പണ്ട് മംഗളം മനോരമ ആഴ്ചപ്പതിപ്പുകളിൽ വന്നിരുന്ന സുധാകർ മംഗളോദയത്തിന്റെ നോവലുകൾ വായിച്ച് അഡിക്റ്റ് ആയി, ഇനി ജീവിതത്തിൽ എന്ത് സ്ഥാപനം തുടങ്ങുകയാണെങ്കിലും അതിന് ‘മംഗളോദയം’ എന്ന് പേരിടും എന്ന ദൃഢപ്രതിജ്ഞ എടുക്കുകയും, അടുത്ത മാസം തന്നെ നിർഭാഗ്യവശാൽ ആർമി റിക്രൂട്ട്മെന്റ് കിട്ടി പോവുകയും ചെയ്യേണ്ടി വന്ന ചന്ദ്രൻ നാല്പത്തിയാറ് റിട്ടയേഡ് ആയി തിരിച്ചു വന്നപ്പോൾ തുടങ്ങിയത് ഒരു ബൗൺസർ സർവീസ് ഏജൻസിയാണ്, ‘മംഗളോദയം’. എ മാൻ ഓഫ് ഹിസ് വേർഡ്.

നമ്മള് മനുഷ്യന്മാരുടെ ഇടയിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു ചന്ദ്രൻ നാൽപ്പത്തിയാറ്. അജ്ജാദി എടുപ്പും ഉയരവും. ഏതാണ്ട് അതേപോലെയുള്ള എട്ടുപത്ത് സ്റ്റാഫുകളെയും ചന്ദ്രേട്ടന് ലഭിച്ചു. മസിലുള്ള ചില മണ്ടന്മാരില്ലേ, കൂടെയുള്ള പത്തിൽ അങ്ങനെ ഒരാള് പോലും ഉണ്ടാവരുതെന്നായിരുന്നു ചന്ദ്രേട്ടന്റെ നിർബന്ധം. അതുകൊണ്ട് ചന്ദ്രേട്ടൻ ഓരോരുത്തരെയും വളരെ ശ്രദ്ധയോടെ തിരഞ്ഞെടുത്തു. മണ്ടന്മാരില്ലാത്ത മസിലന്മാർ ന്നായിരുന്നു മംഗളോദയത്തിന്റെ മേജർ സെല്ലിങ് പോയന്റ്.

ഗോൾഡൻ ബട്ടൺ ഉള്ളൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറിന്റെ ഒരു ജ്വല്ലറി ഉത്ഘാടനമായിരുന്നു മംഗളോദയത്തിന്റെ ആദ്യത്തെ വർക്ക്. ജനസാഗരം… ഗസ്റ്റ് ആയ ഇൻഫ്ലുവൻസർ വന്നിറങ്ങിയതോടെ ജനക്കൂട്ടത്തിന്റെ ആവേശം ചെക്ക് ഡാം പൊട്ടി (അണ എന്നൊക്കെ പറഞ്ഞാൽ ഓവറാവും) പക്ഷെ മംഗളോദയത്തിന്റെ എഫിഷ്യന്റ് ബൗണ്സർമാർ തങ്ങളുടെ ഡ്യൂട്ടി ഭംഗിയായി
നിർവ്വഹിച്ച് താരത്തെ അകത്തെത്തിച്ചു. അതിലും എഫിഷ്യന്റ് ആയ മംഗളോദയത്തിന്റെ ചന്ദ്രേട്ടൻ ആകട്ടെ ജ്വല്ലറിക്ക് ചുറ്റും നടന്ന് കനത്ത സർവയ്‌ലൻസ് നടത്തുകയായിരുന്നു.
ഇതിനിടെ അവിടെ ചുറ്റിപറ്റി നിന്നിരുന്ന ഒരുത്തനെ സംശയം തോന്നി ചന്ദ്രൻ സാർ കസ്റ്റഡിയിലെടുത്തു. ബാക്കി ബൗണ്സർമാർക്കില്ലാത്ത ഒരു സാധനം ആൾക്കുണ്ടല്ലോ, മിലിട്ടറി ഇന്റയൂഷ്യൻ.

ഉദ്ഘാടനവും സ്റ്റേജ് പ്രോഗ്രാമും കഴിഞ്ഞ ഇൻഫ്ലുവൻസർ ജനസാഗരത്തിന് ഇടയിൽ നിർത്തിയിട്ടിരുന്ന പച്ച ഹോണ്ടാ സിവിക്കിന് അടുത്തേക്ക് വന്ന് കേറാൻ വേണ്ടി നോക്കുമ്പോൾ ഡോർ തുറക്കുന്നില്ല. കാർ ലോക്കാണ്, കാറിന്റെ ചാവി ചന്ദ്രേട്ടന്റെ കയ്യിലുള്ള കാറിന്റെ ഡ്രൈവറിന്റെ കയ്യിലാണല്ലോ!
പ്രിയപ്പെട്ടവരേ ആ മസിലുള്ള മണ്ടൻ ചന്ദ്രേട്ടൻ തന്നെയായിരുന്നു!!

ഉദയത്തിനേക്കാൾ സ്പീഡിൽ അസ്തമയവും സംഭവിച്ചതോടെ ചന്ദ്രൻ നാൽപ്പത്തിയാറ് സംരംഭകത്വത്തിൽ നിന്ന് റിട്ടയർമെന്റ് എടുത്തു. ചന്ദ്രേട്ടൻ ബിസിനസ്സിൽ തുടർന്നിരുന്നെങ്കിൽ നമുക്ക് ലഭിച്ചേക്കാമായിരുന്ന സ്ഥാപനങ്ങളെക്കുറിച്ച് ഞാൻ വെറുതെയോർക്കാറുണ്ട്… മംഗളോദയം എന്റർടൈൻമെന്റസ് (അത് ആൾറെഡി നടന്നു),
മംഗളോദയം കുഴിമന്തി, മംഗളോദയം ലബാൻ, മംഗളം ബൺമസ്‌കയും ഉദയംചായയും…

രണ്ടാം റിട്ടയർമെന്റിനു ശേഷവും പക്ഷെ ചന്ദ്രേട്ടൻ ജിമ്മും പൊതുസേവനവും ഒക്കെയായി ആക്‌റ്റീവ് ആയിരുന്നു. വർക്ക്ഔട്ട് കഴിഞ്ഞാൽ ചന്ദ്രേട്ടന്റെ ഇഷ്ടം ഫുട്‌ബോളാണ്. ഇഷ്ടന് അത് കളിക്കുന്നതും കാണുന്നതിലും ഇഷ്ടം നിയന്ത്രിക്കുന്നതാണ്. ചന്ദ്രേട്ടനാണ് കളിയിലെ റഫറിയെങ്കിൽ ഒരു മിലിട്ടറി ടച്ച് മത്സരത്തിലുടനീളം കാണാൻ പറ്റും. കളിക്കാർക്ക് മാത്രമല്ല, പന്തിന് വരെ ഒരച്ചടക്കം കാണും. റോഡിലേക്കും അടുത്തുള്ള വീടിന്റെ തൊടിയിലേക്കുമൊന്നും പന്ത് പോവൂല!

ഒരു ദിവസം ചന്ദ്രേട്ടൻ ജിമ്മിൽ നിന്ന് വീട്ടിലെത്തിയപ്പോൾ അപ്പുറത്തെ പഞ്ചായത്തിലെ ചന്ദ്രേട്ടന്റെ ഒരു പരിചയക്കാരനുണ്ട് ഒരു ശുപാർശ കോൾ ചെയ്യുന്നു. അയാളുടെ മകൻ നടത്തുന്ന ടൂർണ്ണമെന്റില് ചെറിയൊരു പ്രശ്നം, മാച്ച് നിയന്ത്രിക്കാൻ ആളില്ല.
“ചന്ദ്രാ…വരാമെന്നു പറഞ്ഞിരുന്ന ആള് ലാസ്റ്റ് മിനുറ്റ് പറ്റിച്ചതാ. ഇവരെ ഒന്ന് സഹായിക്കണം. ടീമുകൾ രണ്ടും അവിടെ വെയിറ്റിങാ”
മത്സരത്തിന് മുൻപ് മുഴുവൻ ശമ്പളവും വാങ്ങിക്കുന്നതാണ് ചന്ദ്രേട്ടന്റെ രീതി. അടിയുണ്ടായാലും പണിക്കൂലി സൈഫ് ആവുമല്ലോ. അവരുടെ കയ്യിൽ നിന്നു പൈസയൊക്കെ കണക്ക് പറഞ്ഞു ഗൂഗിൾ പേ ചെയ്യിപ്പിച്ച ചന്ദ്രേട്ടൻ ഉടനെതന്നെ റഫറി ജഴ്സി എടുത്തണിഞ്ഞ് തന്റെ ഭാഗ്യ വിസിലും പോക്കറ്റിലിട്ടിട്ട് പുറപ്പെട്ടു.
പണ്ടൊരു ടൂർണ്ണമെന്റ് ഫൈനലിന് തോറ്റുനിന്നിരുന്ന ടീമിന്റെ സ്ട്രൈക്കർ, എതിർടീം പോസ്റ്റിൽ പോയി വഴുക്കി വീണപ്പോൾ ചന്ദ്രേട്ടൻ പെനാൾട്ടി വിളിച്ചുകൊണ്ടു വിസിലൂതി. പക്ഷെ ഭാഗ്യത്തിന് ആ സമയം വിസിലിൽ നിന്ന് ശബ്ദം പുറത്ത് വരാത്തതുകൊണ്ട് ആരുമത് അറിഞ്ഞില്ല, തല്ലും കിട്ടിയില്ല. അങ്ങനെയാണ് നീല വള്ളിയുള്ള ആ പിങ്ക് വിസിൽ ചന്ദ്രേട്ടന്റെ ഭാഗ്യ വിസിലാവുന്നത്.

മാച്ച് നടക്കുന്ന പാടത്തേക്ക് ചന്ദ്രേട്ടൻ എത്തി.
ഫ്ലൂറസന്റ് പച്ച ജഴ്സിയും കറുത്ത ട്രൗസറും ഇട്ടിട്ട് മാച്ച് റഫറി പാടത്തേക്ക് ഇറങ്ങിയപ്പോ കാണുന്നത് എന്താ? നടക്കുന്ന മാച്ച് ക്രിക്കറ്റാണ്!
ഇരുടീമുകളും മത്സരം നിയന്ത്രിക്കാൻ വന്ന ‘അമ്പയറെ’യും ഉണ്ണികുടവറിൽ പറ്റി കിടക്കുന്ന പിങ്ക് വിസിലും നോക്കി. ഗോൾ പോസ്റ്റുകൾക്ക് പകരം വിക്കറ്റുകൾ കണ്ട് ചന്ദ്രൻ നാൽപ്പത്തിയാറും വിയർത്തു. കാശ് വാങ്ങിച്ചതുകൊണ്ട് തിരിച്ചുപോവാനും പറ്റില്ല. ചന്ദ്രൻ നൈസായി വിസിലെടുത്തു പോക്കറ്റിലൊളിപ്പിച്ചു മുന്നോട്ട് നടന്നു. ഫുട്‌ബോൾ റഫറിമാർക്ക് ഉണ്ടാവുന്ന ആറ്റിട്യൂഡും ഗൗരവവും ഒരുകാലത്തും ക്രിക്കറ്റ് റഫറിമാർക്ക് ഉണ്ടാവില്ലല്ലോ… അതുകൊണ്ട് ചന്ദ്രേട്ടൻ പിടിച്ചു നിന്നു. ടോസ് ഇടുന്നത് ക്രിക്കറ്റിലും ഫുട്‌ബോളിലും പിന്നെ ഒരുപോലെ ആയതുകൊണ്ട് അവിടെയും കഴിച്ചിലായി.

പക്ഷെ മാച്ച് തുടങ്ങുമ്പോഴായിരുന്നു പ്രശ്നം.
ക്രിക്കറ്റിൽ, സിക്സ് അടിച്ചാൽ കൈകൾ പൊന്തിക്കണമെന്നും, ഔട്ട്‌ വിളിക്കാൻ വിരല് പൊന്തിക്കണമെന്നും ചന്ദ്രേട്ടന് അറിയുമായിരുന്നുള്ളൂ… ‘പക്ഷെ ഏതായിരുന്നു പൊക്കേണ്ട ആ ഒരു വിരല്?’
ആദ്യത്തെ ബോളിന് മുൻപ് അടുത്തുണ്ടായിരുന്ന നോൺ സ്ട്രൈക്കർ ബാറ്റ്‌സ്മാനോട് ചന്ദ്രേട്ടൻ ആ സംശയം ചോദിച്ചു.
ചെക്കന് കാര്യം മനസ്സിലായി. അവനാണെങ്കിൽ ഒരഴുക്കച്ചെറുക്കൻ, തന്തയുടെ പ്രായമുണ്ടെന്ന് പോലും നോക്കാതെ ചന്ദ്രേട്ടനോട് പറഞ്ഞു,
“ഒന്നാമത്തെ ബോളിലാണ് ഔട്ടാവുന്നതെങ്കിൽ തള്ളവിരല്, രണ്ടാമത്തെ ബോളിലാണെങ്കിൽ ചൂണ്ടുവിരല്, അങ്ങനങ്ങ് ചെയ്താ മതി”
”താങ്ക്യൂ മോനെ, താങ്ക്യൂ…“
ആദ്യത്തെ വിക്കറ്റ് വീണത് ഒരു ഓവറിലെ അഞ്ചാമത്തെ ബോളിലും, രണ്ടാമത്തെ വിക്കറ്റ് വീണത് ഒന്നാമത്തെ ബോളിലും, പിന്നെയുള്ളത് വീണത് മൂന്നാമത്തെ ബോളിലുമായിരുന്നു!
മംഗളോദയം എന്റർടൈൻമെന്റസ്!!
അഴുക്കചെറുക്കൻ ഔട്ടായത് മറ്റൊരു മൂന്നാമത്തെ ബോളിൽ, വീണ്ടും ചന്ദ്രേട്ടന്റെ മിഡിൽ ഫിംഗർ.


Discover more from Deepu Pradeep

Subscribe to get the latest posts sent to your email.