ആദ്യഭാഗം വായിക്കാത്തവര്‍ ദോണ്ടേ, ദിവിടെ പോയി വായിച്ചു തിരിച്ചു വരേണ്ടതാണ് ദ ഗ്ലാസ് സ്റ്റോറി
ഒരു സ്ത്രീ ശബ്ദം നിലവിളിച്ച് ഒച്ചയുണ്ടാക്കുന്നത് കേട്ടിട്ടാണ് ഫസ്റ്റ് നൈറ്റ് കഴിഞ്ഞു മനു കിടക്കയില്‍ കിടന്ന് കണ്ണ് തുറക്കുന്നത് . എന്തിനോ വേണ്ടി ചതഞ്ഞരഞ്ഞ മുല്ലപ്പൂവുകളുടെ മുകളില്‍ കിടന്ന്‍, മനു ആ കരച്ചില്‍ ശ്രദ്ധിച്ചു.
സുജിതയ്ക്ക് എന്നെക്കാള്‍ സ്വര്‍ണ്ണമുണ്ടെന്നു പറഞ്ഞു കരയുന്ന ഏട്ടന്റെ ഭാര്യയുടെ ശബ്ദമല്ല…… സുജിത വലിക്കുന്നത് കണ്ട അമ്മയുടെ ശബ്ദമല്ല ……..വലികിട്ടാഞ്ഞിട്ടു കരയുന്ന സുജിതയുടെ ശബ്ദവുമല്ല. പിന്നെ ആരുടേതാണാ ശബ്ദം….?
വീണ്ടും കരച്ചിലും ഡയലോഗ്സും വന്നു “അയ്യോ…..എന്നെ ഇട്ടിട്ട് വേറെ കെട്ടി പോവുമെന്ന് ഞാന്‍ വിചാരിച്ചില്ല…..ഇനി ഞാനെന്തു ചെയ്യുമെന്റെ ദേവ്യേ… ”
രമണി ! വേലക്കാരി രമണി !!
” ഏട്ടന്റെ വിറ്റ് ഓള് കാര്യമായിട്ടെടുത്തോ? ശിവനേ …..കല്യാണ കത്തടിച്ച പ്രിന്ററിന്റെ മഷിയുണങ്ങും മുമ്പ് ഡിവോര്‍സ് നോട്ടീസ് അച്ചടിക്കേണ്ടിവരുമോ ?” ഫേസ് ബുക്കില് ‘മാരീഡ് ടു സുജിത ശശിധരന്‍ ‘ എന്ന ലൈഫ് ഇവന്റിനു നൂറു ലൈക് പോലും തെകച്ചായിട്ടില്ല. മനു തന്റെ പൂര്‍വ്വാശ്രമ കാലഘട്ടം ഒന്ന് റീ വൈന്റ് ചെയ്തു നോക്കി. ഏയ്, ബോധ മനസ്സില്‍ ഇല്ല. വീലായി വീട്ടില്‍ കയറിയ ചരിത്രം ഇല്ലാത്തതുകൊണ്ട് അബോധ മനസ്സിലും കാണാന്‍ സാധ്യതയില്ല. പിന്നെ ഇതെന്താ സംഭവം ?
റൂമിലേക്ക് അനിയത്തി ചായയുമായി വന്നു. കണി ! അങ്ങനെ, ഇന്നത്തെ ദിവസത്തിന്റെ കാര്യം തീരുമാനമായി.
“ഏട്ടാ, ഡ്രൈവര്‍ സുഗുണേട്ടന്‍, സുജിതേട്ടത്തിയുടെ വീട്ടിലെ പണിക്കാരി രാധേന്റെ ഒപ്പം ഒളിച്ചോടി ” ആഹാ ! അങ്ങനെ ഞങ്ങളുടെ രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഒന്നുകൂടി ഊട്ടി ഉറപ്പിക്കപെട്ടിരിക്കുന്നു.
ആകാംഷ അടക്കാനാവാതെ മനു ചോദിച്ചു “ഇതാരുണ്ടാക്കിയ ചായയാ?”
“സുജിതേട്ടത്തി” എന്ന് പറഞ്ഞ് പുന്നാര പെങ്ങള്‍, ‘മാനസപുത്രി’ സീരിയലില്‍ ഗ്ലോറിയ, സോഫിയെ കുറിച്ച് പറയുമ്പോള്‍ ഇടുന്ന പോലൊരു എക്സ്പ്രഷന്‍ ഇട്ടു പോയി . നാത്തൂന്‍ ….നയം വ്യക്തമാക്കിയിരിക്കുന്നു!
മനു ചായ മോന്തി. ആഹാ! ചായേടെ ഛായ പോലുമില്ലാത്തൊരു ചായ !
സാധാരണ ചായയുടെ കൂടെ ഒരു ‘കിങ്ങ്സ്’ പതിവുള്ളതാണ്. ചായ കുടിച്ചപ്പോഴാണ് മനുവിന് ഇന്നലത്തെ ‘കിങ്ങ്സി’ന്റെ കാര്യം ഓര്‍മ്മ വന്നത്. അതെല്ലാം ആരോടെങ്കിലും ഒന്ന്‍ തുറന്നു പറയാന്‍ മനുവിന് തോന്നി. അവന്‍ വിശാഖിനു ഡയല്‍ ചെയ്തു
“അളിയാ നീ ഫ്രീ ആണെങ്കില്‍ ഒന്ന് വീട്ടിലേക്കു വാ”
“എന്താടാ കാര്യം ?”
“ഒന്നൂല്ല്യടാ , ഫസ്റ്റ് നൈറ്റില്‍ ഒരു സംഭവമുണ്ടായി ”
പന്ത്രണ്ടാം മിനുട്ടില്‍ വാതിലില്‍ മുട്ടു കേട്ടു, വിശാഖ്! ഈ ചെറ്റയുണ്ടല്ലോ , ഇന്നലെ കല്യാണത്തിന് വരെ താലികെട്ടലും കഴിഞ്ഞ് സദ്യയുടെ സമയത്താ കേറി വന്നത്. ട്രാഫിക് ബ്ലോക്ക് ആയിരുന്നത്രെ. ഇന്നിപ്പോ, ഫാസ്റ്റ് നൈറ്റിലെ വിശേഷം പറയാനാണെന്ന് പറഞ്ഞപ്പോ അവന് പറന്നാണ് വന്നതെന്ന് തോന്നുന്നു. മനു പറഞ്ഞ കഥയെല്ലാം കേട്ടു കഴിഞ്ഞ ശേഷം വിശാഖ് ചോദിച്ചു “ഇതില് തുണ്ടെവിടെ ?”
ഇവനൊക്കെ ഈ ഒരു വിചാരം മാത്രേ ഉള്ളൂ..വെറുതല്ലടാ പട്ടീ നിന്റെ കമ്പ്യൂട്ടറിന്റെ കീ ബോര്‍ഡിലെ ‘X’ കീ പെട്ടെന്ന് കേടു വന്നത്
“എടാ….എന്റെ അവസ്ഥ നിനക്കറിയില്ല….ഞാനിന്നലെ കണ്ട സ്വപ്നം എന്താന്ന് അറിയോ ? ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പരസ്യത്തിന്റെ ആള്‍ക്കാര് വന്നിട്ട്, അടുത്ത പരസ്യത്തിന് സുജിതയുടെ ശ്വാസകോശം പിഴിയാന്‍ തര്വോ എന്ന്‍ ചോദിക്കുന്നത് ”
വിശാഖ് മനുവിനെ സമാധാനിപ്പിച്ചു. “നീ പേടിക്കണ്ടടാ….അത്രയ്ക്ക് വലിയ വലിയൊന്നും ഉണ്ടാവില്ല….ബീ കൂള്‍. ഒരു സിഗരെറ്റ് എടുക്ക് , കേട്ടപ്പോ ടെന്‍ഷനായി ” വിശാഖ് വന്നതിനെക്കാളും സ്പീഡില്‍ വീട്ടിലെത്തി.
മനുവിന് പണ്ടൊക്കെ ടെന്‍ഷന്‍ വന്നാല്‍ സിഗരറ്റ് കത്തിച്ചാല്‍ മതിയായിരുന്നു…ഇപ്പൊ സിഗരറ്റ് എന്ന് കേള്‍ക്കുമ്പോഴേ ടെന്‍ഷനാ…അതെ,ആറുപേര് പഫ്ഫെടുത്ത ഒരു ‘ഗോള്‍ഡ് ഫ്ലേക്കി’ലാണ് മനു വലി തുടങ്ങുന്നത്, ഇന്നലത്തെ ഒറ്റ ‘കിങ്ങ്സി’ല്‍ അവസാനിപ്പിക്കുകയും ചെയ്തു.
മനു മൈന്‍ഡ് ഫ്രീ ആക്കാന്‍ , ഫേസ് ബുക്ക് തുറന്നു. മൊത്തം 128 ഫോട്ടോയിലും 67 സ്റ്റാറ്റസിലും കൊണ്ടുപോയി ടാഗ് ചെയ്തു വെച്ചിട്ടുണ്ട്. ഫേസ്ബുക്ക് ഡീ ആക്റ്റിവേറ്റ് ചെയ്തുവെച്ച് കല്യാണം കഴിച്ചാല്‍ മതിയായിരുന്നു. പന്തലിന് കുഴി കുത്താന്‍ വന്ന കുഞ്ഞുട്ടനും, കാറ്ററിംഗ്കാരന്‍ പരമുമാമയുടെ ലൈക് പേജും വരെ ടാഗ് ചെയ്തിട്ടുണ്ട് . ക്ലൈന്ടാണല്ലോ. കല്യാണത്തിന്റെ FDFS റിവ്യൂ വല്ലതും വന്നിട്ടുണ്ടോ ആവോ ? പറയാന്‍ പറ്റില്ല, ചെലപ്പോ ഇടും. ലാഗ് അടിച്ചു , ക്ലീഷേ സീന്‍സ്, സദ്യ നിലവാരത്തിലേക്കുയര്‍ന്നില്ല , പുവര്‍ ബി ജി എം , മൈ റേറ്റിംഗ് : 1.5 / 5 എന്നൊക്കെ പറഞ്ഞ്.
16 ഫ്രണ്ട് റിക്വസ്റ്റ്സ്. ലുക്കുള്ള ഭാര്യയുടെ ഫോട്ടോ കണ്ടിട്ട് വന്ന പതിനാറെണ്ണം ! പിന്നെ അവള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കുമ്പോ ഞാന്‍ മുച്ച്വല്‍ ഫ്രണ്ട് ആവുമല്ലോ. കാഞ്ഞ ബുദ്ധിയാ… ഉം .
82 മേസേജസ് ! എല്ലാം ആശംസകള്‍ നേര്‍ന്നുകൊണ്ട് . ഒന്ന് മാത്രം വറൈറ്റി, ജസ്സിന്റെ .
“മച്ചാ …. എനിക്കും കല്യാണം കഴിക്കണം ”
“ഉം ? എന്തിനാ ?”
“കല്യാണഫോട്ടോയ്ക്ക് ഫേസ്ബുക്കില്‍ നല്ല ലൈക് കിട്ടും ”
ഫേസ്ബുക്കില്‍ മുണ്ട് പൊക്കി കാണിക്കാനുള്ള സ്മൈലി ഇല്ലാത്തോണ്ട് , മനു ലോഗ് ഔട്ട് ചെയ്തു പോന്നു.
‘ഇന്നുമുതല്‍ ഞാന്‍ വെറും മനുവല്ല, കല്യാണം കഴിച്ച മനുവാണ് ‘ എന്ന് കണ്ണാടി നോക്കി രണ്ടുവട്ടം ഉരുവിട്ട ശേഷം, ചായകുടിച്ച ഗ്ലാസ്സും എടുത്തു മനു താഴത്തേക്ക് ചെന്നു. കാണുന്ന എല്ലാവരുടെ മുഖത്തും ആക്കിയ ഒരു പുഞ്ചിരിയുണ്ട്. ഈ വീട്ടില്‍ എല്ലാവരും എന്താ ഇങ്ങനെ ? മനുവിന് സംഭവം കത്തുന്നത്, വല്യച്ചന്റെ മകന്‍ പ്രകാശേട്ടന്‍ ആ ഡയലോഗ് അങ്ങോട്ട് മൊഴിയുമ്പോഴാണ്. “മന്വോ …ഗ്ലാസൊക്കെ സൂക്ഷിച്ചു പിടിച്ചോ, താഴെ വീഴണ്ട. ” ഫുള്‍ സ്റ്റോപ്, രണ്ട് ഉണ്ടാക്കിചുമ , വക്ക് കൊടിയ ഒരു പുഞ്ചിരി . ഗോട്ട് ഇറ്റ്!
അപ്പൊ അങ്ങനെയാണ് ആ ഗ്ലാസ് വീണതിന്റെ ശബ്ദരേഖ അതിര്‍ത്തിക്കിപ്പുറത്തേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിരിക്കുന്നത് .മനു നിര്‍വ്വികാരതയോടെ നിന്നു… സത്യാവസ്ഥ വിളിച്ചു പറയാന്‍ പറ്റ്വോ ?
മനു ഡൈനിംഗ് ഹാളില്‍ എത്തി. ഹോ…ഈ വീട്ടില്‍ ഇത്രയൊക്കെ ആള്‍ക്കാരുണ്ടായിരുന്നോ….കല്യാണം കഴിഞ്ഞിട്ട് നേരത്തോട് നേരമായി…. ഈ ബന്ധുക്കള്‍ക്കൊക്കെ അവരവരുടെ വീട്ടിലേക്ക് പോയ്ക്കൂടെ ? ഇവരെയൊക്കെ ക്ഷണിച്ച എന്നെത്തന്നെ പറഞ്ഞാ മതി. മനു വിന്റെയുള്ളില്‍ ആത്മഗതങ്ങളുടെ ഘോഷയാത്ര ഉണ്ടായി. ‘ദ ഹിന്ദു’ ദഹിപ്പിച്ചുകൊണ്ടിരുന്ന അച്ഛനും, കല്യാണ തിരക്കിനിടയില്‍ മിസ്സായ സീരിയലിന്റെ എപ്പിസോഡ് റീ ടെലികാസ്റ്റ് കണ്ടുകൊണ്ടിരുന്ന അമ്മയും വരെ മുന വെച്ച് ചിരിച്ചു . അച്ഛന്റേം അമ്മേടേം കല്യാണം കഴിഞ്ഞിട്ടില്ലെങ്കില്‍ ഇതുപോലൊരു ആക്കിയ ചിരി കല്യാണത്തിന്റെ പിറ്റേ ദിവസം ഏര്‍ളി മോര്നിങ്ങിനു തന്നെ കൊടുക്കാമായിരുന്നു .പണ്ടാരം, കഴിയേം ചെയ്തു…നൊ ഹോപ് ലെഫ്റ്റ് .
മനു വിഷയത്തില്‍ നിന്നും തെന്നി മാറ്റാന്‍ ശ്രമിച്ചു.
“അമ്മാ….. പുട്ട് ”
അമ്മ ഹാളിന്റെ മുക്കില്‍ നിന്നിരുന്ന സുജിതയുടെ മുഖത്തേക്ക് നോക്കി. സൂചനയാണ്! ഇനി ഒക്കെ അങ്ങോട്ടായിക്കോണം എന്നുള്ളതിന്റെ.
അവന്‍ ഡൈനിംഗ് ടേബിളില്‍ ചെന്നിരുന്നു. ഏട്ടന്‍ ഓപ്പോസിറ്റ് ഇരുന്ന് പുട്ടടിക്കുന്നുണ്ട്. മനുവിന് പുട്ട് വിളമ്പിയ ഏട്ടത്തിയമ്മയോട് ഏട്ടന്‍,
“രണ്ടെണ്ണം കൂടുതല്‍ കൊടുക്ക്…നല്ല ക്ഷീണം കാണും ” ഫോളോവ്ട് ബൈ ആന്‍ ഏമ്പക്കം വിത്ത് ആക്കിയ ചിരി. സീന്‍ കൂടുതല്‍ കൂടുതല്‍ ഡാര്‍ക്കായി വന്നു. സുജിതയ്ക്ക് ഒരു കൂസലും ഇല്ല…ജെ സി ബി എത്ര കുന്ന് കണ്ടതാ എന്ന ഭാവത്തിലാ നില്‍പ്പ്. അല്ലാ …ഇനിയെങ്ങാനും കണ്ടിട്ടുണ്ടാവോ ?
എട്ടത്തിയമ്മ ചമ്മന്തിയെടുത്തു വിളമ്പി. പുട്ടിന്റെയൊപ്പം ചമ്മന്തിയോ !?
“സുജിത ഉണ്ടാക്കീതാ”
ആകെയുണ്ടാക്കാനറിയുന്നത് ഇതായിരിക്കും (ആത്മഗതം ഫ്രം എട്ടതിയമ്മ )
ഐവാ .ആദ്യഭാര്യയുടെ, ആദ്യപാചകം. മനു സന്തോഷത്തോടെ എടുത്തു ടേസ്റ്റ് ചെയ്തു. ഭും ! ഓണക്കമുന്തിരി കുരുമുളകിട്ടു വരുത്തൊരു ടേസ്റ്റ്. മുഖത്ത് വന്ന എക്സ്പ്രഷന്സില്‍ നന്നായി തന്നെ വെള്ളം ചേര്‍ത്ത് , ഒരു ചിരിയും കൂടി ചിരിച്ചു മനു സുജിതയെ അപ്പ്രീഷിയേറ്റ് ചെയ്തു തിരിഞ്ഞപ്പോ, ഏട്ടന്‍, ഏട്ടത്തിയമ്മ കാണാതെ പറഞ്ഞു. “ഇനിമേ അപ്പടിതാന്‍ …..വെല്‍ക്കം ടു ദ മാരീഡ് ക്ലബ് !
മനുവിന് വെളിപാടുണ്ടായി. ഏതായാലും നടക്കാനുള്ളതൊക്കെ നടന്നു ….ഇനി ഡെസ്പ് അടിച്ചിട്ടിരുന്നിട്ടെന്താ? ദാമ്പത്യ ജീവിതം രസകരമാക്കുക തന്നെ.
“ചേച്ചീ….ലൈറ്റര്‍ എന്ത്യേ ?” അടുക്കളയില്‍ നിന്നാരോ വിളിച്ചു ചോദിച്ചു. ഇത് തന്നെ ടൈം. മനുവിന് , ഭാര്യയെ ചിരിപ്പിക്കാന്‍ വേണ്ടി ഒരു കുസൃതി ഒപ്പിക്കാന്‍ തോന്നി. ‘നീ സിഗരറ്റ് കത്തിക്കാന്‍ എടുത്തിട്ടുണ്ടോടീ ?’ എന്ന അര്‍ത്ഥത്തില്‍ സുജിതയുടെ വയറ്റില്‍ ഒന്ന് നുള്ളി. പക്ഷെ മനു വിചാരിച്ച പോലെ യല്ല മനുവിന്റെ നഖം വിചാരിച്ചത്. ആ നുള്ള് സുജിതയ്ക്ക് അപ്രതീക്ഷിതമായിരുന്നു. അവള്‍ ഫസ്റ്റ് ക്ലാസ് ഞെട്ടലോടെ ഒന്ന് ഈളിയിട്ട് കയ്യിലുണ്ടായിരുന്ന ഗ്ലാസ് നിലത്തിട്ടു.ആ ഗ്ലാസ് നിലത്ത് വീണ് അള്‍ട്രാ സ്ലോ മോഷനില്‍ ചിതറി.
“എന്താ മന്വോ ഇത് ?” ഏട്ടന്‍ ആകാശത്തേക്ക് വെടിവെച്ചു. ” നീയീ വീട്ടിലെ ഗ്ലാസൊക്കെ പൊട്ടിച്ചു തീര്‍ക്ക്വോ?” അച്ചന്റെ ടിയര്‍ ഗ്യാസ് .”മോള്‍ ഇനി പൊട്ടുന്ന വസ്തുക്കളുമായി അവന്റെ അടുത്തേക്ക് പോവണ്ട ” അമ്മയുടെ ജലപീരങ്കി. “ഞാനും പോകുന്നില്ല ” രമണിയുടെ ലാത്തി ചാര്‍ജ്.
ഓഹോ…ലൈഫ് കോഞ്ഞാട്ട ആയിരിക്കുന്ന സമയത്തും അവള്‍ടെല് പഞ്ചിന് ഒരു കുറവും ഇല്ല. സ്വന്തം വീട്ടില്‍ ഒരു അരക്ഷിതാവസ്ഥ സൃഷ്ട്ടിക്കണ്ട എന്ന് കരുതി , മനു വായില്‍ വന്ന ‘മുദ്രാവാക്യങ്ങള്‍’ വിളിക്കാതെ സംയമനം പാലിച്ചു. സമരം അക്രമാസക്തമാക്കിയ സുജിത അടുക്കളയിലേക്ക് സ്കൂട്ടായി. ഡൈനിംഗ് ഹാളില്‍ നിന്ന് ഒട്ടകം മഞ്ഞു കൊണ്ട പോലെ മനു പുറത്തേക്ക് നടന്നു. എന്നിട്ട് സുജിതയ്ക്ക് വാട്സ്ആപ്പില്‍ മെസേജ് ഒരു അയച്ചു, ‘ അതേയ്…കല്യാണ പുതുക്കതിലുള്ള കപ്പിള്‍സിനെ വട്ടാക്കുന്നത് എല്ലാവര്ക്കും ഒരു രസമാണ്. പോന്നു മോളെ സുജിതേ…നീ തന്നെ ആ രസത്തിലേക്ക് കായവും പരിപ്പും ഇട്ടുകൊടുക്കരുത് (കൂപ്പു കൈ യിന്റെ സ്മൈലി ) ‘
കഴിച്ച കല്യാണത്തിന്റെ മുപ്പതാം വിവാഹ വാര്‍ഷികമൊക്കെ ആഘോഷിച്ചിരിക്കുന്ന അച്ഛനെ തൊഴണം. ഇവിടെ ഒരൂസം ആയപ്പോഴേക്കും മടുത്തു. മനു, ഏട്ടനെ വിളിച്ച് കാര്‍ പോര്‍ച്ചിന്‍റെ സൈഡിലേക്ക് കൊണ്ടുപോയി…. . മടിച്ച് മടിച്ച് പറഞ്ഞു,
“ഏട്ടാ….ഇനി ഞാനൊരു സത്യം പറയാം….നിങ്ങള് വിചാരിക്കണ പോലെ ഒന്നുമല്ല കാര്യങ്ങള്‍……മൈ ഫസ്റ്റ് നൈറ്റ് വാസ് ഓവര്‍ റേറ്റഡ് ”
“അതിന്ടതും അങ്ങനെ ആയിരുന്നെടാ ….രണ്ടാമത്തെ ദിവസം ശരിയായിക്കോളും ”
ഏട്ടന്‍ അകത്തേക്ക് പോകുന്നതും കണ്ടു, എട്ടത്തിയമ്മയുടെ കാതില്‍ എന്തോ പറയുന്നതും കണ്ടു . എട്ടത്തിയമ്മ ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് ഓടി …തര്‍ജ്ജമ ചെയ്തതില്‍ വീണ്ടും പിശകു സംഭവിച്ചിരിക്കുന്നു !!
അടുക്കളയില്‍ കുറെ ചിരികള്‍ അടുപ്പുകൂട്ടി , വിറകുവെച്ച് പൊങ്കാലയിട്ടു. മനുവിന്റെ നെഞ്ചത്ത് …..!
ശുഭം !