ഒരൂസം. കൃത്യായിട്ട് പറഞ്ഞാ മേയ് പന്ത്രണ്ടാന്തി. വൈന്നേരം കോട്ടക്കുന്ന് വായനോക്കാന്‍ പോയിട്ട്, കോലൈസ് ഈമ്പി കൊണ്ടിരിക്കുമ്പളാണ് ഷാജഹാന്‍ ആ സംഭവമറിഞ്ഞത് ‘ജോലി കിട്ടി’!
കൂടെയുള്ള ടീംസിനോട് ഷാജഹാന്‍ കാര്യം പറഞ്ഞു കണ്ണൊന്ന് അടച്ചുതുറന്നപ്പൊ ഒരു ഹോട്ടലിലെത്തിയിരുന്നു.
ഭീകരന്‍റെ ആ തീറ്റ കണ്ടപ്പോ ഷാജഹാന് ഒന്ന് ഉപദേശിക്കാതിരിക്കാന്‍ തോന്നീല.
“അളിയാ….. ശത്രുക്കള് ട്രീറ്റ് തരുമ്പപ്പോലും ഇങ്ങനെ തിന്നരുത്.”
“ഉം……….” കനത്തിലൊന്നിരുത്തി മൂളീട്ട് ഭീകരന്‍ അടുത്ത ഷവായ് ഓഡറീതു.
ജോലികിട്ടിയ കാര്യം ഷാജഹാന്‍ നാട്ടിലാദ്യം പറഞ്ഞത്, മെയിന്‍ ചങ്ങായി കൂസനോടാണ്. അതെ കൂസന്‍ …… ലോകത്ത് ഒന്നിനെയും കൂസലില്ലാത്ത അതേ കൂസനോട്. കൂസന്‍ അതിനും തന്‍റെ മാസ്റ്റർപീസ് ഡയലോഗടിച്ചു.
“ഈ ബാഗ്ലൂരൊക്കെ എന്നാ ഇണ്ടായെ?”.
പിന്നെ പറഞ്ഞത് അബൂട്ടിക്കാനോടാര്‍ന്നു.
“മോനെ …..ബാംഗ്ലൂരാണ്, പോയിട്ട് വലീം വെള്ളടീം ഒന്നും തൊടങ്ങാന്‍ നിക്കണ്ട”
ഷാജഹാന്‍ മൊമെന്റില് റിപ്ലെ കൊടുത്തു,
“ഇല്ല അബൂട്ടിക്ക,ഞാന്‍ ഇനിയൊന്നും തൊടങ്ങാന്‍ പോണില്ല”
‘അല്ലെങ്കിലും ഒരേ സംഭവം രണ്ടു പ്രാവശ്യം തൊടങ്ങാന്‍ പറ്റില്ലല്ലോ’ (ആത്മഗധം)
പിറ്റത്തെ ഞാറാഴ്ച മലപ്പുറത്ത് നിന്ന് മൂന്നുമണിക്കാര്‍ന്നു KSRTC. യാത്രയാക്കാന്‍ കുഴിയും, മിന്നലും, ഭീകരനും, തോന്ന്യാസനും അടങ്ങുന്ന അലമ്പ് കമ്മിറ്റി വന്നു. പോവാന്‍ നേരം തോന്ന്യാസന് എന്നുമില്ലാത്തൊരു സ്നേഹം! ഷാജഹാനെ കെട്ടിപിടിച്ച് കരച്ചിലോടു കരച്ചില്‍. ആ കര അഞ്ഞൂറുര്‍പ്പ്യ പറ്റിക്കാനുള്ള സ്കീമായിരുന്നെന്ന് ഷാജഹാനു പിന്നെയാണ് കത്തിയത്. പൈസ പോയപ്പോ കരച്ചിലും പോയി.
ഡ്രൈവര്‍ വണ്ടിടെ സെൽഫടിച്ചു, കിട്ടി. വണ്ടിയോടി, കഴിച്ചിലായി.
രാത്രി പന്ത്രണ്ടരയ്ക്ക് ബാഗ്ലൂര്‍ മെജസ്റ്റിക്കിലെത്തി. പ്ലസ്റ്റൂന് ഒപ്പം പഠിച്ച അനൂപ് മടിവാളയിലാണ് താമസം. അതുതന്നെയാണ് ഷാജഹാന്‍റെ ലക്‌ഷ്യം. ഇരുപതു കി.മി അല്ലേ ദൂരമുള്ളൂ, ഒട്ടോര്‍ഷ വിളിച്ചേക്കാം എന്ന് ഷാജഹാനും തോന്നി.
ഒട്ടോര്‍ഷയില്‍, ആദ്യമായിട്ട് കാണുന്ന ബാഗ്ലൂരിന്‍റെ രാത്രി സൌന്ദര്യം നുണഞ്ഞുകൊണ്ടിരിക്കെ, എത്തിയ വിവരമറിയിക്കാന്‍ ഷാജഹാന്‍ കൂസനെ വിളിച്ചു,
“കൂസാ…… ഞാനിവിടെത്യടാ. ഇപ്പൊ ഒരു കിടിലന്‍ ഫ്ലൈ ഓവറിന്‍റെ മോളിക്കൂടെ പൊയികൊണ്ടിരിക്കാണ്”
കൂസന്റെ വായേന്ന് ഒന്നേ വരാനുണ്ടായിരുന്നുള്ളൂ,
“അല്ല ഷാജഹാനേ…… ഈ ഫ്ലെ ഓവറൊക്കെ എന്നാ ഇണ്ടായെ ?”
ഷാജഹാന്‍ ഫോണ്‍ വെച്ചു.
മടിവാള എത്തി. ഓട്ടോര്‍ഷക്കാരന്‍ കന്നഡത്തില്‍ പറഞ്ഞു, “ആയിരത്തി ഇരുപത്”!
വിരിഞ്ഞു !….. കൊട വിരിഞ്ഞു !!
‘മ്മക്ക് രണ്ടാള്‍ക്കും ഗാന്ധിജി ഒപ്പല്ലേ എട്ടോ സ്വാതന്ത്ര്യം വാങ്ങി തന്നത്, ആ പരിഗണന യെങ്കിലും കാണിച്ചൂടെ?’ എന്ന് അറിയാവുന്ന തമിഴിയില്‍ ആ കന്നഡക്കാരനോട് ഷാജഹാന്‍ പറഞ്ഞു നോക്കി. രക്ഷയില്ല.
പോയി…….പൈസയും ഒട്ടോര്‍ഷക്കാരനും ഒപ്പം പോയി.
“ഏയ്…… ഗാന്ധിജി കണ്ട സ്വപ്നങ്ങളൊന്നും നടക്കാന്‍ പോണില്ല”.
റൂമെത്തി, കണ്ടപാട് അനൂപിനെ കെട്ടിപിടിച്ച് ഷാജഹാന്‍ പറഞ്ഞു ,
“എട ഒടിയാ……അണക്കൊരു മാറ്റൂല്ല്യാലോ”.
“ഇനിക്ക് മാറ്റല്യെങ്കിലും ഞങ്ങള് വന്നേനേഷം ഈ സ്ട്രീറ്റിനു കൊറേ മാറ്റങ്ങളുണ്ടായി”.
“എന്ത് മാറ്റം?”
“അപ്പ്രത്തെ കോണ്‍വെന്റിന്‍റെ ജനലിനു കര്‍ട്ടന്‍ വന്നു, ഇവിടുത്തെ ചേച്ചിമാര് ഡ്രസ്സ് തിരുമ്പല് നിര്‍ത്തി പുറത്ത് ഡ്രൈ ക്ലീനിങ്ങിനു കൊടുക്കാന്‍ തുടങ്ങി, ഒപ്പോസിറ്റ് വീട്ടിലെ മൊഞ്ചത്തി രാവിലത്തെ ജോഗിംഗ് നിര്‍ത്തി വീട്ടില് ത്രെഡ്മില്ല് വാങ്ങി…..”
“മതിയളിയാ നിര്‍ത്ത്”
രണ്ടു മണിയായിട്ടും റൂമിലുള്ള മൂന്നെണ്ണത്തിന്റെ ഫോണിലൂടെയുള്ള ‘കുറുകല്‍’ കഴിഞ്ഞിട്ടില്ലായിരുന്നു.
“രാത്രി ലൈനിനോട് ഇങ്ങനെ പതുക്കെ സംസാരിച്ചു ശീലായിട്ടാ ഈ ജനറേഷന്റെ ഒച്ച പോയത്” ഒടിയന്‍റെ പുത്യേ കണ്ടുപിടുത്തം
കമ്പനി ദൂരേയിനകൊണ്ട് ആ റൂമീന്ന്‍ പോയി വരല് നടക്കില്ല. ഒടിയന്‍ അനൂപ് റൂം തപ്പി നടക്കുന്ന ഓന്‍റെ ഒരു കോളേജ് മേറ്റിനെ വിളിച്ചു ഷാജഹാന് സെറ്റാക്കികൊടുത്തു, ഒരു കൊയിലാണ്ടിക്കാരന്‍ ബിലാല്‍.
നാലൂസം കഴിഞ്ഞ് ഒരു ഉച്ചതിരിഞ്ഞേനേഷം ഷാജഹാന്‍ ഇറങ്ങി, ബിലാലിന്റൊപ്പം റൂം തെണ്ടിനടക്കാന്‍ .
മടിവാള ബസ്റ്റോപ്പിലെത്തി ഓനെ വിളിച്ചു.
ബിലാല്‍ ഫോണെടുത്ത് ലാന്റ്മാർക്ക് പറഞ്ഞു കൊടുത്തു.
“ഇയ് ഗോപാലന്‍ മാളിന്റെ മുന്നില്‍ വന്ന് നിക്ക് ”
ഷാജഹാന് ചിരി വന്നു “ഗോപാലന്‍ മാളോ? ”
ബിലാല്‍ തിരിച്ചു ചോദിച്ചു “പിന്നെ…..ഗോപാലന്‍ ഗോപാലന്റെ പൈസക്ക് ഉണ്ടാക്കിയ മാളിനു പിന്നെ കുഞ്ഞികാദര്‍ മാള്‍ ന്ന് പേരിടാന്‍ പറ്റോ?” പോയന്റ്.
“ഉം ശരി. ഇവിടുന്നു എത്ര കിലോമീറ്റര് ഇണ്ടാവും ”
“അഞ്ച്”
അപ്പൊ ഒരു ഏഴു മിനിറ്റോണ്ട് എത്ത്ണ്ടാവും ലേ?
“ഉം….എത്തും എത്തും, അതിന് ഇയ് നാട്ടീന്ന് തൃശ്ശൂര്‍-കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ്പിന്റെ ഡ്രൈവറെ ഇങ്ങട്ട് കൊടുന്ന് ബസ്സിന്റെ ചാവി കയ്യില്‍ കൊടുക്കണ്ടേരും”
ഷാജഹാന്റെ സംശയം മാറി.
ബസ്സിലിരിക്കുമ്പൊ ഒരു കോള്‍……കൂസന്‍!
“എടാ കൂസാ…….ബാഗ്ലൂര് സംഭവാട്ടോ. ഇപ്പൊ ഞാന്‍ പോണ ബസ്സില് ന്റെ അടുത്തിരിക്കുന്നത് പെണ്‍കുട്ടി ഇട്ടിരിക്കുന്നതെ ഒരു ഷോര്‍ട്ട്സാ !! ”
അതേ കൂസന്‍, അതേ ഡയലോഗസ്.
“അല്ല ഷാജഹാനേ……ഈ ഷോര്‍ട്ട്സൊക്കെ എന്നാ ഇണ്ടായെ?”
ഷാജഹാന് ഒരറ്റത്ത് നിന്ന്‍ ചൊറിഞ്ഞു വന്നു
“അറിയില്ല, ഞാന്‍ ഓളോട് ചോദിച്ച് മിസ്സടിക്കാം” ഷാജഹാന്‍ ഫോണ്‍ വെച്ച്.
ഗോപാലന്‍ മാളിന്റെ മുന്നിലെത്തി. മണിക്കൂറൊന്നായി ….ബിലാലിനെ കാണാനില്ല. ഷാജഹാന്‍ കായില്ലാതെ കോയി വാങ്ങാന്‍ പോയോനെ പോലെ നിന്ന്. ഒരു പട്ടിയും വന്നില്ല എന്ന് പറയാന്‍ പറ്റില്ല ഒരു പട്ടിയും രണ്ടു നായ്ക്കളും വന്നു, പിന്നാലെ ഓനും വന്നു.
പച്ച പള്‍സറില്‍, ഐസും മഞ്ഞ ഷര്‍ട്ടുമിട്ട് വരുന്ന താരം! സീന്‍ .
വീടിന്റെ മൂലോട് കമുത്തി വെച്ച പോലെ ഓന്റെ മുടി നിക്ക്ണ്ട്. സ്പൈക്ക് സ്പൈക്ക് !
ഷാജഹാന്‍ ചോദിച്ചു” എന്തേ ലേറ്റായെ?’
“വരണ വഴിക്ക് ഒരാക്സിഡന്റു പറ്റി”
“കയ്യിമ്മെ മുറിയൊക്കെ ആയിട്ടുണ്ടല്ലോ , എങ്ങനേ പറ്റ്യേ?”
ബിലാല്‍ ആ സംശയവും തീര്‍ത്തു “പശൂന് ഇന്ടിക്കേറ്ററില്ലാലോ …….അങ്ങനെ പറ്റിയതാ. പിന്നെ വണ്ടി മറിയുമ്പോ സ്ലോ മോഷനില്‍ വീഴാന്‍ ഞാന്‍ അമല്‍ നീരദിന്റെ നായകനൊന്നുമല്ലാലോ. വന്ന് വണ്ടീ കേറ്”
അങ്ങനെ ആ യാത്ര തുടങ്ങി …….
ഷാജു കുശലം തൊടങ്ങി, “ബാഗ്ലൂര് വന്നിട്ടിപ്പോ രണ്ടു മാസായെന്ന്‍ അനൂപ് പറഞ്ഞു, എങ്ങനെയുണ്ട് ബാഗ്ലൂര്‍ ”
ബിലാലിന്റെ മുഖത്തേക്ക് പുച്ഛം വണ്ടി വിളിച്ചു വന്നു
“ഹും…..ബാഗ്ലൂര്!”
ഷാജഹാന്‍ പിന്നൊന്നും ചോദിച്ചില്ല. ഒനാള് ജഗലാണ്.
റൂം നെരങ്ങല് തൊടങ്ങി. ഒരു റൂം കണ്ടിറങ്ങിയപ്പോ ബിലാല്‍ ഷാജഹാന്റെ മുഖത്തേക്ക് നോക്കി.
ഷാജഹാന്‍ അഭിപ്രായം പറഞ്ഞു
“എനിക്ക് പറ്റീല. നിക്ക് ഒറ്റ കണ്ടീഷനേ ഉള്ളൂ. റൂമ് ചെറുതാണെങ്കിലും കക്കൂസ് വിശാലമായിരിക്കണം”.
“അതെന്താ ഇങ്ങള് കക്കൂസിലാണോ വണ്ടി പാര്‍ക്ക് ചെയ്യാറ് ?”
ഗോള്‍ ! ഒന്നെ.
“അല്ല, ഞാനത്യാവശ്യം കവിതയൊക്കെ എഴുതുന്ന ഒരുത്തനാ. എനിക്ക് പല കവിതകളും വന്നിട്ടുള്ളത് ടോയ് ലെറ്റില്‍ വെച്ചാണ്.”
“അണക്ക് ടോയ് ലെറ്റില്‍ പോയാ കവിതയാണോ വരാറ്?”
വീണ്ടും ഗോള്‍ !! രണ്ടേ.
“അല്ല ബിലാലെ , അവിടെ വെച്ചാണ് എനിക്ക് പല ചിന്തകളും കിട്ടീട്ടുള്ളത് എന്നാ ഉദ്ദേശിച്ചേ ?”
“പക്ഷെ ഷാജഹാനേ …..ഇനിക്ക് ടോയ്ലെറ്റില്‍ നിന്നും കിട്ടീട്ടുള്ളത് കൊറേ തെറികളും, കുറച്ചു ഫോണ്‍ നമ്പറുകളുമാണ്, ഇയ് മുണ്ടാണ്ട് വാടാ”
പടച്ചോനെ …..ഇവന്‍ ഇങ്ങനെയാണ് എന്നതിന്റെ ഒരു സൂചന പോലും ഒടിയന്‍ തന്നില്ലാലോ. ഇവന്റൊപ്പമുള്ള ബാഗ്ലൂര്‍ ലൈഫ് ജ്വലിക്കും !!
വണ്ടീലിരുന്ന്‍ ഷാജഹാന്‍ വീണ്ടും പറഞ്ഞു തൊടങ്ങി .
ബിലാലേ….ഞാന്‍ ബാഗ്ലൂര്‍ വന്നിട്ട് നാലൂസായി. ഇതേ വരെ ടോയ്ലെറ്റില്‍ പോയിട്ടില്ല ”
“എന്താ വല്ല നേര്‍ച്ചയും ഉണ്ടോ?, വല്ല ഹോസ്പിറ്റലിലും പോയി ഡോക്ടറെ കാണടാ ചെക്കാ ”
“അയ്യോ , 22FK ഇറങ്ങിയ ശേഷം ഹോസ്പിറ്റലില്‍ പോവാനേ പേടിയാ.ഇപ്പൊ നഴ്സുമാര് പഞ്ഞി എടുത്താ വരെ ഹാര്‍ട്ട് ബീറ്റ് സ്പ്രിന്റോടും. വരുമ്പോ വരട്ടെ ”
“പറഞ്ഞത് നന്നായി, ഇനി ഇയ് ബാക്കിലിരിക്കുമ്പോ ഞാന്‍ ഡിസ്ക് ബ്രേക്ക് പിടിക്കിണില്ല”
ഗോള്‍ !!! മൂന്നേ
‘ഇവന്‍ എങ്ങോട്ടടിച്ചാലും കുലുങ്ങുന്നത് എന്റെ വലയാണല്ലോ’ ഷാജഹാന്‍ കൌണ്ടറടിക്കാന്‍ തീരുമാനിച്ചു.
അപ്പൊ ഫോണടിച്ചു, തോന്യാസന്‍ .
പിന്നെ വിളിക്കാമെന്നു പറഞ്ഞു ഷാജഹാന്‍ ഫോണ്‍ കട്ടീതു.
ബിലാല് ചോദിച്ചു “ആരായിരുന്നു ?”
ഇത് തന്നെ ചാന്‍സ്.
“കന്നിമാസായോന്നറിയാന്‍ ഒരു പട്ടി വിളിച്ചതാ ”
“ഈ കന്നിമാസം ബാഗ്ലൂരിലാണ്, അടുത്ത കന്നിമാസത്തിനു നോക്കാം ന്ന് പറയായിരുന്നില്ലേ ?”
ഭും! അതും ചീറ്റി. ‘ഇവന്‍ ഇങ്ങനെ ഗോളടിക്കാന്‍ ഞാനെന്താ ആളില്ലാത്ത പോസ്റ്റോ ?’
അവസാനം ചിത്രത്തിന്റെ ക്ലൈമാക്സില്‍ ലാലേട്ടന്‍ സോമേട്ടനോട് പറയുന്നത് പോലെ സെന്റിയായി ഷാജഹാന്‍ ബിലാലിനോട് ചോദിച്ചു
“എന്നെ ഒന്ന് വാരാതിരിക്കാന്‍ പറ്റോ ?”
ബിലാലിന്റെ മുഖത്ത് വിജയഭാവം. ഓനൊന്ന്‍ പുഞ്ചിരിച്ചിട്ട് പറഞ്ഞു.
“എന്ത് ചെയ്യാനാടാ, എന്റെ ശൈലി ഇങ്ങനെയായി പോയി. ന്റെ വീട് കൊയിലാണ്ടിയാണെങ്കിലും, എന്റെ ഈ ആക്കി കൊണ്ടുള്ള ഡയലോഗ്സ് കേട്ടിട്ട് നീ കണ്ണൂരാരനാണോന്ന് പലോരും ചോദിച്ചിട്ടുണ്ട്.”
ഷാജഹാന്‍ അവസാനം അത് നേടി.
“ഉം…..കൊയിലാണ്ടി കൊറച്ച് കണ്ണൂരുകാര് ചായക്കട നടത്തുന്നുണ്ട്”
ട്ടൊ! അതേറ്റു. പിന്നെ ഓന്‍ അമ്മാരി ഡയലോഗടിച്ചില്ല.
ബാഗ്ലൂര് പറ്റിയ റൂം തപ്പി പിടിക്കാന്നു പറഞ്ഞാ ഓട്ടോര്‍ഷേല്‍ പോണോന് ഔഡിയില്‍ പോണോളോട് തോന്നണ പ്രേമം പോലെയാണെന്ന് ഷാജഹാന് മനസ്സിലായി. കിട്ടാന്‍ മെനക്കെടാണെന്ന് പറഞ്ഞാലൂണ്ട്.
ബിലാല്‍ വണ്ടി നിര്‍ത്തിയിട്ട് പറഞ്ഞു “നമുക്ക് വണ്ടി ഇവിടെ വെച്ചിട്ട് നടക്കാം”
“എന്തേ?”
“ബജാജ് ഡീസലിലോടുന്ന പള്‍സര്‍ ഇതുവരെ ഏറക്കീട്ടില്ലടാ” ഷാജഹാന് കാര്യം കത്തി.
അങ്ങനെ നടത്തം തുടങ്ങി. ഒരു പീടികക്കാരന്‍ റൂമുണ്ടെന്നു പറഞ്ഞു വഴി കാണിച്ചു കൊടുത്ത ഒരു ഫ്ലാറ്റിലെത്തി.
വണ്‍ ബി എച്ച് കെ, മര്യാദ റെന്റ്, മലയാളി ഓണര്‍. ഷാജഹാന്റെ മുഖത്ത് വലിയ പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ചു വന്ന സന്തോഷം .
വീട് കാണല്‍ തുടങ്ങി. കാര്‍ ഷോറൂമിലെ സേല്‍സ്മാനെ പോലെ ഓണര്‍ വീട് പരിചയപെടുത്തി തന്നു .
“ഇത് ടോയ് ലെറ്റ് ”
വാതില്‍ തുറക്കും മുന്‍പ് ഷാജഹാന്‍ ബിലാലിന്റെ മുഖത്തേക്ക് നോക്കി. പിന്നെ വാതില്‍ തുറന്നു നോക്കിയില്ല.
“ഇത് ബാല്‍ക്കണി, നോക്കൂ വിശാലമായ പുറം ”
“അതെ, വിശാലമായ പുറം !!”
രണ്ടു പേരും ഒരേ സ്വരത്തില്‍ പറഞ്ഞു.
ഓണര്‍ തിരിച്ചും പറഞ്ഞു,
ആ പോണ പെണ്ണിന്റെ പുറത്തിക്ക് നോക്കാനല്ല ഞാന്‍ പറഞ്ഞത്, വീടിന്റെയാ ”
“രണ്ടും ”
ന്നാ ഒറപ്പിച്ചോ ന്ന മട്ടില് ഷാജഹാന്‍ ബിലാലിനെ നോക്കി. ബിലാലും റെഡി ആയിരുന്നു.
പക്ഷെ , അപ്പോഴാണ് ആ ഓണരുടെ വാചകം വന്നത് .
“ഞാന്‍ പക്ഷെ ബാച്ചിലെര്സിനു റൂം കൊടുക്കില്ല ” ഭും!
ഷാജഹാന് പറയാനുള്ളതും കൂടി ചേര്‍ത്ത് ബിലാല് പറഞ്ഞു .
“പിന്നെ ഞങ്ങള് ഇങ്ങല്ടെ അമ്മായിടെ മക്കളാണെന്ന് വിചാരിച്ചിട്ടാ ഇങ്ങള് റൂമിന്റെ ഭംഗി കാണിച്ചു തന്നത് ??”
അങ്ങനെ ആ കത്തിക്കല് കഴിഞ്ഞ്.
നടന്നു ക്ഷീണിച്ചു ഏഴിന്റെള്ളം (7up) കുടിക്കുമ്പഴാണ് ബിലാലിന് ആ കാഞ്ഞ ബുദ്ധി തോന്നണത്
“മ്മക്ക് രണ്ടാള്‍ക്കും ഇനി രണ്ടു വഴിക്ക് പോയോക്കാം” ഷാജഹാനും സമ്മതം
അങ്ങനെ രണ്ടാളും രണ്ടു വഴിക്ക് ഇറങ്ങി .
അടുത്ത ഷോട്ട്, ഷാജഹാന്‍ ഒറ്റയ്ക്കൊരു റൂമിന്റെ വാതിലില്‍ മുട്ടി .
വാതില്‍ തുറന്നതൊരു പെണ്ണ് !
ഞെട്ടല്‍! ബാഗ്ലൂര്‍ ഞെട്ടല്‍ !! പഴേ ലൈന്‍ ഷാഹിന !!!
മൂന്നു കൊല്ലം ഖല്‍ബു നിറഞ്ഞു നിന്നവള്‍, നല്ലോരാലോചന വന്നപ്പോള്‍ ഷാജഹാനെ ചാമ്പി ഓനെ കെട്ടി പോയവള്‍.
ഷാജഹാന്‍ കണ്ണും മിഴിച്ച് നിന്നു.
ഓളാണ് ആ സൈലെന്‍സ് ബ്രേക്ക് ചെയ്തത്
“ഇക്ക മുറീല്ണ്ട്, ടോയ് ലെറ്റ് ദാ അവിടെണ്”
ഷാജഹാന്‍ ഷാഹിന ചൂണ്ടിയിടത്തേക്കൊടി, വാതില്‍ തുറന്ന് വാതിലടച്ചു. പറയാന്‍ മറന്നു ഓന്‍ അതിനിടയ്ക്ക് അതിന്റെ ഉള്ളില്‍ കേറിയിരുന്നു .
ആഹാ വിശാലമായ കക്കൂസ്!
പിന്നെയാണ് ഷാജഹാന് ബോധം വന്നത് .
“1. ഓളെന്തിനാണ് ന്നെ ടോയ് ലെറ്റില്‍ കേറ്റിയത്?
2. അല്ലാ ….ഞാനെന്തിനാണ് ടോയ് ലെറ്റില്‍ കേറിയത്?
ഓള്‍ടെ ഹസ്സ് കാണാതിരിക്കാനാണെങ്കില്‍ പുറത്തേക്കോട്യാ മതിയായിരുന്നില്ലേ ?”
ഷാജഹാന് പെട്ട് ന്ന് മനസ്സിലായി .
“ഒന്നെങ്കെ ഓള് ഭര്‍ത്താവ് പോയശേഷം കക്കൂസില്‍ വന്ന് പരിചയം പുതുക്കും, അല്ലെങ്കില്‍ ഓനെ കൊണ്ട് കക്കൂസിലിട്ട് ന്നെ അടിച്ചു കൂട്ടാനാവും പ്ലാന്‍.”
ഷാജഹാന്റെ ചിന്തകള്‍ പലവഴിക്കും സഞ്ചരിച്ചു, പക്ഷെ കവിത മാത്രം വന്നില്ല.
ഷാജഹാന്റെ നെഞ്ചു മാത്രമല്ല , ദേഹം മുഴുവനുമിടിച്ചു. ആ ഇടിയില്‍ വയറ്റില്‍ നിന്നും സിഗ്നല്‍ വന്നു. ഷാജഹാന്‍ ഒന്നൂകൂടി ആ ടോയ് ലെറ്റിലേക്ക് നോക്കി. ഹാ ശൂന്യം വിശാലം ! വൃത്തിയുള്ള യൂറോപ്പ്യന്‍ ക്ലോസെറ്റ്, ഷാജഹാന്‍ പിന്നെ ഒന്നുമാലോചിച്ചില്ല……..
എല്ലാം കഴിഞ്ഞപ്പോഴാണ് ഷാജഹാന് വീണ്ടും പേടിയായത്. അവള്‍ തന്നോട് ടോയ് ലെറ്റില്‍ കേറാന്‍ പറഞ്ഞതിന്റെ നിഗൂഡത അറിയാന്‍ വേണ്ടി ഷാജഹാന് കൂസനെ വിളിച്ചു.
“കൂസാ…….ശ്രദ്ധിച്ചു കേക്കണം, ഞാനിപ്പോ ഒരു കക്കൂസിലാണ് ”
“ഈ കക്കൂസോക്കെ എന്നാ ഇണ്ടാ……”
മുയ്മനക്കാന്‍ ഷാജഹാന്‍ സമ്മെയ്ച്ചില്ല.
“ഫാ നിര്‍ത്തടാ പട്ടി…..കൊറേ കാലായി, നീയും നിന്റെ ഒരു ഇണ്ടാവലും ……ഇവിടെ മനുഷ്യന്‍ ഒരു കക്കൂസിന്റകത്ത് ജീവന്‍ പോവോ അതോ കന്യകാത്വം പോവോന്നറിയാതെ ഇരിക്കുമ്പഴാണ്, അനക്ക് വേണ്ടി ഞാന്‍ കക്കൂസിന്റെ ചരിത്രം അന്വേഷിക്കാന്‍ പോണത് ”
ചോന്ന ബട്ടന്‍ അമര്‍ന്നു.
ഒരു പിടുത്തം കിട്ടാതെ ഷാജഹാന്‍ ബിലാലിന് ഡയല്‍ ചെയ്തു. ഉണ്ടായ കാര്യം മുഴുവന്‍ പറഞ്ഞു .
ഒക്കെ കഴിഞ്ഞപ്പോ ബിലാല്‍ തിരിച്ചു ചോദിച്ചു
“ഇയ് അവള് പറഞ്ഞ ആ ഡയലോഗ് ഒന്നുങ്കൂടെ പറഞ്ഞേ ”
“ഇക്ക കുളിക്ക്യാണ്, ടോയ് ലെറ്റ് ദാ അവിടേണ്”
“അതല്ലേ ഓ ള് പറഞ്ഞുള്ളൂ….. അന്നോട് അതിന്റെ ഉള്ളില്‍ കേറാന്‍ പറഞ്ഞോ?”
“ഇല്ല”.
“പിന്നെന്തിനാടാ പൊട്ടാ അത് കേട്ടപാട് ഹാര്പ്പിക്കിന്റെ പരസ്യത്തിലെ അബ്ബാസിനെ പോലെ ടോയ് ലെറ്റിലേക്ക് ഓടിക്കേറിയത്? ”
രൂക്ഷമായ നിശബ്ദത
.
.
.
.
.
.
“പക്ഷെ എന്തിനാവും ഓളത് പറഞ്ഞത് ?”
ബിലാല്‍ ആലോചിച്ചു മറുപടി കൊടുത്തു “ഇയ് ആ പൈപ്പൊന്ന് തൊറന്നു നോക്ക്യാ ”
ഇച്ചിരി നാണത്തോടെ ഷാജഹാന്‍ പറഞ്ഞു, “ഉം…… വെള്ളല്ല്യ ”
അപ്പൊ അതെന്നെ, അന്നേ പെട്ടന്ന് കണ്ടപ്പോ ഓള്‍ക്ക് മനസ്സിലായിട്ടുണ്ടാവില്ല , ചെലപ്പോ ടോയ് ലെട്ടിലെ പെപ്പ് നേരെക്കാന്‍ വന്ന ആളാവും ന്ന് ച്ച്ട്ടാവും ഓള് അത് പറഞ്ഞത് ”
വീണ്ടും കൊറച്ചേരം അതിലും രൂക്ഷമായ നിശബ്ദത!
.
.
.
.
.
.
.
അവന്‍ വറ്റിയ തൊണ്ട വെച്ച് ചോദിച്ചു. “ഇനി ?”
“നീയിപ്പോ ചെയ്തത് നോ ബോളാ….. അടുത്തത് ഫ്രീ ഹിറ്റാ. അത് നമ്മടെ കയ്യിലല്ല . പോയി വാതില് തുറന്നോ.
ഷാജഹാന്‍ വാതില്‍ തുറന്നു .
വില്ലന്‍ പുറത്തുണ്ട്. ഓന്‍ പണ്ടത്തെ മള്‍ട്ട്യാണ്. ബൈസും ട്രൈസുമൊക്കെ എടുത്തടിച്ചു നിക്ക്ണ്ട് . അതോണ്ടോന്നു വീശിയാ മതി, കൊള്ളണംന്നൂല്യ, കാറ്റ് തട്ട്യാലും മതി ചിറീം പല്ലും ഒന്നാവാന്‍ .
ഷാഹിനയും അപ്പുറത്തുണ്ട്….. സ്വന്തം പോസ്റ്റിലേക്ക് ഹാട്രിക്കടിച്ചു കേറിവന്ന ടീമിന്റെ മുഖ്യ സ്ട്രൈക്കറെ കോച്ച് നോക്കണ പോലെയാണ് ഓള് ഓനെ നോക്കണത്. ഒള്ക്കിപ്പോ കാര്യം കത്തീക്ക്ണ്
വില്ലന്‍ ചോദിച്ചു
“ഒക്കെ ശരിയായോ ?”
ഷാജഹാന്‍ വയറുതടവി പറഞ്ഞു, “ഉം”
“ഇപ്പൊ വരുന്നുണ്ടോ ?”
“ഉം…… പഴേ ലും നന്നായി വരുന്നുണ്ട് ”
ഒരാഴ്ചയായി ഫ്ലാഷിലും പൈപ്പിലും വെള്ളമില്ലാത്തോണ്ട് ഞങ്ങള് ഉപയോഗിക്കാതെ വെച്ചിരിക്കേര്‍ന്നു. എന്നാ ഞാന്‍ പോയി പൈസ ഇടുത്തിട്ട് വരാം ”
ചാന്‍സ് !!
ഷാജഹാന്‍ പഴേ കൊളത്തിനോട് യാത്രപോലും പറയാതെ ഇറങ്ങിയോടി.
അപ്പ്രത്തെ ക്രോസ്സില് നിന്നിരുന്ന ബിലാലിന്റെ അടുത്തേക്ക് ഓടി ചെന്ന് ഷാജഹാന്‍ വിളിച്ചു പറഞ്ഞു.
“വണ്ടി ഇടത്തടാ, ഓള്‍ടെ ഇക്ക ക്വിന്റല് സൈസാ……. ഫോറാംസിനോക്കെ ജാതി കട്ടിങ്ങ്സ് ”
ബിലാല് ഓടി അടുത്തേക്ക് വന്നു ഷാജഹാനെ കെട്ടി പിടിച്ചിട്ടു പറഞ്ഞു.
“സമ്മെയ്ച്ചളിയാ, ലോകത്ത് ഒരു കാമുകനും മ്മളെ ചാമ്പിയ ഒരു കാമുകിക്ക് ഇങ്ങനൊരു പണി കൊടുത്തിട്ടുണ്ടാവില്ല.ഇനി അതൊക്കെ ഓള് കഴുകണ്ടേ ?”