Category: കുഞ്ഞ്യേ കഥകള്‍

16 JUL 2015

പ്രിയപ്പെട്ട ഡോക്ടര്‍ ,
ഇക്കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരു വിചിത്രമായ അനുഭവത്തെക്കുറിച്ച് വിശദമായി അറിയാനാണ് ഞാനീ കുറിപ്പെഴുതുന്നത്.
പാതിരാത്രി , അപരിചിതമായൊരു ഒരു ഹൈവെയിലൂടെ ഒറ്റയ്ക്ക് കാറോടിച്ച് വരുകയായിരുന്നു ഞാന്‍. വിജനമായ ആ പരിസരം ഞാന്‍ ഒന്ന് വീക്ഷിച്ചു …ഭീകരതയോടെ റോഡിലേക്ക് തള്ളിനില്‍ക്കുന്ന കാട്ടുചെടികള്‍ , ഭയപെടുത്തുന്ന കനത്തഇരുട്ട് ,അന്തരീക്ഷത്തില്‍ പന്തലിച്ചുനില്‍ക്കുന്ന നിശബ്ദത!! പെട്ടെന്ന്‍ എന്റെ വണ്ടിയുടെ മുന്‍പിലായി സഞ്ചരിച്ചിരുന്ന ആ കാര്‍ അപ്രതീക്ഷിതമായി ബ്രേക്ക് ചവിട്ടി നിര്‍ത്തി. ഒന്ന് അമ്പരന്നെങ്കിലും ഞാന്‍ എന്റെ വണ്ടി വെട്ടിച്ചെടുത്ത് മുന്നോട്ട് പോയി. പൊടുന്നനെ, ആകാശത്ത് നിന്ന്‍ അതിശക്തമായ ഒരു കൊള്ളിയാന്‍ മിന്നി. റിയര്‍ വ്യൂ മിററിലേക്ക് നോക്കിയ ഞാന്‍ കണ്ടത് എന്റെ പിറകിലായി വന്ന ഒരു ജീപ്പും എന്തോ കണ്ട് അവിടെ നിര്‍ത്തിയിടുന്നതാണ് . പിന്നെ അവിടെ നിന്ന് എങ്ങനെ വണ്ടിയോടിച്ച് രക്ഷപെട്ടു എന്ന് എനിക്ക് തന്നെ അറിയില്ല.
എന്തായിരിക്കും ഡോക്ടര്‍ അവിടെ സംഭവിച്ചിട്ടുണ്ടാവുക ? എന്തിനായിരിക്കും അവര്‍ വണ്ടി നിര്‍ത്തിയത്?ഞാന്‍ കാണാത്ത എന്തായിരിക്കും അവര്‍ കണ്ടിട്ടുണ്ടാവുക? ഇതെഴുതുമ്പോഴും എന്റെ ഞെട്ടല്‍ മാറിയിട്ടില്ല. പ്ലീസ് ഹെല്പ് മീ.
ഗിരീഷ്‌

പ്രിയപ്പെട്ട ഗിരീഷ്‌.
ആദ്യമേ തന്നെ പറയട്ടെ..താങ്കളുടെ വിചിത്രാനുഭവത്തെകുറിച്ചുള്ള ഈ കുറിപ്പ് അത്യന്തം ആകാംഷയോടെയാണ് ഞാന്‍ വായിച്ച് അവസാനിപ്പിച്ചത്. ഇത് തീര്‍ത്തും ഒറ്റപെട്ട ഒരു സംഭവമല്ല. കേരളത്തില്‍ തന്നെ പല സ്ഥലത്തും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടുണ്ട്.
ഞങ്ങള്‍ ശാസ്ത്രലോകം ഇതിനെ ‘ട്രാഫിക് സിഗ്നല്‍ വയലേഷന്‍’ എന്നാണു വിളിക്കാറ്. ഇതില്‍ പേടിക്കതക്കതായി ഒന്നുമില്ല. അതിനാല്‍ ഗിരീഷിന് ഞെട്ടലില്‍ നിന്നും വിമുക്തമാകാവുന്നതാണ്. എന്നിരുന്നാലും, ഒരാഴ്ചയ്ക്ക് ശേഷം ഈ അത്ഭുദ പ്രതിഭാസത്തിന്റെ തുടര്‍ച്ച എന്നോണം, ആര്‍ട്ടിയൊ ഓഫീസില്‍ നിന്ന്‍ ഒരു ലെറ്റര്‍ വീട്ടിലേക്ക് വരുന്നതാണ്. അപ്പോഴത്തെ സൗകര്യം അനുസരിച്ച് ഗിരീഷിന് വേണമെങ്കില്‍ ഒന്നുകൂടെ ഞെട്ടാവുന്നതാണ് .
സ്നേഹത്തോടെ
ഡോക്ടര്‍

Read the rest

അഡ്രിനാലിൻ റഷ്

ഗുണപാഠം ആദ്യം തന്നെ അങ്ങ് പറയാം; ഉറക്കമെണീച്ചശേഷം നമ്മക്ക് നമ്മളെ തിരിച്ചുകിട്ടാന്‍ ഏതാനും സെക്കന്റുക¬ള്‍ എടുക്കും… അത്രയും നേരം നമ്മള് ഒന്നും ചെയ്യാതെയും മിണ്ടാതെയും അടങ്ങിയിരുന്നാല്‍, വളരെ നന്നായിരിക്കും. അല്ലെങ്കില്‍ നല്ല ഫസ്റ്റ് ക്ലാസ് മണ്ടത്തരങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്.

ബാംഗ്ലൂരില്‍ നിന്ന്‍ കുറ്റിയും പറിച്ച് പോരുന്ന യാത്ര. എന്‍റെ അന്നത്തെ തൂക്കത്തിന്റെ പകുതി കനം ഉണ്ടായിരുന്ന ഒരു ബാഗും, ‘ഡിപ്ലോമാറ്റിന്‍റെ’ ഒരു ബ്രീഫ്കേയ്സുമാണ് കൂടെയുണ്ടായിരുന്നത് (കുറ്റി എവിടെ എന്ന് ചോദിക്കരുത്, പ്ലീസ്). ബാംഗ്ലൂരിലും ഗുദാമുണ്ടെന്ന് പറയിപ്പിക്കാനായി ഉണ്ടാക്കിയ ബാനസവാടി എന്ന സ്ഥലത്തെ കുഞ്ഞു റെയില്‍വേസ്റ്റേഷന്‍. സംഭവം അന്ന് നമ്മടെ കല്ലായി സ്റ്റേഷന്റെ അത്ര പോലും വരില്ല. അവിടെനിന്ന് രാത്രി യശ്വന്ത്പൂര്‍ എക്സ്പ്രസ്സിന് കുറ്റിപ്പുറത്തേക്ക് ടിക്കറ്റ് എടുക്കുമ്പോ കൌണ്ടറിലിരുന്നിരുന്ന റയില്‍വെ മിനിസ്റ്റ¬ര്‍ (അങ്ങനെതന്നെ വിളിക്കണം…. അമ്മാതിരി തലക്കനം ആയിരുന്നു അയാള്‍ക്ക്) പറഞ്ഞു വണ്ടിക്ക് കുറ്റിപ്പുറത്ത് സ്റ്റോപ്പില്ലാന്ന്. അങ്ങനെ വരാന്‍ സാധ്യതയില്ലല്ലോ (ആത്മഗതമാണ്)… എന്തായാലും മൊതല് ടിക്കറ്റിന്റെ കൂടെ കണ്‍ഫ്യൂഷനും കൂടി തന്നു. വരുന്നത് വരട്ടെ എന്ന് കരുതി ഞാന്‍ വണ്ടിയി¬ല്‍ കയറി.

പുലര്‍ച്ചെ അഞ്ചുമണിക്ക് ഞെട്ടിയുണര്‍ന്ന്‍ ഞാ¬ന്‍ പുറത്തേക്ക് നോക്കുമ്പോ തീവണ്ടി ഒരു സ്റ്റെഷനിലൂടെ മെല്ലെ പോവുകയാണ്. പിന്നോട്ട് പോയ ഒരു മഞ്ഞ ബോര്‍ഡിലെ ‘പ്പുറം’ മാത്രം ഞാന്‍ കണ്ടെടുത്തു. ഒരു സെക്കന്റ് ഒപ്പീനിയന് വേണ്ടി, വാതിലിനടുത്ത് ‘വാരണം ആയിര’ത്തിലെ സൂര്യ നിക്കണമാരി നിന്നിരുന്ന ഒരുത്തനോട്‌ ചോദിച്ചു “ഇതേതാ സ്റ്റേഷന്‍ ? കുറ്റിപ്പുറമാണോ”.
അവന്‍ പുറത്തേക്ക് തല നീട്ടിയിട്ട്‌ നോക്കീട്ട് പറഞ്ഞു, “ആ… അതെ”

ബ്രീഫ്കെയ്സ് പുറത്തേക്ക് എറിഞ്ഞു തരാന്‍ അവനെ തന്നെ ഏല്‍പ്പിച്ച് ഞാ¬ന്‍ ഓടുന്ന തീവണ്ടിയി¬ല്‍ നിന്ന് ചാടാന്‍ റെഡിയായി നിന്നു. സ്പൊണ്ടേനിയസ് റിയാക്ഷന്‍!! അല്ലെങ്കിലും ഇമ്മാതിരി ക്ണാപ്പ് ഐഡിയാസ് മിന്നിക്കാന്‍ നമ്മടെ ബ്രൈയ്നിന് അധിക സമയമൊന്നും വേണ്ടല്ലോ.
ഞാന്‍ അതി സാഹസികമായി ചാടിയിറങ്ങി ഓടി ബാലന്‍സ് പിടിച്ചു. പെട്ടി……. അതവന്‍ കറക്റ്റ് എന്റെ കാലിന് നോക്കി തന്നെ എറിഞ്ഞു. മണ്ടന് നല്ല ഉന്നമില്ലാത്തതുകൊണ്ട് ചത്തില്ല.

അഡ്രിനാലിന്‍റെ തോന്നിവാസങ്ങ¬ള്‍ നോര്‍മലായി. ഇന്ത്യന്‍ റയില്‍വെയെ ജയിച്ച സന്തോഷത്തോടെ ഞാന്‍ തിരിഞ്ഞുനോക്കുമ്പോ സ്റ്റേഷന്റെ ബോര്‍ഡ് അതാ, “പള്ളിപ്പുറം” അട്ട്രോഷ്യസ് മൊമെന്റ്!! ബെറ്റ് വെച്ച പാഞ്ചാലിയും പോയപ്പോ യുധിഷ്ടിരനുണ്ടായ സെയിം അവസ്ഥ.

എന്‍റെ ആക്ഷന്‍ സീക്വന്‍സും കണ്ടുകൊണ്ട് പ്ലാറ്റ് ഫോര്‍മി¬ല്‍ ഒരാള് നില്‍ക്കുന്നുണ്ടായിരുന്നു. ട്രെയിനിന് പോവാ¬ന്‍ വഴികാണിച്ച് ടോര്‍ച്ച് അടിച്ചു കൊണ്ട് നില്‍ക്കുന്ന സ്റ്റേഷ¬ന്‍ മാസ്റ്റര്‍.
“സാറേ… കുറ്റിപ്പുറത്തേക്ക് അടുത്ത ട്രെയിന്‍ ഏതാ ?”
കുറ്റിപ്പുറത്തേക്ക് പോയികൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ജീവ¬ന്‍ പണയം വെച്ച് ചാടിയിട്ട് കുറ്റിപ്പുറത്തേക്ക് അടുത്ത ട്രെയിന്‍ എപ്പോഴാ എന്ന് ചോദിച്ച എന്നെ അയാള് തലയില്‍ കൈ വെച്ചിട്ട് ഒരു നോട്ടം നോക്കി. പച്ച വെളിച്ചം ആകാശത്തേക്ക് പോയി.

Deepu Pradeep

Continue reading

അജ്മാന്‍ വസന്തം

അജ്മാനില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന കൊടകരക്കാരന്‍ ജെയിംസേട്ടന്റെ കയ്യിലേക്ക് ആ നട്ടുച്ച നേരത്ത് , ഒരു ഓഡി ആര്‍ 8 വൈപ്പറിട്ട് വന്നു നിന്നു. കൂടെ ഒരു അറബിചെക്കനും.
“മുന്നൂറില് പോവുമ്പോ വണ്ടിയുടെ ബാക്കില്‍ നിന്ന് ചെറിയൊരു സൌണ്ട്”
വൈകുന്നേരത്തെ ചായ കുടി കഴിഞ്ഞ് നീട്ടി തുപ്പാന്‍ എടുത്തുവെച്ചിരുന്ന കുറച്ച് തുപ്പലം സ്പോട്ടില് ഇറക്കീട്ട് ജെയിംസേട്ടന്‍ ചോദിച്ചു “എത്രേല് പോവുമ്പോ….?
“മുന്നൂറില് ”
ഓനോട്‌ മൊഴിയാന്‍ വാക്കുകള്‍ കിട്ടാതെ ജെയിംസേട്ടന്‍ ഒരു നിര്‍ത്തം നിന്നു. ഒരുമാതിരി മാന്താന്‍ കുന്നില്ലാത്ത ജെ സി ബി ടെ അവസ്ഥ!!
അപ്പോഴാണ്‌ സൈഡില് ഇരുന്ന് എസിക്ക് ഗ്യാസ് അടിച്ച്ചോണ്ടിരുന്ന അപ്രന്റീസ് ചെക്കന്‍ ശിഹാബ് തലപൊന്തിച്ച് അറബിചെക്കന് റിപ്ലൈ കൊടുത്തത് .
“മുന്നൂറില് പോവുംമ്പഴല്ലേ …കാര്യാക്കണ്ട, അത് അന്‍റെ കാറ്റ് , പോവാന്‍ വേണ്ടി പുറത്തിറങ്ങുന്നതിന്റെ സൌണ്ടാ ”
ശിഹാബ് വീണ്ടും ഗ്യാസ് അടിച്ചുതുടങ്ങി.

Deepu Pradeep

Continue reading

ദിനേശചരിതം വോള്യം ഒന്ന്

നിന്നുമുള്ളിതറയില്‍ ദിനേശന്‍. വട്ടപേരല്ല, വീട്ടുപേരാണ്.
അളിയന്‍, ഞങ്ങള് നാട്ടുകാര്‍ക്കിടയിലെ കോമഡി പീസാവുന്നത് രണ്ടായിരത്തിയേഴ് ഫാല്‍ഗുന മാസത്തിലാണ്. ജിമ്മില്‍ പോയതുകൊണ്ടു മാത്രമായില്ല, സൈസാവാന്‍ പൌഡറും കൂടി അടിക്കണം എന്ന് പറഞ്ഞതു കേട്ടിട്ട്, ‘കുട്ടിക്കൂറ’ പാലില്‍ കലക്കികുടിച്ച്, വിട്ട എമ്പക്കത്തിന്റെ കണക്ക് എട്ട്!
പിന്നെ അരവട്ടുള്ള കിക്കിരി സുരയെയും, മുഴുവട്ടുള്ള പറങ്ങോടനെയും പോലും നാണിപ്പിച്ച എത്രയെത്ര ദിനേശചരിതങ്ങള്‍ …. പക്ഷെ ദിനേശന്റെ അച്ഛന്‍ ദാമോദരേട്ടന്‍റെ .5 പവര്‍ കുറവുള്ള കണ്ണില്‍മാത്രം മകന്‍ സൂപ്പര്‍ സ്റ്റാറാണ്..

അതിനൊരു മാറ്റം വരുന്നത് ഈ അടുത്താണ്..ദിനേശന്‍ പുതിയ പള്‍സര്‍ വാങ്ങി, സ്റ്റാന്റ് ഇടാന്‍ മറന്ന് ബൈക്കില്‍ നിന്നും ഇറങ്ങി പോവുക, ലെഫ്റ്റിലേക്ക് ഇന്റിക്കേറ്ററിട്ട് റൈറ്റിലേക്ക് തിരിയുക തുടങ്ങിയ കലാപരിപാടികള്‍ക്ക് ശേഷം കത്തി നില്‍ക്കുന്ന ടൈം… ഒരു നനുത്ത നട്ടുച്ച.. ദാമോദരേട്ടന്‍ ധന്വന്തരം കുഴമ്പ് തേച്ച്, ഒരു കുളി ഡിസ്റ്റിങ്ങ്ഷനോടെ തന്നെ പാസാക്കാന്‍ വേണ്ടി നോക്കുമ്പോഴാണ് കണ്ടത്, കുഴമ്പ് തീരാറായിരിക്കുന്നു. സ്പോട്ടില് വിത്തിനെ വിളിച്ചു. “ദിനേശാ..നീ എടപ്പാള് പോയി ഒരു കുപ്പി ധന്വന്തരം കുഴമ്പ് വാങ്ങി വാ..” എന്ന് ഡയലോഗ് കേട്ടതും ബി ജി എം ആയി പള്‍സറിന്റെ സെല്‍ഫ് സ്റ്റാര്‍ട്ട് അടിയുന്ന സൌണ്ട് കേട്ടു.
“എസ് ഡി ഫാര്‍മസിയില്‍ കിട്ടിയില്ലെങ്കില്‍, കോട്ടയ്ക്കലില്‍ നിന്നും വാങ്ങിക്കോ…” എന്ന് ദാമോദരേട്ടന് പുറകീന്ന് വിളിച്ചു പറയേണ്ടി വന്നു. അത്രയ്ക്ക് സ്പീടായിരുന്നു ദിനേശന് . വേള്‍ഡ് ഫേമസ് ആയ കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയ്ക്ക്, ദാമോദരേട്ടൻ പക്ഷെ എസ് ഡി ഫാര്‍മസി കഴിഞ്ഞുള്ള പ്രിഫറന്‍സേ കൊടുത്തിരുന്നുള്ളൂ… മകന്റെ ചാടുലതയും കാര്യപ്രാപ്തിയും കണ്ടുള്ള അഭിമാനത്തോടെ, ദാമോദരേട്ടൻ ഒരു തോര്‍ത്ത്‌ ചുറ്റി ഉള്ള കുഴമ്പ് തന്റെ ദേഹത്ത് അര്‍പ്പിക്കാന്‍ തുടങ്ങി.

അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന എടപ്പാള്‍ ടൌണിലേക്ക് പോയ സല്‍പുത്രന്‍ രണ്ടര മണിക്കൂറ് കഴിഞ്ഞിട്ടും തിരിച്ചുവരാത്തത് കണ്ട് ദാമോദരേട്ടന്‍ ആ തോര്‍ത്തില്‍തന്നെ അന്തിച്ചു നിന്നു. തേച്ച ധന്വന്തരത്തിന്, ദിനേശന്റെ കാര്യത്തില്‍ വല്യ ഉത്കണ്ഠ ഇല്ലാത്തതുകൊണ്ട് അതവിടെ കിടന്ന് ഉണങ്ങിപറ്റി.. മൂന്നാം മണിക്കൂറില്‍ വെറുംകയ്യോടെ ദിനേശന്‍ വീട്ടില്‍ കയറിവന്നു. എടപ്പാള്‍ എസ് ഡി ഫാര്‍മസിയില്‍ കുഴമ്പ് കിട്ടാത്തത് കൊണ്ട്, മുപ്പത്തിയഞ്ചു കിലോമീറ്റര്‍ അകലെയുള്ള കോട്ടയ്ക്കലില്‍ പോയി വന്നിരിക്കുകയാണ് മൊതല് !
“അച്ഛാ കോട്ടയ്ക്കല് ടൌണില് എസ് ഡി ഫാര്‍മസിക്ക് ബ്രാഞ്ചില്ല “.
അതെ , മുണ്ട് പൊക്കി കാണിച്ചഭിനന്ദിക്കേണ്ട കണ്ടുപിടുത്തം !
മോനോട് ‘കോയമ്പത്തൂര്‍ ആര്യ വൈദ്യശാല’യില്‍ നിന്ന് കുഴമ്പ് വാങ്ങാന്‍ പറയാന്‍ തോന്നാത്ത ഭാഗ്യത്തെയോര്‍ത്ത് നില്‍ക്കുകയായിരുന്നത് കൊണ്ട് , ദാമോദരേട്ടന് അത് ചെയ്യാന്‍ പറ്റിയില്ല.

Deepu Pradeep

Continue reading

സ്ഥലകച്ചോടം

കൂട്ടുകാരന്‍ ഒരു സ്ഥലകച്ചോടക്കാരനുണ്ട്. പേരില്‍ മാത്രേ കച്ചവടം ഉള്ളൂ…ഇതേവരെ ഒരു സ്ഥലകച്ചവടം പോലും ചെങ്ങായി നടത്തിയിട്ടില്ല. ഒരിക്കല്‍, ഇപ്പറഞ്ഞ നമ്മുടെ പ്രോട്ടാഗെണിസ്റ്റിന് ഒരു കോളൊത്തു. കൂറ്റനാട് അടുത്ത് ഒരു അഞ്ച് ഏക്കര്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന സ്ഥലം !
വ്യവഹാരത്തിന് വെച്ചിരിക്കുന്ന വസ്തു കാണാന്‍ ടിയാന്‍ കാറെടുത്ത്, എണ്ണയും കത്തിച്ച് പോയി. സ്ഥലം കണ്ടു നിര്‍വൃതിയടഞ്ഞു. കേട്ടത് സത്യമായിരുന്നു, ഹെലികോപ്റ്റര്‍ ഇറങ്ങുന്ന സ്ഥലം തന്നെ. കയറിചെല്ലാന്‍ ഒരു വഴി പോയിട്ട്, വരമ്പ് പോലുമില്ലാത്ത ഒരു പറമ്പ്! അങ്ങനെയുള്ളിടത്ത് ഹെലികോപ്റ്റര്‍ മാത്രമല്ലേ ഇറങ്ങൂ…
തിരിച്ച് കൂറ്റനാട് നിന്ന് പുഴ കടന്ന് കാറ്, ഹെലികോപ്റ്ററിനേക്കാള്‍ സ്പീഡിലാണ് നാട്ടിലെക്കെത്തിയത്.

Deepu Pradeep

Continue reading

Read the rest

നമ്മക്ക് ജീവനില്‍ കൊതിയുണ്ടോ ഇല്ലെയോ എന്ന് പരീക്ഷിക്കാന്‍ ഒരു എളുപ്പപണിയുണ്ട്. സമയം തെറ്റിയോടുന്ന ഒരു തൃശ്ശൂര്‍ – കോഴിക്കോട്‌ പ്രൈവറ്റ്‌ ബസ്സില്‍ കേറി ഇരുന്നാ മതി. പറ്റുമെങ്കില്‍ മുന്‍ സീറ്റില്‍ തന്നെയിരിക്കണം. ഇരമ്പും!നിരീശ്വരവാദികള് വരെ റോഡ്‌ സൈഡിലുള്ള അമ്പലങ്ങളും പള്ളികളും കാണുമ്പോ പ്രാര്‍ഥിച്ചു പോവും . ചെസ്സ്‌ ബോര്‍ഡില് തേരിനെ എടുത്തു വെക്കണമാരിയാണ് ഡ്രൈവര്‍മാര് ബസ്സെടുത്തു അങ്ങോട്ടും ഇങ്ങോട്ടും വെക്കാ.

Read the rest

വിദ്യ മുട്ട്

പത്താം ക്ലാസ് പരീക്ഷയുടെ ആദ്യ ദിവസം. വിദ്യ മുട്ടറുക്കാനുള്ള തേങ്ങയും കൊണ്ട് സൈക്കിളും ചവിട്ടി അമ്പലത്തിലേക്ക് പോവുമ്പോഴാണ്, ആ ഇടവഴിയിൽ വെച്ച് ഞാനാദ്യമായി ആ കുട്ടിയെ കാണുന്നത്.
ഞാൻ ബെല്ലടിച്ചു, അവൾ തിരിഞ്ഞു നോക്കി .
വിട¬ര്‍ന്ന തെങ്ങിൻ പൂങ്കുലയുടെ നിറമുള്ള പെണ്‍കുട്ടി! അവളുടെ നെറ്റിയിലെ ചന്ദനക്കുറി , ആ നിറം കാരണം അവ്യക്തമായിരുന്നു!!
ഞാൻ കടന്നു പോകാൻ വേണ്ടി അവൾ മാറിയൊതുങ്ങിനിന്നു .

ഞാനും അവളും മാത്രമുള്ള ആ അമ്പലനടയിൽ വെച്ച്, അവളെന്റെ കണ്ണുകളുടെ ആഴമളക്കുന്നുണ്ടായിരുന്നു .
ഞാനടുത്തേക്ക് ചെന്നു. ആ നാളികേരം അവൾക്ക് നേരെ നീട്ടി, കൂടെ പൈസയും, എന്നിട്ട് ചോദിച്ചു ,
“പരീക്ഷയുണ്ട്, ശീട്ടാക്കാൻ ആള് വരാൻ കാത്തുനില്ക്കാൻ സമയമില്ല, ഇതൊന്ന് ശീട്ടാക്കി മുട്ടറുക്കുമോ ?”
അവൾ എന്റെ കണ്ണിലേക്കു നോക്കാതെ തലയാട്ടി അത് വാങ്ങി.
ഞാൻ പേര് പറഞ്ഞുകൊടുത്തു
അവൾ നാള് ചോദിച്ചു ;
“ഭരണി !”
തൊഴുതു തിരിഞ്ഞു നടക്കുമ്പോൾ അവളെ ഞാൻ ഓര്‍മ്മിപ്പിച്ചു, ‘വിദ്യമുട്ട്’
ആ വാക്കവസാനിക്കുമ്പോൾ എനിക്കൊരു പുഞ്ചിരി കിട്ടി.

തിരികെ വീട്ടിലേക്കു സൈക്കിൾ ചവിട്ടുമ്പോൾ എന്റെ മനസ്സ് നിറച്ചും ഒരു തേങ്ങയുണ്ടാക്കാൻ പോകുന്ന ആ പ്രണയത്തെകുറിച്ചുള്ള ആലോചനകളായിരുന്നു. സത്യത്തിൽ സ്കൂളിൽ പോവാൻ ഇനീം സമയമുണ്ടായിരുന്നു, ഞാനൊരു നമ്പറിട്ടതല്ലേ!

പിന്നെ ഓരോ പരീക്ഷയുടെ അന്ന് രാവിലെയും ഞാൻ അമ്പലത്തിൽ പോവുന്നത് പതിവാക്കി. ആ ഇടവഴിയിലോ, അമ്പലത്തിലോ വെച്ച് ഞങ്ങൾ കണ്ടുമുട്ടും .
എന്‍റെ മുഖത്ത് ഒരു സ്മൈലിക്കും പ്രകടിപ്പിക്കാനാവാത്ത വികാരങ്ങളുടെ വേലിയേറ്റമുണ്ടായി, ഒരു ക്യാമറയ്ക്കും ഒപ്പിയെടുക്കാൻ പറ്റാത്ത ഭാവഭേദങ്ങളുടെ മിന്നലാട്ടങ്ങലുണ്ടായി.
ഓരോ തവണയും, അവൾ എന്തോ പറയാൻ വെമ്പികൊണ്ട് എന്‍റെ അരികിലേക്ക് വന്നു, പക്ഷെ ഞാൻ നിന്ന് കൊടുത്തില്ല. മനസ്സ് പറഞ്ഞു, ‘പരീക്ഷ കഴിയട്ടെ’
അവളുടെ നാവിന്‍റെ അറ്റം വരെയെത്തിയ ആ വാക്കുകൾ പുറത്തേക്കൊഴുകാത്തതിന്‍റെ വിഷമം ഞാനാ കണ്ണിൽ കണ്ടു, ഞാനെന്‍റെ കണ്ണു വെട്ടിച്ചുകളഞ്ഞു.

അവസാനത്തെ പരീക്ഷയും കഴിഞ്ഞ് ഒരു ദീപാരാധന സമയത്ത് ഞങ്ങൾ വീണ്ടും കണ്ടു.
അവളെന്‍റെ കണ്ണിലേക്ക് നടന്നുവന്നു. ഇത്തവണ ഞാൻ ഒഴിഞ്ഞു മാറിയില്ല. ആ രാവും നിലാവും അവളെന്നോട് പറയാൻ കാത്തുവെച്ച ആ വാക്ക് കേൾക്കാനായി കാതുകൂർപ്പിച്ചു….
അമ്പലത്തിന്‍റെ അകാൽ വിളക്കുകൾ തെളിയുന്ന ആ സന്ധ്യയിൽ അവൾ എന്നോട് പറഞ്ഞു
“അന്ന് ആ മുട്ടറുക്കാൻ പറ്റിയില്ല….. ആ തേങ്ങ എന്‍റെ കയ്യീന്ന് വീണുപൊട്ടി !!!!”
പിന്നെ പരീക്ഷയുടെ റിസൾട്ട് അറിയുന്നത് വരെ മുട്ടറുക്കുന്നതിനേക്കാൾ ശബ്ദത്തിലാണ് എന്‍റെ നെഞ്ചിടിച്ചത്!

Deepu Pradeep

Continue reading

ആ ഇടവഴിയില്‍ വാക്കുകളുച്ചരിക്കാതെ നീ നിന്നത്,
നിന്നെ കടന്നുപോകാന്‍
ഞാനെത്ര സമയമെടുക്കുമെന്ന് അളക്കാനായിരുന്നോ?
ഞാന്‍ നിന്നെ നോക്കിയപ്പോഴോക്കെയും
നീ, നിന്റെ കണ്ണ് വെട്ടിച്ചുക്കളഞ്ഞത് ,
വക്കോളമെത്തിയ ഒരു കണ്ണീരൊളിപ്പിക്കാനായിരുന്നില്ലേ ?
#കട്ട ഡെസ്പ്
(അതെ,ഡെസ്പ് ജിമ്മില്‍ പോവുന്നുണ്ട്, കട്ടയാവാന്‍)

Read the rest

കിണറു കണ്ടാ ഒന്നെത്തിനോക്കും….അത്‌ ഞങ്ങൾ മലയാളികൾടെ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ഒരു ശീലാ….
അതാ കുഴൽ കിണറു കാണുമ്പൊ മ്മക്കീ പുഛം !

Read the rest

“അത്രയും നാള്‍ കണ്ണിലൊളിപ്പിച്ച,
നെഞ്ചിലടച്ചുവെച്ച എന്തോ പറയാന്‍ ,
ആ ഇടവഴിയില്‍ അവള്‍ എന്നിലേക്ക്‌ നടന്നു വരുംമ്പോഴോക്കെയും
അപ്പുറത്തെ പറമ്പില്‍ ഒരു തേങ്ങ വീഴും.
ഞാന്‍ പോയി ആ തേങ്ങ പെറുക്കും………..

അവസാനമായി ഞാനവളെ കാണുമ്പോള്‍ അവള്‍
ആ തെങ്ങിന്റെ മണ്ടയിലേക്കു നോക്കി നില്‍ക്കുകയായിരുന്നു
അന്നു തേങ്ങ വീണില്ല !
ഓലമടല്‍ വീണു, രണ്ട്രെണ്ണം !! ”
അത്യന്താധുനികമാണ്. ലോ ഐ ക്യു ടീമ്സിനു മനസ്സിലായിക്കോളണം എന്നില്ല .

Read the rest

Read the rest