Category: കുഞ്ഞ്യേ കഥകള്‍

അച്ഛന്‍

‘കുഞ്ഞിരാമായണം’ എന്ന ആദ്യ സിനിമ എനിക്ക് അച്ഛന്റെ ഓർമ്മകളുമായാണ് കെട്ടുപിണഞ്ഞു കിടക്കുന്നത്.
പണ്ട് , ‘കുഞ്ഞിരാമായണ’ത്തിലെ ഒരു കഥയായ ‘സൽസമുക്ക്’ ബ്ലോഗിൽ പോസ്റ്റ്‌ ചെയ്ത സമയത്ത്, ഗൾഫിൽ നിന്നും വിളിച്ച് ആ കഥയെപറ്റി കുറെ അഭിപ്രായങ്ങൾ പറഞ്ഞപ്പോഴാണ്, അച്ഛൻ എന്റെ ബ്ലോഗിന്റെ ഒരു സ്ഥിര വായനക്കാരൻ ആയിരുന്നെന്ന കാര്യം ഞാൻ ആദ്യമായി അറിയുന്നത്.
രണ്ടായിരത്തിപതിനാലിൽ ‘കുഞ്ഞിരാമായണം’ തിരക്കഥ എഴുതികൊണ്ടിരിക്കുന്ന സമയത്താണ് അച്ഛന് ഹാർട്ട് അറ്റാക്ക് വരുന്നത്. ബൈപാസ് കഴിഞ്ഞ് കിടന്നിരുന്ന തൃശ്ശൂർ ജൂബിലി ഹോസ്പിറ്റലിലെ ആ മുറിയിൽ, ഞങ്ങൾക്ക് കൂട്ടിന് കുഞ്ഞിരാമനും, ലാലുവും, മനോഹരനും, കുട്ടനുമെല്ലാം ഉണ്ടായിരുന്നു.
പിന്നീട് പ്രീ പ്രോഡക്ഷൻ സമയത്ത്, വിധി ക്യാൻസറിന്റെ രൂപത്തിൽ വീണ്ടും വന്നു. ഷൂട്ടിങ്ങിന് വളരെ കുറച്ചു ദിവസങ്ങളെ ഞാൻ ലൊക്കേഷനിൽ ഉണ്ടായിരുന്നുള്ളൂ, അതിലൊന്ന് സർജറിക്ക് മുന്പ് ഷൂട്ടിങ്ങ് ഒന്ന് കാണണം എന്ന അച്ഛന്റെ ആഗ്രഹത്തിന്റെ പുറത്ത് ഞങ്ങൾ എല്ലാവരും കൂടി പോയ ആ ദിവസമാണ്. പിന്നെ ആശുപത്രികൾ ഒരു ശീലമായിമാറികഴിഞ്ഞ സമയത്ത്, എഴുത്തുകാരന് ഉണ്ടാവാറുള്ള ആദ്യ സിനിമയുടെ എക്സൈറ്റ്മെന്റോ, എഴുതിവെച്ചതത്രയും എങ്ങനെ സ്ക്രീനിൽ പുനർജനിക്കും എന്ന ആകാംഷയോ എനിക്കുണ്ടായില്ല.
ഷൂട്ട്‌ കഴിഞ്ഞ ശേഷം , ആർ സി സിയിൽ നിന്നും മടങ്ങും വഴി കൊച്ചിയിൽ തങ്ങിയ നാൾ, ബേസിൽ സിനിമയുടെ എഡിറ്റ്‌ ചെയ്ത കുറച്ചു ഭാഗങ്ങൾ കാണിച്ചതുമുതൽ അച്ഛൻ ശരിക്കും ത്രില്ലിലായിരുന്നു. രണ്ടാമത്തെ കീമോ കഴിഞ്ഞ ശേഷമാണ് തിരുവോണത്തിന്റെ അന്ന് സിനിമയുടെ റിലീസ്. സിനിമ കണ്ട് കൊച്ചിയിൽ ഉള്ള എന്നെ വിളിച്ച അച്ഛന്റെ ശബ്ദം ഇപ്പോഴും എന്റെ കാതിലുണ്ട്. അത്രയും സന്തോഷത്തോടെ മുൻപൊരിക്കലും ഞാൻ അച്ഛനെ കണ്ടിട്ടില്ല. അവസാനം, ക്യാൻസർ വാർഡിൽ വെച്ച് ഇടയ്ക്കിടെ, ‘ഇപ്പൊ എത്ര ദിവസമായി സിനിമ’ എന്ന് തിരക്കിയിരുന്ന അച്ഛൻ, സിനിമയിറങ്ങി അൻപത്തിഎട്ടാം നാൾ മരിക്കുമ്പോൾ, എടപ്പാളിൽ സിനിമ വന്നിട്ട് ഒരിക്കൽ കൂടി കാണണം എന്ന ആഗ്രഹം ബാക്കിയായിരുന്നു…
ഇന്ന് ‘കുഞ്ഞിരാമയണം’ ടിവിയിൽ വരുമ്പോൾ ആദ്യമോർക്കുന്നത് അച്ഛനെയാണ്….

Read the rest

കള്ളനും ചുള്ളനും

പള്ളിപ്പുറം സ്റ്റേഷനിൽ നിന്ന് മ്മടെ തൃശൂർ-കണ്ണൂർ പാസഞ്ചർ പുറപ്പെടാൻ തയ്യാറായി ഇങ്ങനെ ആക്സിലറേറ്റർ റൈസ് ചെയ്തു നിൽക്കാണ്. ഊമയായ ഒരു പാവം ഭിക്ഷക്കാരന് കാലിൽ ചവിട്ടുകിട്ടിയപ്പോ, ‘അയ്യോ’ ന്ന് പറഞ്ഞത് കണ്ട് കമ്പാർട്ട്മെന്റിന്റെ കരളലിഞ്ഞു പോയ ആ നിമിഷം….
തീവണ്ടിയുടെ സ്രാങ്ക് ഫസ്റ്റിട്ട് വണ്ടിയെടുത്ത സ്പ്പോട്ടില്, വാതിൽക്കൽ വായുവിഴുങ്ങി നിന്നിരുന്ന ഒരു ചെക്കൻ പണിപറ്റിച്ചു. തൊട്ടുമുന്നിലെ സീറ്റിൽ ഇരുന്നിരുന്ന ഒരു ചേച്ചിയുടെ കഴുത്തിലെ മാലയും പറിച്ച് ഇറങ്ങിയൊരോട്ടം !!
ഞാനുൾപടെയുള്ള യാത്രക്കാരെല്ലാം അനാക്കോണ്ട ഇരുമ്പുലക്ക വിഴുങ്ങിയ പോലെ ഇങ്ങനെ ഫ്രീസായി നിന്നു, രണ്ട് സെക്കന്റ്. അപ്പൊ ദേ പിന്നാലെ വെടിച്ചില്ല് പോലെ ആ ചേച്ചിയുടെ ഭർത്താവ് ഒരൊറ്റ പാച്ചില്. ചേയ്സ് !!

വണ്ടി മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു. കള്ളനും ഭർത്താവും റെയിൽവേ സ്റ്റേഷന്റെ വേലിയും പിന്നിട്ട് ശരവേഗത്തിൽ വിശാലമായ പാടം റൈയ്സ് ട്രാക്കാക്കി.
ആരൊക്കെയോ പറഞ്ഞു “ചങ്ങല വലിക്ക്”
അപ്പൊഴുണ്ട് അപ്പുറത്ത് നിന്ന് കാരോലപ്പത്തിന്റെ കളറും, ക്രീം ബണ്ണിന്റെ മനസ്സുമുള്ള ഒരുത്തൻ തിക്കിതിരക്കി ഓടി വരുന്നു.
“ഞാൻ വലിക്കാം, ഞാൻ വലിക്കാം… ഇന്റെ കുറെ കാലായുള്ള ആഗ്രഹാണ് ചങ്ങല വലിച്ചു ഒരു തീവണ്ടി നിർത്തല്.”
“അവിടിരിക്കടാ… ഇവിടെ വലിച്ച് എക്സ്പീരിയന്‍സുള്ളവരുണ്ട്”. വേറൊരു മൊതല്‍.
“വേണ്ട, ആരും വലിക്കണ്ട..!” ചേച്ചി.
എല്ലാവരും ചേച്ചിയെ നോക്കി. മാല പോയിട്ടും ചേച്ചി മണൽലോറി കണ്ട ഭാരതപുഴയെ പോലെ ഒരു എക്സ്പ്രഷൻ ചെയിഞ്ചും ഇല്ലാതെ ഇരിക്ക്യാണ്. യു സീ ദി ഐറണി, ഡോണ്ട് യു?
“ആ മാല റോൾഡ് ഗോൾഡാ !!”
ട്ടും! ഞങ്ങള്‍ തല വെട്ടിച്ച സൌണ്ടാണ് ആ കേട്ടത്. ഉടുമുണ്ട് അഴിഞ്ഞുപോയിട്ടും ചോരാത്ത ആത്മവീര്യത്തോടെ കള്ളനെ ചെയ്സ് ചെയ്യുന്ന ആ ഭർത്താവിനെ നോക്കി ഞങ്ങള്‍ കുറച്ച് നെടുവീർപ്പിട്ടു. സോ ശോകം.
“സ്വർണ്ണമാലയൊക്കെ കൊണ്ടുവിറ്റ് കള്ളുകുടിച്ചിട്ട് അയാള് തന്നെ വാങ്ങി തന്നതാ ആ റോൾഡ് ഗോൾഡ്‌.”
വാവ്! ഷോർട്ട് ടേം മെമ്മറി ലോസ്!!

മുപ്പതു ഉർപ്പ്യടെ മാലയ്ക്ക് വേണ്ടി വിദൂരതയിലേക്ക് മണ്ടിപാഞ്ഞു കൊണ്ടിരിക്കുന്ന ആ കള്ളനും ചുള്ളനും കമ്പാർട്ട്മെന്റിന്റെ വിങ്ങലായി.

Deepu Pradeep

Continue reading

ഒരബ്ദുവുണ്ടായിരുന്നു

വളരെ പണ്ടാണ്…. പൊന്നാനി‌ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം കിട്ടിവന്ന പുതിയ എസ്‌ഐ, വരവിനും മുൻപ് പൊന്നാനിയോളം തന്നെ കേട്ടറിഞ്ഞൊരു പേരുണ്ടായിരുന്നു അബ്ദു! ഓടികൊണ്ടിരിക്കുന്ന എഞ്ചിൻ പോലും അറിയാതെ അതിന്റെ പിസ്റ്റൺ അടിച്ചുമാറ്റുന്ന നല്ല എണ്ണം പറഞ്ഞൊരു പോക്കറ്റടിക്കാരൻ.
ചാർജെടുത്തതിന്റെ പിറ്റേന്ന്, എടപ്പാൾ അങ്ങാടിയിൽ ബീഡിയും വലിച്ചു നിൽക്കുകയായിരുന്ന അബ്ദു വിട്ട പുകയിലേക്ക് എസ്‌ഐ‌ കേറി വന്നുനിന്നു. കേട്ടറിഞ്ഞ കൺകെട്ടിന്റെയും കൈവേഗതയുടെയും കഥകൾ സത്യമാണോ എന്നൊന്നറിയാൻ….

പരിചയപെട്ട് ഇരുവരും സംസാരം തുടങ്ങി. നല്ല സ്ഥലകാല ബോധത്തോടെ നിൽക്കുന്ന ഒരുത്തനെ പോക്കറ്റടിക്കുന്നതോടെ തീരും, അബ്ദുവും അബ്ദുവിനെക്കുറിച്ചുള്ള ഈ കഥകളും എന്ന് എസ്ഐ പറഞ്ഞപ്പോൾ, ഒന്ന് പുഞ്ചിരിച്ച ശേഷം അബ്ദു ചോദിച്ചു,
“സാറെ…. നമുക്കൊന്ന് പൊന്നാനി വരെ പോയാലോ? ”
“എന്തിനാ?”
“ബസ് ചമ്രവട്ടം ജംങ്കഷൻ എത്തും മുൻപ് സാറിന്റെ പോക്കറ്റിലിരിക്കുന്ന ഈ പേന ഞാൻ അടിച്ചിരിക്കും.!”.

തൊട്ടടുത്ത ബസിൽ‌ എസ്‌ഐ മുന്നിലും അബ്ദു പിന്നിലുമായി‌ കയറി. തിരക്ക് കൂടികൂടി വന്നു…. എസ്‌ഐ‌ ഒരോ മിനുറ്റിലും നോക്കി പോക്കറ്റിലെ പേന അവിടെതന്നെയുണ്ടെന്ന് ഉറപ്പുവരുത്തികൊണ്ടിരുന്നു.
ബസ്‌ ചമ്രവട്ടം ജംക്ഷനിലെത്തിയപ്പോൾ രണ്ട് പേരും ഇറങ്ങി. എസ്‌ഐ പോക്കറ്റിൽ കിടക്കുന്ന പേന അബ്ദുവിന്റെ നേരെ നീട്ടി പറഞ്ഞു,
“നീ എടുക്കണം എന്ന് ആഗ്രഹിച്ചതല്ലെ… വെച്ചൊ”
അബ്ദു ബീഡി കത്തിച്ചുകൊണ്ട് അടുത്ത പുഞ്ചിരി കൊടുത്തു.
“എനിക്കെഴുതാൻ റീഫില്ലറ് മതി, പേന സാറ് തന്നെ വെച്ചോ..”
അബ്ദു അത് പറഞ്ഞപ്പോഴാണ് എസ്‌ഐ യ്ക്ക്, അബ്ദു തന്റെ പോക്കറ്റടിച്ചെന്നും, അടിച്ച പേന റീഫല്ലറൂരി തിരിച്ചുവെച്ചെന്നും വരെ മനസ്സിലാവുന്നത്.

അതെ…. ഞങ്ങൾക്ക് അങ്ങനെയൊരു പോക്കറ്റടിക്കാരനുണ്ടായിരുന്നു. പോലീസുകാരനോട് ബെറ്റ് വെച്ച് ജയിച്ച പോക്കറ്റടിക്കാരൻ!

Deepu Pradeep

Continue reading

ആബ്സന്റ് മൈന്‍ഡ്

ഉച്ചയ്ക്ക് കുറ്റിപ്പുറം റൈയിൽവേ സ്റ്റേഷനിൽ‌ ട്രൈയിനിറങ്ങി പുറത്തേക്ക് നടക്കുമ്പൊ ഉണ്ട് ഒരു കാറ് പാർക്കിങ്ങ് ലൈറ്റ് ഇട്ട് നിർത്തിയിട്ടിരിക്കുന്നു.
മണ്ടൻ! ഇത്രയ്ക്ക് ആബ്സന്റ് മൈന്റ്ഡ് ആയവരൊന്നും കാറോടിക്കാൻ പോവരുത്..ബാക്കിയുള്ള കാറുകാരുടെ പേരു കളയാൻ.
ബസിൽ വീട്ടിലേക്ക് പോവുമ്പൊ , ഇനി അവൻ ബാറ്ററി ഇറങ്ങിയ ആ വണ്ടി സ്റ്റാർട്ടാക്കുന്ന കാര്യമോർത്ത് ഞാൻ ഓർത്തോർത്ത് ചിരിച്ചു.
വീട്ടിലെത്തിയപ്പോഴുണ്ട് അമ്മ‌ ചോദിക്കുന്നു.
കാറെവിടെ?
ശരിയാണല്ലൊ..രാവിലെ എന്റെ കാറ് റൈയിൽ വേ സ്റ്റേഷനിൽ വെച്ചിട്ടാണല്ലൊ ഞാൻ ട്രൈയിൻ കേറിയത്!!

Deepu Pradeep

Continue reading

ഷോപ്പിംഗ് ഫെസ്റ്റിവൽ

നാട്ടുകാരനായൊരു കൂട്ടുകാരനുണ്ട്, എടപ്പാളി¬ല്‍ ജെൻസ് വെയർ ഷോപ്പ് നടത്തുകയാണ്… പുതിയ സ്റ്റോക്ക് വരുമ്പൊ അവൻ എനിക്ക് പറ്റിയത് നോക്കി, ഫോട്ടോയെടുത്ത് വാട്സപ്പിൽ സ്നേഹത്തോടെ അയയ്ക്കും. അത് കണ്ട് എനിക്ക് അനുഭൂതി വരും… ആ അനുഭൂതി എന്നെകൊണ്ടാ ഷര്‍ട്ട് വാങ്ങിപ്പിക്കും.

കഴിഞ്ഞ ചെറിയപെരുന്നാളിന്‍റെ സമയത്ത് അവൻ പതിവുപോലെ ഷർട്ടിന്‍റെ‌ ഫോട്ടോയയച്ചു.
‘എടാ… ബാംഗ്ലൂരിൽ സ്റ്റോക്കെടുക്കാൻ പോയിരുന്നു, ഈ ഷർട്ടു കണ്ടപ്പോൾ നിന്നെയാണ് ഓർമ്മവന്നത്. ഉടനെതന്നെ‌ വാങ്ങി. നീ ഇതിട്ടാൽ ഒന്നുകൂടെ ലുക്കാവും’
അനുഭൂതി സ്ക്വയര്‍ ! പിന്നെ‌യുണ്ടോ ഡിലേ? ഞാന്‍ ഉടനെ ബൈക്ക് എടുത്ത് എടപ്പാള്‍ പോയി സാധനം സ്വന്തമാക്കി.
അവൻ പറഞ്ഞത് ശരിയായിരുന്നു.. അതിട്ടപ്പോൾ ഞാൻ ഡബിള്‍ ലുക്കായി. കിടിലൻ ഡിസൈൻ ആന്‍റ് ഫിറ്റ്. പഹയന്‍റെ സെലക്ഷനെ അനുമോദിക്കാ¬ന്‍ ഞാ¬ന്‍ അവിടുന്ന് ഒരു ബോഡി സ്പ്രേ കൂടി വാങ്ങി.

പുതിയ ഷര്‍ട്ട് വാങ്ങിയാ¬ല്‍ പിന്നൊരു എരിപൊരിയാണ്… എത്രയും വേഗം ഏതെങ്കിലും ഒരു ഫങ്ങ്ഷന് ആ ഷര്‍ട്ട് ഇട്ട് കയ്യടി വാങ്ങിയാലെ അത് തീരൂ…
നാല് ദിവസം കഴിഞ്ഞപ്പോ തന്നെ ഒത്തു, നാട്ടില്‍ തന്നെയുള്ള ഒരു കല്യാണം. അവന്റെ കയ്യി¬ല്‍ നിന്നും വാങ്ങിയ അതേ സ്പ്രേ അടിച്ചിട്ട് തന്നെ പോയി..

സാധാരണ അവന്‍റെ കടയിൽ ഒരു‌ ഷർട്ട്, നാല് പീസാണ് വരാറ്.. S,M,L,XL. അമ്പലത്തിൽ ചെന്നപ്പൊ ദേ നിക്കുന്നു അതിലെ S ഉം, M ഉം ! L ഞാനാണല്ലോ!!! ആഹാ… ഇരമ്പി.
ഞങ്ങള് പരസ്പരം മാറി മാറി നോക്കി. പിന്നെ കല്യാണത്തിന് വന്നവരൊക്കെ ഞങ്ങള്‍ ഡ്രസ്സ്‌ കോഡുകാരെ മൊത്തത്തില്‍ നോക്കി. എന്‍റെ ആത്മാഭിമാനത്തിന്‍റെ ആദ്യതായ് വേരില്‍ താലപൊലിയുണ്ടായി. പായസം അടപ്രഥമനാണെന്ന ഒറ്റക്കാരണത്താ¬ല് ഞാ¬ന്‍ പിടിച്ചു നിന്നു. അപ്പൊ ഉണ്ട് ദേ വരുന്നു കല്യാണപെണ്ണ് ആന്‍റ് പാര്‍ട്ടി. പെണ്ണിന്‍റെ അച്ഛന്‍ XL !!
‘മണ്ഡപത്തിലേക്ക് കയറും മുന്‍പ് അച്ഛനും ആങ്ങളമാരും കൂടി നിക്കുന്ന ഒരു ഗ്രൂപ്പ് ഫോട്ടോ കൂടി എടുക്കാം’ എന്ന് ഫോട്ടോഗ്രാഫ¬ര്‍ പറഞ്ഞതോടെ ഞാ¬ന്‍ അടപ്രഥമ¬ന്‍ വേണ്ടാന്നുവെച്ച്.

Deepu Pradeep

Continue reading

FB – 29 DEC 2016

പ്രിയപെട്ട ഡോക്ടർ,
വീണ്ടും ഗിരീഷാണ്.
മൂന്ന് ദിവസം മുൻപ് ഞാൻ മാത്രമല്ല,എന്‍റെ നാടുമുഴുവൻ‌ ഞെട്ടിവിറങ്ങലിച്ച ഒരു സംഭവമുണ്ടായി..
ഏകദേശം അർധരാത്രിയോടെയാണ് ബൈക്കിൽ, നാട്ടിൻപുറത്തെ എന്റെ തറവാട്ടുവീട്ടിലേക്ക് ഞാൻ ചെല്ലുന്നത്. വീടെത്തും മുൻപ് കുട്ടിക്കാലത്ത് ഞാൻ നീന്തല് പഠിച്ച തോട് കണ്ടപ്പൊ എനിക്ക് നൊസ്റ്റാൾജിയ‌യുണ്ടായി. ഞാൻ ബൈക്ക് നിർത്തി റോഡ് നിരപ്പിൽ നിന്നും ആറടി താഴ്ചയുള്ള ആ തോട്ടിൻ വക്കത്തേക്കിറങ്ങി നിന്ന് ഓർമ്മകൾ അയവിറക്കുകയായിരുന്നു.
അപ്പോള്‍ പെട്ടെന്ന് എന്റെ പിറകിലൂടെ ഒരു വെളിച്ചം വേഗത്തിൽ പാഞ്ഞു പോയി..ഞാൻ‌ ഞെട്ടിത്തിരിഞ്ഞ് പിന്നിലേക്ക് നോക്കിയതും, എന്റെ മുഖത്തേക്കും ദേഹത്തേക്കും എവിടെനിന്നോ നിറയെ ചോര തെറിച്ചു…പിന്നാലെ തോട്ടിൽ ആഞ്ഞ ശബ്ദത്തോടെ എന്തോ വീണു !! അന്തരീക്ഷമാകെ വെളുത്ത പൊടിപടലങ്ങൾ…. അവിടെനിന്ന് അലറിവിളിച്ച് ബൈക്ക് പോലും എടുക്കാതെയാണ് ഞാൻ വീട്ടിലേക്കോടിയത്.
രണ്ട് തന്ത്രിമാരെ കൊണ്ട് രക്ഷ എഴുതികെട്ടിച്ചു…ഇനി അളിയന്റെ നാട്ടിലെ ഒരു‌ മഠത്തില്‍ പോയി പൂജ കഴിക്കണം എന്നാണ് വീട്ടുകാർ പറയുന്നത്.
അവിടെ പോയാല്‍ എന്‍റെ പ്രശ്നങ്ങൾ മാറുമോ ഡോക്ടർ? എന്തിനായിരിക്കും പ്രേതം എന്നെ കൊല്ലാതെ വിട്ടത്? എന്റെ ദേഹത്ത് ബാധ കൂടിയിട്ടുണ്ടാവുമോ? ഉണ്ടെങ്കില്‍ എനിക്കിനി ഒരു ജീവിതമുണ്ടാവുമോ ?
ഡോക്ടറില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട്.
സ്വന്തം ഗിരീഷ്

പ്രിയപ്പെട്ട ഗിരീഷ്,
നമ്മുടെ നാട്ടിലെ ഒഴിഞ്ഞ പറമ്പുകളിലും വഴിയോരങ്ങളിലും അർധരാത്രിയിൽ ഇത്തരം സംഭവങ്ങൾ സർവ്വ സാധാരണമാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഇരയായ താങ്കൾക്ക് എന്ത് സംഭവിച്ചുക്കാണും എന്ന ആകാംക്ഷയോടെയാണ് ഞാനീ കത്ത് വായിച്ചു തീർത്തത്.
ഇതിൽ പേടിക്കതക്കതായി ഒന്നുമില്ല..
അവരു വലിച്ചെറിഞ്ഞ കോഴി പാർട്ട്സിന്റെ‌ ചാക്ക് നടുമ്പുറത്ത് കൊണ്ട് തോട്ടിൽ വീണ് ചാവാത്തത് ഗിരീഷിന്റെ ഭാഗ്യം എന്ന് കരുതി, മൂത്രമൊഴിച്ച് കിടന്നുറങ്ങിയാൽ മതി, ഭേദമുണ്ടാവും.
നിർത്തുന്നു.
ഡോക്ടർ.

Read the rest

ചാലക്കുടിക്കാരാ മാപ്പ്

‘പുറപ്പെട്ടു പുറപ്പെട്ടു… അരമണിക്കൂറ് മുൻപേ പുറപ്പെട്ടു’ എന്നും പറഞ്ഞ് കിടക്കപ്പായയില്‍ നിന്നെഴുന്നേൽക്കുന്ന‌ ആ പരിപാടിയുണ്ടല്ലോ, എല്ലാവരെയും പോലെ ആ അസുഖത്തിന്റെ ഭയാനകമായ ഒരു വേര്‍ഷ¬ന്‍ എനിക്കുമുണ്ട്.

ഒരിക്കൽ തൃശൂര് ഒരു കൂട്ടുകാരനെ, നല്ല എണ്ണംപറഞ്ഞൊരു പോസ്റ്റാക്കി നിർത്തിയിട്ട് എറണാംകുളത്തു നിന്നും കെ.എസ്.ആര്‍.ടി.സിയില്‍ വരികയായിരുന്നു ഞാൻ.
അവനോട് ‘പോന്നു’ എന്നു പറയുമ്പോൾ ഞാന്‍ പോന്നിട്ടില്ല, ‘വൈറ്റില’ എന്നു പറയുമ്പോൾ ഞാൻ ബാത്ത്റൂമിൽ, ‘ആലുവ’ എന്നുപറയുമ്പോൾ ഞാൻ വൈറ്റില, ‘അങ്കമാലി’ എന്ന് പറയുമ്പൊ ഞാൻ കെടക്കണത് ഇടപ്പള്ളി. ഇതായിരുന്നു എന്‍റെ ഒരു ലൈൻ.

ബസ് യഥാർത്ഥ അങ്കമാലി സ്റ്റാന്റിൽ നിൽക്കുമ്പോൾ ആ ക്ഷമയില്ലാത്ത തെണ്ടി വീണ്ടും വിളിച്ചു.
“എവിടെത്തി?”
“ചാലക്കുടിയെത്തിയെടാ” എന്ന് ഞാൻ പറഞ്ഞതും, തൊട്ടപ്പുറത്ത് ബാഗും കെട്ടിപ്പിടിച്ചുറങ്ങുകയായിരുന്ന ഒരു മനുഷ്യൻ, ഞെട്ടിയുണർന്ന് “ഹൈ… ചാലക്കുടിയെത്തിയോ?” എന്ന് ചോദിച്ച് പിടഞ്ഞെണീറ്റ് ബസിൽ നിന്നും ഇറങ്ങിയോടിതും ഒരുമിച്ചായിരുന്നു.
ഞാനിങ്ങനെ മുഖത്തേക്ക് ടോർച്ചടിച്ച പെരുച്ചാഴിയെ പോലെ ഫ്രീസായി നിന്നു, രണ്ട് സെക്കന്റ്.
പിന്നെ സ്ഥലകാലബോധത്തെ തിരിച്ചുവിളിച്ചോണ്ട് വന്ന് വീണ്ടെടുത്തപ്പോഴേക്കും കെഎസ്ആർടി സി ഡ്രൈവർ സെക്കന്റ് ഗിയറിലെത്തിയിരുന്നു.
‘ചാലക്കുടി സ്റ്റാന്റിലെപ്പഴാ ഷോപ്പിങ്ങ് കോമ്പ്ലക്സൊക്കെ വന്നേ?’ എന്ന ആശ്ചര്യത്തോടെ, കാർണിവൽ സിനിമാസിന്റെ മണ്ടയ്ക്ക്‌ നോക്കി നിൽക്കുകയായിരുന്നു ആ മനുഷ്യന് കൊടുക്കാന്‍ എന്റെ കയ്യില്‍ ഈ കഥയുടെ ടൈറ്റില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ…

Deepu Pradeep

Continue reading

കുഞ്ഞിരാമായണം

കുഞ്ഞിരാമായണം എന്ന കഥ
രണ്ടായിരത്തി പത്തിലാണ്, അതുവരെ ബ്ലോഗിൽ വട്ടുകൾ മാത്രം എഴുതികൂട്ടിയിരുന്ന ഞാൻ, ഒന്ന് മാറി ചിന്തിച്ച് കോമഡിയിൽ കൈ വെക്കുന്നത് . ക്ലബ്ബിൽ നിന്ന് അര്ജന്റീന-ജർമനി വേൾഡ് കപ്പ് സെമി ഫൈനൽ കണ്ടു കഴിഞ്ഞ്, നാട്ടപാതിരായ്ക്ക് ഒറ്റയ്ക്ക് വീട്ടിലേക്ക് നടക്കുമ്പോൾ ‘ലാലു’ എന്ന കഥാപാത്രം എവിടെനിന്നോ എന്റെ മുന്നിൽ വന്നു നിന്നു, ഞാൻ കൂടെ കൂട്ടി. ‘പാതിരാത്രിയിലെ പ്രേമം’ അവിടെയുണ്ടായി. അതിന്റെ അടുത്ത വര്ഷം നാട്ടിലെ ഒരു വളവിൽ ഞാൻ കണ്ട കുപ്പിച്ചില്ലുകളിൽ നിന്ന് ‘സൽസമുക്ക്’ പിറന്നു , കൂടെ കുഞ്ഞിരാമനും. പിന്നീട് മനോഹരനും, മല്ലികയും, കട്ട് പീസ്‌ കുട്ടനും, രാമെന്ദ്രനും, വെൽഡണ്‍ ഹംസയും, പല കഥകളുടെ രൂപത്തിൽ ബ്ലോഗിലെത്തി. അന്നൊന്നും സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല ഇതെല്ലാം കൂടി ഒരിക്കൽ ഒരു സിനിമയാവും എന്ന്, പ്രിയപെട്ട കുറേ താരങ്ങൾ സ്ക്രീനിൽ എനിക്കെതിരെ വന്നു നിന്ന് ആ കഥാപാത്രങ്ങളായി എന്നോട് സംവദിക്കുമെന്ന് ….
ഇന്നിപ്പോൾ ആ കഥകൾ ഓരോന്നും എടുത്ത് വായിക്കുമ്പോൾ, അതിലെ ഓരോ കഥാപാത്രങ്ങളും മുന്നിൽ വരുന്നത് , ‘കുഞ്ഞിരാമായണ’ത്തിൽ അതിന് ജീവൻ കൊടുത്തവരുടെ രൂപത്തിലാണ്. എനിക്ക് മാത്രമാവുമെന്ന് തോന്നുന്നില്ല….അന്ന് ആ കഥയൊക്കെ വായിച്ച് വീണ്ടും ഒരുപാട് എഴുതാൻ എന്നെ പ്രോത്സാഹിപ്പിച്ച നിങ്ങൾ ഓരോരുത്തര്ക്കും…

Read the rest

പുളിച്ച ഒരോർമ്മ

പ്ലസ്ടു കഴിഞ്ഞ് കോളേജില്‍ പോവാ¬ന്‍ വെമ്പികൊണ്ട്, പതിനേഴ്‌ വയസ്സുള്ള എന്റെ ഹൃദയം ട്രൌസറിട്ടു നില്‍ക്കുന്ന സമയം. ജീവിതം ഇങ്ങനെ തിളച്ച് നില്‍ക്കാണ്, എന്നാല്‍ തിളപ്പിക്കാ¬ന്‍ മാത്രം ഒന്നുമില്ലതാനും. അപ്പോഴാണ്‌ ഒരേയൊരു അമ്മാവന്റെ കല്യാണം ഉറപ്പിച്ചത്. മസ്തി മജാ!! ഷൈന്‍ ചെയ്യാ¬ന്‍ പറ്റിയ ഇതിലും നല്ലൊരു ചാന്‍സ് കിട്ടാനില്ല.
ഇളയാപ്പയുടെ കല്യാണം ക്ഷണിക്കാ¬ന്‍ ബന്ധുവീട്ടില്‍ പോയ സക്കീറിനെ, അവന്റെ ക്ഷണം കണ്ടിഷ്ടപെട്ട അവിടുത്തെ മൊഞ്ചത്തി ഇങ്ങോട്ട് പ്രപോസ് ചെയ്ത കഥകൂടി കേട്ടതോടെ സംഗതി വേറെ ലെവലായി. എനിക്ക് വേണ്ടിയും ഒരു കുട്ടി എന്റെ ഏതോ ഒരു ബന്ധുവീട്ടില്‍ കാത്തിരിക്കുന്നുണ്ടെന്ന് മനസ്സ് ഷോബി തിലകന്റെ ശബ്ദത്തില്‍ പറഞ്ഞു. സ്പോട്ടില് കല്യാണ കമ്മിറ്റി ഓഫീസില്‍ പോയി കാര്യമവതരിപ്പിച്ചു. കഷണങ്ങളുടെ ഒരു സബ്കോണ്ട്രാക്റ്റ് കല്യാണക്കത്തുകളുടെ രൂപത്തില്‍ ഞാ¬ന്‍ ഒപ്പിട്ടു കൈപറ്റി.

അകന്നൊരു ബന്ധത്തില്‍ പെട്ട അപ്പുണ്ണിയേട്ടന്റെ ഭാര്യവീടായിരുന്നു ആദ്യം കിട്ടിയ അസൈന്മെന്റ്. ഡിസ്റ്റന്റ് ബന്ധുക്കളുടെയും, കല്യാണത്തിന് വഴിതെറ്റി പോലും വരാന്‍ ചാന്‍സില്ലാത്തവരുടെയും വീടുകളായിരുന്നു എന്റെ ടാസ്ക് എന്ന ദുഖകരമായ സത്യം ഞാന്‍ മനസ്സിലാക്കി. എങ്കിലും രണ്ടായിരത്തിഏഴിന്റെ പകുതിക്ക് വീശിയടിച്ച ശുഭാപ്തിവിശ്വാസത്തിന്റെ ട്രെന്‍ഡ് എന്നെകൊണ്ട്‌ അത് ചെയ്യിപ്പിച്ചു.
ഇപ്പറഞ്ഞ ഈ ലാന്‍ഡ്‌ മാര്‍ക്ക് ഏതോ ഒരു കാട്ടുമുക്കാണ്. സാരമില്ല, അപ്പുണ്ണിയേട്ടന്‍ കൂടെ വന്നോളും എന്ന് അമ്മമ്മ. ഓ എന്ന് ഞാനും.

ഇനി എന്റെ സഹനടനെ പറ്റി വര്‍ണ്ണിക്കാം… ഈ അപ്പുണ്ണിയേട്ടന്റെ ബുദ്ധിക്ക് ഒരു അഞ്ച് പൈസടെ കുറവുണ്ട് എന്നാണ് ജനസംസാരം. അപ്പുണ്ണിയേട്ടന്‍ തോട്ടികൊണ്ട്‌ വലിച്ചിട്ട ഒരു വരിക്കച്ചക്ക, അപ്പുണ്ണിയേട്ടന്റെ തന്നെ നെറുകംതലയി¬ല്‍ സേഫ് ലാന്റ് ചെയ്തപ്പോള്‍ പറ്റിയതാണത്രേ! പക്ഷെ അക്കഥയൊന്നും ഞാന്‍ വിശ്വസിച്ചിട്ടില്ല… എന്താ കാരണം? കുട്ടിക്കാലത്ത് എനിക്ക് കാണുമ്പോ കാണുമ്പോ പുളിയച്ചാ¬ര്‍ വാങ്ങിതന്നിരുന്ന ആ ബന്ധം, അതിന്റെ ആഴം!!

പിറ്റേന്ന് അതിരാവിലെ തന്നെ, ചുണ്ടന്‍ വള്ളം മറിച്ചിട്ട പോലൊരു മീശയും വെച്ച്, ഏറനാട് താലൂക്ക് മുഴുവന്‍ മണപ്പിക്കുന്ന സ്പ്രേയും അടിച്ച് ആശാ¬ന്‍ വന്നു നിന്നു. ഞങ്ങള്‍ യാത്ര തുടങ്ങി. മൂന്ന് ബസ് മാറികയറിയപ്പഴേ എനിക്ക് മടുത്തു. മലപ്പുറം ജില്ല വിഭജിക്കണം എന്ന് എസ് ഡി പി ഐക്കാര് പറയുന്നതിലും കാര്യമുണ്ടെന്ന് അന്നേ എനിക്ക് മനസ്സിലായി, എന്തൊരു വിസ്തീര്‍ണ്ണം!!
ഒക്കെ കഴിഞ്ഞ് അപ്പുണ്ണിയേട്ട¬ന്‍ ഒരു ഓട്ടോറിക്ഷ പിടിച്ചപ്പോ ഞാനും കരുതി, ദാ ഇപ്പൊ എത്തും എന്ന്, എവടെ…. പിന്നേം പോയി കിലോമീറ്റെര്‍സ് ആന്‍ഡ് കിലോമീറ്റെര്‍സ്. അവസാനം ഒരിടത്ത് വെച്ച് അപ്പുണ്ണിയേട്ട¬ന്‍ ഇറങ്ങി, പിന്നാലെ ഞാനും. എനിക്ക് ആശ്വാസമായി , എത്തികിട്ടിയല്ലോ.. പക്ഷെ അവിടുന്ന് പിന്നെ ആ പൊള്ളുന്ന വെയിലത്ത് വീണ്ടും നടന്നു അഞ്ച് കിലോമീറ്റര്‍. ‘പിന്നെന്തിനാണ് മനുഷ്യാ നിങ്ങളാ ഒറ്റൊരിക്ഷ മടക്കിയയച്ചത്?’ എന്നെനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു…. പക്ഷെ ഞാന്‍ ചോദിച്ചില്ല. എന്താ കാരണം? ആ പുളിയച്ചാറിന്റെ ബന്ധം! അതിന്റെ സ്വാദ്!!

എങ്ങോട്ട് നോക്കിയാലും വിദൂരത, അങ്ങനെത്തെ ഒരു സ്ഥലം. അപ്പുണ്ണിയേട്ട¬ന്‍ ഓരോ ദിക്കും നോക്കി ഐന്‍സ്റ്റീനിനെ പോലെ താടിയ്ക്ക് കൈ വെച്ചു നിന്നു. പടച്ചോനെ പെട്ട്! ഇപ്പഴായിരുന്നെങ്കില്‍ ‘ഫീലിംഗ് ആവ്സം വിത്ത്‌ സ്വന്തം ഭാര്യ വീട്ടിലേക്കുള്ള വഴിയറിയാത്ത ഒരുത്ത¬ന്‍’ എന്ന് എഫ്ബീല് സ്റ്റാറ്റസ് എങ്കിലും ഇടായിരുന്നു. അന്നെന്ത് ചെയ്യാന്‍? ആ മൊട്ടക്കുന്നി¬ല്‍ ഒരു അകാലമരണം എന്നെ കാത്തിരിക്കുന്നതായി പോലും എനിക്ക് തോന്നി. അപ്പുണ്ണിയേട്ടന്റെ വൈഫ് ഹൌസില്‍ എന്നെ കാത്തിരിക്കുന്ന അച്ചപ്പവും മിച്ചറും, മാംഗോ സ്ക്വാഷുമാണ് എന്നെ അതില്‍ നിന്നും രക്ഷപെടുത്താനുള്ള മരുപ്പച്ചയായി നിന്നത്.

ഫൈനലി… കണ്ടുപിടിച്ച്, ഇച്ചിരി കഷ്ടപെട്ടിട്ടാണെങ്കിലും ചെങ്ങായി സ്വന്തം ഭാര്യ വീട് കണ്ടുപിടിച്ച്. ആ സന്തോഷത്തിന്റെ തെളിവായി ആ മുഖത്ത് രണ്ട് സി എഫ് എല്ലിന്റെ പ്രകാശം. ഫുള്‍ മാരത്തോ¬ണ്‍ സ്പ്രിന്റൊടിയ ക്ഷീണത്തോടെ ഞാന്‍ ആ വീടിന്റെ കോലായി¬ല്‍ പോയി തളര്‍ന്നിരുന്നു. ഈ ദേഷ്യമൊക്കെ ഇവിടുത്തെ സ്ക്വാഷിനോടും മിച്ചറിനോടും തീര്‍ക്കണം എന്ന് ഞാ¬ന്‍ മനസ്സിലുറപ്പിച്ചിരുന്നു…. അപ്പുണ്ണിയേട്ട¬ന്‍ ആഞ്ഞു ബെല്ലടിച്ചു. അകത്തുനിന്ന് അനക്കം ഒന്നും വരാത്ത കാരണം ചുള്ളന്‍ രണ്ടു റൌണ്ട് വീട് പ്രദിക്ഷണം വെച്ച് എന്റെ മുന്നി¬ല്‍ വന്നു നിന്നു. ‘വീട് മാറിയിട്ടുണ്ടാവുമോ ഈശ്വരാ!’ എന്നായിരുന്നു എന്റെ ചിന്ത. പക്ഷെ അപ്പുണ്ണിയേട്ട¬ന്‍ എന്ന പ്രതിഭാസം എന്റെ ചിന്തകള്‍ക്കും അതീതമായിരുന്നു.
“മോനെ.. ഇപ്പഴാ ഓര്‍ത്തത്… സുരഭിയും (ഭാര്യ) അമ്മയും കൂടി ഇന്ന് എന്റെ വീട്ടിലേക്ക് വരും എന്ന് പറഞ്ഞിരുന്നു.”
അനുഭൂതി!! അനുഭൂതീന്നും പറഞ്ഞാ പോരാ… വേറെ എന്തൊക്കെയോ..
എന്റെ പെരുവിരലില്‍ നിന്ന് തലച്ചോറിലേക്ക് പാഞ്ഞ ഒരു സ്കഡ് മിസൈലിനെ ഞാ¬ന്‍ അണപ്പല്ല് കൊണ്ട് കടിച്ചുപിടിച്ചുവെച്ചു. ആമാശയത്തിന്റെ അപാരഹ്നതയിലെവിടെനിന്നോ ആ പുളിയച്ചാ¬ര്‍ തികട്ടിവരുന്നുണ്ടായിരുന്നു.

Deepu Pradeep

Continue reading

16 JUL 2015

പ്രിയപ്പെട്ട ഡോക്ടര്‍ ,
ഇക്കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരു വിചിത്രമായ അനുഭവത്തെക്കുറിച്ച് വിശദമായി അറിയാനാണ് ഞാനീ കുറിപ്പെഴുതുന്നത്.
പാതിരാത്രി , അപരിചിതമായൊരു ഒരു ഹൈവെയിലൂടെ ഒറ്റയ്ക്ക് കാറോടിച്ച് വരുകയായിരുന്നു ഞാന്‍. വിജനമായ ആ പരിസരം ഞാന്‍ ഒന്ന് വീക്ഷിച്ചു …ഭീകരതയോടെ റോഡിലേക്ക് തള്ളിനില്‍ക്കുന്ന കാട്ടുചെടികള്‍ , ഭയപെടുത്തുന്ന കനത്തഇരുട്ട് ,അന്തരീക്ഷത്തില്‍ പന്തലിച്ചുനില്‍ക്കുന്ന നിശബ്ദത!! പെട്ടെന്ന്‍ എന്റെ വണ്ടിയുടെ മുന്‍പിലായി സഞ്ചരിച്ചിരുന്ന ആ കാര്‍ അപ്രതീക്ഷിതമായി ബ്രേക്ക് ചവിട്ടി നിര്‍ത്തി. ഒന്ന് അമ്പരന്നെങ്കിലും ഞാന്‍ എന്റെ വണ്ടി വെട്ടിച്ചെടുത്ത് മുന്നോട്ട് പോയി. പൊടുന്നനെ, ആകാശത്ത് നിന്ന്‍ അതിശക്തമായ ഒരു കൊള്ളിയാന്‍ മിന്നി. റിയര്‍ വ്യൂ മിററിലേക്ക് നോക്കിയ ഞാന്‍ കണ്ടത് എന്റെ പിറകിലായി വന്ന ഒരു ജീപ്പും എന്തോ കണ്ട് അവിടെ നിര്‍ത്തിയിടുന്നതാണ് . പിന്നെ അവിടെ നിന്ന് എങ്ങനെ വണ്ടിയോടിച്ച് രക്ഷപെട്ടു എന്ന് എനിക്ക് തന്നെ അറിയില്ല.
എന്തായിരിക്കും ഡോക്ടര്‍ അവിടെ സംഭവിച്ചിട്ടുണ്ടാവുക ? എന്തിനായിരിക്കും അവര്‍ വണ്ടി നിര്‍ത്തിയത്?ഞാന്‍ കാണാത്ത എന്തായിരിക്കും അവര്‍ കണ്ടിട്ടുണ്ടാവുക? ഇതെഴുതുമ്പോഴും എന്റെ ഞെട്ടല്‍ മാറിയിട്ടില്ല. പ്ലീസ് ഹെല്പ് മീ.
ഗിരീഷ്‌

പ്രിയപ്പെട്ട ഗിരീഷ്‌.
ആദ്യമേ തന്നെ പറയട്ടെ..താങ്കളുടെ വിചിത്രാനുഭവത്തെകുറിച്ചുള്ള ഈ കുറിപ്പ് അത്യന്തം ആകാംഷയോടെയാണ് ഞാന്‍ വായിച്ച് അവസാനിപ്പിച്ചത്. ഇത് തീര്‍ത്തും ഒറ്റപെട്ട ഒരു സംഭവമല്ല. കേരളത്തില്‍ തന്നെ പല സ്ഥലത്തും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടുണ്ട്.
ഞങ്ങള്‍ ശാസ്ത്രലോകം ഇതിനെ ‘ട്രാഫിക് സിഗ്നല്‍ വയലേഷന്‍’ എന്നാണു വിളിക്കാറ്. ഇതില്‍ പേടിക്കതക്കതായി ഒന്നുമില്ല. അതിനാല്‍ ഗിരീഷിന് ഞെട്ടലില്‍ നിന്നും വിമുക്തമാകാവുന്നതാണ്. എന്നിരുന്നാലും, ഒരാഴ്ചയ്ക്ക് ശേഷം ഈ അത്ഭുദ പ്രതിഭാസത്തിന്റെ തുടര്‍ച്ച എന്നോണം, ആര്‍ട്ടിയൊ ഓഫീസില്‍ നിന്ന്‍ ഒരു ലെറ്റര്‍ വീട്ടിലേക്ക് വരുന്നതാണ്. അപ്പോഴത്തെ സൗകര്യം അനുസരിച്ച് ഗിരീഷിന് വേണമെങ്കില്‍ ഒന്നുകൂടെ ഞെട്ടാവുന്നതാണ് .
സ്നേഹത്തോടെ
ഡോക്ടര്‍

Read the rest

അഡ്രിനാലിൻ റഷ്

ഗുണപാഠം ആദ്യം തന്നെ അങ്ങ് പറയാം; ഉറക്കമെണീച്ചശേഷം നമ്മക്ക് നമ്മളെ തിരിച്ചുകിട്ടാന്‍ ഏതാനും സെക്കന്റുക¬ള്‍ എടുക്കും… അത്രയും നേരം നമ്മള് ഒന്നും ചെയ്യാതെയും മിണ്ടാതെയും അടങ്ങിയിരുന്നാല്‍, വളരെ നന്നായിരിക്കും. അല്ലെങ്കില്‍ നല്ല ഫസ്റ്റ് ക്ലാസ് മണ്ടത്തരങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്.

ബാംഗ്ലൂരില്‍ നിന്ന്‍ കുറ്റിയും പറിച്ച് പോരുന്ന യാത്ര. എന്‍റെ അന്നത്തെ തൂക്കത്തിന്റെ പകുതി കനം ഉണ്ടായിരുന്ന ഒരു ബാഗും, ‘ഡിപ്ലോമാറ്റിന്‍റെ’ ഒരു ബ്രീഫ്കേയ്സുമാണ് കൂടെയുണ്ടായിരുന്നത് (കുറ്റി എവിടെ എന്ന് ചോദിക്കരുത്, പ്ലീസ്). ബാംഗ്ലൂരിലും ഗുദാമുണ്ടെന്ന് പറയിപ്പിക്കാനായി ഉണ്ടാക്കിയ ബാനസവാടി എന്ന സ്ഥലത്തെ കുഞ്ഞു റെയില്‍വേസ്റ്റേഷന്‍. സംഭവം അന്ന് നമ്മടെ കല്ലായി സ്റ്റേഷന്റെ അത്ര പോലും വരില്ല. അവിടെനിന്ന് രാത്രി യശ്വന്ത്പൂര്‍ എക്സ്പ്രസ്സിന് കുറ്റിപ്പുറത്തേക്ക് ടിക്കറ്റ് എടുക്കുമ്പോ കൌണ്ടറിലിരുന്നിരുന്ന റയില്‍വെ മിനിസ്റ്റ¬ര്‍ (അങ്ങനെതന്നെ വിളിക്കണം…. അമ്മാതിരി തലക്കനം ആയിരുന്നു അയാള്‍ക്ക്) പറഞ്ഞു വണ്ടിക്ക് കുറ്റിപ്പുറത്ത് സ്റ്റോപ്പില്ലാന്ന്. അങ്ങനെ വരാന്‍ സാധ്യതയില്ലല്ലോ (ആത്മഗതമാണ്)… എന്തായാലും മൊതല് ടിക്കറ്റിന്റെ കൂടെ കണ്‍ഫ്യൂഷനും കൂടി തന്നു. വരുന്നത് വരട്ടെ എന്ന് കരുതി ഞാന്‍ വണ്ടിയി¬ല്‍ കയറി.

പുലര്‍ച്ചെ അഞ്ചുമണിക്ക് ഞെട്ടിയുണര്‍ന്ന്‍ ഞാ¬ന്‍ പുറത്തേക്ക് നോക്കുമ്പോ തീവണ്ടി ഒരു സ്റ്റെഷനിലൂടെ മെല്ലെ പോവുകയാണ്. പിന്നോട്ട് പോയ ഒരു മഞ്ഞ ബോര്‍ഡിലെ ‘പ്പുറം’ മാത്രം ഞാന്‍ കണ്ടെടുത്തു. ഒരു സെക്കന്റ് ഒപ്പീനിയന് വേണ്ടി, വാതിലിനടുത്ത് ‘വാരണം ആയിര’ത്തിലെ സൂര്യ നിക്കണമാരി നിന്നിരുന്ന ഒരുത്തനോട്‌ ചോദിച്ചു “ഇതേതാ സ്റ്റേഷന്‍ ? കുറ്റിപ്പുറമാണോ”.
അവന്‍ പുറത്തേക്ക് തല നീട്ടിയിട്ട്‌ നോക്കീട്ട് പറഞ്ഞു, “ആ… അതെ”

ബ്രീഫ്കെയ്സ് പുറത്തേക്ക് എറിഞ്ഞു തരാന്‍ അവനെ തന്നെ ഏല്‍പ്പിച്ച് ഞാ¬ന്‍ ഓടുന്ന തീവണ്ടിയി¬ല്‍ നിന്ന് ചാടാന്‍ റെഡിയായി നിന്നു. സ്പൊണ്ടേനിയസ് റിയാക്ഷന്‍!! അല്ലെങ്കിലും ഇമ്മാതിരി ക്ണാപ്പ് ഐഡിയാസ് മിന്നിക്കാന്‍ നമ്മടെ ബ്രൈയ്നിന് അധിക സമയമൊന്നും വേണ്ടല്ലോ.
ഞാന്‍ അതി സാഹസികമായി ചാടിയിറങ്ങി ഓടി ബാലന്‍സ് പിടിച്ചു. പെട്ടി……. അതവന്‍ കറക്റ്റ് എന്റെ കാലിന് നോക്കി തന്നെ എറിഞ്ഞു. മണ്ടന് നല്ല ഉന്നമില്ലാത്തതുകൊണ്ട് ചത്തില്ല.

അഡ്രിനാലിന്‍റെ തോന്നിവാസങ്ങ¬ള്‍ നോര്‍മലായി. ഇന്ത്യന്‍ റയില്‍വെയെ ജയിച്ച സന്തോഷത്തോടെ ഞാന്‍ തിരിഞ്ഞുനോക്കുമ്പോ സ്റ്റേഷന്റെ ബോര്‍ഡ് അതാ, “പള്ളിപ്പുറം” അട്ട്രോഷ്യസ് മൊമെന്റ്!! ബെറ്റ് വെച്ച പാഞ്ചാലിയും പോയപ്പോ യുധിഷ്ടിരനുണ്ടായ സെയിം അവസ്ഥ.

എന്‍റെ ആക്ഷന്‍ സീക്വന്‍സും കണ്ടുകൊണ്ട് പ്ലാറ്റ് ഫോര്‍മി¬ല്‍ ഒരാള് നില്‍ക്കുന്നുണ്ടായിരുന്നു. ട്രെയിനിന് പോവാ¬ന്‍ വഴികാണിച്ച് ടോര്‍ച്ച് അടിച്ചു കൊണ്ട് നില്‍ക്കുന്ന സ്റ്റേഷ¬ന്‍ മാസ്റ്റര്‍.
“സാറേ… കുറ്റിപ്പുറത്തേക്ക് അടുത്ത ട്രെയിന്‍ ഏതാ ?”
കുറ്റിപ്പുറത്തേക്ക് പോയികൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ജീവ¬ന്‍ പണയം വെച്ച് ചാടിയിട്ട് കുറ്റിപ്പുറത്തേക്ക് അടുത്ത ട്രെയിന്‍ എപ്പോഴാ എന്ന് ചോദിച്ച എന്നെ അയാള് തലയില്‍ കൈ വെച്ചിട്ട് ഒരു നോട്ടം നോക്കി. പച്ച വെളിച്ചം ആകാശത്തേക്ക് പോയി.

Deepu Pradeep

Continue reading

അജ്മാന്‍ വസന്തം

അജ്മാനില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന കൊടകരക്കാരന്‍ ജെയിംസേട്ടന്റെ കയ്യിലേക്ക് ആ നട്ടുച്ച നേരത്ത് , ഒരു ഓഡി ആര്‍ 8 വൈപ്പറിട്ട് വന്നു നിന്നു. കൂടെ ഒരു അറബിചെക്കനും.
“മുന്നൂറില് പോവുമ്പോ വണ്ടിയുടെ ബാക്കില്‍ നിന്ന് ചെറിയൊരു സൌണ്ട്”
വൈകുന്നേരത്തെ ചായ കുടി കഴിഞ്ഞ് നീട്ടി തുപ്പാന്‍ എടുത്തുവെച്ചിരുന്ന കുറച്ച് തുപ്പലം സ്പോട്ടില് ഇറക്കീട്ട് ജെയിംസേട്ടന്‍ ചോദിച്ചു “എത്രേല് പോവുമ്പോ….?
“മുന്നൂറില് ”
ഓനോട്‌ മൊഴിയാന്‍ വാക്കുകള്‍ കിട്ടാതെ ജെയിംസേട്ടന്‍ ഒരു നിര്‍ത്തം നിന്നു. ഒരുമാതിരി മാന്താന്‍ കുന്നില്ലാത്ത ജെ സി ബി ടെ അവസ്ഥ!!
അപ്പോഴാണ്‌ സൈഡില് ഇരുന്ന് എസിക്ക് ഗ്യാസ് അടിച്ച്ചോണ്ടിരുന്ന അപ്രന്റീസ് ചെക്കന്‍ ശിഹാബ് തലപൊന്തിച്ച് അറബിചെക്കന് റിപ്ലൈ കൊടുത്തത് .
“മുന്നൂറില് പോവുംമ്പഴല്ലേ …കാര്യാക്കണ്ട, അത് അന്‍റെ കാറ്റ് , പോവാന്‍ വേണ്ടി പുറത്തിറങ്ങുന്നതിന്റെ സൌണ്ടാ ”
ശിഹാബ് വീണ്ടും ഗ്യാസ് അടിച്ചുതുടങ്ങി.

Deepu Pradeep

Continue reading

ദിനേശചരിതം വോള്യം ഒന്ന്

നിന്നുമുള്ളിതറയില്‍ ദിനേശന്‍. വട്ടപേരല്ല, വീട്ടുപേരാണ്.
അളിയന്‍, ഞങ്ങള് നാട്ടുകാര്‍ക്കിടയിലെ കോമഡി പീസാവുന്നത് രണ്ടായിരത്തിയേഴ് ഫാല്‍ഗുന മാസത്തിലാണ്. ജിമ്മില്‍ പോയതുകൊണ്ടു മാത്രമായില്ല, സൈസാവാന്‍ പൌഡറും കൂടി അടിക്കണം എന്ന് പറഞ്ഞതു കേട്ടിട്ട്, ‘കുട്ടിക്കൂറ’ പാലില്‍ കലക്കികുടിച്ച്, വിട്ട എമ്പക്കത്തിന്റെ കണക്ക് എട്ട്!
പിന്നെ അരവട്ടുള്ള കിക്കിരി സുരയെയും, മുഴുവട്ടുള്ള പറങ്ങോടനെയും പോലും നാണിപ്പിച്ച എത്രയെത്ര ദിനേശചരിതങ്ങള്‍ …. പക്ഷെ ദിനേശന്റെ അച്ഛന്‍ ദാമോദരേട്ടന്‍റെ .5 പവര്‍ കുറവുള്ള കണ്ണില്‍മാത്രം മകന്‍ സൂപ്പര്‍ സ്റ്റാറാണ്..

അതിനൊരു മാറ്റം വരുന്നത് ഈ അടുത്താണ്..ദിനേശന്‍ പുതിയ പള്‍സര്‍ വാങ്ങി, സ്റ്റാന്റ് ഇടാന്‍ മറന്ന് ബൈക്കില്‍ നിന്നും ഇറങ്ങി പോവുക, ലെഫ്റ്റിലേക്ക് ഇന്റിക്കേറ്ററിട്ട് റൈറ്റിലേക്ക് തിരിയുക തുടങ്ങിയ കലാപരിപാടികള്‍ക്ക് ശേഷം കത്തി നില്‍ക്കുന്ന ടൈം… ഒരു നനുത്ത നട്ടുച്ച.. ദാമോദരേട്ടന്‍ ധന്വന്തരം കുഴമ്പ് തേച്ച്, ഒരു കുളി ഡിസ്റ്റിങ്ങ്ഷനോടെ തന്നെ പാസാക്കാന്‍ വേണ്ടി നോക്കുമ്പോഴാണ് കണ്ടത്, കുഴമ്പ് തീരാറായിരിക്കുന്നു. സ്പോട്ടില് വിത്തിനെ വിളിച്ചു. “ദിനേശാ..നീ എടപ്പാള് പോയി ഒരു കുപ്പി ധന്വന്തരം കുഴമ്പ് വാങ്ങി വാ..” എന്ന് ഡയലോഗ് കേട്ടതും ബി ജി എം ആയി പള്‍സറിന്റെ സെല്‍ഫ് സ്റ്റാര്‍ട്ട് അടിയുന്ന സൌണ്ട് കേട്ടു.
“എസ് ഡി ഫാര്‍മസിയില്‍ കിട്ടിയില്ലെങ്കില്‍, കോട്ടയ്ക്കലില്‍ നിന്നും വാങ്ങിക്കോ…” എന്ന് ദാമോദരേട്ടന് പുറകീന്ന് വിളിച്ചു പറയേണ്ടി വന്നു. അത്രയ്ക്ക് സ്പീടായിരുന്നു ദിനേശന് . വേള്‍ഡ് ഫേമസ് ആയ കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയ്ക്ക്, ദാമോദരേട്ടൻ പക്ഷെ എസ് ഡി ഫാര്‍മസി കഴിഞ്ഞുള്ള പ്രിഫറന്‍സേ കൊടുത്തിരുന്നുള്ളൂ… മകന്റെ ചാടുലതയും കാര്യപ്രാപ്തിയും കണ്ടുള്ള അഭിമാനത്തോടെ, ദാമോദരേട്ടൻ ഒരു തോര്‍ത്ത്‌ ചുറ്റി ഉള്ള കുഴമ്പ് തന്റെ ദേഹത്ത് അര്‍പ്പിക്കാന്‍ തുടങ്ങി.

അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന എടപ്പാള്‍ ടൌണിലേക്ക് പോയ സല്‍പുത്രന്‍ രണ്ടര മണിക്കൂറ് കഴിഞ്ഞിട്ടും തിരിച്ചുവരാത്തത് കണ്ട് ദാമോദരേട്ടന്‍ ആ തോര്‍ത്തില്‍തന്നെ അന്തിച്ചു നിന്നു. തേച്ച ധന്വന്തരത്തിന്, ദിനേശന്റെ കാര്യത്തില്‍ വല്യ ഉത്കണ്ഠ ഇല്ലാത്തതുകൊണ്ട് അതവിടെ കിടന്ന് ഉണങ്ങിപറ്റി.. മൂന്നാം മണിക്കൂറില്‍ വെറുംകയ്യോടെ ദിനേശന്‍ വീട്ടില്‍ കയറിവന്നു. എടപ്പാള്‍ എസ് ഡി ഫാര്‍മസിയില്‍ കുഴമ്പ് കിട്ടാത്തത് കൊണ്ട്, മുപ്പത്തിയഞ്ചു കിലോമീറ്റര്‍ അകലെയുള്ള കോട്ടയ്ക്കലില്‍ പോയി വന്നിരിക്കുകയാണ് മൊതല് !
“അച്ഛാ കോട്ടയ്ക്കല് ടൌണില് എസ് ഡി ഫാര്‍മസിക്ക് ബ്രാഞ്ചില്ല “.
അതെ , മുണ്ട് പൊക്കി കാണിച്ചഭിനന്ദിക്കേണ്ട കണ്ടുപിടുത്തം !
മോനോട് ‘കോയമ്പത്തൂര്‍ ആര്യ വൈദ്യശാല’യില്‍ നിന്ന് കുഴമ്പ് വാങ്ങാന്‍ പറയാന്‍ തോന്നാത്ത ഭാഗ്യത്തെയോര്‍ത്ത് നില്‍ക്കുകയായിരുന്നത് കൊണ്ട് , ദാമോദരേട്ടന് അത് ചെയ്യാന്‍ പറ്റിയില്ല.

Deepu Pradeep

Continue reading

സ്ഥലകച്ചോടം

കൂട്ടുകാരന്‍ ഒരു സ്ഥലകച്ചോടക്കാരനുണ്ട്. പേരില്‍ മാത്രേ കച്ചവടം ഉള്ളൂ…ഇതേവരെ ഒരു സ്ഥലകച്ചവടം പോലും ചെങ്ങായി നടത്തിയിട്ടില്ല. ഒരിക്കല്‍, ഇപ്പറഞ്ഞ നമ്മുടെ പ്രോട്ടാഗെണിസ്റ്റിന് ഒരു കോളൊത്തു. കൂറ്റനാട് അടുത്ത് ഒരു അഞ്ച് ഏക്കര്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന സ്ഥലം !
വ്യവഹാരത്തിന് വെച്ചിരിക്കുന്ന വസ്തു കാണാന്‍ ടിയാന്‍ കാറെടുത്ത്, എണ്ണയും കത്തിച്ച് പോയി. സ്ഥലം കണ്ടു നിര്‍വൃതിയടഞ്ഞു. കേട്ടത് സത്യമായിരുന്നു, ഹെലികോപ്റ്റര്‍ ഇറങ്ങുന്ന സ്ഥലം തന്നെ. കയറിചെല്ലാന്‍ ഒരു വഴി പോയിട്ട്, വരമ്പ് പോലുമില്ലാത്ത ഒരു പറമ്പ്! അങ്ങനെയുള്ളിടത്ത് ഹെലികോപ്റ്റര്‍ മാത്രമല്ലേ ഇറങ്ങൂ…
തിരിച്ച് കൂറ്റനാട് നിന്ന് പുഴ കടന്ന് കാറ്, ഹെലികോപ്റ്ററിനേക്കാള്‍ സ്പീഡിലാണ് നാട്ടിലെക്കെത്തിയത്.

Deepu Pradeep

Continue reading

%d bloggers like this: