ചെന്നൈയിലേക്ക് അതിരാവിലെയുള്ള ഒരു ഫ്ലൈറ്റ് യാത്ര. സിനിമയുടെ ഒരു ആവശ്യത്തിനായതുകൊണ്ട് പ്രൊഡ്യൂസർ ആണ് ടിക്കറ്റ് എടുത്ത് തന്നത്.
ചെക്ക് ഇൻ ചെയ്യുമ്പോൾ എയർലൈൻസ് സ്റ്റാഫ് ‘എമർജൻസി എക്സിറ്റ് സീറ്റ് തരട്ടെ?’എന്ന് ചോദിച്ചു. ‘പ്ലെയിൻ ക്രാഷ് ഉണ്ടാവുമ്പോൾ വാതിൽ തുറക്കുന്ന കാര്യം ഞാൻ ഏറ്റു’ എന്ന് പറഞ്ഞ് ഞാൻ ബോർഡിംഗ് പാസ് വാങ്ങിച്ചു നടന്നു.
സമയം വൈകിയതുകൊണ്ട് ലോഞ്ചിൽ കേറി ബ്രേക്ഫാസ്റ്റ് കഴിക്കാമെന്ന പ്ലാൻ നടന്നില്ല. കടുത്ത വിശപ്പോടെ ഫ്ലൈറ്റിൽ കയറിയ ഞാൻ എന്റെ വിൻഡോ സീറ്റിൽ കയറിയിരുന്ന് ഹെഡ്‍ഫോണിൽ പാട്ടു വെച്ചു.
ടേക്ക് ഓഫ് കഴിഞ്ഞ് ഞാൻ ഒന്ന് മയങ്ങാൻ തുടങ്ങിയപ്പോഴേക്കും എയർ ഹോസ്റ്റസ് വന്ന് വിളിച്ചു, ദേ ഫുഡ്! ഹോ, പ്രൊഡ്യൂസറിന്റെ ഒരു സ്നേഹം! എന്തൊരു കരുതലാണ് എന്റെ കാര്യത്തിൽ.
മച്ച് നീഡഡ് സാന്റ് വിച്ചും ജ്യൂസും കഴിച്ചു തീർന്നിട്ടും എനിക്കെന്റെ ഗ്രാറ്റിട്യൂഡ് അടക്കാനായില്ല, ഞാൻ ഫോണെടുത്ത് പ്രോഡ്യൂസർക്ക് വാട്സാസപ്പിൽ ‘സാർ ഒരു മാന്യനാണ്’എന്ന സ്റ്റിക്കർ അയച്ചിട്ടു. ഫ്ലൈറ്റ് ലാന്റ് ചെയ്ത് നെറ്റ് വരുമ്പോൾ സെൻറ് ആയിക്കോളും.
ചെന്നൈയിൽ ഫ്ലൈറ്റ് ഇറങ്ങി എയർപോർട്ട് ഷട്ടിൽ ബസിൽ കയറിയപ്പോഴും എനിക്ക് വിൻഡോ സീറ്റ് കിട്ടി. അസുലഭ നിമിഷം തന്നെ.
ഫ്ലൈറ്റിൽ എന്റെ 12 A സീറ്റിന്റെ 12 C യിൽ ഇരുന്നിരുന്ന യാത്രക്കാരനാണ് ബസ്സിൽ എന്റെ അരികിലുണ്ടായിരുന്നത്. അയാളുണ്ട് ഞങ്ങൾ വന്ന വിമാന സർവീസിനെക്കുറിച്ചും അതിലെ ജീവനക്കാരെ പറ്റിയും വാതോരാതെ തെറി.
‘ഇങ്ങനൊരു വൃത്തികെട്ട കമ്പനി, നടന്നുപോയാലും ഞാനിനി ഇവരുടെ വിമാനത്തിൽ കയറില്ല’ എന്നുള്ള ജയരാജൻ സഖാവിന്റെ ഫെമസ് ഡയലോഗ് ഒക്കെ പറയുന്നുണ്ട്.
ഞാൻ കാര്യം തിരക്കി.
സംഭവം വിശപ്പിന്റെയാണ്.
കൊച്ചിയിൽ നിന്ന് വിമാനത്തിന്റെ ചക്രം പൊന്തിയ ഉടനെ ആ ജേഷ്ഠൻ സ്വിച്ചിട്ടപോലെ ഉറങ്ങിപ്പോയി, ചക്രം ചെന്നൈയിൽ നിലത്തു തൊട്ടപ്പോഴാണ് കണ്ണ് മിഴിച്ചത്. സ്ലീപ് ഇനേർഷ്യ കഴിഞ്ഞ്, ഈ ഷട്ടിൽ ബസ്സിൽ വെച്ചാണ് ചുള്ളന് താൻ ടിക്കറ്റ് എടുത്തപ്പോൾ ഫുഡ് കൂടി ആഡ് ഓൺ ആയിട്ട് ആഡ് ചെയ്തിരുന്നല്ലോ എന്നുള്ള ബോധം വന്നത്. അന്തംവിട്ട് ഉറങ്ങിയതുകൊണ്ട് ഫുഡ് മിസ്സായി, കാശും പോയി. അപ്പോ തുടങ്ങിയ പ്രാക്കും തെറിവിളിയുമാണ്. സ്വാഭാവികം.
“ഒരു മര്യാദ ഇല്ലേ, നമ്മൾ ഉറങ്ങിയെങ്കിൽ എയർ ഹോസ്റ്റസ്മാർ നമ്മളെ വിളിച്ചുണർത്തി ഫുഡ് തരേണ്ടേ?”
തികച്ചും ന്യായമായ ചോദ്യം.
“എന്നെ ഒന്ന് ഉറക്കെ വിളിച്ചിരുന്നെങ്കിൽ ഞാൻ ഉണരുമായിരുന്നല്ലോ”
“ഉറങ്ങിയ യാത്രക്കാരെ അവര് സാധാരണ വിളിക്കുന്നതാണ്…” ഞാനെന്റെ എക്പീരിയൻസിൽ നിന്ന് ഒരു ലൈൻ പറഞ്ഞു.
“ആണല്ലോ… അപ്പോ തെണ്ടിത്തരം അല്ലേ ഇന്നവരു കാണിച്ചത്?”
ചെങ്ങായി ജാതി രോഷത്തിലാണ്.
അന്നേരം എനിക്ക് എന്തോ ഒരു സംശയം, ഞാൻ അയാള് കാണാതെ എന്റെ ബോർഡിംഗ് പാസ് ഒന്ന് എടുത്ത് നോക്കി. സംശയം എക്സാറ്റായിരുന്നു, ഞാൻ കേറി ഇരുന്ന വിൻഡോ സീറ്റ് അദ്ദേഹത്തിന്റെയായിരുന്നു. വിൻഡോ സീറ്റ് മാത്രമല്ല… കഴിച്ച സാന്റ് വിച്ചും ജ്യൂസും.
ഞാനും പ്രപഞ്ചവും അങ്ങനെത്തന്നെ നിന്നു, വഞ്ചി ചാള ഫ്രീസറിൽ ഇരിക്കുന്ന പോലെ.
‘എമർജൻസി എക്സിറ്റ് സീറ്റ് തരട്ടെ?’ എന്ന് എയർപോർട്ട് എയർലൈൻ സ്റ്റാഫ് ചോദിച്ചപ്പോൾ എന്റെ മനസ്സ് അത് വിൻഡോ സീറ്റ് ആയിരിക്കും എന്നങ്ങ് തീരുമാനിച്ച് പോയതാണ്. വിമാനത്തിൽ കേറിയശേഷം 12 എന്ന സീറ്റ് നമ്പർ മാത്രമേ ഞാൻ നോക്കിയുള്ളൂ.. അയാള് വന്നപ്പോ കോൺഫിഡൻസോടെ വിൻഡോ സീറ്റിലിരിക്കുന്ന എന്നെ കണ്ട് കാലിയായുള്ള അറ്റത്തെ സീറ്റിൽ ഇരുന്നതാണ്.
“ഇങ്ങനെ യാത്രക്കാരെ പറ്റിച്ചിട്ട് ഇവർക്ക് എന്ത് കിട്ടാനാ??”
എനിക്കൊരു ഇക്കിളു വന്നു.
ഞാൻ ഫോണെടുത്ത് നോക്കി, വാട്സാപ്പിലെ എന്റെ മെസേജ് സീൻ ആയി കഴിഞ്ഞിരുന്നു എന്ന് മാത്രമല്ല, ആ മാന്യന്റെ റിപ്ലൈയും വന്നിരുന്നു, ‘താങ്ക്യൂ ദീപു, സത്യമതാണെങ്കിലും ആരും എന്നോട് പറയാറില്ല. താങ്ക്യൂ’
‘അബദ്ധങ്ങളുടെ ഒരു ഘോഷയാത്രയാണല്ലോ നിന്റെ ജീവിതം’ എന്ന് മീനത്തിൽ താലിക്കെട്ട് സിനിമയിലെ ഒരു ഡയലോഗ് ഉണ്ട്. എന്നെ സംബന്ധിടത്തോളം അത് അച്ചിട്ടതാണ്, ആകാശത്ത് വരെ…
“എന്റെ പത്തഞ്ഞൂറൂ രൂപയാണ് പോയത്”
അനശ്വരമായ വസന്തം!
‘ഈ ചെങ്ങായിക്ക് നിർത്തിക്കൂടെ??’
രണ്ടോപ്‌ഷനുകളാണ് എന്റെ മുന്നിലുള്ളത്,
ഒന്ന്, “എയർ ഹോസ്റ്റസ് വന്നു നിങ്ങളെ കുറെ വിളിച്ചിരുന്നു, നിങ്ങൾ അറിയാഞ്ഞിട്ടാ” എന്നൊരു കള്ളം പറയുക.
രണ്ട്, ആ സാൻഡ്വിച്ചും ജ്യൂസും ഞാൻ നക്കിയതായി പ്രഖ്യാപിച്ച് അഞ്ഞൂറ് ഉർപ്പ്യ പോക്കറ്റിലിട്ട് കൊടുക്കുക.
പക്ഷെ പാവം ദീവൂന് ഒരു ഓപ്ഷൻ ത്രീ കൂടി ഉണ്ടായിരുന്നു. ഞാൻ പറഞ്ഞു,
“ഫുഡ് കിട്ടാത്തതും കഴിക്കാത്തതും നന്നായി ചേട്ടാ… ഈ ഫ്ലൈറ്റിലെ ഫുഡ് കഴിച്ചാൽ ദഹനക്കേട് അതിന്റെ പിന്നാലെ വരും.”
അയാൾക്കൊരാശ്വാസമായി, എനിക്കും.
വിമാനത്തിൽ വെച്ച് ഞാനാ സാന്റ് വിച്ച് തിന്നോണ്ടിരിക്കുമ്പോഴാണ് അയാൾ ഉണർന്നിട്ട്, ‘എന്റെ ഫുഡ്ഡെവിടെ?’ എന്ന് എയർ ഹോസ്റ്റസിനോട് ചോദിച്ചിരുന്നതെങ്കിലോ എന്നാണ് ഞാൻ പിന്നെ ആലോചിച്ചത്. ആ സമയം അവര് രണ്ടുപേരും എന്നെ നോക്കുന്ന ആ വിഷ്വലും, വായിൽ സാന്റ് വിച്ചുമായിരിക്കുന്ന ഞാനും, എന്റെ ചിന്താ മണ്ഡലത്തിൽ വന്നു. ആകാശത്ത് ആയതുകൊണ്ട് ‘ഭൂമി പിളർന്നു താഴേക്ക് പോയാൽ മതിയായിരുന്നു’ എന്നു പോലും വിചാരിക്കാൻ പറ്റാത്ത അവസ്ഥയായേനെ. ഹോ, ജസ്റ്റ് എസ്കേപ്പ്!
ബസ്സിൽ നിന്നിറങ്ങി എയർപോർട്ടിന് ഉള്ളിലൂടെ പുറത്തേക്ക് നടക്കുമ്പോഴും അയാളെന്റെ കൂടെയുണ്ടായിരുന്നു.
‘ഈ ചെങ്ങായിക്ക് പൊയ്ക്കൂടെ? ഞാൻ മനസ്സിൽ മാപ്പ് പറഞ്ഞുകഴിഞ്ഞതല്ലേ…’
‘ടോയ്ലറ്റ്’ എന്ന ബോർഡ് കണ്ടതും ഞാൻ അയാളോട് യാത്ര പറഞ്ഞ് ധൃതിയിൽ അകത്തേക്ക് കേറി. മൂത്രമൊഴിക്കാനുണ്ടായിട്ടല്ല, എന്നിക്കെത്രയും വേഗം അയാളിൽ നിന്നു രക്ഷപെടണമായിരുന്നു. ‘കുറ്റബോധം ഒരു വല്ലാത്ത ബോധമാണ്.’
പക്ഷെ കുറച്ചുനേരം കഴിഞ്ഞ് ഞാൻ തിരിച്ചിറങ്ങുമ്പോൾ അയാൾ എന്നെയും കാത്ത് പുറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു. എന്റെ അടുത്തേക്ക് വന്നിട്ട് അപ്രതീക്ഷിതമായി അയാൾ ഒരു ചോദ്യം,
“താൻ ഫ്ലൈറ്റിൽ നിന്ന് ഫുഡ് കഴിച്ചല്ലേ??”
എന്ത് മറുപടി പറയണം എന്നറിയാതെ ഞാൻ നിന്ന് വിറച്ചു.
“ടോയ്‌ലെറ്റിലേക്കുള്ള ആ ഓട്ടം കണ്ടപ്പോൾ മനസ്സിലായി”
എന്നിട്ടൊരു ചിരിയും. അയാളുടെ മുഖത്ത്, തോറ്റ പരീക്ഷയിൽ കൂടെ എഴുതിയവരും തോറ്റെന്ന് അറിഞ്ഞ പോലുള്ളൊരു സന്തോഷം ഞാൻ കണ്ടു.
Discover more from Deepu Pradeep
Subscribe to get the latest posts sent to your email.
Leave a Reply