എഞ്ചിനീയറിംഗ് കഴിഞ്ഞ് കോഴിക്കോട് ക്യാഡ്-ക്യാം-പ്രൈമവേറ കോഴ്സ് ചെയ്യുന്ന കാലം. രാവിലെ കുറ്റിപ്പുറത്ത് നിന്ന് കണ്ണൂർ പാസഞ്ചറിന് കേറും, വൈകുന്നേരം ഇന്റർസിറ്റിക്ക് മടങ്ങും. അതിനിടയിൽ പാരഗണും, റഹ്മത്തും, കലന്തനും, അമ്മ മെസ്സും, പിള്ളൈ സ്നാക്‌സും, സാഗറും, ടോപ്‌ഫോമും… ക്രൗണും, കോർണേഷനും, കൈരളിയും, അപ്സരയും…. പരമസുഖം.
നാട്ടിലെ ഫ്രണ്ട് സർക്കിളിൽ നിന്ന് എല്ലാവരെയും വെട്ടിച്ച് ആദ്യം കല്യാണം കഴിച്ചത് ഡോൾബി ഗിരീഷായിരുന്നു അതിലിപ്പോൾ ഡോൾബി ദുഃഖിക്കുന്നുണ്ടെങ്കിലും അന്ന് നല്ല സന്തോഷത്തിലായിരുന്നു. ആ സന്തോഷ നിമിഷങ്ങളുടെ ഇടയ്ക്കാണ് ഡോൾബി എനിക്കും അച്ചുവിനും അവന്റെ കൂടെ ഖത്തറിൽ ഉണ്ടായിരുന്ന ഒരു കോഴിക്കോട്ടുകാരൻ സ്റ്റജിലിനെ പരിചയപ്പെടുത്തുന്നത്.
“എന്താ ജോലി?”
“എനിക്കീ കടത്തിന്റെ പരിപാടിയാണ്”
വെറൈറ്റി.
ഞാനും അച്ചുവും തമ്മിൽ അടക്കിപ്പിടിച്ച് സംസാരിച്ചു,
“എന്ത് കടത്തായിരിക്കും?”
“സ്വർണ്ണമായിരിക്കും, അല്ലാതെ തോണിയും കൊണ്ടുള്ള കടത്ത് വള്ളം പരിപാടി ഒക്കെ എന്നേ അന്യം നിന്നതാണല്ലോ….”
“ശരിയാ.”
പുഷ്പ റൈസും റൂളുമൊന്നും അന്ന് റിലീസാവത്തത് കൊണ്ട് രക്തചന്ദന കടത്തൊന്നും ഞങ്ങൾ ചിന്തിച്ചതേയില്ല. ഡോളർ കടത്ത് ചർച്ചകൾ മാധ്യമങ്ങൾ തുടങ്ങിയിട്ടില്ലാത്തതുകൊണ്ട് അതും ആലോചിച്ചില്ല.
സ്വർണ്ണം തന്നെ, ഉറപ്പിച്ചു.
സ്റ്റജിലിന്റെ കയ്യിലുള്ള രണ്ട് മോതിരവും കഴുത്തിലെ രണ്ടുപവനും ഞങ്ങളുടെ നിഗമനം അരക്കിട്ടുറപ്പിച്ചു. കല്യാണത്തിരക്കിനിടയിൽ കൂടുത്തലങ്ങോട്ടു സംസാരിക്കാനൊന്നും പറ്റിയില്ലെങ്കിലും ഞങ്ങള് ഫ്രണ്ട്സ് എല്ലാവരും ഫോട്ടോ എടുക്കാൻ കേറിയപ്പോൾ ഫോണിൽ ഫോട്ടോ എടുത്ത് തന്നതൊക്കെ അയാളായിരുന്നു. എന്തൊരു എളിമയുള്ള കടത്തുകാരൻ

അന്ന് രാത്രിയുണ്ട്, ‘എടാ നീ നാളെ കോഴിക്കോട് പോവുന്നില്ലേ?’ എന്ന് ചോദിച്ചുകൊണ്ട് ഡോൾബിയുടെ ഫോൺ കോൾ. സ്റ്റജിൽ അവന്റെ ഒരു ബാഗ് ഡോൾബിയുടെ വീട്ടിൽ മറന്നുവെച്ചിരുന്നു. ഒരു ജോഡി ഡ്രസ് മാത്രമേയുള്ളൂ… പക്ഷേ കോഴിക്കോട് എത്തിക്കണം. രാവിലെ ഡോൾബിയുടെ വീട്ടിൽ പോയി ബാഗെടുത്ത് അത് കോഴിക്കോട് സ്റ്റജിലിനെ ഏൽപ്പിക്കാം എന്ന മിഷൻ ഞാൻ ഏറ്റെടുത്തു. ഉടനെ വന്നു സ്റ്റജിലിന്റെ ഫോൺ… അതൊരു തുടക്കമായിരുന്നു. ഞാൻ മറക്കാതിരിക്കാൻ പിന്നെ ആളുടെ വക ആ രാത്രിയും പിറ്റേന്ന് രാവിലെയുമൊക്കെയായി ഒരു ലോഡ് കോളുകൾ, റിമൈന്റർ മെസേജുകൾ.നമ്മളൊക്കെ സ്വർണ്ണം മറന്നു വെച്ചാൽ പോലും ഇങ്ങനെ കിടന്നു വിളിക്കില്ല.

രാവിലെ ഡോൾബിയുടെ അടുത്ത് നിന്നും ഞാൻ ആ ബാഗ് കൈപ്പറ്റി. ഡെല്ലിന്റെ ലാപ്‌ടോപ്പിന്റെ കൂടെ ഫ്രീ കിട്ടുന്ന ഒരു കറുത്ത ബാഗ്. വലിയ കനമൊന്നും ഇല്ല. ഉച്ചയ്ക്ക് ക്യാഡ് സെന്ററിൽ വന്ന് ബാഗ് വാങ്ങിച്ചോളാം എന്നായിരുന്നു സ്റ്റജിൽ പറഞ്ഞിരുന്നത്. മെസേജുകൾ വീണ്ടും വന്നു… സ്റ്റേഷൻ എത്തിയോ, ട്രെയിൻ വന്നോ, ബാഗ് മടിയിൽ തന്നെ ഇല്ലേ? സാധാരണ ഇങ്ങനെയുള്ള ഓവറാക്കൽ റിമെയ്ന്ററുകൾ വന്നാലേ ഉറപ്പാണ്, അത് കൊണ്ടുപോവുന്നവൻ എവിടെയെങ്കിലും ബാഗ് മറന്നുവെക്കുമെന്ന്… പക്ഷേ ഇവിടെ ഞാനായത് കൊണ്ട് സൂക്ഷിച്ച് കൊണ്ടുപോയി.

ലൈറ്റ് വിന്റസ്, സ്റ്റേബിൾ അറ്റ്മോസ്ഫിയർ… പിന്നാലെ രണ്ടാം റെയിൽവേ ഗെയിറ്റ് മുറിച്ചുകടക്കുന്ന ആൾക്കാരുടെ ക്ലിയറൻസും കൂടി കിട്ടിയപ്പോൾ തീവണ്ടി കോഴിക്കോട് റെയിൽവെസ്റ്റേഷൻ റൺവേയിൽ ലാന്റ് ചെയ്തു. ചെറിയ ബട്ടർ ലാന്റിങ്. എത്തിച്ചേർന്ന വിവരം സ്റ്റജിലിന് മെസേജ് അയച്ച് അറിയിപ്പിച്ചശേഷം, വണ്ടി നിർത്തിയ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് ഞാൻ മേൽപ്പാലം മുറിച്ച് നടന്ന് ഒന്നിലെത്തി. ദേ, സൽക്കാര ഹോട്ടൽ എന്നെ നോക്കി എന്തോ പറയുന്നു. ഞാൻ അകത്ത് കയറി വെള്ളപ്പവും മീൻകറിയും തിരിച്ചു പറഞ്ഞു. അത് വെള്ള പ്ലൈറ്റിൽ ആവിയോടെ വന്നു.
“സർ ചായ എടുക്കട്ടെ?”
“എടു…ത്തോ…..” ടുക്കാൻ മറന്നിരിക്കുന്നു! ട്രെയിനിൽ നിന്ന് ബാഗ് എടുക്കാൻ മറന്നിരിക്കുന്നു!!
ഞാൻ ഒരുമിനിഷം പ്ലേയ്‌റ്റിലേക്ക് നോക്കി. ഏറെ പ്രതീക്ഷയോടെ എനിക്ക് വേണ്ടി അണിഞ്ഞൊരുങ്ങി വന്ന് മുന്നിൽ തലകുനിച്ചിരിക്കുന്ന എന്റെ വെള്ളപ്പവും മീൻകറിയും. അപ്പുറത്ത് ആ തീവണ്ടിയിൽ എന്റെ കൂടെ ഇറങ്ങിവന്ന എട്ടും പൊട്ടും തിരിയാത്ത ഡെല്ലിന്റെ ബാഗും. ആരെ വരിക്കണം, ആരെ ത്വജിക്കണം?
ഞാൻ ഓടി, നാലാമത്തെ പ്ലാറ്റ് ഫോമിലേക്ക്… ദിൽ വാലേ ദുൽഹനിയ ലെ ജായേംഗേ, ട്രെയിൻ ഇല്ല. ഭക്ഷണം ഓഡർ ചെയ്തിട്ട് ഇറങ്ങിയോടിയവനെ പിടിക്കാൻ ഹോട്ടലുകാർ പിന്നാലെ ഓടിയിരുന്നെങ്കിൽ വേറൊരു കഥ കൂടി പിറന്നേനെ, ഉണ്ടായില്ല.

ഞാൻ അതേ സ്പീഡിൽ തിരിച്ചോടി, സൽക്കാരയിലേക്ക്.
വെള്ളപ്പവും മീൻക്കറിയും ആരും എടുത്ത് കൊണ്ടുപോയിട്ടില്ല… അവിടെത്തന്നെയുണ്ട്. കുഞ്ഞമ്മ സുകൃതം, ഛെ മുൻജന്മ സുകൃതം. പോയ ട്രെയിൻ എനിക്ക് ബാഗ് തിരിച്ചുതരാൻ റിവേഴ്‌സ് എടുത്ത് വരാൻ പോണില്ലാത്തത് കൊണ്ട് ഞാൻ അവിടിരുന്നു അത് വിശദമായി കഴിച്ചു. ഇതിനിടെ ഞാൻ സ്റ്റജിലിനെ വിളിച്ചു എടുക്കുന്നില്ല… നാലും മൂന്നും ഏഴ് കോളുകൾ, അനക്കമില്ല.

ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞാൻ നേരെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലുള്ള റെയിൽവെ പോലീസിന്റെ ഓഫീസിലേക്ക് ചെന്നു.
ഓറഞ്ചിന്റെ മണം, ഓഫീസർ ഇരുന്ന് തിന്നുകയാണ്, കഷ്ടം… ഡ്യൂട്ടി ടൈമിൽ, ഒഫീഷ്യൽ ചെയറിൽ. എനിക്കും രണ്ട് അല്ലി തന്നു… ഓറഞ്ച് നല്ലതാണ്, പ്രത്യേകിച്ചും ഡ്യൂട്ടി സമയം, സ്ട്രെസ് കുറയ്ക്കും.
അല്ലികൾ ആമാശയത്തിലെത്തിയപ്പോൾ ഞാനെന്റെ ആഗമനോദ്ദേശ്യം അദ്ദേഹത്തെ അറിയിച്ചു.
“ബാഗിൽ എന്താണ് ഉള്ളത്”
“ഒന്നുമില്ല സർ, ഒരു ജോഡി ഡ്രസ് മാത്രേയുള്ളൂ”
“ഇനി വടകരയാണ് ആർ.പി.എഫ് ഔട്ട് പോസ്റ്റ് ഉള്ളത്… ഞാൻ അവിടെ വിളിച്ച് ബാഗ് എടുത്ത് വെക്കാൻ പറയാം. അവിടെ നിന്ന് ബാഗ് കളക്റ്റ് ചെയ്യാൻ ആരെങ്കിലുമുണ്ടോ?”
എനിക്ക് ജിത്തുവിനെ ഓർമ്മ വന്നു. ആത്മാർഥതയുടെ നിറകുടം, പതിനഞ്ച് ലിറ്റർ.
“ഉണ്ട് സർ”
ഞാൻ ഫോൺ എടുത്ത് ജിത്തുവിനെ വിളിച്ച് കാര്യം പറഞ്ഞു, വടകര സ്റ്റേഷന് അടുത്താണ് അവന്റെ വീട്… അവൻ കാര്യങ്ങൾ ഏറ്റെടുത്തു.
“ഞാൻ എന്നിട്ട് ബാഗുമായി ഇപ്പൊതന്നെ കോഴിക്കോട്ടേക്ക് വരണോടാ?”
അതങ്ങനെയൊരു ആത്മാർഥതാ കുമാരൻ.
“വേണ്ടടാ… നീ ഇതിനായിട്ട് വരണ്ട, എപ്പോഴെങ്കിലും വരുമ്പൊ കൊണ്ടുവന്നാൽ മതി.”
ആശ്വാസമായി, ഓൾ സോർട്ടട്.
ആ ഓഫീസർ വടകര ആർ.പി.എഫ് ലേക്ക് വിളിച്ച് മെസ്സേജ് പാസ് ചെയ്തു. ഞാൻ കമ്പാർട്ട്മെന്റിന്റെ ഏകദേശ ലാന്റ്മാർക്കും ജ്യോഗ്രഫിയും ബാഗിന്റെ ഐഡന്റിഫിക്കേഷൻ മാർക്കുകളും നൽകി. അതിനുശേഷം എന്റെയും ജിത്തുവിന്റെയും നമ്പറുകൾ അവിടെ കൊടുത്തിട്ട്, ഓറഞ്ചിന്റെ നാല് കുരുവുമായി പുറത്തേക്ക് നടന്നു.

ഞാൻ സ്റ്റേഷനിൽ നിന്ന് ബസ് കേറി പുതിയ സ്റ്റാന്റിലെത്തിയപ്പോഴാണ് സ്റ്റജിൽ തിരിച്ചുവിളിക്കുന്നത്. ഞാൻ അയാളോട് ബാഗ് ഒറ്റയ്ക്ക് യാത്ര പോയ കാര്യം പറഞ്ഞു.
“പേടിക്കണ്ട… ബാഗ് മിസ്സാവില്ല, ഞാനെല്ലാം സെറ്റ് ചെയ്തിട്ടുണ്ട്” കാര്യങ്ങളെല്ലാം ഞാൻ വിശദീകരിച്ചു.
അവിടുന്നൊരു ഞെട്ടലായിരുന്നു ആദ്യം കേട്ടത്,
“അയ്യോ…. പോലീസുകാർ ബാഗ് കയ്യിൽ കിട്ടിയാൽ എന്തായാലും തുറന്ന് നോക്കും.”
“അതിനിപ്പൊ എന്താ?”
“അതിനുള്ളിൽ സാധനമുണ്ട്!”
‘സുകുയോമി നോ മികോതോ!’ ജപ്പാനിലെ ഒരു ദൈവമാണ്. ഞാൻ വിളിച്ചതാ.. ആ അവസ്ഥയിൽ ജപ്പാനിലെയല്ല, അന്റാർട്ടിക്കയിലുള്ളവരെ നമ്മള് വിളിക്കും.
“പോലീസിന്റെ കയ്യിൽ സാധനം കിട്ടിയാൽ നമ്മൾ രണ്ടാളും പെടും!”
“നമ്മള് രണ്ടാളും?”
“നിന്റെ നമ്പർ സ്റ്റേഷനിൽ കൊടുത്തിട്ടല്ലേ നീ പോന്നത്, നീയിനി എന്റെ നമ്പറും കൊടുക്കില്ലേ?”
‘ശിവനേ… ഇതേത് ജില്ല?’
‘എന്തിനാ ഭക്താ ജില്ലയൊക്കെ അറിയുന്നത്?’
‘ഏത് സബ് ജയിലിൽ റിമാന്റിലായി കിടക്കേണ്ടിവരും എന്നറിയാനായിരുന്നു ഭഗവാനേ’
‘അത് കോഴിക്കോട്.’
സ്റ്റജിൽ ഉറക്കെ പറഞ്ഞു, “എങ്ങനെയെങ്കിലും ബാഗ് പോലീസിന്റെ കയ്യിൽ കിട്ടും മുമ്പ് എടുത്തിരിക്കണം”
ജന്മം കളർഫുളായി…. പൂങ്കുന്നത്തിന്റെ പുലിക്കളി പോലെ.

വടകരക്ക് ഒരു കോൾ പോയി.
“ജീത്തു… ബാഗിനുള്ളിൽ സാധനമുണ്ടെന്നാണ് അതിന്റെ ഉടമസ്ഥൻ പറഞ്ഞത്, പോലീസിന്റെ അടുത്ത് കിട്ടിയാൽ കുടുങ്ങും”
“അതെന്താ?”
“അയാൾക്ക് സ്വർണ്ണക്കടത്താടാ പരിപാടി…”
“വിളിച്ച് പറഞ്ഞത് നന്നായി, ഞാൻ ബാഗ് വാങ്ങിക്കാൻ ഇനി ആർ.പി.എഫിന്റെ അടുത്ത് പോണില്ല.”
“പോയില്ലെങ്കിലും പെടും, എന്റെ നമ്പറിന്റെ കൂടെ നിന്റെ നമ്പറും ഞാനവിടെ കൊടുത്തിട്ടുണ്ട്, നീയും പെടും”
അവൻ നിലവിളിച്ചു,
“അടുത്താഴ്ച എന്റെ ചേച്ചിയുടെ കല്യാണമാണ്”
“അതിനു വേണ്ടി വാങ്ങിച്ച സ്വർണ്ണംവരെ പോലീസുകാര് തൊണ്ടിമുതൽ ആണെന്ന് പറഞ്ഞ് എടുത്തോണ്ട് പോവും” ഞാൻ കണ്ണിൽ ചോരയില്ലാതെ പറഞ്ഞു.
“ഇനി നീ വിചാരിച്ചാൽ മാത്രേ രക്ഷയുള്ളൂ ജിത്തൂ…”
പിന്നെയുണ്ടായത് നിറകുടത്തിന്റെ ഒരു ഉത്രാടപ്പാച്ചിലായിരുന്നു. അവൻ അവന്റെ രണ്ട് കൂട്ടുകാരെയും വിളിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് ഓടി. ഈശ്വരാ…. പ്രതികള് കൂടുകയാണല്ലോ.

ഞാൻ നേരെ ഫോക്കസ് മാളിലേക്ക് കയറി. ഫോണിലെ ‘വേർ ഈസ് മൈ ട്രെയിൻ’ ആപ്പ് തുറന്ന് ട്രെയിനിന്റെ അപ്ഡേറ്റ്സ് നോക്കിക്കൊണ്ടിരുന്നു. തീവണ്ടി മെല്ലെ വടകര സ്റ്റേഷനിലെത്തി.. ഞാൻ ‘ട്രാഫിക്കി’ന്റെ ക്ലെമാക്സിലെ അനൂപ് മേനോനായി. എന്റെ നിർദ്ദേശപ്രകാരം ജിത്തുവും കൂട്ടുകാരും ഏകദേശം ബാഗ് ഉണ്ടാവാൻ സാധ്യതയുള്ള ഭാഗത്ത് മൂന്നിടത്തായി കയറി. അഞ്ച് മിനിട്ട്! ട്രെയിൻ വടകര സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങിയതായി ആപ്പിൽ കാണിച്ചു.
ജീത്തുവിന്റെ അപ്ഡെറ്റ്സ് ഒന്നുമില്ല, അങ്ങോട്ട് വിളിച്ചിട്ടും കിട്ടുന്നില്ല. ചങ്കിടിക്കുന്ന മൊമെന്റുകൾ . ‘വടകര ആർ.പി.എഫിന്റെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടി’ എന്ന പത്രവാർത്തയുടെ താഴെ ഞാനും ജിത്തുവും അവന്റെ രണ്ടു കൂട്ടുകാരും പോലീസുകാരുടെ നടുവിൽ നിൽക്കുന്ന ഒരു ഫോട്ടോ എനിക്ക് കാണാൻ പറ്റി. എന്റെ കയ്യിൽ തന്നെയായിരുന്നുട്ടോ ഡെല്ലിന്റെ ബാഗ്!

ഫോണിലേക്ക് ഒരു നമ്പറിൽ നിന്ന് കോൾ… ഭയം പാർസലായി വന്നു. മനസ്സ് ഒ.ട്ടി.പി പറഞ്ഞുകൊടുത്ത് അതിനെ വാങ്ങിച്ചുവെച്ചു. വേറെ നിവൃത്തിയില്ലാതെ ഞാൻ കോൾ അറ്റന്റ് ചെയ്തു,
“ഹലോ”, ഓറഞ്ച് തന്ന സാറിന്റെ ഹലോ.
“ഹ…. ഹലോ…”
“വടകരയിൽ നിന്ന് വിളിച്ചിരുന്നു… ട്രെയിനിൽ നിന്ന് അവർക്ക് ഒന്നും കിട്ടിയില്ല”
“ആണോ….?”
എനിക്കങ്ങോട്ട് സന്തോഷം വന്ന ഒരു വരവ്!
“ഉം… ഉടമസ്ഥരില്ല എന്ന് കണ്ടപ്പോൾ ആരെങ്കിലും എടുത്തിട്ടുണ്ടാവും.”
“സാരമില്ല സർ…”
“നിങ്ങൾക്ക് കംപ്ലൈന്റ് രജിസ്റ്റർ ചെയ്യണോ?”
‘ഇയാളെന്റെ പുക കണ്ടെ അടങ്ങൂ അല്ലേ’
“വേണ്ട സർ… ഞാനിതൊക്കെ ആ സ്പിരിറ്റിൽ എടുത്തോളാം”
ശരി. അയാള് ഫോൺ വെച്ചു.

ജീത്തുവിന്റെ കോൾ.
“കിട്ടി മോനെ, കയ്യിൽ കിട്ടി!”
അപ്പൊ എന്റെ അക്കൗണ്ടിൽ അമ്പതിനായിരം ഉണ്ടായിരുന്നെങ്കിൽ ജിത്തുവിന് ഒരു ലോഡ് നാഗ്പൂർ ഓറഞ്ച് ഞാൻ വാങ്ങി കൊടുത്തേനെ.
സാധനം ബാഗിൽ തന്നെ ഇല്ലേയെന്ന് ഉറപ്പ് വരുത്തണമല്ലോ… ജിത്തു നേരെ അവന്റെ വീട്ടിലെത്തി കതക് ഒക്കെ കുറ്റിയിട്ട് ബാഗ് തുറന്ന് നോക്കി.
പതിനാല് ചൈനി കീനിയും, പത്ത് കൂൾ ലിപ്പും, രണ്ട് പാൻ പരാഗും!!
ജീത്തു എന്നെ വിളിച്ച തെറിയിൽ എന്റെ വക കൂടി ചേർത്ത് പറയാൻ ഞാൻ ആ കടത്തുകാരനെ വിളിച്ചു,
“അതാണോടാ നാറി നിന്റെ സാധനം? അത് പിടിച്ചാലാണോടാ നമ്മൾ അകത്താവും എന്ന് നീ പറഞ്ഞ് പേടിപ്പിച്ചത്?”
“അതെ. പാൻ പരാഗും ചൈനീ കൈനിയും കേരളത്തില് നിരോധിച്ചതല്ലേ?” ആ ക്രൂരൻ നിഷ്കളങ്കമായി പറഞ്ഞു.
എന്റെ സകല രക്തക്കുഴലുകളും തരിച്ചു.
പക്ഷേ അതിന് മുമ്പ് എനിക്ക് ഒരു കാര്യം കൂടി അറിയണമായിരുന്നു…
“പാൻപരാഗ് കടത്തലാണോ നിങ്ങളുടെ പണി?
“ഏയ്.. അല്ല”
“പിന്നെ നിങ്ങള് കടത്തിന്റെ പരിപാടി എന്ന് പറഞ്ഞത് എന്താ?”
“കാശിന് ആവശ്യം വരുമ്പോ ആളുകളുടെ കയ്യീന്ന് കടം വാങ്ങിക്കും, പിന്നെ തിരിച്ചു കൊടുക്കില്ല… ചോദിച്ച് ചോദിച്ച് മടുക്കുമ്പോ അവരവസാനം എഴുതിത്തള്ളും”
വോവ്, കടത്തിന്റെ പരിപാടി.