു ഡ്രഗ് ടെസ്റ്റ് നടത്തി പോലീസുകാരൻ അവനെയും കൊണ്ട് മൂന്നാറിലേക്ക് ബസ് കയറി. പിറ്റേന്ന് രാവിലെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ എത്തിയപ്പോഴേക്കും മാനുട്ടിക്ക് സംഭവത്തിന്റെ ഗൗരവം ഏകദേശം പിടികിട്ടിയിരുന്നു… വാപ്പയും സന്ദീപും ക്ലാസ്മേറ്റ്സും സ്റ്റേഷനിൽ തന്നെ ഉണ്ടായിരുന്നു, കപിലേഷ് ബാബുവും.
അദ്ദേഹം വളരെ സൗമ്യനായി ചോദിച്ചു….
“നീ എന്തിനാണ് ടൂർ വന്നിട്ട്, ആരോടും ഒന്നും പറയാതെ കടന്നു കളഞ്ഞത്?”
“സർ ഞാനൊരു പ്രേതത്തെ കണ്ട് പേടിച്ചോടിയതാണ്”
“ഇവിടുന്ന് കുറ്റിപ്പുറം വരെ?”
“അല്ല, റോഡ് വരെ… അവിടുന്ന് ലോറി കിട്ടി”
പ്ഫാ… *#@&π€ മോനെ! സത്യം പറയടാ!!
“എനിക്ക് മാനസികമാണ്”
ട്ടെ! ചെവിക്കല്ല് നോക്കി ഒരു അടി!!
“എന്നെ ആരോ തട്ടി കൊണ്ടു പോയതാണ്”
ട്ടും! നാഭി നോക്കി ഒരു ചവിട്ട്!!
“ഞാൻ കള്ള് കുടിച്ച് ബോധം പോയി നാട്ടിൽ പോയതാണ്”
മാനുട്ടിയുടെ ചാഞ്ചാട്ടങ്ങൾ!
“നിന്റെ ഡ്രഗ് ടെസ്റ്റ് റിസൾട് എന്റെ കയ്യിലുണ്ട്… കള്ളൊന്നും നിന്റെ ശരീരത്തിലില്ല. പക്ഷേ ഇപ്പൊ ഒരു കാര്യം ഉറപ്പായി, ഇങ്ങനെ സെക്കന്റ് വെച്ച് മാറ്റി പറയിപ്പിക്കുന്ന എന്തോ ഒന്ന്… നീ അടിച്ചിട്ടുണ്ട്; ഒരു യൂറിൻ ടെസ്റ്റിലും വരാത്ത ഒരു സാധനം. ആ കെമിക്കൽ എന്താണ്, എവിടുന്നാണ് എന്ന് പറയാതെ നീ ഇനി ഈ ചുരം ഇറങ്ങില്ല!”
വേറെ തലം! വിചാരിക്കാത്ത ഡയമെൻഷൻ!! നർക്കോടിക്സ് ഈസ് ഈ ഡേർട്ടി ബിസിനസ് എന്നറിയാവുന്നത് കൊണ്ട് അവൻ സത്യം പറയാൻ തന്നെ തീരുമാനിച്ചു.
“സാർ… എല്ലാവരോടും ഒന്ന് പുറത്ത് ഇറങ്ങി നിൽക്കാൻ പറയോ”
പോലീസുകാരും ടൂർ മേറ്റ്‌സും ഉമ്മറിക്കയും മുറിയ്ക്ക് പുറത്തെത്തിയപ്പോൾ മാനുട്ടി കരച്ചിലോടെ തന്റെ ജീവചരിത്രം മുഴുവൻ പറഞ്ഞു. കപിലേഷിന് ചിരിയാണ് വന്നത്, അവന്റെ അവസ്ഥ വെച്ച് നോക്കുമ്പോൾ തന്റെ എന്ത്. ആ ചിരി മായും മുമ്പ് തന്നെ എല്ലാവരെയും തിരിച്ച് അകത്തേക്ക് വിളിച്ച് കപിലേഷ് പറഞ്ഞു,
“കുഴപ്പം ഒന്നുമില്ല, ഇനി എല്ലാരും നേരെ നാട്ടിലേക്ക് പൊക്കോ… ടൂർ കഴിഞ്ഞു”
‘ചായപ്പൊടി വാങ്ങാൻ പറ്റിയില്ല സർ’ എന്ന് സന്ദീപിനു പറയണം എന്നുണ്ടായിരുന്നു, പറഞ്ഞില്ല.
“ഇനി ‘സ്റ്റോക്ക്’ വാങ്ങിക്കുമ്പോ സൂക്ഷിച്ചൊക്കെ വാങ്ങിക്കണം” എന്നുകൂടി പറഞ്ഞ് കപിലേഷ് മാനുട്ടിയെ യാത്രയാക്കി.
നാട്ടിലെ സമൂദ്രനിരപ്പിൽ തിരിച്ചെത്തിയതോടെ സന്ദീപ് തുടങ്ങി…
“മാനുട്ടി ഞങ്ങളെ എല്ലാവരെയും മുറിയ്ക്ക് പുറത്ത് ഇറക്കിയശേഷം പഴ്സ് തുറന്ന് എസ് ഐ ക്ക് ലക്ഷങ്ങൾ അങ്ങ് എണ്ണികൊടുത്തു… അല്ലെങ്കിൽ പിന്നെ എങ്ങനെയാ സ്റ്റോക്ക് മാർക്കറ്റിലെ കാളയെ പോലെ കുത്താൻ നിന്നിരുന്ന അയാള്, പൈ കിടാവിനെ പോലെ കാം ആയത്.”
മുംബൈയിൽ പെട്ടെന്ന് തിരിച്ചെത്തിയ മാനുട്ടിയെ അതിലും പെട്ടെന്ന് ഒരു ടീം തട്ടിക്കൊണ്ടുപോയി എന്ന് പിന്നീടറിഞ്ഞു. പിന്നെയങ്ങോട്ട് പൂര ചോദ്യം ചെയ്യൽ…
“നിനക്ക് ആ സാധനം എവിടുന്നാണ് കിട്ടിയത്, എന്താണതിന്റെ പേര്?
“എന്ത്?”
“മൂന്നാറിൽ വെച്ച് നീ അടിച്ച സാധനം… സെക്കന്റ് വെച്ച് മനസ്സ് ചാഞ്ചാടുന്ന, യൂറിൻ ഡ്രഗ് ടെസ്റ്റിൽ പിടിക്കാത്ത ആ ഡ്രഗ്, അത് മൂന്നാറിൽ നിനക്ക് എവിടുന്ന് കിട്ടി?”
“എനിക്ക് മൂന്നാറിൽ നിന്ന് കിട്ടിയത് രണ്ടടിയും ഒരു ചവിട്ടുമാണ്”
“കബളിപ്പിക്കാതെ കുഞ്ഞാ…. അല്ലെങ്കിൽ നീ എന്തിന് ആ എസ് ഐ ക്ക് ലക്ഷങ്ങൾ കൈക്കൂലി കൊടുത്തു കേസ് സോൾവാക്കി?”
മാനുട്ടി ഉത്തരമില്ലാതെ ഉത്തരത്തിലേക്ക് നോക്കി.
“ഇനി ‘സ്റ്റോക്ക്’ വാങ്ങിക്കുമ്പൊ സൂക്ഷിച്ചൊക്കെ വാങ്ങിക്കണം എന്നയാൾ എന്തിനു നിന്നെ ഉപദേശിച്ചു?”
“എനിക്ക് ശരിക്കും മാനസികമാണ്”.