അർജന്റായിട്ട് എറണാംകുളം പോവുന്ന പോക്കാണ്. പോയിട്ട് വല്ല്യ കാര്യമുണ്ടായിട്ടല്ല; ഞാൻ നാട്ടിൽ നിൽക്കുന്ന ഓരോ ദിവസത്തിനും അറന്നൂറ് റുപ്പീസിന്റെ വാല്യൂവുണ്ട്. രണ്ട് ദിവസം മുൻപ് നാട്ടിലേക്ക് ട്രെയിനിൽ പോന്നപ്പോൾ കാർ സൗത്ത് റെയിൽവെ സ്റ്റേഷനിലെ പാർക്കിങ്ങിലാണ് നിർത്തിയിട്ടത്. ദിവസം 600 രൂപ പാർക്കിങ് ഫീ, ഇതിലും സൗകര്യങ്ങളും കവേർഡ് റൂഫും ഒക്കെയുള്ള കൊച്ചിൻ ഇന്റർനാഷ്‌ണൽ എയർപോർട്ടിൽ പോലും ദിവസം 350 രൂപയെ ഉള്ളൂ.
‘ഈശ്വരാ ഭഗവാനെ ഇന്ത്യൻ റെയിൽവെക്ക് നല്ലത് മാത്രം വരുത്തണേ…’
തിരിച്ച് സൗത്തിലേക്ക്, കുറ്റിപ്പുറത്തു നിന്നു വൈകുന്നേരത്തെ ഇന്റർസിറ്റിക്കാണ് ഞാൻ ജനറൽ ടിക്കട്ടെടുത്ത് കയറിയത്. പാർക്കിങ് ടിക്കറ്റ് എടുക്കാൻ മറന്നിട്ട് പുതിയ ഫേസ്ബുക്ക് പോസ്റ്റിനുള്ള വകുപ്പുണ്ടാക്കേണ്ട എന്ന് കരുതി ഞാനത് വാലറ്റിൽ തന്നെ ഇല്ലേയെന്നു രണ്ട് മൂന്ന് തവണ ഉറപ്പു വരുത്തിയിരുന്നു. അഞ്ചേ അമ്പതിന് ഷോർണൂർ സ്റ്റേഷനിലെത്തുന്ന ഇന്റർസിറ്റിക്കവിടെ അഞ്ച് മിനുറ്റ് സ്റ്റോപ്പുണ്ട്. തിരക്കിൽ നിന്നൊരു ആശ്വാസം കിട്ടാനും ചായയോ സ്‌നാക്സോ വാങ്ങിക്കാനുമൊക്കെ യാത്രക്കാർ പതിവുപോലെ പുറത്തിറങ്ങിയപ്പോഴാണ് അത് സംഭിച്ചത്, ഒരു മിനുട്ടായപ്പോഴേക്കും ട്രെയിൻ മുന്നോട്ടെടുത്തു. ലോക്കോ പൈലറ്റിന്റെ വികൃതികൾ. ഇരുപത്തഞ്ച് മീറ്റർ പിന്നിടും മുൻപ് അബദ്ധം മനസ്സിലായതുകൊണ്ടാണോ അതോ, സ്റ്റേഷൻ മാസ്റ്റർ വയർലെസ്സിലൂടെ ഫാമിലി ട്രീയിലുള്ളവർക്ക് വിളിച്ചതുകൊണ്ടോ, എന്താണെന്നറിയില്ല വണ്ടി നിർത്തി. പുറത്തിറങ്ങിയ ആളുകളെല്ലാം ഓടിപ്പെടച്ച് ട്രെയിനിൽ തിരിച്ചുകേറി.
ശരിക്കുള്ള അഞ്ച് മിനുറ്റ് കഴിഞ്ഞ് വണ്ടി ഷൊർണൂർ സ്റ്റേഷൻ പിന്നിട്ട് കുറച്ച് കഴിഞ്ഞപ്പോഴാണ് ടേബിൾ ഫാനിന്റെ മുകൾഭാഗം പോലെ ചുറ്റും നോക്കി നടന്നിരുന്ന അവനെന്റെ അടുത്തേക്കെത്തുന്നത്. എന്നിട്ടൊരു ചോദ്യം,
“എന്നെ കണ്ട്ണ്ടോ ?”
വ്യക്തികളുടെ പേരും, സംഖ്യകളും, തീയതികളും ഒക്കെ എളുപ്പം മറക്കുമെങ്കിലും ഞാൻ എക്സൽ ചെയ്യുന്ന ഒരു കാര്യമുണ്ട്…. ആളുകളുടെ മുഖം. സൂപ്പർ റിക്കഗനൈസർ എന്ന് ഇംഗ്ലീഷിൽ പറയും. പാസിങ്ങിലൊക്കെ ഒരു തവണ മാത്രം കണ്ടിട്ടുള്ള ആൾക്കാരെ രണ്ടാമതൊരു തവണ കൂടി കാണുമ്പോൾ തന്നെ ഞാൻ കാച്ച് ചെയ്യും.
“കഴിഞ്ഞ മാസം തൃശൂര് പതൻസില് ഞാൻ ലഡുവും ജിലേബിയും വാങ്ങിക്കുമ്പോൾ മുകളിലെ റെസ്റ്റാരോന്റിൽ നിന്ന് ഭക്ഷണം കഴിച്ചു ഇറങ്ങിവന്ന ബ്ളാക്ക് ടി ഷർട്ടിട്ട പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന പയ്യൻ…?”
അവൻ ആണെന്നോ അല്ലെന്നോ പറഞ്ഞില്ല.
“എന്നെ ഈ ട്രെയിനിൽ വെച്ച് കണ്ടുണ്ടോ?“
‘ഈ ട്രെയിനിൽ എന്റെ മുന്നില് നിന്ന് സംസാരിക്കുന്ന ഇവനെ കാണാതിരിക്കാൻ ഞാനെന്താ പൊട്ടനാ?’
പിന്നെയാണ് ഞാൻ ഞെട്ടിയത്,
’ഇനി ഇവൻ ഡെലൂലു വല്ലതും ആയിരിക്കോ?‘
പക്ഷെ അവനെ എന്നെപോലെ എല്ലാർക്കും കാണാൻ പറ്റുന്നുണ്ടെന്ന് മനസ്സിലായി.
അവൻ വീണ്ടും ചോദിച്ചു,
“എന്നെ കണ്ടുണ്ടോ?”
ഞാനവന്റെ ഇരുതോളിലും കൂടി പിടിച്ച് ‘റാംജി റാവു സ്പീക്കിങ്ങിലെ’ ഇന്നസെന്റ് ചേട്ടൻ ചോദിക്കുന്നത് പോലെ ചോദിച്ചു,
“എന്താ മോനെ നിന്റെ വിഷമം?”
അവൻ കാര്യം പറഞ്ഞു. ഷൊർണൂർ സ്റ്റേഷനിൽ വെച്ച് അപ്രതീക്ഷിതമായി ട്രെയിൻ മുന്നോട്ട് എടുത്തപ്പോൾ ചാടിക്കേറിയ യാത്രക്കാരുടെ കൂട്ടത്തിൽ പെട്ടതായിരുന്നു അവനും. പക്ഷെ പട്ടാമ്പിയിൽ നിന്ന് ഷൊർണൂർ വരെ അവൻ നിന്നിരുന്ന കമ്പാർട്ട്മെന്റ് ഏതാണെന്നു ഇപ്പൊ മനസ്സിലാവുന്നില്ല. അവന്റെ ബാഗ് അവിടെ ഇരിക്കുകയാണ്. അവിടുന്ന് നടക്കാൻ തുടങ്ങിയതാണ്, ബാഗും തേടി…
അവൻ മുന്നോട്ട് നടന്ന് അടുത്ത ആളുകളോട് പോയി ചോദിക്കാൻ തുടങ്ങി,
“എന്നെ കണ്ടുണ്ടോ?”
“ഞാൻ ഇവിടെയാണോ ണ്ടായിരുന്നത്?”
ഇറങ്ങാനുള്ള സ്റ്റോപ്പായ തൃശൂര് എത്തും മുൻപ് ഡെലൂലുന് അവന്റെ പാസ്റ്റ് മനസ്സിലായാൽ മതിയായിരുന്നു…
എന്റെ തൊട്ടടുത് നിന്നിരുന്ന ഒരമ്മാവന്റെ മുഖത്ത് ഇത് കണ്ടപ്പോൾ കിണറ്റുവക്കത്തെ കുലവാഴ കുലച്ച സന്തോഷം. അവനെ മാത്രമല്ല അവന്റെ ജനറേഷനെ മുഴുവൻ കുറ്റപ്പെടുത്തി,
“കേറിയ ഉടൻ ഫോണും തോണ്ടികൊണ്ട് ഇരുന്നുകാണും, കുറച്ചൊക്കെ പരിസരബോധം വേണ്ടേ?”
ആള് കമന്റ് രേഖപ്പെടുത്തി.
“ഇപ്പോഴത്തെ ജനറേഷൻ ഫുള്ള് ആബ്സന്റ് മൈൻഡ്ഡ് ആണ്”
ഞാൻ തന്ത വൈബ് മാച്ചാക്കി.
ഒമ്പതുമണിക്ക് എറണാംകുളം സൗത്തിൽ ചെന്ന് വണ്ടിയിറങ്ങിയ ഞാൻ പാർക്കിങ് ഏരിയയിൽ പോയി നോക്കിയപ്പോ എന്താ, കാറിന്റെ കീ കൃത്യമായിട്ട് വീട്ടിൽ വെച്ചു പോന്നിട്ടുണ്ട്, നല്ല പ്രസൻസ് ഓഫ് മൈൻഡ് ഉള്ള നയന്റീസ് കിഡ്!
Discover more from Deepu Pradeep
Subscribe to get the latest posts sent to your email.