ഇത് വായിച്ചുകൊണ്ടിരുന്ന നിങ്ങളുടെ കൂട്ടത്തിൽ ആർക്കെങ്കിലും, നിങ്ങള് പഠിച്ചിരുന്ന കോളേജ് ഒരു പിറന്നാൾ സമ്മാനം നൽകിയതിന്റെ ക്രെഡിറ്റ് അവകാശപ്പെടാൻ ഉണ്ടോ? കുറ്റിപ്പുറം എം.ഇ.എസ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് (സിൻസ് 1994) ഞങ്ങളുടെ ക്ലാസിലെ ഒരാൾക്ക് കൊടുത്തിട്ടുണ്ട്.
ഹാപ്പി ഡേയ്സ് റിലീസായ കൊല്ലം, 2007. ഞങ്ങളുടെ കോളേജ് ജീവിതാരംഭം…
മെയിൻ ഹോസ്റ്റൽ ഫുൾ ആവുമ്പോ കോളേജ് ഗേറ്റിന്റെ നേരെ ഓപ്പോസിറ്റ് ഉള്ള എസ്.കെ.സി.എൽ ലായിരുന്നു ഫസ്റ്റ് ഇയർ സ്റ്റുഡന്റ്സിനെ താമസിപ്പിച്ചിരുന്നത്. കോളേജ് വാടകയ്ക്ക് എടുത്ത ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന കോളേജിന്റെ തന്നെ ഒരു ചെറിയ ഹോസ്റ്റൽ. ഫസ്റ്റ് ഇയേഴ്‌സ് മാത്രമേയുള്ളൂ എന്നത് കൊണ്ട് SKCL കാർക്ക് കുറച്ച് പ്രിവിലേജ് ഒക്കെയുണ്ടായിരുന്നു. അവര് മാത്രമുള്ളൊരു ലോകം… റാഗിങ്ങ് പേടിക്കണ്ട, ഫസ്റ്റ് ഇയർ തൊട്ട് ആർമാദം! അവിടെയാണ് ഇവന്റ് നടക്കുന്നത്, നമ്മുടെ ബർത്ത് ഡേ ബോയുടെ ബർത്ത് ഡേ. ക്ലാസിലെ എന്നല്ല, 2007-11 ബാച്ചിലെ തന്നെ ആദ്യത്തെ പിറന്നാൾ. കുക്കുടന്റെയും നൈസിന്റെയും നേതൃത്വത്തിൽ ഹോസ്റ്റലിൽ നല്ലൊരു പിറന്നാൾ പണി പ്ലാൻ ചെയ്യുന്നുണ്ട് എന്ന് ബർത്ത് ഡേ ബോയ്ക്ക് ഇന്റലിജൻസ് റിപ്പോർട്ട് കിട്ടി. ആ ഒരു ദിവസത്തേക്ക് മെയിൻ ഹോസ്റ്റലിലെ വല്ല റൂമിലും പോയി അഭയം പ്രാപിക്കാം എന്ന് വെച്ചാൽ അവിടെ റാഗിംഗ് കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. കതിന പൊട്ടുന്നത് കണ്ട് പേടിച്ചിട്ട് കമ്പക്കെട്ട് നടക്കുന്നിടത്തേക്ക് ചെന്ന അവസ്ഥയാവും.
ആഘോഷ കമ്മിറ്റി എല്ലാ റൂമുകളിലും കയറി ബക്കറ്റ് പിരിവ് ആരംഭിച്ചു. ഏയ് കാശൊന്നുമല്ല, കയ്യിലുള്ള എന്തെങ്കിലും ആ ബക്കറ്റിലേക്ക് ഒഴിച്ചാൽ മാത്രം മതി. അധികം വൈകാതെ രണ്ട് ബക്കറ്റ് നിറഞ്ഞു… ഉപ്പും മുളകും കോഴിമുട്ടയും, സോപ്പും വിമ്മും ഡെറ്റോളും, വെളിച്ചെണ്ണയും ആവുലോസ് പൊടിയും ബാത്ത്റൂം ക്ളീനറും അടക്കമുള്ള ഒരു വിശേഷപ്പെട്ട കൂട്ട്. ഒന്ന് മുക്കിയെടുത്താൽ അടുത്ത പിറന്നാളിന് വരെ അതിന്റെ നറുമണം നിൽക്കും. രാത്രി പതിനൊന്നര മണിയോടെ ബോയ് നെ പിടിച്ചു കൊണ്ടുവന്നു കസേരയിൽ കെട്ടിയിട്ട് കൃത്യം പന്ത്രണ്ട് മണിയാവുമ്പോ ബക്കറ്റ് തലയിലൂടെ ഒഴിക്കാനായിരുന്നു പ്ലാൻ. പക്ഷേ കെട്ടിയിടൽ നടന്നില്ല, അറ്റാക്ക് പ്രതീക്ഷിച്ചിരുന്ന അവൻ കുതറിയോടി ബാത്ത്റൂമിൽ കയറി വാതില് കുറ്റിയിട്ടു. പുറത്ത് വെച്ചിട്ടുണ്ടായിരുന്ന ബക്കറ്റിലെ മണം അടിച്ചിട്ട് തന്നെ അവന് ഓക്കാനം വന്നു തുടങ്ങിയിരുന്നു, അവൻ അകത്തുനിന്നും അരുതേ അരുതേയെന്ന കെഞ്ചി പറഞ്ഞു… ആരോട് പറയാൻ, ആര് കേൾക്കാൻ.
പക്ഷേ പന്ത്രണ്ട് മണി ആവാറായിട്ടും ബർത്ത് ഡേ ബോയിനെ പുറത്തിറക്കാൻ മറ്റു ബോയ്സിന് കഴിഞ്ഞില്ല. ഒടുവിൽ ബാത്ത്റൂമിന്റെ ഫാൾസ് സീലിംഗ് വലിച്ചൂരി അതിലൂടെ ബക്കറ്റ് അങ്ങ് കമിഴ്ത്തി. ഒരു നിമിഷത്തെ നിശബ്ദത, പിന്നെ ഒരു അലർച്ചയോടെ അവൻ വാതിൽ തുറന്നു. ബാലയ്യ സിനിമകളിൽ ബാലയ്യയുടെ ഇൻട്രോ പോലെ പുറത്തേക്കൊരു വരവ്! വില്ലന്മാർ ഭയന്ന് മുറിയ്ക്ക് പുറത്തേക്കോടി. ബാത്ത്റൂമിന് അടുത്ത് നിറച്ചു വെച്ചിട്ടുണ്ടായിരുന്ന രണ്ടാമത്തെ ബക്കറ്റും എടുത്ത് അവൻ ഓടിയവരുടെ പിറകെ ചെന്ന് ഒറ്റ വീശി ഒഴിക്കൽ!
അതാ, മഞ്ഞലയിൽ മുങ്ങി തോർത്തി നിൽക്കുന്നു, ഹോസ്റ്റൽ വാർഡൻ അടക്കം രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാർ (വിത്ത് എം.ടെക്)! പിറന്നാളാഘോഷ കമ്മിറ്റി അപ്പോഴേക്കും ഓടി ഒരു റൂമിൽ കയറിയിരുന്നു. സാറന്മാർക്ക് സാരമായിട്ട് തന്നെ കിട്ടി, ഒച്ചപ്പാടും ബഹളവും കേട്ട് കേറി വന്നതിന് നല്ലൊരു ക്ഷാമബത്ത.
പുതിയാപ്ല കോര മസാല പുരട്ടി വെച്ച പോലെ മൂന്നുപേരും പരസ്പരം നോക്കി നിന്നു. നല്ല ടെണ്ടറി ലുക്ക്, ഇനി പൊരിച്ചാ മതി.വാർഡനല്ലാത്ത മറ്റേ സർ, കൃത്യ സമയം നോക്കി വായ ചെറുതായൊന്നു തുറന്നു കൊടുത്തത് കൊണ്ട്, അണ്ണാക്കിലും അന്നനാളത്തിലും ആമാശയത്തിലും വരെ സംഗതി എത്തിക്കാൻ പറ്റി, വികൃതികുട്ടൻ! മാമു കുളിക്കുന്ന പതിനെട്ടു മൂലികകൾ അടങ്ങിയ മെഡിമിക്സിന് പക്ഷേ രുചിച്ചു നോക്കുമ്പോൾ വഞ്ചി ചാളയുടെ ടേസ്റ്റാണെന്ന് സാർ ഞങ്ങൾക്ക് പിന്നീട് പറഞ്ഞുതന്നു. ഒരു ടീ ടേസ്റ്ററോ വൈൻ ടെസ്റ്ററോ ആവാനുള്ള കഴിവുണ്ടായിരുന്നു, വെറുതെ ഞങ്ങളെ പഠിപ്പിക്കാൻ വന്ന് പ്രതിഭ നശിപ്പിച്ചു.
ബർത്ത് ഡേ ബോയ് അടക്കം കണ്ടാലറിയുന്ന ഏഴു പ്രതിഭാസങ്ങളെ പട്ടും വളയും നൽകി ആദരിക്കാൻ പ്രിൻസിപ്പാൾ, റൂമിലേക്ക് വിളിപ്പിച്ചു. ചെന്നുകേറിയതും പ്രിൻസിയുടെ വക ഇംഗ്ലീഷിൽ പൊരിഞ്ഞ ചീത്ത, മെറ്റാലിക്കയുടെ പാട്ട് മ്യൂസിക്കില്ലാതെ കേട്ട മാതിരി. ഒടുവിൽ നേരത്തെ പറഞ്ഞ പിറന്നാൾ സമ്മാനവും കൊടുത്തു, ഏഴുപേർക്കും ഒരാഴ്ച സസ്പെൻഷൻ! കോളേജിന്റെ ചരിത്രത്തിൽ തന്നെ കോളേജിൽ ചേർന്നിട്ട് ഏറ്റവും വേഗത്തിൽ സസ്പെൻഷൻ വാങ്ങിച്ച റിക്കോഡും അങ്ങ് ഇട്ടു. വെറും നൈസ്! പിടുത്തം വിട്ട പിറന്നാള് എന്നൊക്കെ പറയുന്നത് ഇതിനെയാണ്.
പെട്ടെന്ന് കനത്ത ഒരു വാസന ആ മുറിയിലാകെ പരന്നു… പച്ച ചാണകത്തില് വാർണിഷടിച്ച പോലൊരു സ്മെല്ല്. നോക്കുമ്പോൾ ആ രണ്ട് സാറന്മാർ വന്നതാണ്. ഏയ് കുളിക്കാഞ്ഞിട്ടല്ല, അവരുടെ കയ്യിലുള്ള ബക്കറ്റിൽ നിന്നാണാ മണം… പ്രിൻസിപ്പാൾക്ക് റിപ്പോർട്ട് ചെയ്യാൻ കൊണ്ടുവന്ന ബാക്കിയുള്ള തൊണ്ടി മുതല്!
“ഇതാണ് സർ ഇവന്മാർ ഒഴിച്ചത്”
അത് കണ്ടതും പ്രിൻസിപ്പാൾ മൂക്കല്ല, കഴുത്തിലുണ്ടായിരുന്ന ഐഡി കാർഡ് ഒറ്റ പൊത്തൽ.
“എന്താ സാർ?”
“ഐഡി കാർഡില് എന്റെ ഡേറ്റ് ഓഫ് ബെർത്ത് ഉണ്ട്.”
കൃത്യം, വ്യക്തം… സ്പഷ്ടം.