മേയ് രണ്ടാന്തി. മാതൃഭുമിയും മനോരമയുമൊന്നുമിറങ്ങാത്ത ദിവസം. ഉണ്ണിമൂലം ഇന്റര്‍വ്യൂ കഴിഞ്ഞു വീട്ടിലേക്കു കയറി. പരിചയപെടുത്താന്‍ മറന്നു, ഇതാണ് ഉണ്ണിമൂലം. പേര് ഉണ്ണി, നാള് മൂലം. അങ്ങനെ വീണ ഇരട്ടപേരാണ് ‘ഉണ്ണിമൂലം’. പേരും നാളും ചേര്‍ന്നൊരു പേര് !
ഉമ്മറത്ത് നിന്ന് അച്ഛന്‍ മാമുക്കോയയുടെ ചിരിചിരിച്ച്, തിലകന്റെ ശബ്ദത്തില്‍ ചോദിച്ചു,
“ജോലി കിട്ടിയോടാ?”
“ഇല്ലച്ഛാ, ഈ ഇന്റര്‍വ്യൂവും കമ്പനിക്കടിച്ച്.”
സ്ഫടികവും, നരസിംഹവും കണ്ടിട്ടാണോ എന്നറിയില്ല, കേരളത്തിലെ ഒരുമാതിരിപെട്ട അച്ചന്മാരൊക്കെ ഒരു തിലകന്‍ ലൈനാണ്. പിതാശ്രീ എഴുതി തയ്യാറാക്കി വെച്ച സംഭാഷണം പറഞ്ഞു തുടങ്ങി.
“കിട്ടില്ലെടാ കിട്ടില്ല. നിന്നോട് ഞാന്‍ എത്ര തവണ പറഞ്ഞതാ, നിനക്ക് ജോലി കിട്ടാത്തിന്റെ കാരണം എന്തോ ജാതകദോഷാണെന്ന്‍ ….. നിനക്കിപ്പോ മോശം സമയാ. ആ സോമന്‍ പണിക്കരുടെ അടുത്ത് പോയി ഒന്ന് പ്രശ്നം വെച്ച് നോക്കാന്‍ പറഞ്ഞാ കേള്‍ക്കില്ല. അതിനൊക്കെ എന്റെ മോള്,18 വയസല്ലേയുള്ളൂ എന്നാലോ, നിന്നേക്കാള്‍ അനുസരണയുണ്ട്. നീ അവളെ കണ്ടു പഠി.”