ആർക്കെങ്കിലും ബാങ്കിലെയോ മറ്റ് ഓഫീസുകളിലെയോ കൗണ്ടറിൽ പോയി ക്യൂ നിന്നിട്ട് അവസാനം നമ്മുടെ ഊഴം വരുമ്പോൾ കൃത്യമായിട്ട് അവിടുത്തെ സ്‌ട്രാപ്ലറിൻ്റെ പിൻ തീരുക, പ്രിന്ററിന്റെ മഷി തീരുക, സ്വൈപ്പിംഗ് മെഷീനിന്റെ ചാർജ് കഴിയുക തുടങ്ങിയ പ്രതിഭാസങ്ങൾ സംഭവിക്കാറുണ്ടോ?
സമയം എപ്പഴും ബെസ്റ്റ് ആയതുകൊണ്ട് എനിക്കത് സ്ഥിരമാണ്. മൾട്ടിപ്പിൾ കൗണ്ടറുകൾ ഉള്ള സ്ഥലമാണെങ്കിൽ വേഗത്തിൽ ഒഴിവാവാൻ വേണ്ടി ക്യൂ ചൂസ് ചെയ്യുന്നതിന്റെ മുൻപ് ആദ്യം അവിടെയിരിക്കുന്ന ഓരോ സ്റ്റാഫിന്റെയും എഫിഷ്യൻസിയും വേഗതയും നോക്കുന്ന ഒരു പതിവുണ്ട് എനിക്ക്. എന്നിട്ടും പറ്റും, നല്ല എ ക്ലാസ് പറ്റുകൾ.

‘ഗുരുവായൂരമ്പല നടയിൽ’ ന്റെ ദുബായ് ഷെഡ്യൂൾ ഷൂട്ടിങ്ങിന് പോവാനായി നെടുമ്പാശ്ശേരി എയർപോർട്ട് ഇമിഗ്രേഷനിൽ നിൽക്കുന്ന ക്യൂ. എന്റെ ആദ്യത്തെ ഇമിഗ്രേഷൻ കൗണ്ടർ എക്പീരിയൻസ്.
ഞാനാണെങ്കിൽ അബുദാബിയിൽ നിന്ന് ഒരു വയസ്സ് തികയും മുൻപ് നാട്ടിലേക്ക് വന്ന്, മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ജന്മനാട്ടിലേക്ക് പോവുന്ന ആ ഒരു എക്സൈറ്റ്മെന്റിലാണ്. മുപ്പത്തിമൂന്നു വർഷം കഴിഞ്ഞുള്ള യാത്രയാണെന്നു അറിയുമ്പോൾ ഇവിടുത്തെ ഉദ്യോഗസ്ഥൻ വിഷ് ചെയ്യുമെന്നും, യു.എ.യി ലെ ഉദ്യോഗസ്ഥൻ ‘വെൽകം ബാക്ക്’ എന്നും പറയുമെന്നൊക്കെയായിരുന്നു എന്റെ മനസ്സിൽ. പക്ഷേ എന്റെ കൗണ്ടറിൽ ഡയമണ്ട് കട്ട് മീശയും, പുരികം ഡിവൈഡ് ചെയ്യുന്ന പഴയൊരു സ്റ്റിച്ചിന്റെ പാടുമുള്ള ഒരു അസാധ്യ ഗൗരവക്കാരൻ ചെങ്ങായി ആയിരുന്നു ഇമിഗ്രേഷൻ ഉദ്യോഗസ്ഥനായിട്ട് ഉണ്ടായിരുന്നത്.


ക്യൂവിൽ മുന്നിലുണ്ടായിരുന്ന ഒരാളുടെ പാസ്പോർട്ട് നോക്കി ഡയമണ്ട് കട്ട് മീശക്കാരൻ, അയാൾക്കെതിരെ വർഷങ്ങൾക്ക് മുൻപ് സൗദിയിലെ സ്പോൺസർ കൊടുത്ത എന്തോ കേസുണ്ടെന്ന് പറഞ്ഞ് ചോദ്യം ചെയ്തു ഒടുവിൽ വേറൊരു ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ആ പാവത്തിനെ അപ്പുറത്തെ ഒരു റൂമിലേക്ക് കൊണ്ടുപോയി. ക്യൂവിലെ അടുത്ത ചെസ്റ്റ് നമ്പർ ചെന്നു നിന്നു. അവന്റെ പേരിൽ നാട്ടിലെ തീർപ്പാവാത്ത ഒരു രാഷ്ട്രീയ സംഘർഷത്തിന്റെ പൊലീസ് കേസുണ്ടെന്ന കാര്യത്തിന് അവനെയും രണ്ടുമിനുട്ട് പിടിച്ച് വിരട്ടി ക്യൂവിൽ നിന്നും മാറ്റി നിർത്തി. ന്യൂക്ലിയർ റിയാക്റ്റർ ലീക്കായ പോലൊരു അന്തരീക്ഷം എന്റെ ആ ക്യൂവിലുണ്ടായിരുന്നവരിൽ ഉണ്ടായി. എക്സൈറ്റ്മെന്റ് എല്ലാം പോയ ഞാൻ ആലോചിച്ചു, എട്ടാം മാസത്തെ എന്റെ ഫ്ലൈറ്റ് യാത്രയിൽ എയർപോട്ടില് മൂത്രമൊഴിച്ച ആ കേസിൽ ലുക്കൗട്ട് നോട്ടീസ് ഉണ്ടായിരിക്കോ?

ഈ കലാപരിപാടി ഒക്കെ കാരണം സമയം പോവുന്നത് കൊണ്ട് ഞാൻ നൈസായി അപ്പുറത്തെ ക്യൂവിലേക്ക് കേറി, അല്ലാതെ പേടിച്ചിട്ടൊന്നും അല്ല. മറ്റേതിലും രണ്ട് ആള് പിറകിലാണ് ഞാൻ ഈ ക്യൂവിൽ. പക്ഷേ ഇവിടുത്തെ ഉദ്യോഗസ്ഥന്റെ മുഖത്ത് പുഞ്ചിരിയൊക്കെയുണ്ട്, ഹാ ഫ്രണ്ട്ലി.
പഴയ ക്യൂവിൽ എന്റെ തൊട്ടുപിന്നിലുണ്ടായിരുന്ന കുടമ്പുളിയുടെ ചിത്രമുള്ള കോട്ടൺ ഷർട്ട് ഇട്ടവൻ, ഞാനും കൂടി രക്ഷപെടുന്നത് കണ്ടതോടെ, വിരണ്ട് വിപ്രനാംശം സംഭവിച്ചാണ് ആ കൗണ്ടറിലെത്തിയത്. ഇങ്ങനെ പേടിച്ചാലോ!
അവന്റെ പാസ്പോർട്ട് വിശദമായി മറിച്ചു നോക്കിയിട്ട് ഡയമണ്ട് അവനോട് ചോദിച്ചു,
“ഈ അടുത്ത് എങ്ങോട്ടേക്കെങ്കിലും വിദേശയാത്ര നടത്തിയിട്ടുണ്ടോ?”
“ഉണ്ട് സാർ, ജയ്സാൽമീർ”
“ജയ്സാൽമീർ ഇന്ത്യയിലാടാ പൊട്ടാ!” തൊട്ടടുത്ത ക്യൂവിലുണ്ടായിരുന്ന കുടമ്പുളിയുടെ കൂട്ടുകാരൻ ഉറക്കെ വിളിച്ചുപറഞ്ഞു.
ക്യൂവില് ഫുള്ള് ചിരി. പുരികത്തിലെ സ്റ്റിച്ചിൽ വിരലുകൊണ്ട് ഒന്നോടിച്ച് ഡയമണ്ടിന്റെ നോട്ടം. ചിരി പോയി.

ഇനിയാണ് നായിക വരുന്നത്. കാനഡയിലേക്ക് പഠിക്കാൻ പോവുന്ന, ആദ്യമായി ഫ്ലൈറ്റിൽ കേറുന്ന ഒരു കുട്ടി. ഇപ്പോഴത്തെ ക്യൂവിൽ എന്റെ തൊട്ടുമുന്നിൽ. തിരിഞ്ഞിട്ട് എന്നോട് ചോദിച്ചു,
“ഇവിടെയാണോ നമ്മൾ ചാർജറും ഫോണും പുറത്ത് വെച്ച്, ഷൂസ് ഊരേണ്ടത്?” കാനഡയ്ക്കൊരു വാഗ്ദാനം.
“ചേട്ടാ അയാള് ചോദിച്ചാൽ നമ്മള് എന്തിന് പോവുകയാണെന്ന് പറയും?”
“നമ്മളോ!!”
“അല്ല ഞാൻ.”
“ഉള്ള കാര്യം പറഞ്ഞാ മതി.”
ഇതെന്നേക്കാൾ കഷ്ടമാണല്ലോ.

ഇമിഗ്രേഷൻ കൗണ്ടറിൽ വേറെ പ്രശ്നങ്ങളൊന്നും ഇല്ലാതെ അത് കഴിഞ്ഞ് സെക്യൂരിറ്റി ചെക്കിൽ ചെന്നപ്പോ അവിടെയും ആ കുട്ടി.
“ചേട്ടാ, ഹാന്റ് ബാഗിൽ നിന്നും എന്തൊക്കെ പുറത്ത് വെക്കണം?”
‘തോക്കും ബോംബും ഉണ്ടെങ്കിൽ ആദ്യം അത് ട്രേയിലിടണം’ എന്നാണ് മനസ്സിൽ വന്നത്, പറഞ്ഞില്ല. ഫോൺ, വാലറ്റ്, ചാർജർ, ലാപ്ടോപ്, പവർ ബാങ്ക് അങ്ങനെ എനിക്കറിയാവുന്ന ലിസ്റ്റൊക്കെ പറഞ്ഞുകൊടുത്തു. എന്നിട്ടും കൺവേയറിൽ പോയ കുട്ടിയുടെ ബാഗ് സ്കാനറിലെത്തിയപ്പോൾ ബീപ്പ് അടിച്ചു. എനിക്കാകാംഷ, എന്തായിരിക്കും ഞാൻ വിട്ടുപോയത്?
നോക്കുമ്പോ ഉണ്ട് ബാഗിൽ പത്ത് കൂട് മെഴുകുതിരി! കുട്ടിക്ക് അവിടെ ചെന്ന് പ്രാർഥിക്കാനാണത്രെ… സി.ആർ.പി.എഫിലെ ചേച്ചി തലയിൽ കൈവെച്ചിരുന്നു.
തിരിച്ച് ബാഗിലേക്ക് അവർ പിടിച്ചുവെച്ച മെഴുതിരിയൊഴികെയുള്ള സാധനങ്ങൾ വെക്കുമ്പോഴും ഞങ്ങൾ അടുത്തടുത്തായിരുന്നു.
“ചേട്ടൻ എന്താ മെഴുകുതിരി പുറത്ത് വെക്കണം എന്ന് പറയാതിരുന്നത്?”
എനിക്ക് തൊഴണം എന്നുണ്ടായിരുന്നു, ബെൽറ്റ് ഇടുകയായിരുന്നതുകൊണ്ട് സാധിച്ചില്ല.
“പൊന്നു കുഞ്ഞെ, തന്റെ ബാഗിൽ മെഴുകുതിരി ഉണ്ടെന്ന് ഞാനെങ്ങനെ അറിയാനാ?”
“ആ, അത് ശരിയാ…” കുട്ടി പോയി.

വെയിറ്റിംഗ് ലോഞ്ചിൽ ചെന്ന് ഞാൻ ആരോടോ ഫോണിൽ സംസാരിച്ചു നിൽക്കുമ്പോഴുണ്ട് കുട്ടി എന്റെ അടുത്തേക്ക് ഓടി വരുന്നു.
“എന്റെ പാസ്പോർട്ട് കണ്ടോ?”
‘പടച്ചറബ്ബേ, ഇതിനൊരു അന്ത്യമില്ലേ?’
“അവിടെ എവിടെയും കാണുന്നില്ല. നമ്മൾ ഒരുമിച്ചല്ലേ ബാഗിലേക്ക് സാധനങ്ങൾ വെച്ചത്, അപ്പോ ഞാൻ എന്റെ പാസ്പോർട്ട് നിങ്ങളുടെ ബാഗിൽ വെച്ചോന്നൊരു സംശയം”
കറക്റ്റായിരുന്നു. ഞാൻ എടുത്തുകൊടുത്തു. പിന്നെ ഞാൻ നോക്കിയത് എന്റെ പാസ്പോർട്ട് അവിടെത്തന്നെ ഉണ്ടോ എന്നാണ് .
“പോട്ടേ ചേട്ടാ…”
“ഉം.”
“പിന്നെ എപ്പോഴെങ്കിലും കാണാം”
‘ഈശ്വരാ ഭഗവാനെ – ഡോണ്ടു!’
രണ്ട് പാസ്പോർട്ടും കൊണ്ട് ദുബായ് എയർപോർട്ടിൽ ചെന്നിറങ്ങിയാൽ സംഭവിച്ചേക്കാമായിരുന്ന ഡീറ്റൈനിങ്ങും ചോദ്യം ചെയ്യലുകളും ഒക്കെ മനസ്സിൽ ആലോചിച്ചു നിൽക്കുകയായിരുന്നതുകൊണ്ട് കുട്ടിയോട് ഒരു വിജയീഭവ: പറയാൻ പറ്റിയില്ല. നന്നായിട്ടൊക്കെ പഠിച്ചാൽ മതിയായിരുന്നു.