“വിധി സമ്മാനിക്കുന്ന മുറിപ്പാടുകള്‍ , അതെത്ര ആഴമേറിയതായാലും, നാം നമ്മിലേക്ക് തന്നെ ഒതുക്കിവെക്കുo,കാലം എന്ന പ്രഹേളികയെ കൂട്ടുപിടിച്ച്.”
അരവിന്ദന്‍ സ്വന്തം ജീവിതത്തക്കുറിച്ച് കോറിയിട്ട വരികളാണിവ . സ്നേഹം നല്‍കാതകന്ന അമ്മയും , പിതൃത്വം എന്ന വാക്ക് അര്‍ഥശൂന്യമാക്കിയ അച്ഛനും , പ്രണയം നടിച്ച പ്രണയിനിയും, തന്നെ നോക്കി ആര്‍ത്തുചിരിച്ചുകൊണ്ടിരുന്ന സമൂഹവും ,എല്ലാം, അരവിന്ദനെ മുറിവേല്‍പ്പിച്ച സത്യങ്ങളായിരുന്നു.
മായ്ച്ചുകളഞ്ഞൊരു ഭൂതകാലം. അനിവാര്യതയായിരുന്നു, വിരഹവും വേദനയുമില്ലാത്ത ഭാവി ജീവിച്ചുതീര്‍ക്കുവാന്‍. പക്ഷെ , പിന്നെയും തോല്‍വികള്‍ തന്നെയായിരുന്നു,അരവിന്ദന് കൂട്ടിരുന്നത്, പാര്‍വ്വതിയുടെ കാര്യത്തിലും.
പാര്‍വ്വതി,ജീവിതമെന്തന്നു പഠിപ്പിച്ച ഏതാനും ദിവസങ്ങള്‍ക്കൊടുവില്‍ , തന്നെയും മകളെയും തനിച്ചാക്കി മരണം കൊണ്ടുപോയ ജീവിതസഖി.
റീജ്യണല്‍ ക്യാന്‍സര്‍ സെണ്റ്ററിലെ ശീതീകരിച്ച മുറിയിലും അരവിന്ദന്‍ വിയര്‍ക്കുകയായിരുന്നു.
“അച്ഛാ നമ്മളെന്തിനാ ഇവിടെ വന്നിരിക്കുന്നേ”
ബയോപ്സിയൂടെ റിസല്‍ട്ട് കാത്തിരിക്കുകയാണെന്ന് പറഞ്ഞാല്‍ , മുന്നിലിരിക്കുന്ന തന്‍റെ അഞ്ചുവയസ്സുകാരി മകള്‍ക്ക് മനസിലാവില്ല, അച്ചന് ക്യാന്‍സര്‍ ഉണ്ടോ ,ഇല്ലയ്യോ എന്ന് ഉറപ്പിക്കാന്‍ വന്നതാണ് എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ അവള്‍ പ്രതികരിച്ചേക്കുo,
‘അമ്മക്ക് വന്ന അസുഖം എന്ന്’,പക്ഷെ അരവിന്ദന്‍ ഉത്തരം പറഞ്ഞില്ല.
അയാളുടെ കാതുകളില്‍ രണ്ടുവര്‍ഷങ്ങള്‍ക്കപ്പുറം പാര്‍വ്വതി അവസാനമായി പറഞ്ഞ വാക്കുകള്‍ മുഴങ്ങുന്നുണ്ടായിരുന്നു.
“അര്‍ബുദം എന്ന മഹാമാരിക്ക് ഇത്രയും വേദനയുണ്ടെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല.വാസതവത്തില്‍ പ്രിയപെട്ടവരില്‍ നിന്ന് അകലും എന്ന ഉറപ്പാണ് അര്‍ബുദത്തിണ്റ്റെ ഏവും വലിയ വേദന”
പക്ഷെ അന്നീ വാക്കുകള്‍ കരഞ്ഞു കൊണ്ട് പറഞ്ഞ് മകളെ ഏല്‍പ്പിക്കന്‍ അവള്‍ക്ക് എന്‍റെ ഈ കൈകളുണ്ടായിരുന്നു. പക്ഷെ എനിക്ക്…………….. ?
അരവിന്ദന്‍ മകളുടെ കൈയ്യില്‍ ഒന്ന് കൂടി മുറുകെ പിടിച്ചു.
ഒരു മുട്ടുവേദനയായിരുന്നു തുടക്കം, പേരറിയാത്ത ഒരുപാടു ടെസ്റ്റുകള്‍ക്കൊടുവില്‍ ക്യാന്‍സറിന്‍റെ സാധ്യത ഡോക്ടര്‍ പറഞ്ഞപ്പോഴും , പരിശോധനയ്‌ക്കായി എല്ലിനുള്ളില്‍ നിന്ന് മജ്ജ കുത്തിയെടുത്തപ്പോഴും അരവിന്ദന്‍ കരഞ്ഞിട്ടില്ലായിരുന്നു.
പാര്‍വ്വതി മരിച്ച ദിവസം പ്രതിജ്ഞയെടുത്തതാണ് , വേദനിപ്പിക്കാന്‍ വേണ്ടി മാത്രം തന്നെ ജീവിപ്പിക്കുന്ന ഈശ്വരന് മുന്നില്‍, ഇനി ഞാന്‍ കരയില്ല എന്ന്.
ഒരു വിശ്വാസമായിരുന്നു അതിന് പിന്നില്‍. ഇതിനുമപ്പുറത്തേക്ക് തന്നെ വേദനിപ്പിക്കാന്‍ കഴിയില്ല എന്ന വിശ്വാസം,പക്ഷെ വിധി വീണ്ടും വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്.
“അരവിന്ദന്‍”, നഴ്സിണ്റ്റെ വിളി അരവിന്ദന്‍റെ ചിന്തകളെ മുറിച്ചു.
യുഗങ്ങള്‍ക്കപ്പുറത്തുനിന്ന് ആരോ വിളിക്കുന്നതുപോലെ തോന്നി അരവിന്ദന്. അയാള്‍ ഡോക്ടരുടെ മുറിയിലേക്ക് നടന്നു.
“ഇനിയെനിക്ക് ചിരിച്ചുകൊണ്ട് റിസല്‍ട്ട് പറയാം , അരവിന്ദന് ക്യാന്‍സര്‍ ഇല്ല. ഒരുപാട് വേദനിപ്പിച്ചു , ശരീരത്തിനെയും മനസ്സിനെയും അല്ലെ?
ചിലപ്പോ, തന്നെ ഇപ്പൊ ഇവിടെയൊന്ന് കൊണ്ടുവരണം എന്ന് ഈശ്വരന്‍ വിചാരിച്ചുകാണും. എന്തായാലും ഇനി ഇങ്ങോട്ട് വരാനുള്ള നിര്‍ഭാഗ്യം ഉണ്ടാവാതിരിക്കട്ടെ.”
അരവിന്ദന് കരയാതിരിക്കാനായില്ല.പിന്നെയൊരു നിശ്വാസമായിരുന്നു….ജീവന്‍ തിരിച്ച് കിട്ടിയവന്‍റെ നിശ്വാസം. ലോകം കീഴടക്കിവന്‍റെ സന്തോഷത്തോടെ.
മകളെയും കൊണ്ട് പുറത്തേക്ക് നടക്കുമ്പോള്‍ വീല്‍ചെയറിലിരുന്നു തന്നെ നോക്കുന്ന കണ്ണുകള്‍ അരവിന്ദന് പരിചയമുണ്ടായിരുന്നു. കണ്‍പീലികളും പുരികവും വരെ റേഡിയേഷന്‍ കൊഴിച്ചുകളഞ്ഞിരുന്നെങ്കിലും, അരവിന്ദന് ആ കണ്ണുകളിലെ തിളക്കം തിരിച്ചറിഞ്ഞു,
അതെ , നിത്യ. പ്രണയം നടിച്ച തണ്റ്റെ പ്രണയിനി!
അവള്‍ കരയുന്നുണ്ടായിരുന്നു.
എന്താ ഇവിടെ എന്ന് അവളോടു ചോദിക്കേണ്ട കാര്യം ഇല്ലായിരുന്നു,മരണത്തിന്‍റെ മണമുള്ള ഈ ചുവരുകള്‍ക്കിടയില്‍ ജീവിതവുമായി മല്ലിടുന്നവര്‍ മാത്രമേ തന്‍റെ മുന്നിലുള്ളൂ , നിത്യയടക്കം.
“ഭാര്യ എവിടെ ?”
“നിന്‍റെ അസുഖം തന്നെയായിരുന്നു അവള്‍ക്കും , പക്ഷെ അവള്‍ ചികിത്സക്ക് പിടികൊടുത്തില്ല.രണ്ടു വര്‍ഷമായ് മരിച്ചിട്ട്”
“നിന്‍റെ ഭര്‍ത്താവ് ?”
നിത്യ ഒന്നു ചിരിച്ചു.”ഈ അസുഖം സമ്മാനിച്ചത് ഒരു തിരിച്ചറിവുകൂടിയായിരുന്നു , ഈ ലോകത്ത് അരവിന്ദനോളം എന്നെ സ്നേഹിച്ചവരാരുമില്ലെന്ന്.. മരണവേദനയ്‌ക്ക് വിട്ടുകൊടുക്കാതെ എന്നെ ചേര്‍ത്തുപിടിക്കേണ്ട അയാള്‍ ഡൈവോര്‍സ് എന്ന വേദനകൂടി തന്നു”
മുന്‍പൊരിക്കല്‍ വര്‍ഷങ്ങളോളം നീണ്ട വേദന സമ്മനിച്ച അവളുടെ ശബ്ദം ആകെ മാറിയിരിക്കുന്നു. അതില്‍ ഒരു ക്ഷമാപണത്തേക്കാള്‍ പ്രതീക്ഷയുടെ കണികയാണ് നിഴലിച്ചിരുന്നത്.
“എല്ലാം അരവിന്ദനോട് ചെയ്തതിന്‍റെ ഫലങ്ങളാവും . അതെ, അങ്ങനെ വിശ്വസിക്കാന്‍ തന്നെയാണെനിക്കിഷ്ട്ടം.
“അതിന് ഞാന്‍ നിന്നെ ഒരിക്കല്‍ പോലും ശപിച്ചിട്ടില്ലല്ലോ”
ഒരിക്കല്‍ തന്നെ ഭ്രമിപ്പിച്ച, പിന്നീട് വേദനിപ്പിച്ച അതേ മുഖം ആ ഒരു മറുപടിയില്‍ തെളിയുന്നത് അരവിന്ദന്‍ കണ്ടു
“അപ്പൊ, ആ പഴയ സ്നേഹം എന്നോടിപ്പോഴും ഉണ്ടൊ”
അരവിന്ദന്‍ ഒന്ന് ചിരിച്ചു.
” ഞാന്‍ വരാം ”
തിരിച്ചു നടക്കുമ്പോള്‍ , തന്‍റെ മകള്‍ നിത്യയെ തിരിഞ്ഞുനോക്കുന്നത് അയാള്‍ കണ്ടു.നിത്യ അവളെ നോക്കി ചിരിച്ചു, അവള്‍ തിരിച്ചും.
“വിധി നല്‍കിയ മുറിപ്പാടുകളുണക്കാന്‍ , വിധി തന്നെ മരുന്നും കരുതിവെച്ചിട്ടുണ്ടാവും, അതിന് ക്യാന്‍സര്‍ തന്നെയൊരു നിമിത്തമായെന്ന് മാത്രം.”