“ഞാന്‍ പ്രണയിക്കുകയായിരുന്നു നിന്നെ, ഇത്രയും കാലം, സത്യം”

കാമുകനെ കാത്തിരിക്കുന്ന ഒരു പ്രണയലേഖനം, ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ പുസ്തകത്താളില്‍ അനക്കമില്ലാതിരിക്കുന്നു!!

അത്ഭുതമായിരുന്നു എനിക്ക്‌, ഇത്രയും കാലം ആ പ്രണയലേഖനം ഈ പുസ്തകതാളില്‍ ഒരുവിരല്‍ സ്പര്‍ശം പോലുമേല്‍ക്കാതെ കിടന്നതില്‍.

ഞാന്‍ പുറംചട്ട ഒന്നു കൂടി മറിച്ചുനോക്കി, അതെ ,അതുതന്നെ ഞാന്‍ വായിക്കാനേറെ കൊതിച്ചിരുന്ന ‘ഖസാക്കിണ്റ്റെ ഇതിഹാസം’.

പിന്നെ എണ്റ്റെ ഉള്ളില്‍ ഒരു ചോദ്യമായിരുന്നു,

‘ഇരുപതു വര്‍ഷത്തിനിടയില്‍ ഈ ലൈബ്രറിയില്‍ വിശപ്പടക്കാന്‍ വന്നവരില്‍ ഒരാള്‍ പോലും ഈ പുസ്തകം മറിച്ചുനോക്കാതെ പടിയിറങ്ങിയതെന്തേ?’

തെറ്റാണ്‌ ,മറ്റൊരാളുടെ  പ്രണയലേഖനം വായിക്കുന്നത്‌.

പക്ഷെ , ഇന്നേവരെ ഒരു പ്രണയലേഖനം പൊലും എന്നെ അഭിസംഭോധന ചെയ്തിട്ട്‌ ഇറങ്ങിയിട്ടില്ലാത്തതിനാല്‍ ഒരു കൌതുകം, ഞാന്‍ വായിച്ചുതുടങ്ങി.

“ഞാന്‍ പ്രണയിക്കുകയായിരുന്നു നിന്നെ, ഇത്രയും കാലം, സത്യം. നീ എനിക്ക്‌ പിന്നില്‍ നിന്‍റെ പ്രണയം വെളിപെടുത്തിയ നിമിഷം മുതല്‍, ഞാന്‍ അതിലേറെ പ്രണയം എന്‍റെ മനസ്സിലൊളിച്ചുവെച്ചു.

നിന്‍റെ  ഹൃദയം മിടിക്കുന്നത്‌ എനിക്ക്‌ വേണ്ടിയാണെന്ന് നീ പറഞ്ഞപ്പോഴും ,എന്‍റെ  ഹൃദയസ്പന്ദനം നീ കേള്‍ക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു.

ഇന്ന്,കോളേജ്‌ ജീവിതത്തിലെ ഈ അവസാന ദിനത്തില്‍ ,ഞാന്‍ നിന്നോട്‌ ഈ പുസ്തകം വായിക്കാന്‍ പറഞ്ഞാലുടന്‍ നീയിതു തേടി വരുമെന്നെനിക്കറിയാം. നേരിട്ടു പറയാന്‍ വയ്യാത്തതുകൊണ്ടാണ്‌.

ഈ പ്രണയകാവ്വ്യത്തിലെ കോടാനുകോടി വാക്കുകളെ സാക്ഷിനിര്‍ത്തി, നീ കൊതിച്ച ആ വാക്ക്‌ നിന്‍റെ  കാമുകിയിതാ പറയുന്നു.

“എനിക്കിഷ്ടമാണ്‌”, വൈകുന്നേരം കോളേജിലെ ദേവദാരുവിന്‌ കീഴില്‍ ഞാന്‍ കാത്തിരിക്കുന്നുണ്ടാവും” .

എന്ന് നിന്‍റെ  സ്വന്തം കാമുകി.”

അവള്‍ ഒളിപ്പിച്ചുവെച്ച പ്രണയം ,അവനീ നിമിഷം വരെയും അറിഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ അതിവിടെ കാണുമായിരുനില്ല.

തിരിച്ചുകിട്ടാത്ത പ്രണയം സൂക്ഷിക്കുന്ന അവന്‍റെ  ഹൃദയം പോലെ, അവസാന നിമിഷം വെളിപ്പെടുത്തിയ പ്രണയത്തിന്‌ ഉത്തരം കിട്ടാതിരിക്കുന്ന  അവളുടെ ഹൃദയം പൊലെ ,
എണ്റ്റെ ഹൃദയവും വിങ്ങി.

“എന്താ?” ഒരു ചിരിയോടെ ലൈബ്രേറിയന്‍ ചോദിച്ചു.

“ഒരു കത്ത്‌ ,ഈ പുസ്തകത്തിനുള്ളില്‍”.

“കത്തല്ല, പ്രണയലേഖനം അല്ലേ?”. ഞാന്‍ തലയാട്ടി.

“അതെടുക്കണ്ട,അവിടെയിരുന്നോട്ടെ ,വര്‍ഷങ്ങളായി അതവിടെയിരിക്കുകയാണ്‌ .

“അപ്പോ, ഇതുവരെയാരും?”

“ആ പുസ്തകത്തിണ്റ്റെ അവസാനം നോക്കൂ !”

ഞാന്‍ മറിച്ചുനോക്കി , ഇരുപതുവര്‍ഷങ്ങള്‍ക്കിടയില്‍, പലപ്പോഴായി ആശംസയെഴുതി തിരികെ വെച്ച മുന്നൂറ്റിയമ്പത്തിയെട്ടു പേരുകള്‍!

എണ്റ്റെ ചൊദ്യത്തിനുള്ള ഉത്തരം അക്കമിട്ട്‌ നിരത്തിയിട്ടുണ്ടായിരുന്നു,358 !

“നിന്നെ പോലെ ഈ പുസ്തകം വായിക്കാന്‍ കൊതിച്ച്‌ വന്ന ഇവരാരും തന്നെ ഈ പുസ്തകമെടുത്തിട്ടില്ല. വിങ്ങുന്ന മനസ്സും ,വിറക്കുന്ന വിരലുകളുമായി ആശംസ എഴുതി തിരികെ വെച്ചു, ഞാനടക്കം, മുന്നൂറ്റിയമ്പത്തിയെട്ട്‌ വ്യക്തികള്‍! വര്‍ഷങ്ങളായി , ആ പ്രണയലേഖനം കാത്തിരിക്കുകയാണ്‌,അവളുടെ കാമുകനെ”. ലൈബ്രേറിയന്‍ തിരിഞ്ഞുനടന്നു.

ഞാന്‍ ആ ഒരിക്കല്‍ കൂടി നോക്കി. എനിക്ക് കേള്‍ക്കാം, ആ പ്രണയലേഖനത്തിലെ ഓരോ വാക്കുകളിലുമുള്ള ആ കാമുകിയുടെ ഹൃദയമിടിപ്പുകള്‍.

“പ്രണയം ,നിശബ്ദയാണ്‌ ,പങ്കുവെക്കാന്‍ വാക്കുകളോ ,സ്വപ്നങ്ങളോ ,നിമിഷങ്ങളോ ഇല്ലാതെ തന്നെ വാചാലമാകുന്ന നിശ്ബ്ദത”

പ്രണയ സാക്ഷാത്കാരം നേര്‍ന്നുകൊണ്ട്‌,

359.  ദീപു

20/09/2009