കഴിഞ്ഞ കൊല്ലം ഒരു പൂരാടത്തിന്റെ അന്നാണ് തുടങ്ങുന്നത്. ഒരു തെലുങ്കാന നമ്പറിൽ നിന്നെനിക്ക് ഒരു കോൾ വന്നു.
‘ഈശ്വരാ രാജമൗലി ആയിരിക്കണേ’ എന്നു പ്രാർത്ഥിച്ച് ഞാൻ ഫോണെടുത്തു.
കിച്ചൻ സിങ്കിലെ ടാപ്പ് തുറന്നുവിട്ടത് പോലെ നിർത്താതെ എന്തൊക്കെയോ പറയുന്നു, പ്രജ സിനിമയിലെ ഒന്നര പേജ് ഡയലോഗ് തെലുങ്കിൽ കേൾക്കുന്ന ഫീല്.
“കുടമാറ്റം നന്നായത് പാറമേക്കാവിന്റെ ആണെങ്കിലും വെടിക്കെട്ട് നന്നായത് തിരുവമ്പാടിയുടെയാ” എന്നുപറഞ്ഞ് ഞാൻ ഫോൺ വെച്ചു. പിന്നെയും വന്നു പിന്നീടുള്ള നാളുകളിൽ വെവ്വേറെ നമ്പറുകളിൽ നിന്ന് പല പല കോളുകൾ, എല്ലാം തെലുങ്ക്. വിളിക്കുന്ന എല്ലാവരും കോമൺ ആയി പറയുന്ന ഒരു വാക്ക് ഞാൻ കഷ്ടപെട്ട് കണ്ടുപിടിച്ചു, ‘സാരി’. എക്സ്ക്ലമേഷൻ മാർക്ക് എന്റെ മുഖത്ത് വന്നു.
പിന്നീട് വാട്സാപ്പിലും… ‘ഹലോ അക്കാ’ എന്നു വിളിച്ച് കുറെ മെസേജുകൾ വരും. പിന്നെ പല തരം സാരികൾ പിടിച്ച് നിൽക്കുന്ന ആരുടെയൊക്കെയോ ഫോട്ടോകളും. ഇൻസ്റ്റഗ്രാം വഴി സാരി വിൽക്കുന്ന ഒരു പേജിടുന്ന റീൽസിന്റെ സ്ക്രീൻഷോട്ടുകളാണ് എന്ന് പിന്നീട് മനസ്സിലായി. അവരിടുന്ന റീൽസിന്റെ കൂടെ ഡിസ്പ്ലേ ചെയ്യുന്ന അവരുടെ ഫോൺ നമ്പറാണ് പ്രശ്നം, 9995 ആണ് എന്റെ മൊബൈൽ നമ്പറിന്റെ തുടക്കം, അവരുടെ 9959 ഉം. ബാക്കി എല്ലാ നമ്പറും ഒരുപോലെ.

വല്ല പ്രധാനപ്പെട്ട വർക്കിലോ, മീറ്റിങ്ങിലോ ഒക്കെ ഇരിക്കുമ്പോഴായിരിക്കും സാരിയുടെ വിലയും സ്റ്റോക്കും തിരക്കി കോളുകളും മെസേജും വരുന്നത്. സത്യം പറയാലോ, എന്നെ മലയാളം ഫിലിം ഇൻസ്ട്രിയിൽ നിന്നു പോലും ഇത്രയും ആൾക്കാർ കൊണ്ടാക്റ്റ് ചെയ്യാറില്ല. ഇത് ആ സാരി വില്പനക്കാരോട് പറഞ്ഞിട്ടും കാര്യമില്ല… അവർ കൊടുക്കുന്ന നമ്പർ കറക്ട് തന്നെ ആണല്ലോ. വിളിക്കുന്നവരെയാണ് നാല് പറയേണ്ടത്.
പക്ഷേ ഞാനിതൊക്കെ വളരെ ലൈറ്റ് ആയിട്ടേ എടുക്കാറുള്ളൂ… എല്ലാം ഓരോ ജീവിതാനുഭവങ്ങളാണല്ലോ. ഒരു ദിവസം ‘സാർ ഐ ആം കാളിങ് ഫ്രം ഹൈദരാബാദ്’ എന്ന് പറഞ്ഞ ഒരു തെലുഗു പ്രൊഡ്യൂസറിനെ ‘നമ്പർ നോക്കി ഡയൽ ചെയ്യടാ നാറീ… നമ്പർ തെറ്റാതെ അടിക്കാൻ അറിയാത്തവർ കടയിൽ പോയി സാരി വാങ്ങിച്ചോണം…’ എന്നൊക്കെ ഇംഗ്ലീഷിൽ ചീത്ത വിളിച്ചതുപോലുള്ള മനോഹര അനുഭവങ്ങൾ. എങ്കിലും ഞങ്ങളിപ്പോൾ നല്ല കമ്പനിയാണ് ട്ടോ, എന്നെങ്കിലും ഹൈദരാബാദ് വരുമ്പോൾ ‘നേരിട്ട് കാണണം’ എന്ന് പറഞ്ഞിട്ടുണ്ട് (ദൈവത്തിനറിയാം എന്തിനാണെന്ന്)


ആഴ്ചയിൽ രണ്ട് മുതൽ അഞ്ച് ഓർഡറുകൾ വരെ എനിക്ക് വരാറുണ്ട്. നമ്പർ മാറിയിട്ട് എനിക്കിത്രേം ഓർഡറുകൾ വരുന്നുണ്ടെങ്കിൽ അവർക്ക് എത്ര ഓർഡറുകൾ കിട്ടുന്നുണ്ടാവും എന്ന തോട്ടിലാണ് എന്റെ മനസ്സിൽ ഒരു ബിസിനസ് ഐഡിയ രൂപപെടുന്നത്.
സംഭവം ഇതാണ്, സൂറത്തിൽ നിന്നോ കാഞ്ചിപുരത്തു നിന്നോ വിലക്കുറവിൽ കുറച്ച് സാരികൾ വാങ്ങിച്ച് വെച്ചശേഷം, ആളുകൾ സ്റ്റോക്ക് ഉണ്ടോയെന്ന് ഫോട്ടോ അയച്ച് ചോദിക്കുമ്പോൾ ‘അത് കഴിഞ്ഞുപോയി, വേറെ പുതിയ സ്റ്റോക്ക് വന്നിട്ടുണ്ട്’ എന്ന് പറഞ്ഞിട്ട് കയ്യിലുള്ള സാരികളുടെ ഫോട്ടോകൾ തിരിച്ചയച്ചു കൊടുക്കുക. എന്നിട്ട് ഓർഡർ തന്നാൽ കാശ് ജിപേ ചെയ്യിപ്പിച്ച് സാരിയും അയച്ചുകൊടുക്കുക. ഇഷ്ടപെട്ടാൽ അവര് പിന്നെ വേറെ സാരി വിൽപ്പനക്കാരെ തേടി പോവത്തും ഇല്ല. ഫ്രം അഡ്രസ് കണ്ട് സംശയം തോന്നാതിരിക്കാൻ ‘മീ ഓർഡേർസ് അന്നി മാ മലപ്പുറം ബ്രാഞ്ച് നുണ്ടി ഷിപ് ചെസ്റ്റുനാം’ എന്നെഴുതി ഒട്ടിച്ചാൽ മതിയല്ലോ. അതെ… തെലുങ്കൊക്കെ പഠിച്ചു, പത്മരാജനെ പോലൊരു എഴുത്തുകാരനാവാൻ ആഗ്രഹിച്ച്, പട്ടാഭിരാമനെ പോലൊരു ടെക്സ്റ്റയിൽ മുതലാളിയാവാനാണോ യോഗം എന്ന് ആര് കണ്ടു.