തെക്ക് മാണൂർകായലിനും വടക്ക് ഭാരതപുഴയ്ക്കും മധ്യേ, കുഴിമന്തിയിലെ കറുവപ്പട്ട പോലെ കിടക്കുന്ന ഞങ്ങടെ പഞ്ചായത്തിന്റെ വൊക്കാബലറിയിലേക്ക് ആ പേര് കൊണ്ടുവന്ന് പ്രതിഷ്ഠിച്ചത് അംബരീഷാണ്.
അംബരീഷ്, സോമൻ പണിക്കരുടെ കാലം തെറ്റിപിറന്ന മൂത്ത സന്തതി. അതെ, കയ്യിലിരുപ്പ് വെച്ച് രണ്ടായിരത്തി അമ്പത്തില് ജനിക്കേണ്ട വിത്തായിരുന്നു. ടൈം ട്രാവൽ, ഏലിയൻ അബ്ഡക്ഷൻ, അസ്റൽ പ്രോജക്ഷൻ…. സാധ്യതകൾ പലതാണ്, ഞങ്ങള്‍ പക്ഷെ ചിന്തിച്ച് മിനക്കടാനൊന്നും പോയിട്ടില്ല.
ഗൾഫിൽ ശമ്പളം കൊടുക്കുന്ന അറബിക്ക് ഹനുമാന്‍സ്വാമിടെ ഫോട്ടോ കാണിച്ചുകൊടുത്തിട്ട്, മൂത്ത ജേഷ്ഠനാണെന്നും പറഞ്ഞ് ചുണ്ടിന് സർജറി ചെയ്യാന്‍ വേണ്ടി കാശ് പറ്റിച്ച മൊതലാണ്. അതേ അറബി പിന്നീടൊരിക്കൽ കേരളത്തിൽ ടൂറിന് വന്നപ്പോൾ കയറിയൊരു ഹോട്ടലിൽ, ഹനുമാന്റെ ഫോട്ടോ മാല തൂക്കിയിട്ടിരിക്കുന്നത് കണ്ട്, “തിമോത്തി അൽബാനി” എന്ന് പറഞ്ഞ് കണ്ണടച്ച് നിന്നത്രെ. വന്ന ടാക്സിയുടെ ഡ്രൈവർ “കരയണ്ട അറബിയേട്ടാ…. ഹനുമാൻ ചിരഞ്ജീവിയാണ്, മരണമില്ല” ന്ന് പറഞ്ഞ് ആശ്വസിപ്പിച്ചതിന്റെ പിറ്റേന്ന് തന്നെ അംബരീഷ് നാട്ടിലെത്തി, ലങ്കാദഹനം!