രാജീവൻ പുലരിമഞ്ഞ്.
പേര് കേൾക്കുമ്പോ ഏതോ ഹിറ്റ് നാടകത്തിന്റെ പേരിൽ അറിയപ്പെടുന്ന മെയിൻ നടൻ ആണെന്നൊക്കെ തോന്നുമെങ്കിലും ചരിത്രം അതല്ല. ടാവ് മോഷ്ടാവാണ്… പുലരി മഞ്ഞത്ത് കക്കാൻ കേറുന്നതായിരുന്നു കിടാവിന്റെ രീതി. അങ്ങനെയാണ് രാജീവൻ പുലരിമഞ്ഞാവുന്നത്.
കളിയാക്കാൻ പറ്റില്ല… ചില എഴുത്തുകാർക്ക് എഴുതാൻ പാട്ട് കേൾക്കണമെന്നും, ചില ചിത്രകാരന്മാർക്ക് കടൽതിര കണ്ടേ വരക്കാൻ പറ്റൂ എന്നൊക്കെയുള്ള നിർബന്ധങ്ങൾ ഉണ്ടെങ്കിൽ, തലയിൽ മഞ്ഞ് വീണാലേ കക്കാൻ കഴിയൂ എന്ന് ഒരു കള്ളനും പറയാം.
പക്ഷേ ജീവിതകാലം മുഴുവൻ കക്കാനൊന്നും നമ്മടെ രാജീവൻ തീരുമാനിച്ചിട്ടില്ല. കാനറയിലെ സേവിംഗ്സ് അകൗണ്ടിൽ ഇരുപത് ലക്ഷം തികഞ്ഞാൽ അത് വെച്ച് ഒരു സംരഭം തുടങ്ങാനായിരുന്നു രാജീവന്റെ പദ്ധതി. പിന്നീട് മൾട്ടിപ്പിൾ സെക്റ്ററുകളിലേക്ക് ബിസിനസ് വ്യാപിപ്പിച്ച് നാടാരാധിക്കുന്ന ഒരു കോർപറേറ്റ് ആവുക. പുലരിമഞ്ഞ് ട്രാവൽസ്, പുലരിമഞ്ഞ് സ്റ്റുഡിയോ, പുലരിമഞ്ഞ് ഫിനാൻസ്, പുലരിമഞ്ഞ് യൂട്യൂബ് ചാനൽ, പുലരിമഞ്ഞ് എന്റർടൈൻമെന്റ്സ്, Pu Ma ഷൂസ്, Pu Ma ഷർട്ട്… അങ്ങനെ ഉറക്കമില്ലെങ്കിലും സ്വപ്നങ്ങൾക്കൊന്നും രാജീവന് ഒരു കുറവുമുണ്ടായിരുന്നില്ല.
പക്ഷേ ഇതൊന്നുമുണ്ടായില്ല, വേറൊന്നാണ് ഉണ്ടായത്. മൊബൈലിന്റെ സിം ഇജക്ടർ മുതൽ മൊബൈൽ ടവറിന്റെ ജനറേറ്റർ വരെ മോഷ്ടിക്കുന്ന പെരുംകള്ളനായ രാജീവൻ ഈ വർഷത്തെ ഞങ്ങളുടെ പഞ്ചായത്തിലെ മികച്ച പൗരനുള്ള അവാർഡ് സ്വന്തമാക്കി. ഏഴായിരം രാജൻ സ്പോൺസർ ചെയ്യുന്ന അയ്യായിരം രൂപയും, മയൂര ഫാൻസിയിൽ നിന്ന് വാങ്ങിക്കുന്ന ഫലകവുമായിരുന്നു അവാർഡ്. രക്തത്തിൽ നെഗറ്റിവിറ്റി ഉള്ളവർക്ക് ‘ഇതെന്തൊരു നാടാണെന്ന്’ തോന്നാം, രക്തത്തിൽ ക്യൂരിയോസിറ്റിന്റെ അംശമുള്ളവർക്ക് ‘ഒരു കള്ളനെങ്ങനെ നാട്ടിലെ ബെസ്റ്റ് പൗരനായി’ എന്നും തോന്നാം…
ഒരു മഞ്ഞില്ലാത്ത പുലരിയിൽ രാജീവൻ, പ്രകാശൻ മാഷിന്റെ വീട്ടിൽ കക്കാൻ കയറിയതായിരുന്നു ഇതിനൊക്കെ കാരണം.
ഭാര്യയുടെ മരണശേഷം മോള് നിത്യ റാസൽഖൈമയിലേക്കുള്ള എമിറേറ്റ്സും, മോൻ സന്തോഷ് ബാംഗ്ലൂരിലേക്കുള്ള യശ്വന്ത്പൂരും കയറി പോയതോടെ ആ വലിയ വീട്ടിൽ പ്രകാശൻ മാഷ് ഒറ്റയ്ക്കാണ്. എല്ലാ മലയാളമാസം ഒന്നാന്തിയും തലേന്ന് വീട് പൂട്ടി ഗുരുവായൂര് തൊഴാൻ പോവുന്ന ഒരു പതിവുണ്ട് ആ കണക്ക് മാഷിന്. ഇതറിയാവുന്ന രാജീവൻ കന്നി മാസം ഒന്നിന് പുലർച്ചെ, ‘നിത്യാ നിവാസിസിൽ’ ബ്രേക്ക് ഇൻ ചെയ്തു. അടുക്കള വാതിലിന്റെ ലോക്ക് തകർത്ത് അകത്ത് കയറിയ രാജീവൻ മെല്ലെ ഹാളിലേക്ക് നടന്നു. ഹാളിൽ കാണുന്ന വെളിച്ചം, വീട് പൂട്ടിയിട്ടു പോവുന്ന എല്ലാ ബുദ്ധിമാന്മാരും വീട്ടിൽ ആളുണ്ട് എന്ന് കാണിക്കാൻ ചെയ്യുന്ന സൈക്കോളജിക്കൽ മൂവ് ആയേ രാജീവൻ കരുതിയുള്ളൂ. പക്ഷേ മുയല് മൂത്രത്തിൻ്റെ മണമുള്ള റൂം ഫ്രഷ്ണറുള്ള ആ ഹാളിൽ എത്തിയപ്പൊ അതാ, കുട്ടി ബനിയനും കളർ ലുങ്കിയും ഉടുത്ത് പ്രകാശൻ മാഷ് ലാപ്ടോപ്പിന് മുന്നിൽ കൈകൾ പൊക്കി ഇരിക്കുന്നു!
രാജീവൻ ഫെവിക്കോളിൽ വീണ ഫ്ലെമിംഗോയെ പോലെ ഫ്രീസായി നിന്നു. എന്നാൽ രാജീവനെ കണ്ട് പ്രകാശൻ മാഷ് അലറിയോ? അതുമില്ല.
രാജീവന് കരിയറിൽ ഇങ്ങനൊരു അനുഭവമുണ്ടായിട്ടില്ല, ഒരു പ്രത്യേക കേസ് സ്റ്റഡി.
പ്രകാശൻ മാഷിനെ രണ്ട് ഹിന്ദിക്കാർ വീഡിയോ കോൾ വിളിച്ച് മഹാരാഷ്ട്ര പൊലീസ് ആണെന്ന് പരിചയപ്പെടുത്തി ഡിജിറ്റൽ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്ന സമയമായിരുന്നു അത്. ബാംഗ്ലൂരിലുള്ള മകന് കൂവപ്പൊടി കൊറിയർ ചെയ്ത മാഷിനെ, കൊക്കൈൻ കിട്ടി എന്ന് പറഞ്ഞ് അവര് വിരട്ടി വെച്ചിരിക്കുകയാണ്… അവർ സ്ക്രീനിന്റെ മുന്നിൽ നിന്ന് മാഷിനെ അനങ്ങാൻ വിടില്ല. അനങ്ങിയാൽ വീടിന് പുറത്ത് ഇരച്ചുകയറാൻ കാത്തിരിക്കുന്ന കമാന്റോസ് ഉണ്ടെന്നായിരുന്നു മാഷിനോട് അവർ പറഞ്ഞിരുന്നത്. ആ സമയത്താണ് രാജീവൻ വീടിനകത്ത് കയറിയത്. പ്രകാശൻ മാഷിന്റെ ഒരവസ്ഥ, വീഡിയോ കോളിൽ പോലീസ്, വീടിനകത്ത് കള്ളൻ!
കോളിലുള്ളത് രാജീവനേക്കാൾ വലിയ കള്ളന്മാരാണ് എന്നറിയാതെ മാഷ് അവരോട് തന്നെ സഹായം ചോദിച്ചു,
“സാർ, വീട്ടിൽ കള്ളൻ കയറി, കമാന്റോസിനോട് ഉള്ളിലേക്ക് വരാൻ പറ”
രാജീവൻ അതേ നിൽപ്പ് നിന്നു, വെടി കൊണ്ട് തുള വീഴാതിരിക്കാൻ.
ഹിന്ദികാർക്ക് പാളി. അവരും കരിയറിൽ ആദ്യമായാണ് ഇങ്ങനെ ഒരു സിറ്റുവേഷൻ അഭിമുഖീകരിക്കുന്നത്, ഗൗരവം വിടാതെ ഹിന്ദിയിൽ തന്നെ മറുപടി പറഞ്ഞു,
“ഞങ്ങളുടെ കമാന്റോസിന് അങ്ങനെ കള്ളനെ പിടിക്കാൻ ഒന്നും പെർമിഷൻ ഇല്ല.”
“എന്നാ ഞാൻ അയൽവാസികളെ വിളിച്ച് കൂട്ടട്ടെ?”
വീണ്ടും പാളി.
“അതും പറ്റില്ല.”
മാഷിന് പൊളിഞ്ഞു, അതുവരെ വിരണ്ട് വെള്ളിവെട്ടിയിരുന്നിരുന്ന മാഷ് ചൂടായി, “പിന്നെ കള്ളൻ കക്കുന്നതും നോക്കി ഞാൻ ഇവിടെ ഇരിക്കണമെന്നാണോ നിങ്ങൾ പറയുന്നത്?”
അതോടെ മാഷ് എന്തോ പ്രശ്നത്തിൽ പെട്ടിരിക്കുകയാണ് എന്ന് രാജീവന് തോന്നി. രാജീവൻ ഒരു നാട്ടുകാരന്റെ സ്വാതന്ത്ര്യമെടുത്ത് ചോദിച്ചു,
“എന്താ മാഷേ പ്രശ്നം?”
“എന്നെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാടാ”
പതിയെ നടന്നു വന്ന് സ്ക്രീനിൽ നോക്കിയ രാജീവന് പെട്ടെന്ന് കാര്യം മനസ്സിലായി, ഡിഐജിയുടെ തൊപ്പിയും ഡിവൈഎസ്പിയുടെ നക്ഷത്രവും! കള്ളനെത്ര പോലീസിനെ കണ്ടതാ.
ആ നിമിഷത്തിലാണ് രാജീവൻ അവാർഡിന് അർഹമായ ആ ഡയലോഗ് പറയുന്നത്,
“എടാ മരമണ്ടൻ മണുങ്ങൻ മാഷേ, കാശും മാനവും പോവണ്ടെങ്കിൽ ലാപ്ടോപ് അടച്ച് വെച്ച് എഴുന്നേറ്റോ, ഇത് കള്ളന്മാരാണ്!”
പ്രകാശൻ മാഷിന്റെ അകൗണ്ടിൽ ഉണ്ടായിരുന്ന ലക്ഷങ്ങൾ, കപ്പിനും ഒറ്റിപി ക്കും ഇടയിലാണ് ആ തട്ടിപ്പുകാർക്ക് നഷ്ടമയത്. ഹിന്ദി കള്ളന്മാർക്ക് മലയാളി കള്ളന്റെ പാര. മാഷ് ഹാപ്പിയായി, പക്ഷേ ഞങ്ങളിപ്പോൾ ഒരു പ്രതിസന്ധിയിലാണ്. അടുത്താഴ്ച നടക്കാനിരിക്കുന്ന അവാർഡ്ദാന ചടങ്ങിനിടെ, രാജീവനെ സ്റ്റേജിലേക്ക് വിളിക്കുമ്പോൾ, പ്രകാശൻ മാഷിന്റെ വീട്ടിൽ കൃത്യസമയത്ത് പ്രത്യക്ഷപ്പെട്ട രാജീവൻ ആ വീട്ടിൽ കക്കാൻ കേറിയതാണ് എന്ന് പറയാൻ പറ്റില്ലല്ലോ… അതുകൊണ്ട്, വെളുപ്പാൻകാലത്ത് രാജീവൻ ആ വീട്ടിൽ കേറിയതിന് ബിലീവബിളായിട്ടുള്ളൊരു റീസൺ വേണം…. കുറച്ചെണ്ണം ഞങ്ങളുണ്ടാക്കി വെച്ചിട്ടുണ്ട്,
1. പന്ത്രണ്ടിന്റെ ഗുണനപട്ടിക പഠിക്കാൻ.
2. പ്രകാശൻ മാഷിനെ ബർത്ത് ഡേക്ക് ക്ഷണിക്കാൻ.
3. ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചത്.
4. പട്ടി ഓടിച്ചപ്പോൾ എറിയാൻ കല്ലുണ്ടോന്ന് ചോദിക്കാൻ കേറിയത്.
5 ജിമ്മിൽ പോവുന്ന വഴിക്ക് നേന്ത്രപ്പഴം തിന്നാൻ തോന്നിയപ്പോൾ കയറിയത്.
ഇതിലും നല്ലത് വല്ലതും നിങ്ങളുടെ ചിന്താമണ്ഡലത്തിൽ തെളിയുകയാണെങ്കിൽ പറയുക… നാടിന്റെ യശ്ശസിന്റെ കേസാണ്.
–

Leave a Reply