ഒരു ദിവസം കുറഞ്ഞത് ഒരു ചെറുകഥയെങ്കിലും വായിക്കുക എന്നൊരു റിസലൂഷൻ രണ്ടായിരത്തി ഇരുപത്തിയഞ്ചിന്റെ തുടക്കത്തിൽ എടുത്തിരുന്നു. മാർച്ച് വരെ കുഴപ്പമില്ലാതെ മുന്നോട്ട് പോയതുകൊണ്ട് ആ ഷീറ്റിന്റെ ലിങ്ക് ഷെയർ ചെയ്ത് അതെന്റെയൊരു പബ്ലിക് കമിറ്റ്മെന്റ് ആക്കി. പിന്നീട് ഞാൻ വായിച്ചില്ലെങ്കിൽ അത് ആ ഗൂഗിൾ ഷീറ്റ് ഫോളോ ചെയ്യുന്നവർ കാണുമെന്നും, ‘ഇവന് ഇതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നോ?’ എന്ന് പറയുമെന്നും ഉറപ്പായതോടെ വായന മുടങ്ങിയില്ല (സൈക്കോളജിക്കൽ മൂവ്).
എന്നുമൊന്നും വായിക്കാൻ കഴിഞ്ഞില്ലെങ്കിലും മിസ്സായ ദിവസങ്ങൾക്ക് പകരം വേറെ വായിച്ച്, ഈ വർഷം ഏകദേശം 480 ചെറുകഥകൾ പൂർത്തിയാക്കാൻ കഴിഞ്ഞു. ആ ഒരു റിസലൂഷൻ കൊണ്ട് എന്റെ വായന രണ്ടിരട്ടിയായി കൂടി എന്നതാണ് ഏറ്റവും വല്യ കാര്യം. 2025, ഞാൻ ജീവിതത്തിലിന്നേവരെ വെച്ച് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച വർഷവുമായി.
44 പുസ്തകങ്ങൾ.
ഏതാണ്ട് ഏഴായിരത്തിയഞ്ഞൂറ് പേജുകൾ!
അതുപോലെ ഏറ്റവും കൂടുതൽ സിനിമകൾ തിയേറ്ററിൽ പോയി കണ്ട വർഷവും രണ്ടായിരത്തി ഇരുപത്തിയഞ്ച് തന്നെയാണ്, 43 ചിത്രങ്ങൾ.
തൊടിയിൽ ഇരുപത്തിരണ്ട് മരത്തൈകൾ നട്ടു.
കഴിഞ്ഞ കുറെ കാലമായിട്ട് മനസ്സിലുണ്ടായിരുന്ന രണ്ടാഗ്രഹങ്ങൾ… ഇയർ പിയേഴ്സിങ്ങും ചെയ്തു, ടാറ്റൂവും അടിച്ചു.
പക്ഷേ ഇതിനേക്കാളൊക്കെ സന്തോഷം തന്നതും, 2025 പ്രിയപ്പെട്ടതായതും എന്റെ എഴുത്തിന്റെ സ്ഥിരത കാര്യമായിട്ട് കൂടിയതിന്റെ പേരിലാണ്. ചെറുതും വലുതുമായി 22 കഥകൾ ഈ വർഷം എഴുതി. ആ പേഴ്സണൽ റെക്കോർഡ് കൂടിയായത്തോടെ എന്റെ രണ്ടാമത്തെയും മൂന്നാമത്തെയും പുസ്തകങ്ങൾ സെറ്റ്. ആദ്യ നോവലിന്റെ രചനയും നടക്കുന്നു.
സിനിമകളുടെ എഴുത്തിനെകുറിച്ച് പറയുന്നില്ല, സ്ക്രീനിലെത്തും വരെ അത് ഒരെഴുത്തുകാരന് കണക്ക് വെക്കാൻ പറ്റുന്നതോ, ഒരു കണക്കിലും പെടുന്നതോ, സിനിമയ്ക്കുള്ളിലുള്ളവർ തന്നെ കണ്ടില്ലെന്ന് നടിക്കുന്നതോ ആയൊരു മെട്രിക് ആണ്.
2016 തൊട്ട് ഓരോ വർഷവും വായിച്ച പുസ്തകങ്ങൾ ബ്ലോഗിലൊരു പേജുണ്ടാക്കി ലിസ്റ്റ് ചെയ്യുന്നുണ്ട്. അടുത്തവർഷം തൊട്ട് വായിക്കുന്ന ഓരോ പുസ്തകങ്ങളെക്കുറിച്ചും ചെറിയൊരു കുറിപ്പ് കൂടി അവിടെ ചേർക്കാനുള്ള ഒരു പ്ലാനുണ്ട്.… Read the rest