“അമ്പത് ലിറ്റർ സാമ്പാറിന് എന്താ വില?”
“സാമ്പാറിനിപ്പോ…. ങ്ങേ!”
പിന്നെയാണ് എനിക്ക് ബോധം വീണത്, ഒരു ഇനോവേറ്റീവ് മൊബൈൽ ആപ്ലിക്കേഷൻ ഐഡിയയും, അത് വെച്ചൊരു മില്ല്യൻ ഡോളർ ബിസിനസ് പ്ലാനും കയ്യിലുണ്ടെന്ന് പറയുന്ന അവൻ എന്ത് ഉലക്കയ്ക്കാണ് പെട്ടെന്ന് സാമ്പാറിന്റെ അങ്ങാടി നിലവാരം ചോദിച്ച് വോയ്സ് മെസേജ് അയക്കുന്നത്? അതും ഇന്നത്തെ ദിവസം തന്നെ!

ചെക്കൻ എന്റെ കൂട്ടുകാരനാണ്, ജിഷ്ണു. പാലക്കാട് നിന്ന് വരുന്ന തലച്ചോറ് നിറച്ച് ഐഡിയാസുള്ള അവനെയും, പിറവത്ത് നിന്ന് വരുന്ന മടിശീല നിറച്ച് കാശുള്ള ഇൻവസ്റ്ററിനെയും കണക്റ്റ് ചെയ്ത് കൊടുക്കൽ എന്നൊരു പരിപാടി ഞാൻ ഏറ്റെടുത്തിരുന്നു. വെറും പരോപകാരം. പനമ്പിള്ളി നഗറിലെ ഒരു കഫേയിൽ പിറവം ചേട്ടൻ ഉച്ചക്ക് പന്ത്രണ്ട് മണി എന്ന് ടൈം പറഞ്ഞപ്പോൾ, ഞാൻ ജിഷ്ണുവിനോട് പതിനൊന്നുമണി എന്ന് കള്ളം പറഞ്ഞു. അഥവാ ഇനി അവൻ ലേറ്റായാലും മേയ്ക്ക് അപ്പ് ചെയ്യാൻ സമയമുണ്ടല്ലോ… കുഞ്ഞ് ടാക്ടിക്സ്.
സമയം പത്തരയായപ്പോൾ, ജിഷ്ണുവിന്റെ ‘കുറച്ച് ലേറ്റാവും’ എന്ന മെസേജ് കണ്ട് എന്ത് പറ്റിയെന്ന് തിരിച്ച് ചോദിച്ചപ്പോഴാണ്, അവനാ സാമ്പാറിന്റെ വോയ്സ് മെസേജ് അയച്ചത്. സ്വാഭാവികമായും എനിക്ക് ഞെട്ടി അവനെ ഫോൺ വിളിക്കേണ്ടി വരുമല്ലോ…
“ജിഷ്ണു… നീ എവിടെയാണ്, അയാള് ഇവിടെ എത്താറായി”
“ഞാൻ ഓൺ ദി വേ ആണ്, പക്ഷേ ലേറ്റാവും”
“പിന്നെ നീ എന്തിനാടാ സാമ്പാറിന്റെ വില ഒക്കെ അന്വേഷിക്കുന്നത്?”
“അറിയുമെങ്കിൽ ഒന്ന് പറഞ്ഞതാടാ… പുളിശ്ശേരിയുടെ റേറ്റും വേണം”
അവൻ ഫോൺ വെച്ചു. ‘ശേടാ… ഒരു ബിസിനസ്സ് മീറ്റും സാമ്പാറും പുളിശ്ശേരിയും തമ്മിലെന്ത് ബന്ധം?’
എനിക്ക് മറ്റേത് അടക്കാനായില്ല, ജിജ്ഞാസ.
ഞാൻ ക്യാറ്ററിംഗ് ഒക്കെ നടത്തുന്ന എന്റെ ഫ്രണ്ട് ഉവൈസിനെ വിളിച്ചു. ഇനി അതിന്റെ രണ്ടിന്റെയും വില അറിയാഞ്ഞിട്ട് ജിഷ്ണു ലേറ്റാവണ്ട.
“ഉവൈസേ… അമ്പത് ലിറ്റർ സാമ്പാർ, അമ്പത് ലിറ്റർ പുളിശ്ശേരി”
“എന്നത്തേക്കാ, എവിടെ എത്തിക്കണം?”
അതങ്ങനെ ഒരു ബിസിനസ്മാൻ.
“ഓഡർ അല്ല, അതിന്റെ വില അറിയാനാണ്”
“അങ്ങനെ പുളിശ്ശേരിയും സാമ്പാറും മാത്രമായി വിൽക്കുന്നൊരു പതിവില്ല”
“എന്നാലും ഒരു ഏകദേശ കണക്ക് പറയ്”
“സാമ്പാർ അമ്പത് ലിറ്ററിന് രണ്ടായിരത്തിയഞ്ഞൂറ്, പുളിശ്ശേരിക്ക് രണ്ടായിരവും കൂട്ടിക്കോ”
കട്ട് ടു ജിഷ്ണു,
അവൻ എക്സ്ക്ലമേഷൻ മാർക്കിട്ട് ഒരു ‘അയ്യോ’ എന്നു പറഞ്ഞ് ഫോൺ വെച്ചു.
എനിക്ക് ജിജ്ഞാസ കൂടി. അതും അമ്പത് ലിറ്റർ ജിജ്ഞാസ കൂടിയാണെന്ന് ഓർക്കണം.
ഒരു കറി മൊബൈൽ ഫോണിൽ സ്കാൻ ചെയ്താൽ ആ കറിയിൽ ചേർത്ത ഉപ്പിന്റെയും മുളകിന്റെയും, മസാലയുടെയും, പച്ചക്കറികഷണങ്ങളുടെയും ഒക്കെ ഗ്രാം വെച്ചിട്ടുള്ള കണക്കും, അന്നത്തെ ദിവസത്തെ അതിന്റെയൊക്കെ മാർക്കറ്റ് റേറ്റ് ഫെച്ച് ചെയ്ത് ആ കറിയുടെ ടോട്ടൽ മാനുഫാക്ചറിംഗ് കോസ്റ്റും കാണിക്കുന്ന ഒരു മൊബൈൽ ആപ്പ് ആയിരിക്കുമോ ഇനി അവന്റെ ഐഡിയ?

ഈ ജിഷ്ണു ഒരു പേര് കേൾപ്പിക്കുന്ന ഫുഡ്ഡി ആണ്. ഒരു റെസ്റ്റോറന്റ് തുടങ്ങണം എന്നൊരാഗ്രഹം കരളിനുള്ളിൽ കർപ്പൂര തുളസി പോലെ നട്ടുവളർത്തുന്നുമുണ്ട്. തന്മൂലം കൊണ്ടുതന്നെ, ഏത് റെസ്റ്റോറന്റിൽ കയറിയാലും അവനൊരു പരിപാടിയുണ്ട്. ഭക്ഷണം ഓർഡർ ചെയ്ത ശേഷം പെർമിഷൻ ചോദിച്ച് അവരുടെ കിച്ചണിൽ കയറി ഓരോ ഭക്ഷണവും പാകം ചെയ്യുന്നത് കാണുക, പാചക രീതികളെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കുക, അടുപ്പത്തിരിക്കുന്ന ചെമ്പുകൾ ചട്ടുകം വെച്ച് ഇളക്കുക തുടങ്ങിയവയായിരുന്നു അത്. ഒരു തരം ഭക്ഷണവൈകൃതം.

നമ്മുടെ കഥ നടക്കുന്ന ദിവസം അവൻ യാത്രയ്ക്കിടയിൽ ഭക്ഷണം കഴിക്കാൻ കയറിയത് ചാലക്കുടി അടുത്തുള്ള ഒരു വെജ് ഹോട്ടലിലാണ്. അടുക്കളയൊക്കെ കയറി കണ്ട് ഭക്ഷണവും കഴിച്ച് കാറിന് അടുത്തെത്തിയപ്പോൾ വണ്ടിയുടെ താക്കോലില്ല!അവൻ നേരെ അവന്റെ അമ്മയ്ക്ക് ഫോൺ ചെയ്തു,
“അമ്മേ… ഞാൻ കാറിന്റെ താക്കോലു വീട്ടിൽ മറന്നു വെച്ചു ന്നാ തോന്നണത്, ഒന്ന് നോക്കൂ”
ജിഷ്ണുവിന്റെ അമ്മക്ക് ജിഷ്ണുവിനെ പോലെ ഓട്ടോമൊബൈൽസിനെ പറ്റിയുള്ള അറിവോ ഡ്രൈവിംഗ് എന്ന കഴിവോ ഇല്ലായിരുന്നെങ്കിലും അവനില്ലാത്ത ഒരു സാധനം ഉണ്ടായിരുന്നു, ബോധം!
“താക്കോലില്ലാതെ നീ എങ്ങനെയാ മോനെ ചാലക്കുടി വരെ പോയത്?“
”സോറി, റോങ്ങ് നമ്പർ“ അവൻ ഫോൺ വെച്ചു.

എനിക്ക് ലൈഫിൽ പറ്റുന്ന അബദ്ധങ്ങളും മണ്ടത്തരങ്ങളും വായിച്ചും കേട്ടുമറിയുന്ന ചിലർ പറയുന്ന ഒരു ഡയലോഗുണ്ട്,
‘നിന്നെ കൊണ്ടേ സാധിക്കൂ’ എന്ന്. പക്ഷെ എനിക്ക് അഭിമാനത്തോടെ തിരിച്ച് പറയാൻ കഴിയും,
അല്ലാ, എന്റെ ചില കൂട്ടുകാരെ കൊണ്ടും സാധിക്കും!

പിന്നെയാണ് ജിഷ്ണു അടുക്കളയിൽ കയറി ഇളക്കിയ രണ്ട് ചെമ്പുകൾ അവന്റെ മനസ്സിലൂടെ മിന്നി മറഞ്ഞത്…. ഒന്ന് സാമ്പാർ, രണ്ട് പുളിശ്ശേരി!
മസിലു പിടിച്ചിട്ട് ഇളക്കിയ സമയത്ത് ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഏതിലേക്കാണ് കാർ കീ വീണത് എന്നവന് ഓർമ്മയില്ല.
ഈയിടെയായി എന്തിനും ഏതിനും ചാറ്റ് ജിപിറ്റിയെ ആശ്രയിക്കുന്ന അവൻ ആദ്യം അവിടെത്തന്നെ ചോദിച്ചു. ഇലക്ട്രോണിക് സർവൈവൽ പോയന്റ് ഓഫ് വ്യൂവിൽ പുളിശ്ശേരിയാണ് കാറിന്റെ ചാവിക്ക് കൂടുതൽ ദോഷകരമെന്ന് ചാ ജി. പുളിശ്ശേരിയിൽ സാമ്പാറിലില്ലാത്ത തൈരിന്റെ കണ്ടന്റുണ്ട്, സാമ്പാറിനേക്കാൾ തിൻ ലിക്ക്വിഡ് ആയതുകൊണ്ട് ഈസിയായിട്ട് ഉള്ളിൽ കേറും തുടങ്ങിയ ഇൻഫോർമേഷൻസ് മാത്രമല്ല, ഹോട്ടലുകാരുടെ അടുത്ത് നിന്ന് അടി കിട്ടാതെ എങ്ങനെ സാധനം തിരിച്ചെടുക്കാം എന്നുവരെ ജിപിറ്റിയണ്ണൻ പറഞ്ഞുകൊടുത്തു. അണ്ണൻ ഉയിർ!

ചെറിയൊരു സഭാകമ്പത്തോടെ അവൻ വീണ്ടും കിച്ചണിൽ എത്തി… കുറച്ച് മുന്നത്തെ മുൻപരിചയം വെച്ച് പ്രധാന പാചകക്കാരൻ അവനെ നോക്കി പുഞ്ചിരിച്ചു, അവൻ അത് രണ്ടാക്കി തിരിച്ചുകൊടുത്തിട്ടു പറഞ്ഞു,
“എന്താണെന്ന് അറിയില്ല, മനസ്സ് ഈ അടുക്കള വിട്ടുപോവാൻ കൂട്ടാക്കുന്നില്ല… ഞാൻ ചേട്ടന്റെ സാമ്പാർ ഒന്നുകൂടെ ഇളക്കിക്കോട്ടെ?”
‘ഹോ എന്തൊരു കുലീനൻ, കസ്റ്റമേഴ്സ് ആയാ ഇങ്ങനെ വേണം’ കുക്ക് മനസ്സിലോർത്തു.
ജിഷ്ണു സമ്പാർ തലങ്ങും വിലങ്ങും ഇളക്കി ചട്ടുകം പൊന്തിച്ചു നോക്കി. സാധനം സാമ്പാറിലില്ല. നേരെ പുളിശ്ശേരിയിലേക്ക് ഫോക്കസ് ചെയ്യാൻ പോവുമ്പോഴായിരുന്നു ആ കാഴ്ച കണ്ടത്, പുളിശ്ശേരി അടുപ്പിൽ നിന്നിറക്കി പാത്രങ്ങളിലേക്ക് കമിഴ്ത്തുന്നു. ഊണിന്റെ സമയം ആയിക്കഴിഞ്ഞിരുന്നു.
കീ ഫോബിന്റെ കൂടെയുള്ള യൂണികോണിന്റെ കീചെയിൻ വെള്ളരിക്ക കഷ്ണം ആണെന്ന് കരുതി ആരെങ്കിലും വിഴുങ്ങിയാൽ ചിലവ് രണ്ടായിരത്തിൽ നിക്കില്ല!

ഏകദേശം പതിനൊന്നര കഴിഞ്ഞപ്പോൾ എനിക്കവന്റെ കോൾ വന്നു.
“ചാവി കിട്ടി. പുളിശ്ശേരിയിൽ തന്നെ ഉണ്ടായിരുന്നു.”
“എങ്ങനെ?”
“അവസാന നിമിഷം ഞാനാ കുക്കിനോട് സത്യം പറഞ്ഞ് ഒരു അഞ്ഞൂറ് രൂപയും കൂടെ കൊടുത്തപ്പോ അയാള് എടുത്ത് തന്നു”
“എന്നിട്ട്”
“അയാള് അതേ പുളിശ്ശേരി തന്നെ എല്ലാവർക്കും വിളമ്പി”
മിടുക്കൻ, മിടുമിടുമിടുക്കൻ.

പക്ഷേ പ്രശ്നം തീർന്നിട്ടില്ല, കീ ഉപയോഗിക്കാൻ പറ്റില്ല… കാറും. അവന് ഇനി ബസ്സൊക്കെ കിട്ടിയിട്ട് വേണം ഇൻവെസ്റ്റർ മീറ്റിങ്ങിനു വരാൻ… രണ്ട് മണിക്കൂറിൽ കൂടുതലെടുക്കും.
“നീ അയാളോട് ഞാൻ ലേറ്റാവും എന്ന് വിളിച്ച് പറ.”
“എന്ത് കാരണം പറയും?”
“ഇത് പറയാൻ പറ്റില്ലേ?”
“ഫുഡ് കഴിക്കാൻ കയറിയ ഹോട്ടലിന്റെ അടുക്കളയിലിരിക്കുന്ന കറി ചെമ്പിൽ, നിന്റെ കാറിന്റെ കീ വീണ കഥയൊക്കെ കുറച്ച് അൺ നാച്വറൽ അല്ലേ? ഇതെങ്ങനെ ഞാനാ പിറവംകാരനെ പറഞ്ഞു മനസ്സിലാക്കും ജിഷ്ണു?”
“ഇത് പറയണ്ട, നീ കഥയൊക്കെ എഴുതുന്ന ആളല്ലേ…. കുറച്ചുകൂടെ ബിലീവബിൾ ആയ വല്ല നുണയും പറ”

അയാള് വീട്ടിൽ നിന്നിറങ്ങിയിട്ടുണ്ടാവരുതേ എന്നു പ്രാർഥിച്ച് ഞാൻ ഫോൺ വിളിച്ചു..
“ചേട്ടൻ ഇറങ്ങിയോ?”
“ഇറങ്ങി..”
“മീറ്റിംഗ് നമുക്ക് രണ്ടരയ്ക്ക് ആക്കിയാലോ?”
“അതെന്ത് പറ്റി?”
“ജിഷ്ണു… വരുന്ന വഴിക്ക്, ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടലിൽ കേറിയിരുന്നേ… അവിടെ വെച്ച്”
“അവിടെ വെച്ച്?”
ദിനോസറിന്റെ ശബത്തിൽ അയാള് ചോദിച്ചു.
“അവന്റെ സിബ്ബ് കുടുങ്ങി”
ക്വയറ്റ് നാച്ചറൽ. ഏതൊരു പുരുഷനും ബിലീവ് ചെയ്യും.

വാൽകഷ്ണം : ചാലക്കുടിയിലെ ആ ഹോട്ടലിൽ അന്നത്തെ പുളിശ്ശേരിക്ക് പതിവില്ലാത്ത ഒരു രുചിയായിരുന്നത്രെ. താൻ വെച്ചൊരു കറിക്ക് അത്രയും കോംപ്ലിമെന്റ്സ് കിട്ടിയിട്ടില്ലാത്ത ആ കുക്ക് പിറ്റേന്ന് തോട്ട് പുളിശ്ശേരി ചെമ്പിൽ CR 2032 കോയിന്റെ ബാറ്ററി കുറച്ച് നേരം ഇട്ടു വെക്കാൻ തുടങ്ങിയോ എന്തോ. ബാറ്ററിയും തൈരും വെള്ളരിക്ക കഷ്ണങ്ങളും തമ്മിൽ ചേർന്ന് ഒരു നമ്മൾക്കൊന്നും അറിയാത്ത ഒരു റിയാക്ഷൻ ചിലപ്പോൾ നടക്കുന്നുണ്ടെങ്കിലോ.