എസ്.കെ എന്ന് വിളിക്കുന്ന ഒരു പരിചയക്കാരനുണ്ടെനിക്ക്. കഴിഞ്ഞ ആഴ്ച ഒരു റെസ്റ്റോറന്റിൽ വെച്ച് യാദൃശ്ചികമായി കണ്ട് സംസാരിക്കുന്നതിനിടെയാണ് നമ്മളുടെ ഒരു കോമൺ ഫ്രണ്ടിന്റെ കല്യാണക്കാര്യം ഓർക്കുന്നത്, ഞങ്ങൾ രണ്ടാൾക്കും ക്ഷണമുണ്ട്. എന്നാ നമുക്ക് ഒപ്പം പോവാമെന്ന് എസ്.കെ. എനിക്കാണെങ്കിൽ ഒരു ഔൺസ് താല്പര്യം പോലുമില്ല അച്ഛങ്ങായിടെ കൂടെ പോവാൻ. വേറൊന്നുമല്ല, എല്ലാർക്കും ഉണ്ടാവുമല്ലോ എവിടെ ചെന്നാലും സൗഹൃദങ്ങളും പരിചയക്കാരും ഉള്ളൊരു കൂട്ടുകാരൻ. എസ്.കെയും അതാണ്‌ ഐറ്റം. കൂടെ എവിടേക്ക് പോയാലും ആളുകൾ ഇയാളോട് വന്നു സംസാരിക്കും, വിശേഷങ്ങൾ തിരക്കും… എസ്‌.കെ ഒരു പ്രഭാവലയത്തിലിങ്ങനെ ആറാടി നിൽക്കും. നമ്മളോ, കസ്തൂരിമാൻ കസീനോയില് പോയ പോലെ ചുറ്റും നോക്കിയും. ആരെങ്കിലും വന്ന് നമ്മളോടൊന്നു സംസാരിച്ചെങ്കിൽ എന്ന് കരുതിപ്പോവുന്ന വല്ലാത്ത മൊമെന്റ്സ്. ശരിക്കും ഇതിനൊക്കെയാണ് ഒരു മൊബൈൽ ആപ്പ് വേണ്ടത്, വല്ല ഇവന്റിനും പോയിട്ട് ആരും മിണ്ടാനില്ലാതെ പോസ്റ്റായിനിൽക്കുന്ന രണ്ടുപേരെ തമ്മിൽ കണക്റ്റ് ചെയ്യാൻ.

പക്ഷെ ഞാറാഴ്ച എനിക്ക് എസ്‌.കെയുടെ കാറിൽ ഒരുമിച്ച് ആ കല്യാണത്തിന് പോവേണ്ടി വന്നു. മൊത്തത്തില് വൻ സെറ്റ് അപ്പ്. പത്ത് ഐറ്റം വെൽക്കം ഡ്രിങ്ക്സും, അമ്പത് ഐറ്റം ഫുഡും, ബക്കലാവയും ലുകൈമത്തും മുട്ടമാലയുമുള്ള സ്നാക്സ് കൗണ്ടറും, കുതിരവണ്ടിയിലെ കപ്പിൾ എൻട്രിയും, സിൽവർ ക്രിസ്റ്റൽ പാസേജ് ഒക്കെയുള്ള പ്രീമിയം ഡിക്കോറും, ലൈവ് വയലിൻ ബിജിഎമ്മും, ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസേഴ്സിന്റെയും ഫുഡ് വ്ലോഗ്ഗെഴ്സിന്റെയും കവറേജും ഒക്കെയടങ്ങിയ ഒരു ഗ്രാന്റ് വെഡിങ്. എന്റെ ഭാഗ്യത്തിന് അത് എസ്‌.കെയുടെ ടെറിട്ടറിക്ക് പുറത്തുള്ള ഒരു സ്ഥലമായതുകൊണ്ട് പരിചയക്കാരുടെ എണ്ണവും വലുപ്പവും കൊണ്ട് എസ്.കെ ക്ക് ഷോ ഇറക്കാൻ പറ്റിയില്ല. മൂപ്പർക്കിനി ഫോൺ വിളിച്ച് വല്ലവരെയും വിളിച്ച് വരുത്താതെ നോ രക്ഷ, നോ പ്രഭാവലയം.

ഫുഡ് കൗണ്ടറിൽ ഞങ്ങൾ ഒരുമിച്ച് ഭക്ഷണം വാങ്ങിക്കാൻ ലൈനിൽ നിൽക്കുമ്പോൾ ആണ് ഞാൻ ആ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ലോഗോ ശ്രദ്ധിക്കുന്നത്. അടിച്ചു മോനെ! എന്റെ കൂടെ പഠിച്ച കൂട്ടുകാരൻ ഉവൈസിന്റെ സ്വന്തം സ്ഥാപനമാണ് അത്.
“ഇതെന്റെ ഫ്രണ്ടിന്റെ കമ്പനിയാ”
“ആണോ, കൊള്ളാം… എല്ലാം നന്നായി ഓർഗനൈസ് ചെയ്തിട്ടുണ്ട്” എന്ന് എസ്‌.കെ.
എനിക്കങ്ങോട്ട് പൂത്തില്ലേ… ഉവൈസിനെ കൊണ്ട് ഇങ്ങനൊരു പ്രയോജനമുണ്ടാവുമെന്ന് വിചാരിച്ചതല്ല.
മുന്നോട്ട് നീങ്ങിയപ്പോൾ ആദ്യത്തെ ഡിഷ്‌ വിളമ്പിതരുന്ന കാറ്ററിങ്ങ് പയ്യനോട് ഞാൻ എസ്.കെ കേൾക്കെ മെയിനാവാൻ വേണ്ടി ചോദിച്ചു,
“ഉവൈസ് ഇല്ലേ?”
അവനുണ്ട് അപ്പുറത്ത് നിൽക്കുന്ന മറ്റൊരു സ്റ്റാഫിന്റെ ചെവിയിൽ എന്തോ ചോദിക്കുന്നു. എന്നോട് മറുപടി പറഞ്ഞത് രണ്ടാമനാണ്,
“ഉണ്ടായിരുന്നു സാർ, തീർന്നുപോയതാ“
നടുപ്പേജ് കീറി!
‘ഗസ്റ്റ് ചോദിക്കുമ്പോൾ ഒരു ഐറ്റവും ഇല്ലെന്ന് പറയരുത്, ഇപ്പൊ തീർന്നുപോയതേ ഉള്ളൂ’ ന്ന് പറയണം ന്ന് ഉവൈസ് തന്നെ ശട്ടം കെട്ടിയതാവാനാണ് സാധ്യത.
എനിക്ക് ഭക്ഷണം പ്ളേറ്റിലെത്തുന്നതിന് മുമ്പേ തന്നെ വയറു നിറഞ്ഞു.
തികച്ചും മാന്യനായ എസ്‌.കെ ആ സമയം എന്റെ മുഖത്തേക്ക് നോക്കിയിട്ടുണ്ടാവും എന്നു ഞാൻ കരുതുന്നില്ല (ഞാൻ അങ്ങോട്ട് നോക്കിയാലല്ലേ അത് കാണാൻ പറ്റൂ) പക്ഷെ മടക്കയാത്ര കഴിഞ്ഞ് കാറിൽ നിന്നിറങ്ങി ഞാൻ യാത്ര പറയുമ്പോ എസ്.കെന്റെ മുഖത്തൊരു പ്രത്യേക സൈസ് ചിരി ഉണ്ടായിരുന്നതായി തോന്നി. തോന്നലാവും.

കാർ മുന്നോട്ടെടുത്ത ഉടനെ ഞാൻ ഉവൈസിനെ വിളിച്ചു,
“അളിയാ… നീ ജോലിക്ക് എടുക്കുന്നവർ ഓണറിന്റെ പേര് പഠിച്ചിരിക്കണം എന്നൊന്നും ഞാൻ പറയില്ല, പക്ഷെ ഒരു പേര് കേട്ടാൽ അത് മനുഷ്യന്റെ ആണോ, പലഹാരത്തിന്റെ ആണോ ന്ന് മനസ്സിലാവുന്നവരായാ നന്നായിരിക്കും“
അവന്റെ അടുത്ത് നിന്ന് ഒറ്റ മറുപടിയെ വരാനുണ്ടായിരുന്നുള്ളൂ…
”ഓക്കേ ഡാ, വല്ല ഇവന്റും ഉണ്ടെങ്കിൽ പറയ്“
ഇനി ഇതിലും വലിയ എന്ത് ഇവന്റ്!

തിരിച്ചെത്തിയിട്ട് ജിമ്മിൽ വർക്ഔട്ടിനു പോയിട്ടും വീട്ടിൽ വന്ന് കുളിച്ചിട്ടും ആ മാറ്ററങ്ങോട്ട് മറക്കാൻ കഴിഞ്ഞില്ല. മനസ്സാകുന്ന ലുലുമാളിലെ ഏതോ ഒരു എസ്‌കലേറ്ററിൽ ഇങ്ങനെ ഇറങ്ങുകയും കേറുകയും ചെയ്യുന്നു. ഒരാശ്വാസം കിട്ടാൻ ഞാൻ ഇക്കാര്യം കിടക്കാൻ നേരം വൈഫിനോട് പറഞ്ഞു. അവളാശ്വസിപ്പിച്ചു,
“പോട്ടെ അത്രയല്ലേ സംഭവിച്ചുള്ളൂ. അവര് കിച്ചണിൽ പോയി എന്തെങ്കിലും കലക്കിയൊഴിച്ചു കുക്ക് ചെയ്തിട്ട് ഉവൈസ് ആണെന്ന് പറഞ്ഞു പ്ലേറ്റിലാക്കി തന്നിരുന്നെങ്കിലോ?
‘എന്റെ പുസ്തകം ഫുള്ള് കീറിയേനെ!’