അങ്ങ് ദൂരെ, സൗത്ത് കൊറിയയിലെ സിയോളിൽ കിടക്കുന്ന ഒരു ഹോം അപ്ലയൻസ് കമ്പനിക്ക്, ഇവിടെ കേരളത്തിൽ മലപ്പുറം ജില്ലയിൽ കിടക്കുന്ന രണ്ട് കുടുംബങ്ങളിൽ എന്തൊക്കെ മാറ്റം വരുത്താം? വീട് വൃത്തിയാക്കാം, വസ്ത്രം കഴുകാം, ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാം, പാത്രം കഴുകാം… അങ്ങനെ പലതും ചെയ്യാം, പക്ഷെ ആ മൾട്ടി നാഷ്ണൽ കമ്പനി ചെയ്തത് വേറൊന്നാണ് (പോസ്റ്റിന് പെയ്ഡ് കൊളാബ് തരാത്തതുകൊണ്ടാണ് കമ്പനിയുടെ പേര് വെക്കാത്തത്).
ഇപ്പോ ചെത്തിയിറക്കിയ തെങ്ങിൻ കള്ളിന്റെ മുഖശ്രീയുള്ള ഹരിഹരനും, മൈത്രേയന്റെ മീശയും മറഡോണയുടെ ഹെയർ സ്റ്റൈലുമുള്ള ശശികാന്തനും ബന്ധുക്കൾ എന്നതിലുപരി സുഹൃത്തുക്കൾ കൂടിയായിരുന്നു. തൊണ്ണൂറുകളിൽ ഒമാനിലെത്തിയ ഹരിഹരൻ, തന്റെ അച്ഛമ്മയുടെ അനിയത്തിയുടെ മകളുടെ മകനായ ശശികാന്തനെ കൂടി ഒമാനിലേക്ക് കൊണ്ടുപോയി. ഒമാൻ കാലത്തിന്റെ ആരംഭത്തിലെ അറുതിയിലും വറുതിയിലും ഒരുമിച്ച് ജീവിച്ചതോടെ, അകന്ന ബന്ധുക്കൾ ആയിരുന്ന അവരുടെ ബന്ധം അടുത്തു. റിട്ടയർ ചെയ്തു നാട്ടിൽ വന്നിട്ടും എന്നും പരസ്പരം ഗുഡ്മോർണിംഗ് അയയ്ക്കുന്ന, എല്ലാ വാട്സപ്പ് സ്റ്റാറ്റുകൾക്കും പച്ച ലൈക്ക് കൊടുക്കുന്ന അഭേദ്യബന്ധം. ഹരിഹരൻ അറ്റാക്ക് വന്ന് അഡ്മിറ്റ് ആയപ്പോൾ ശശികാന്തൻ പുഷ്പാഞ്ജലി വരെ കഴിച്ചിട്ടുണ്ട് എന്ന് പറയുമ്പോൾ തന്നെ അറിയാലോ…
അങ്ങനെ ഹരിഹരന്റെയും ശശികാന്തന്റെയും ജീവിതം ഒരു ബഷീറിയൻ ഭാഷയിൽ പറഞ്ഞാൽ ശുഭ്രസുന്ദരവും അച്ഛസ്ഫടിക സങ്കാശവുമായി പോവുകയായിരുന്നു, രണ്ടായിരത്തി ഇരുപത്തിയഞ്ച് ചിങ്ങം വരെ. പിന്നെ എന്തുണ്ടായി?
തറവാട്ടിൽ ഭാഗം നടക്കുമ്പോൾ ശശികാന്തൻ തന്റെ മൂത്ത ജേഷ്ഠന്റെ അച്ഛന് വിളിച്ച് നേടിയെടുത്ത റോഡ് സൈഡിലെ അമ്പത് സെന്റിൽ പുതിയൊരു വീട് വെച്ചു, കണ്ടംമ്പററി. ഗ്രേ-വൈറ്റ് ഇന്റീരിയറും, ഫ്ലാറ്റ് റൂഫും, അസിമെട്രിക്കൽ കോംപോസിഷനുമുള്ള മിനിമൽ ഡിസൈൻ, പിടുത്തംവിട്ട കണ്ടംമ്പററി.
ഹൗസ് വാമിങ്ങിനു ക്ഷണിക്കാനായി ശശികാന്തൻ വീട്ടിലെത്തിയപ്പോൾ തന്നെ ഹരിഹരൻ പറഞ്ഞു.
“വീട്ടിലേക്ക് മൈക്രോ വേവ് ഓവൻ നീ വേറെ വേടിക്കണ്ട, ന്റെ വക.”
“ഹരിയേട്ടാ, ഗ്രേ വൈറ്റ് കളർ തന്നെ വേണം… വീട് കണ്ടംമ്പററിയാണ്”
കണ്ടത്തില് വീട് വെക്കുന്നതിനെയാണോ കണ്ടംമ്പററി എന്ന് പറയുന്നതെന്ന് ഹരിഹരൻ സംശയിച്ചു. ശശികാന്തന്റെ കാർ ഗെയ്റ്റ് കടന്നതും, ഗൂഗിൾ അമ്മായിയുടെ മകൻ ജെമിനെയ് മോനാണ് ഹരിഹരന് കാര്യങ്ങൾ വ്യക്തമാക്കി കൊടുത്തത്.
ശശികാന്തൻ അന്നത്തെ ക്ഷണിക്കൽ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ഭാര്യയെ വിളിച്ചിട്ട് പറഞ്ഞു
“കണ്ടോ… ഇങ്ങനെ ഒരു ബന്ധുവിനെ കിട്ടാൻ സുകൃതം ചെയ്യണം. നിന്റെ കുടുംബത്തിൽ ആരെങ്കിലുമുണ്ടോ ഇങ്ങനെ?”
“ഉണ്ടായിരുന്നല്ലോ, വേണുവേട്ടൻ. അയാളുടെ മോളുടെ കല്യാണത്തിന് രണ്ടാമത് പായസം കിട്ടിയില്ലെന്ന് പറഞ്ഞ് നിങ്ങൾ തല്ലും പിടി ഉണ്ടാക്കിയില്ലായിരുന്നെങ്കിൽ ഇപ്പോ നമുക്കൊരു ഫ്രിഡ്ജ് എങ്കിലും വാങ്ങിത്തന്നേനെ”
ശശികാന്തൻ ഒന്നും മിണ്ടിയില്ല.
ഹൗസ് വാമിങ്ങിന്റെ അന്ന് രാവിലെ തന്നെ ഹരിഹരൻ പകുതി പഴുത്ത നീലം മാങ്ങയുടെ നിറമുള്ള ഷർട്ടുമിട്ട് പോയി. മാർഗ്ഗമദ്ധ്യേ വളാഞ്ചേരിയിലെ ടൗണിലെ ഒരു ഹോം അപ്ലയൻസ് ഷോപ്പിൽ ശശികാന്തന്റെ ആഗ്രഹപ്രകാരം ഗ്രേ കളർ മൈക്രോ വേവ് ഓവൻ തന്നെ വാങ്ങിച്ചു.
ഇനിയാണ് ഇൻസൈറ്റിംഗ് ഇൻസിഡന്റ്. ഓണ സീസൺ ആയതുകൊണ്ട് പ്രസ്തുത കമ്പനിയുടെ ഒരു മെഗാ സമ്മാന പദ്ധതി നടക്കുന്നുണ്ടായിരുന്നു. സെറ്റുമുണ്ട് തൊട്ട് സ്വിഫ്റ്റ് കാർ വരെ കൊടുക്കുന്ന ഗ്രാന്റ് നറുക്കെടുപ്പ്. ഹരിഹരൻ സ്വതവേ അങ്ങനത്തെ സമ്മാനം പദ്ധതിയിലൊന്നും വലിയ താല്പര്യം ഇല്ലാത്ത ആളാണ്. സെയിൽസ്മാൻ ഒരുപാട് നിർബന്ധിച്ചപ്പോൾ സ്വന്തം പേരും നമ്പറും പൂരിപ്പിച്ച് പെട്ടിയിലിട്ട് നേരെ ശശികാന്തൻറെ ‘മഹാ സദന’ത്തിൽ പോയി ആ ഓവൻ സമ്മാനിച്ചു.
അടുത്ത മാസം നറുക്കെടുത്തു. സ്വിഫ്റ്റ് കാർ കൃത്യമായിട്ട് ആ കൂപ്പണിന് തന്നെ കിട്ടി, വിധി ഒരു വല്ലാത്ത ചെറ്റയാണ്. ഹരിഹരന് നറുക്കെടുപ്പിൽ ഒരു കാർ കിട്ടിയ വിവരം അറിഞ്ഞപ്പോൾ ശശികാന്തന് ഒരു സംശയം, നേരെ വളാഞ്ചേരിയിലെ എല്ലാ ഹോം അപ്ലയൻസ് കടയിലും കേറി അന്വേഷിച്ചു. കാര്യം വ്യക്തമായ ശശികാന്തൻ നേരെ തന്റെ ഹരിഹരേട്ടനെ കാണാൻ ചെന്നു.
“എനിക്ക് വേണ്ടി ഓവൻ വാങ്ങിച്ചപ്പോഴല്ലേ ആ കാർ കിട്ടിയത്, അപ്പോൾ ന്യായമായും അത് എനിക്ക് അവകാശപ്പെട്ട കാർ അല്ലേ?”
“അല്ല. എന്റെ ഭാഗ്യം കൊണ്ടാണ് എനിക്ക് കാറ് കിട്ടിയത്.”
“പക്ഷേ എന്റെ കുടിയിരിക്കൽ ഇല്ലായിരുന്നെങ്കിൽ നിങ്ങൾ ആ കടയിൽ പോവില്ലായിരുന്നല്ലോ”
“അല്ല, എന്റെ ഭാഗ്യം കൊണ്ടാണ് എനിക്ക് കാറ് കിട്ടിയത്”
“ഓവൻ വാങ്ങിച്ചപ്പോൾ കിട്ടിയ കാർ, ഓവൻ ഉള്ള വീട്ടിൽ തന്നെയല്ലേ വേണ്ടത്”
“അല്ല, എന്റെ ഭാഗ്യം കൊണ്ടാണ് എനിക്ക് കാറ് കിട്ടിയത്”
ശശികാന്തൻ വീണ്ടും മാന്യമായി ചോദിച്ചു. ഹരിഹരൻ മാന്യമായി തന്നെ മറുപടിയും കൊടുത്തു,
“ആരാന്റെ വസ്തു നക്കാൻ നിനക്ക് നാണമില്ലേ ശശീ?”
പരുന്ത് കരയുന്ന ബി.ജി.എം.
പക്ഷേ പതിവുപോലെ ശശികാന്തൻ തെറി വിളിച്ചു കലാപമുണ്ടാക്കിയില്ല. ഹരിഹരന്റെ മനസ്സുമാറുമെന്ന ഒരു പ്രതീക്ഷയായിരുന്നു കാരണം, ഉണ്ടായില്ല.
ഒരാഴ്ച കാത്ത ശേഷം ശശികാന്തൻ, കൊറിയൻ കമ്പനിയുടെ ഇമെയിലിലേക്ക്, അനർഹനായ ഹരിഹരന് കാർ കൊടുക്കരുതെന്ന് പറഞ്ഞ് നിരന്തരം കുറെ ഇമെയിലുകൾ ചെയ്തു. ആറ് വരികളിൽ അറുപത് അക്ഷരത്തെറ്റുള്ള ആ ഇമെയിലുകൾക്ക് റിപ്ലൈ ചെയ്താൽ കമ്പനിക്ക് മോശമായും എന്ന് കരുതി അവര് റെസ്പോണ്ട് ചെയ്തില്ല.
പരുന്ത് വീണ്ടും കരഞ്ഞു, പിന്നങ്ങോട്ട് തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു റിവഞ്ച് സ്റ്റോറിയായിരുന്നു. ശശികാന്തൻ ഹരിഹരനെ ഫാമിലി വാട്സാപ്പ് ഗ്രൂപ്പിൽ ‘സ്വിഫ്റ്റ് കള്ളാ’ എന്ന് വിളിച്ചു. അത് സീൻ ആയ ഉടനെ ഹരിഹരൻ അഞ്ച് കൊല്ലം മുൻപ് തന്റെ ഹൗസ് വാമിങ്ങിന് ശശികാന്തൻ കൊടുത്ത ഇൻഡക്ഷൻ കുക്കർ എടുത്ത് തോട്ടിലിട്ടു. എന്നിട്ടതിന്റെ വീഡിയോ എടുത്ത് ഗ്രൂപ്പിലുമിട്ടു. ശശികാന്തൻ മറുപടിയായി അയച്ചത് മൈക്രോ വേവ് ഓവൻ കത്തുന്നൊരു വീഡിയോയാണ്, കണ്ടംമ്പററി.
രണ്ട് ദിവസം കഴിഞ്ഞ് അതേ ഗ്രൂപ്പിൽ, നയന്റീസിൽ താനയച്ചു കൊടുത്ത ടിക്കറ്റിൽ ശശികാന്തൻ മസ്കറ്റ് എയർപോർട്ടിൽ വിമാനമിറങ്ങിയ അന്ന് തൊട്ട് ജോലി കിട്ടുന്നതുവരെ താൻ വാങ്ങിച്ചു കൊടുത്ത കുബ്ബൂസിന്റെയും, കോഴിമുട്ടയുടെയും, ഫോർ സ്ക്വയർ സിഗററ്റിന്റേയും, പാരച്യൂട്ട് വെളിച്ചെണ്ണയുടെയും, ലക്സ് സോപ്പിന്റെയും, കണക്ക് പറഞ്ഞൊരു മെസേജ് ആണ് വന്നത്. വാശിപ്പുറത്ത് അഭിമാനം സംരക്ഷിക്കാൻ അതിന്റെ ഇന്നത്തെ ടോട്ടൽ മൂല്യമായ ഒന്നരലക്ഷം അപ്പോ തന്നെ ട്രാൻസ്ഫർ ചെയ്യാനൊന്നും ശശിധരൻ നിന്നില്ല. ‘കള്ളക്കണക്ക്!’ എന്നൊരു മറുപടി ഇട്ട് അക്കൗണ്ട് സൈഫ് ആക്കി. എന്നിട്ട് ‘സ്വിഫ്റ്റ് കള്ളൻ’ എന്നൊരു ഫ്ളെക്സ് അടിച്ച് രാത്രി ഹരിഹരന്റെ വീടിന് മുന്നിൽ തൂക്കുകയായിരുന്നു ചെയ്തത്. അതോടെ ഇപ്പോഴും തുടരുന്നൊരു കുടുംബയുദ്ധംത്തിന്റെ കാഹളം മുഴങ്ങി. വല്ല്യ സെറ്റപ്പിലാ… തിരൂർ കോടതിയിൽ കേസൊക്കെയുണ്ട്. നോബൽ സമ്മാനം കിട്ടാൻ വേണ്ടി ഇസ്രായേൽ-പലസ്തീൻ, റഷ്യ-ഉക്രെയിൻ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന ഡോണൾഡ് ട്രമ്പിന് ഒന്ന് മധ്യസ്ഥനാവാൻ ശ്രമിക്കാവുന്നതിനാണ്, കിട്ടും.
സമ്മാനം കൊടുത്തത് ആനന്ദ് മഹീന്ദ്രയുടെ കമ്പനി ആയിരുന്നെങ്കിൽ ആനന്ദേട്ടൻ, ശശികാന്തനു കൂടി ഒരു സ്വിഫ്റ്റ് കൊടുത്ത് ഒരു പിആർ പരിപാടി പിടിച്ചേനെ. ഇതിപ്പോ കൊറിയൻ കമ്പനി ആയിപ്പോയി. ആ മൾട്ടി നാഷണൽ കമ്പനിയുടെ സി.ഇ.ഒ ഇതറിഞ്ഞപ്പോൾ, തലയിൽ കൈ വെച്ചിരുന്ന്, ‘ഏത് നേരത്താണാവോ’ എന്നതിന്റെ കൊറിയനായ ‘Wae geuraetji…’ എന്ന് പറഞ്ഞത്രേ.
