സിനിമ മനുഷ്യന്മാരെ സ്വാധീനിക്കുമോ ഇല്ലയോ എന്ന ചർച്ചകൾ എല്ലാ കാലത്തും നടക്കുന്ന ഒന്നാണല്ലോ. നമ്മുടെ ഒരു പരിചയക്കാരൻ ഗിരിയെ സിനിമ സ്വാധീനിച്ചത് വല്ലാത്ത ഒരു രീതിയിലായിരുന്നു. 1999 മാർച്ചിൽ, എഫ്.ഐ.ആർ സിനിമ റിലീസ് ഡേ ക്ക് തിരൂർ ഖയാമിൽ നിന്നാണ് ഗിരി ആദ്യം കാണുന്നത്. വില്ലൻ നരേന്ദ്ര ഷെട്ടിയും ആ ബി.ജി.എമ്മും ഗിരിയുടെ ഉള്ളിൽ കേറിയപ്പോൾ അതേ സിനിമ വീണ്ടും വീണ്ടും കാണാൻ ഗിരി തിയേറ്ററിൽ കേറിയത് പതിനാല് തവണ. അതിൽ പന്ത്രണ്ടാമത്തെ തവണ കാണാൻ തിയേറ്ററിൽ പോയപ്പോഴാണ് പിൽക്കാലത്ത് ഭാര്യ ആയ രേഖയെ കാണുന്നതും ഇഷ്ടപെടുന്നതും. അതോടെ ഗിരിയുടെ ജീവിതരേഖയിൽ എഫ്.ഐ.ആർ സിനിമയ്ക്കുള്ള പ്രസക്തി കൂടി.

ഇതൊക്കെ ഏതൊരു സിനിമാ പ്രേമിയുടെ ജീവിതത്തിലും സംഭവിക്കാൻ സാധ്യത ഉള്ളതൊക്കെ തന്നെയേയുള്ളൂ എന്നു വിചാരിച്ചെങ്കിൽ തെറ്റി.
ഗിരിക്കും രേഖയ്ക്കും ആദ്യത്തെ കുട്ടി ഉണ്ടായപ്പോൾ ആയിരുന്നു പ്രശ്നം, കൊച്ചിന് നരേന്ദ്ര ഷെട്ടി എന്നു പേരിടണം എന്ന തീരുമാനം ഗിരി ഉറക്കെ പ്രഖ്യാപിച്ചു. നരേന്ദ്രഷെട്ടിയുടെ സ്റ്റൈലും കരിസ്മയും കോൺഫിഡൻസും ഇനി ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ അതും, ഗിരിയെ അത്രമേൽ സ്വാധീനിച്ചിരുന്നു. ഭാര്യ അടക്കം എല്ലാ ബന്ധു മിത്രാദികളും ഒരേ ഉടക്ക്. ഒരടി പിന്നോട്ട് പോവില്ലെന്ന് ഗിരിയും… ഇനി പിന്നോട്ട് പോയാൽ തന്നെ ഗിരിധർ ബർവ്വ, ഈ രണ്ടു പേരുകൾ അല്ലാതെ മൂന്നാമതൊരു പേരില്‍ തന്റെ കുട്ടി അറിയപ്പെടരുതെന്നു ഗിരി തറപ്പിച്ചു പറഞ്ഞു. സ്വന്തം പുത്രിയുടെ കുടുംബജീവിതം സന്തോഷകരമാവാൻ വേണ്ടി രേഖയുടെ അച്ഛൻ ഒരു ഓഫർ വെച്ചു, കുട്ടിക്ക് വേറെന്തെങ്കിലും പേരിട്ടാൽ തന്റെ എഫ്.ഡി പൊട്ടിച്ച് ഗിരിക്ക് അമ്പതിനായിരം തരാമെന്ന ഫാദർ ഇൻ ലോയുടെ ഡീലിന് കൈകൊടുത്ത് ഗിരി കോലാഹലം അവസാനിപ്പിച്ചു. വൈ…? ദാറ്റ് ഇസ് മണി, മണി മേക്സ് പവർ. പവർ മാനിപുലേറ്റ്സ് എവരിതിങ്.


നമ്മളൊക്കെ ചെറിയ കുട്ടികളെ ‘ട്ടു ട്ടു ഡു’എന്ന് പറഞ്ഞല്ലേ കളിപ്പിക്കുക ഇവൻ, ‘ട്ടു ട്ടു ഡു, ട്ടു ട്ടു ഡു, ട്ടു ട്ടു ഡു ഡു ഡു’ വിൽ തുടങ്ങി ആ ബിജിഎം മുഴുവനാക്കും.

ഗിരിയെ കണ്ടിട്ട് കുറച്ച് നാളായിരുന്നു… എഫ്.ഐ.ആർ റീ-റിലീസ് ചെയ്യണം എന്ന് പറഞ്ഞ് ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ ഗിരിയുടെ പോസ്റ്റുകൾ കാണാം. എന്താണെന്നറിയില്ല, ഞാൻ അൺഫോളോ ചെയ്തതോടെ അതും കാണാതായി. അതിനിടയിലാണ് ഇത് സംഭവിക്കുന്നത്.
ഭാര്യയും മാതാപിതാക്കളും കൂട്ടുകാരും വിചാരിച്ചിട്ടും മാറാതിരുന്ന ഗിരിയുടെ ഷെട്ടി പ്രേമം ഒരു ചെറിയ വയറ് വേദന വന്നതോടെ നിന്നു.

ഗിരിയുടെ ആ വയറുവേദന… ആശുപത്രിയും ഇഞ്ചക്ഷനും ഹൊറർ സിനിമകളേക്കാൾ പേടിയുള്ള ഗിരി കുറച്ച് ദിവസം ക്ഷമിച്ചു, രക്ഷയില്ല.
തന്റെ പൊട്ട് സൈലൻസറുള്ള സസ്‌പ്ലെണ്ടറിൽ ഗിരി അടുത്തുള്ള ഒരു ആയുർവേദ ക്ലിനിക്കിലേക്ക് പോയി. അവിടെച്ചെന്ന് ഒരു ഫിസിഷ്യന് ടോക്കൻ എടുത്ത് കാത്തിരിക്കുമ്പോഴായിരുന്നു അത്, ബിജിഎം ഇല്ലാതെ നരേന്ദ്രഷെട്ടി നടന്നുവരുന്നു! എഫ്.ഐ.ആറിൽ നരേന്ദ്രഷെട്ടിയായി പകർന്നാടിയ രാജീവ് എന്ന നടന്റെ ഛായയുള്ള ഒരു തമിഴ് ഡോക്ടർ. ഗിരി കയ്യിലുണ്ടായിരുന്ന ടോക്കൻ ക്യാൻസൽ ചെയ്തിട്ട് ഷെട്ടി കോർപറേഷനിലേക്ക് ടോക്കൻ എടുത്തു.

അകത്തുകയറിയ ഗിരിയെ ഡോക് വിശദമായി പരിശോധിക്കുമ്പോൾ അവനാ ഡോക്ടറെ ഇമവെട്ടാതെ നോക്കി ഇരുന്നു. സോളിഡ് കളർ കുർത്തയും, ഗോൾഡൻ ഹാഫ് റിം കണ്ണടയും വെച്ച്, ആ താടി കൂടി ഒന്ന് ഷേവ് ചെയ്താൽ കറക്ട് നരേന്ദ്ര ഷെട്ടി. ഡോക്ടർ തമിഴിൽ ഗിരിയോട് എന്തൊക്കെയോ ചോദിച്ചു, ഗിരി മലയാളത്തിൽ മറുപടി പറഞ്ഞു. ഡോക്ടർ മരുന്നൊന്നും എഴുതിയില്ല, നമ്മുടെ അയമോദകത്തിന് തമിഴിൽ ഓമം എന്നാണ് പറയുക…. വയറുവേദന മാറാൻ ഗിരിയോട് ഓമം കഴിക്കാൻ ആണ് ഡോക്ടർ പറഞ്ഞത്, ഗിരി കേട്ടത് ‘ഹോമം കഴിക്കണം’ എന്നും!
“ഓ കഴിക്കാം ഡോക്ടർ”
ഡോക്ടർ അതൊരു കുറിപ്പടിയായി എഴുതിക്കൊടുത്തു. ഗിരിക്ക് അസുഖം മാറുന്നതിന് മുൻപ് തന്നെ തൃപ്തിയായി, ഈ ഡോക്ടറിനെ തന്നെ ഫാമിലി ഡോക്ടർ ആക്കണം. മരുന്നുകളുടെ ചുവയും, ഇഞ്ചക്ഷന്റെ വേദനയും സഹിക്കണ്ട, ഹോമം മാത്രം കഴിച്ചാൽ മതിയല്ലോ. തങ്കം സാർ അവര്!

ഡോക്ടർ നൽകിയ കുറിപ്പടിയുമായി ഗിരി പോയത് മന്ത്രവാദി ഉണ്ണിസ്വാമിയുടെ അടുത്തേക്കാണ്. ആയുർവേദ ഡോക്ടറുടെ ചീട്ട് നോക്കിയ ഉണ്ണിസ്വാമി പൊട്ടിച്ചിരിച്ചില്ല, മൂന്നാല് ഹോമം അങ്ങോട്ട് കഴിച്ചു. നരേന്ദ്ര ഷെട്ടിയേക്കാൾ വലിയ ബിസിനസ് മൈൻഡ്. പത്തിരുപത്തിയഞ്ച് രൂപയ്ക്ക് തീരേണ്ട ഗിരിയുടെ വയറുവേദനയ്ക്ക് ചിലവായത് പതിനയ്യായിരം!
ഹോമത്തിന്റെ പ്രസാദവും കൊണ്ട് ഗിരി വീട്ടിൽ ചെന്നപ്പോഴാണ് പക്ഷെ ശരിക്കും സിനിമാറ്റിക്കായത്… കാര്യമറിഞ്ഞ ഗിരിയുടെ അമ്മ വടിയെടുത്തിട്ട്, ഭീമൻ രഘു വെട്ടുന്നത് പോലെ ലുക്ക് കൊടുക്കാതെ നാല് വീശൽ, നാലും നടുമ്പുറത്ത് തന്നെ കൊണ്ടു.