650 സിസി എഞ്ചിൻ കൊണ്ട് പുതുമഴയ്ക്ക് പാറ്റ പൊടിയുന്നത് പോലെ വണ്ടികളിറക്കുന്ന റോയൽ എൻഫീൽഡ് കഴിഞ്ഞ നവംബറിലാണ് ബെയർ 650 പുറത്തിറക്കുന്നത്. രാജ്യത്ത് ഒരു പുതിയ മോട്ടോർസൈക്കിൾ ഇറങ്ങിയാ…. ‘പ്രായശ്ചിത കർമ്മം നടത്തി, കുഭം കൊണ്ടുചെന്ന് മാടംപള്ളി തെക്കിനിയിൽ സ്ഥാപിച്ച്, വാതില് രക്ഷാ തകിടിട്ട് ബന്ധിക്കും വരെ എനിക്കൊരു സ്വസ്ഥതയില്ലാ’ എന്നു പറയുന്ന പോലെ… വണ്ടിയുടെ റിവ്യൂ വീഡിയോസ് മുഴുവനിരുന്നു കണ്ട്, ടെസ്റ്റ് ഡ്രൈവ് നടത്തി, അത് സ്വന്തമാക്കുന്നത് സ്വപ്നവും കണ്ട്, ടീം ബി.എച്ച്.പി ഒഫീഷ്യൽ റിവ്യൂ പേജിൽ നാല് വിലയിരുത്തലുകൾ പോസ്റ്റ് ചെയ്യും വരെ എനിക്കുമൊരു സ്വസ്ഥത ഇല്ലാ.
യൂട്യൂബിൽ, പവർ ഡ്രിഫ്റ്റിന്റെ വീഡിയോയിൽ തുടങ്ങി പിന്നെ ഓട്ടോകാർ, ഫൈസൽ ഖാൻ, സാഗർ ഷെൽദേകർ, സ്‌ട്രെൽ, അരുൺ എന്നും നാൻ, ബൈജു എൻ നായർ, ക്ലച്ച്ലെസ് തുടങ്ങി എന്റെ സ്ഥിരം കുറ്റികളായ എല്ലാ ഓട്ടോ ജേർണലിസ്റ്റുകളുടെ റിവ്യൂ വീഡിയോകളും ഇരുന്ന് കണ്ടു. കരടി കൊള്ളാം, പുട്ട് പോലെ കയറിപോവുന്ന മത്താപ്പ് സാധനം!
നവംബറിൽ തന്നെ ഇടപ്പള്ളി ഒബ്രോൺ മാളിൽ വെച്ച് യാദൃശ്ചികമായി വണ്ടിയുടെ ഒരു ഡെമോ കണ്ടു…. ചന്ദനക്കുറിയും തുളസിക്കതിരും വെച്ച് പണ്ട് പഴേ ക്രഷ് അമ്പലത്തീന്ന് നടന്നു വന്ന പോലെ! എനിക്കങ്ങു ബോധിച്ചു, ഇന്ററസ്റ്റ് രേഖപ്പെടുത്തി.
കുറച്ചു ദിവസം കഴിഞ്ഞ് നാട്ടിൽ, എടപ്പാൾ ഷോറൂമിൽ വണ്ടി എത്തിയപ്പോഴും ഒന്ന് പോയി കണ്ടു. കാഴ്ച നമ്പർ റ്റു വിലും അന്തരംഗത്തിൽ അനുരാഗം അഞ്ചാംപനിപോലെ നിൽക്കുന്നു.
എന്തൂസിയാസത്തോടെ എന്റെ അടുത്തേക്കൊടിവന്ന സെയിൽസ് എക്‌സിക്യൂടീവിനോട് വണ്ടിയെക്കുറിച്ച് അയാൾക്കറിയാവുന്നതിനേക്കാൾ കൂടുതൽ ഡീറ്റയിൽസ് അങ്ങോട്ട് പറഞ്ഞ് ചടപ്പിച്ചു. ആഹാ, മന്തി കഴിച്ചിട്ട് സെവനപ്പ് കുടിച്ച ഒരു സുഖം. ടെസ്റ്റ് ഡ്രൈവ് വണ്ടി അവൈലബിൾ ആയിട്ടില്ല. ‘ശരി, തരാവുമ്പൊ വിളിക്കൂ’ എന്നു പറഞ്ഞ് ഞാനെന്റെ നമ്പറും കൊടുത്തിട്ട് പോന്നു.
രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഒരു കോൾ,
“ഇത് റോയൽ എൻഫീൽസ് ഷോറൂമിൽ നിന്നാണ്, സർ ഒരു ബെയർ 650 എൻക്വയറി നടത്തിയിരുന്നില്ലേ, ടെസ്റ്റ് ഡ്രൈവ് വണ്ടി റെഡി ആയിട്ടുണ്ട്”
കാത്തിരുന്ന സുദിനം. പിന്നെ വിജയ് പടങ്ങളിലെ രണ്ട് ഡയലോഗ് ആയിരുന്നു ഞങ്ങൾ തമ്മിലുണ്ടായത്,
“ഐ ആം കമിങ്ങ്”
“ഐ ആം വെയിറ്റിങ്ങ്”
വീട്ടിൽ നിന്ന് എടപ്പാൾ റോയൽ എൻഫീൽഡ് ഷോറൂമിലേക്ക് പത്തു മിനുറ്റ് കൊണ്ടെത്തും, ഞാൻ ഒൻപതിലെത്തി.
“ബെയർ 650 ടെസ്റ്റ് ഡ്രൈവ് വണ്ടി എത്തിയിട്ടില്ലല്ലോ”
“എനിക്ക് ഇവിടെ നിന്നൊരു കോൾ വന്നല്ലോ”
“ഏത് നമ്പറിൽ നിന്നാണ് സർ വിളിച്ചത്?”
എന്റെ സെക്കൻ്ററി ഫോണിലേക്കാണ് കോൾ വന്നത്, കഷ്ടകാലത്തിന് ആ ഫോൺ വീട്ടിൽ വെച്ചിട്ടാണ് ഞാൻ പോന്നതും. “സാരമില്ല, ഞാൻ പിന്നെ വരാം”
‘ക്ഷമ വേണം, സമയമെടുക്കും’ എന്നാണല്ലോ ‘ഖൽബിലെ ഉക്രൈൻ’ എന്ന കവിതയിൽ വ്ലാദിമിർ പുടിൻ വരെ എഴുതിയിട്ടുള്ളത്.
രണ്ട് ദിവസം കഴിഞ്ഞ് ടെസ്റ്റ് ഡ്രൈവ് വണ്ടി വന്നെന്നും പറഞ്ഞു വീണ്ടുമൊരു കോൾ. വരാമെന്നു പറഞ്ഞ് ഫോൺ വെച്ച് കുളിച്ചൊരുങ്ങി ഷോറൂമിൽ ചെന്നപ്പൊ വണ്ടി വന്നിട്ടില്ലെന്ന്! എന്റെ എഞ്ചിൻ ചൂടായി,
ഞാൻ നല്ല നാല് ആട്ട് ആട്ടി. ഷോറൂമിൽ ഉള്ളവര് മുഴുവൻ എന്നെ വിളിച്ച ആ നമ്പറുകാരനെ കണ്ടെത്താൻ പരക്കം പാഞ്ഞു. കഴിഞ്ഞ ആഴ്ച പറഞ്ഞുവിട്ട ഒരു സെയിൽസ് സ്റ്റാഫിനെ ആയിരുന്നു അവർക്ക് സംശയം, അവന്റെ പ്രതികാരദാഹത്തെയും. അപ്പോഴുണ്ട് ലവൻ വീണ്ടും വിളിക്കുന്നു. ദാഹമൊന്നുമില്ലാതെ വളരേ സ്വീറ്റ് ആയ ശബ്ദത്തിൽ,
“വരാമെന്ന് പറഞ്ഞിട്ട് സാർ വന്നില്ലല്ലോ….”
“എടാ &#$€£π, നീ ഇപ്പൊ എവിടെയാടാ ഉള്ളത്?”
“ഞാൻ ജസ്റ്റ് ഒന്ന് ഷോറൂമിന്റെ പുറത്തേക്ക് ഇറങ്ങിയതാ സാർ”
“എന്നാ ഞാൻ പുറത്തേക്ക് വരാം, എന്താ നിന്റെ ഷർട്ടിന്റെ കളർ”
“ബുദ്ധിമുട്ടണ്ട സർ ഞാൻ അകത്തേക്ക് വരാം”
“നീ ഷർട്ടിന്റെ കളർ പറ”
“ഷർട്ടിന്റെ നിറം നീലയാണ്, വെയിലടിച്ചാൽ പക്ഷെ പച്ച പോലെ ആവും”
ആ കളർഫുള്കാരനെ പച്ചയ്ക്ക് കത്തിക്കാനുള്ള ദേഷ്യത്തോടെ ഞാൻ കോൾ കട്ട് ചെയ്യാതെ പുറത്തേക്ക് ഇറങ്ങി ചുറ്റും നോക്കി.
“എനിക്ക് സാറിനെ കാണുന്നില്ലല്ലോ… സാറിനു എന്നെ കാണാമോ?”
നീലയുമില്ല പച്ചയമില്ല… എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക്.
“നീ ശരിക്കും എവിടെയാ നിൽക്കുന്നത്?”
“ഞാൻ മെട്രോ പില്ലർ 373 ന്റെ ഒപ്പോസിറ്റുണ്ട്.”
‘എടപ്പാളിൽ മെട്രോ പില്ലറോ!’
ഓ നോ…. ഇടപ്പള്ളി മെട്രോ പില്ലർ!! അന്ന് ഫസ്റ്റ് മീറ്റിൽ ഒബ്രോൺ മാളിലുണ്ടായിരുന്ന സെയിൽസ് സ്റ്റാഫിനും ഞാനെന്റെ നമ്പർ കൊടുത്തിരുന്നു. അവിടുന്നാണ് ഈ വിളിച്ചുകൊണ്ടിരിക്കുന്നത്. കുലീനമായ നിമിഷം! കൊതുമ്പു വള്ളത്തിൽ ഡി.ജെ നൈറ്റ് നടത്തിയ പോലെ.
ഈ സമയം ഗ്ലാസിനപ്പുറം എടപ്പാൾ ഷോ റൂമിലുള്ളവർ എന്നെ വെടിക്കെട്ട് കഴിഞ്ഞ പാടത്തെ തവളകൾ വെടിക്കെട്ടുകാരനെ നോക്കുന്ന പോലെ നോക്കുന്നുണ്ടായിരുന്നു.
ഭൂമിക്ക് പകരം വേറേതെങ്കിലും പ്ലാനറ്റിൽ പോയി ജനിച്ചാ മതിയായിരുന്നു എന്നു തോന്നിപ്പോയി. ഇങ്ങനത്തെ ഉത്തരാധുനിക മണ്ടത്തരങ്ങൾ ഇടയ്ക്കിടെ പറ്റുന്നതുകൊണ്ട് അത് കൂടെക്കൂടെ തോന്നാറുമുണ്ട്. തിരിച്ചു വീട്ടിൽ എട്ടിലെത്തി.