ഏത് അടുപ്പിലും പോയി കയ്യിടുന്ന, ഏത് പാമ്പിനെയും എടുത്ത് ട്രൗസറിന്റെ ഉള്ളിലിടുന്ന വാസുവിന്റെ ആ ക്യാരക്ടറാണ് പൊന്നാനി താലൂക്കിലെ സർവ്വചരാചരങ്ങളിൽ നിന്നും വാസുവിനെ വ്യത്യസ്തനാക്കുന്നത്. ഓർക്കാപ്പുറത്ത് സംഭവിക്കുന്നതല്ല, ഓർഗാനിക്കാണ്.
വാസു പിടിക്കുന്ന സൈസ് വള്ളികളെ, വള്ളികൾ എന്നൊക്കെ വിശേഷിപ്പിച്ചാൽ വാസു ചെറുതായിപ്പോകും. വല്ലപ്പോഴും കാലാവസ്ഥ പ്രതികൂലമായി, വാസുവിന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഒന്നുമില്ലാതെ വല്ലവിധേനയും ഒരാഴ്ച കടന്നുപോയാൽ വാസു ഇരുന്നു ചിന്തിക്കും, ‘ഇതല്ലല്ലോ എന്റെ ജീവിതം, ഇങ്ങനെ അല്ലല്ലോ ഞാൻ ജീവിക്കേണ്ടത്’. എന്നിട്ട് ഉടനെ പോയി എന്തെങ്കിലും പ്രശ്നങ്ങളിൽ പോയി തലയിടും, അല്ലെങ്കിൽ തന്റെ തല ഉള്ളയിടത്ത് വാസു ഒരു പ്രശ്നമുണ്ടാക്കും. വാസു മാത്രമല്ല… വാസുവിന്റെ നാട്ടുകാരും കൂട്ടുകാരും എന്തിന്, ആ സമയത്ത് വാസുവിന്റെ അടുത്തുകൂടെ പോയവരെ വരെ വാസു ആ വള്ളിയിൽ പിടിപ്പിക്കും. പിന്നെ തെറിയായി തല്ലായി, ചവിട്ടായി കുത്തായി, പോലീസായി കേസായി…

സ്വീഡനിലെ നോബൽ ഫൗണ്ടേഷൻ, വള്ളി പിടിക്കലിന് നോബൽ പുരസ്കാരം കൊടുക്കുന്നുണ്ടായിരുന്നെങ്കിൽ രണ്ട് നൊബേൽ സമ്മാനം കേരളത്തിൽ ഇരുന്നേനെ, 1998 ലും 2015 ലും. ആ കഥകൾ പിന്നെ പറയാ. തൽക്കാലം ഒമാനിൽ നിന്ന്, കയറ് ബിസിനസ് നടത്തിക്കിട്ടിയ കാശും കൊണ്ട് നാട്ടിലേക്ക് പ്ലെയിൻ കയറിയ കടപ്പ രവിയെ പരിചയപ്പെടുത്താം.
അങ്ങനെ കഥയാക്കാനുള്ള എപ്പിസോഡ്സോ, സിറ്റുവേഷനുകളോ ഒന്നും രവിയേട്ടന്റെ ഒമാൻ ലൈഫിലോ കേരളാ ജീവിതത്തിലോ ഉണ്ടായിട്ടില്ല. പക്ഷേ വള്ളി പിടിക്കും വാസുവിനെയും രവിയേട്ടൻ കൊണ്ട് ഒരു പ്രാവശ്യം ആന്ധ്രപ്രദേശിലേക്ക് ഒന്ന് പോയി. കഥയുണ്ടാവാൻ വേറെ വല്ലതും വേണോ! ജി.രവികുമാർ കടപ്പ രവിയായി…

ലേറ്റ് നയന്റീസ്. കേരളത്തിലെ ഭവനങ്ങളിലെ നിലത്ത്, കാവിയ്ക്കും മൊസൈക്കിനും ശേഷം റ്റൈൽസും മാർബിളും വരുന്നതിന്റെ മുന്നേയുള്ള ഗാപ്പിൽ വന്ന കടപ്പ’ എന്നൊരു ഐറ്റമുണ്ട്. ആന്ധ്രപ്രദേശിലെ ഒരു സ്ഥലമാണ് കടപ്പ, അവിടെ കുഴിക്കുമ്പോൾ കിട്ടുന്ന കല്ലിനും അതേ പേരാണ്. കറുപ്പും വെളുപ്പും പച്ചയും നിറത്തിലുള്ള ആ കല്ലുകൾ വട്ടത്തിലും നീളത്തിലും ചെത്തിയുണ്ടാക്കി നിലം പണിയും.
വീടുപണി നടക്കുന്നതിനിടെ ഒമാനിൽ നിന്ന് ലീവിന് വന്ന ജി.രവിയേട്ടനോട് ആരോ കടപ്പയെ പറ്റി പറഞ്ഞു. പുതുമയുള്ള എന്തിനെയും ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന സ്വഭാവമുള്ള രവികുമാർ (രവിയേട്ടന്റെ ഭാര്യയുടെ പേര് വരെ പുതുമ എന്നാണ്) കടപ്പയെക്കുറിച്ചറിയാൻ കടപ്പ വരെയൊന്നു പോയി നോക്കാൻ തീരുമാനിച്ചു. ലാഭത്തിൽ കടപ്പ വാങ്ങിയാൽ മാത്രം പോര, അത് ചെത്തി മിനുക്കി നിലത്ത് പതിക്കുന്ന പണിക്കാരെ കൂടെ അവിടെ നിന്ന് കൊണ്ടുവരണം. പക്ഷേ ഭാഷയറിയാതെ എങ്ങനെ ഡീൽ ഉറപ്പിക്കും? കഷ്ടകാലം അപ്പോൾ ജി.രവിയേട്ടന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് ഒരു ഫുൾ സ്ലീവ് പോളിസ്റ്റർ ഷർട്ടും ഉജാല മുക്കി തിരുമ്പിയ കോട്ടൺ മുണ്ടും ഉടുത്തിട്ടായിരുന്നു, വള്ളി പിടിക്കും വാസു! പറക്കമുറ്റുന്ന പ്രായത്തിൽ പാണ്ടി ലോറിയിൽ ക്ലീനറായി പോയതുകൊണ്ട് വാസുവിന് അറിയാത്ത ഭാഷയില്ലായിരുന്നു. യാത്രയുടെ കേസ് തീരുമാനമായപ്പോൾ ജി.രവിയേട്ടനോട്, രണ്ടായിരത്തിപത്തിൽ റിലീസ് ആയ ‘ഇൻ ഗോസ്റ്റ് ഹൗസ് ഇൻ’ സിനിമയിലെ നെടുമുടി വേണുച്ചേട്ടന്റെ പോപ്പുലർ ഡയലോഗ് ഞങ്ങളുടെ നാട്ടുകാർ അന്നേ പറഞ്ഞിരുന്നു, ‘നാശത്തിലേക്കാണ് നിങ്ങളുടെ പോക്ക്’

പിറ്റത്തെ ശനിയാഴ്ച വൈകുന്നേരത്തോടെ കടപ്പയിലെത്തിയ ഇരുവരും, ഒരു ലോഡ്ജ് എടുത്ത് കുറച്ച് നേരം കിടന്നുറങ്ങി തീവണ്ടി ലാഗ് ഒക്കെ മാറ്റി. രാത്രി ഭക്ഷണം കഴിക്കാനായി അവര് അവിടെയടുത്തുള്ള നല്ല തിരക്കുള്ള ഒരു തട്ടുകടയിൽ ആണ് കയറിയത്. വാസുവിന് ഒരു സിംഗിൾ സൈഡ് ഓംലെറ്റ് ഓർഡർ ചെയ്ത് രണ്ടുപേരും പ്ലേറ്റിൽ ദോശയും വാങ്ങിച്ച് കുറച്ച് മാറിയുള്ള ബെഞ്ചുകളിൽ പോയി ഇരുന്നു. മൂന്നാമത്തെ ദോശ കഴിയാറായപ്പോൾ തട്ടുകടയിൽ ഒരു ബഹളം. നാട്ടുകാരുടെ വാർണിംഗ് ഓർമ്മയിലുള്ള രവികുമാർ,
“വാസു അങ്ങോട്ട് പോയി നോക്കണ്ട.” എന്ന് പറയാൻ വേണ്ടി അടുത്തിരുന്നു ഭക്ഷണം കഴിക്കുന്ന വാസുവിനെ നോക്കി…. വാസു അവിടെ ഇല്ലായിരുന്നു! എങ്ങനെ ഉണ്ടാവും, വാസുവല്ലേ അവിടെ ആ ബഹളം ഉണ്ടാക്കിയത്.

രവിയേട്ടൻ അവിടെ ചെന്ന് നോക്കിയപ്പോൾ വാസുവുണ്ട് തെലുങ്കിലും മലയാളത്തിലും കടക്കാരെ തെറി പറയുന്നു. ക്ഷണികവേഗത്തിൽ അടി പൊട്ടി. അടി തുടങ്ങിയത് V.P.V ആണെന്ന് പ്രത്യേകിച്ച് മെൻഷൻ ചെയ്യേണ്ട കാര്യമില്ലല്ലോ. പിടിച്ചു മാറ്റാൻ ശ്രമിച്ച രവിയേട്ടന്റെ മുഖത്ത് അവിടുത്തെ കുക്ക് ചൂടുള്ള ചട്ടുകം വെച്ചടിച്ചു. എന്റർടൈൻമെന്റ് വാല്യൂ കൂട്ടാനായി അവിടെ ഭക്ഷണം കഴിക്കാൻ വന്നവര് കൂടി ആ ഇവന്റിൽ പാർട്ടിസിപേറ്റ് ചെയ്യാൻ തുടങ്ങിയതോടെ വാസുവും രവിയേട്ടനും അവിടുന്നിറങ്ങിയോടി.
അവിടെയുള്ള ഒരു പൊന്തക്കാട്ടിൽ ആരുടേയും കണ്ണിൽപെടാതിരിക്കാനായി ഒളിച്ചിരിക്കുമ്പോൾ, ജി.രവിയേട്ടൻ തന്റെ പാം ഓയിലിന്റെ വാസനയുള്ള മുഖം വല്ലാണ്ട് അനക്കാതെ പതുക്കെ ചോദിച്ചു,
“വാസു അവിടെ എന്തിനാ പ്രശ്നമുണ്ടാക്കിയത്?”
“തെണ്ടിത്തരം കാണിച്ചാൽ പിന്നെ അത് ചോദിക്കണ്ടേ, ഓസിന് ഒന്നുമല്ലല്ലോ… കാശു കൊടുത്തിട്ടല്ലേ അവരുടെ ഭക്ഷണം വാങ്ങിക്കുന്നത്?”
രവിയേട്ടന് ഒന്നും മനസ്സിലായില്ല.
“രവിയേട്ടാ, ഞാനൊരു സിംഗിൾ സൈഡ് ഓംലറ്റ് പറഞ്ഞിരുന്നില്ലേ?”
“ഉം.”
“അവര് ഞാൻ ഉദ്ദേശിച്ച സൈഡ് അല്ല ചൂടാക്കിയത്, മറ്റേ സൈഡാണ്!”

കടപ്പ കക്ഷണം പോലുള്ള ആ ചട്ടുകത്തിന്റെ പാട്, രണ്ടായിരത്തി പത്തിൽ പ്ലാസ്റ്റിക് സർജറി ചെയ്യുന്നത് വരെ കടപ്പ രവിയുടെ മുഖത്തുണ്ടായിരുന്നു. പേരിനൊപ്പം പതിഞ്ഞ ഇരട്ടപ്പേര് പിന്നെ പ്ലാസ്റ്റിക് സർജറി ചെയ്താലൊന്നും പോവില്ലല്ലോ!


Discover more from Deepu Pradeep

Subscribe to get the latest posts sent to your email.