ഇക്കഥയിലെ അറേഞ്ച്ട് മാര്യേജ് ഒരു ഗ്ലാസ് സ്റ്റോറിയാണ്. പെണ്ണുകാണലിലെ ചായഗ്ലാസ്സില് തുടങ്ങി, ആദ്യരാത്രിയിലെ പാല്ഗ്ലാസ്സില്, ട്വിസ്റ്റോടുകൂടി സ്റ്റോപ്പാവുന്ന ഒരു ഗ്ലാസ് സ്റ്റോറി .
പെണ്ണ് കാണല്‍ ….. ബെല്‍റ്റിടാതെ ലോ വൈയ്സ്റ്റ് പാന്റിട്ട് നടക്കുന്നത് പോലെയാണ്. ഓരോ സെക്കണ്ടും പിരിമുറുക്കം നിറഞ്ഞതായിരിക്കും. കന്നികാണല് ആണെങ്കില്‍ അവസ്ഥ അതിലും മാരകമായിരിക്കും. മനു അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു അത്.
വിവാഹ മാര്‍ക്കറ്റില്‍ ചെല്ലുമ്പോള്‍ കൂലിപണിക്കാര് മുതല്‍ CEOമാര്‍ വരെ എഴുന്നള്ളിക്കുന്ന സ്പെസിഫിക്കേഷന്‍സ് ഉണ്ടല്ലോ, ഗ്രാമീണത, ശാലീന സൌന്ദര്യം, നാട്ടിന് പുറത്തുകാരി, നിഷ്കളങ്കത …..ഇതൊക്കെതന്നെയാണ് മനുവും ആഗ്രഹിച്ചത്. കൂട്ടത്തില്‍ ഒന്ന്കൂടെ പറഞ്ഞു,
“കേരളത്തിന് പുറത്തു ഹോസ്റ്റലില്‍ നിന്ന് പഠിച്ച കുട്ടിയാണെങ്കില്‍ ജാതകം പോലും എന്റെ വീട്ടില്‍ കേറ്റരുത്.”
ഇതൊക്കെ ഏതാണ്ട് ഒത്തുവന്ന്, കുട്ടന് പണിക്കര്‍ ഒറ്റനോട്ടത്തില്‍ ‘proceed’ എന്ന് കണ്ണുംപൂട്ടി പറഞ്ഞ ഒരു ചിങ്ങത്തിലെ ചതയതിന്റെ വീട്ടിലാണ് മനുവും,ഏട്ടനും,അച്ഛനും,അമ്മയും കൂടി ചായകുടിക്കാന്‍ വന്നിരിക്കുന്നത്.