കഥ തുടങ്ങുന്നത് ഒരു ഫോണ്‍ കോളിലാണ്, ശ്രീകു എന്നു വിളിക്കപെടുന്ന ശ്രീകുമാര്‍ സുരേന്ദ്രന്‍ ബാഗ്ലൂരില്‍ നിന്ന്‍ നാട്ടിലെ ചങ്ങായി അര്‍ജുനെ വിളിക്കുന്ന ഫോണ്‍ കോളില്‍.
“സമ്മെയ്ച്ചളിയാ…….’ഒളിച്ചോടി രെജിസ്റെര്‍ മാര്യേജ് ചെയ്യാണ്’ന്ന് ഫേസ്ബുക്കില് സ്റ്റാറ്റസ് അപ്ടേറ്റ് ഇട്ട് ഒളിച്ചോടാന്‍ നിന്ന ഇയൊക്കെയാണ് യഥാര്‍ത്ഥ ഫേസ്ബുക്ക് അഡിക്റ്റ്…… ഇന്നിട്ടിപ്പോ എന്തായി, അന്‍റെ പെണ്ണിനെ ഓള്‍ടെ വീട്ടാര് അന്‍റെ കൂടെയോടാന്‍ വിട്ടില്ലല്ലോ?”
“ശ്രീകൂ……. ശവത്തില്‍ കുത്തല്ലടാ. ന്‍റെ അവസ്ഥ നിനക്കറിയാഞ്ഞിട്ടാ……. നീ നാട്ടിക്ക് വാ”
“ഞാനവിടെ വന്നിട്ടെന്തിനാ? ഇങ്ങള് രണ്ടാളും ഇനിയീ ജന്മത്തിലൊന്നാവാന്‍ പോണില്ല, എനിക്ക്യാണെങ്കെ നാളത്തേക്ക് കൊറേ പണിയൂണ്ട്, അവിടെ നിന്നെ സമാധാനിപ്പിക്കാന്‍ ടീംസ് ഒക്കെയില്ലേ ?”
“ഉം…….. അറിഞ്ഞപാട് ല്ലാരും എത്തി, സമാധാനിപ്പിക്കാന്‍. പക്ഷെ അപ്പളേക്കും ബിവരേജ് അടച്ചേര്‍ന്നു, ഇനി നാളെ രാവിലെ എടുക്കാന്നു പറഞ്ഞു.”
“അളിയാ…….. രാത്രി പത്തുമണിക്ക് ഒരു ബസ്സുണ്ട്, ഏഴുമണിക്ക് കോഴിക്കോടെത്തും. ഒരു ഒമ്പതരയാവുമ്പോ ചങ്ങരംകുളം ടൌണില്‍ ബൈക്കേട്ട് വരാന്‍ മുത്തുവിനോട് പറയണം “.
ശ്രീകു റൂമില്‍ നിന്ന് ബാഗെടുത്തെറങ്ങി. സഹമുറിയന്‍ വിജീഷാണ് ഡ്രോപ്പ് ചെയ്യാന്‍ പോണത്. അതെ വിജീഷ്, ‘വിജീഷിനു ഗ്ലാമര്‍ കുറവാണെന്ന്’ എല്ലാരും പറഞ്ഞപ്പോ, ഹീറോ ഹോണ്ട ഗ്ലാമര്‍ വാങ്ങി ‘വിജീഷിനു ഗ്ലാമറുണ്ട്’ എന്നു മാറ്റിപ്പറയിച്ച അതെ വിജീഷും അതേ ഗ്ലാമറുമാണ് ശ്രീകുവുമായി ബാഗ്ലൂര്‍ സാറ്റ് ലൈറ്റ് ബസ് സ്റ്റെഷനിലേക്ക് പോയ്കൊണ്ടിരിക്കുന്നത്.
പെട്ടന്ന് ഒരു അടാറ് സൈസ് പോലീസുകാരന്‍ സീനിലേക്ക് ചാടി വീണു.
പിടിച്ച പാട് പോലീസുകാരന്‍ ഒരു തെറി വാക്യത്തില്‍ പ്രയോഗിച്ചു പറഞ്ഞു.
അനുഭൂതി!
പിന്നെ ശ്രീകുമാര്‍ സുരേന്ദ്രനിലെ സുരേന്ദ്രനെ വിളിച്ചു.
പുളകം!
പിന്നൊരു ഉപദേശവും, അതിന്റെ മലയാളം പരിഭാഷ താഴെ കൊടുക്കുന്നു
“ഈ ഹെല്‍മെറ്റ് എന്നാല്‍ കോണ്ടം പോലെയാണ്, അതില്ലെങ്കെ പ്രശ്നമൊന്നുമില്ല, പക്ഷെ ആക്സിഡന്റ് പറ്റിയാ ചിന്തിക്കും ‘എടുക്കാര്‍ന്നു ന്ന്’
കൂടുതല്‍ കേട്ട് നില്‍ക്കാന്‍ ആമ്പിയര്‍ ഇല്ലാത്തോണ്ട് ഇരുന്നൂറുര്‍പ്പ്യ കൊടുത്ത് ഒഴിവാക്കി.
കര്‍ണ്ണാടകയില്‍ ആയാലും കേരളത്തില്‍ ആയാലും പോലീസുകാരന്‍ പോലീസുകാരന്‍ തന്നേണ്.
മണി എട്ടര….. സാറ്റ് ലൈറ്റ് ബസ്റ്റാന്റ്. ഒരു ഡ്രൈവര്‍ അറിയാവുന്ന ഒച്ചയൊക്കെയുണ്ടാക്കി വിളിക്കുന്നത് ശ്രീകു കേട്ടു
“പാടം കാണാം പുഴ കാണാം കോഴിക്കോട് കോഴിക്കോട് കോഴിക്കോട് ……സീറ്റുണ്ട് പാട്ടുണ്ട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട്…. കാണാന്‍ കൊള്ളാവുന്ന കണ്ടക്ടറുണ്ട്, അതിലും ഗ്ലാമറുള്ള ഡ്രൈവറുണ്ട് ….. കോഴിക്കോട് കോഴിക്കോട് കോഴിക്കോട് ……”
കര്‍ണ്ണാടക RTC ബസ്സാണ്, മലയാളി ഡ്രൈവറും. ആള് നല്ല വീലാണ് അതിന്‍റെതാണീ വിളി.
ഡ്രൈവര്‍ ശ്രീകുവിനോട് ചോദിച്ചു
“ഏവുട്ത്തേക്കാ?”
“കോഴിക്കോട്”
“ന്നാ ഇതില് പോന്നോ”
“ഇതില് ജാസ്തി പൈസേവില്ലെ? ഞാന്‍ ആ കേരള ബസ്സില് പോന്നോളാം”
“മോനെ ഇത് രണ്ടും തമ്മില് പള്‍സറും അള്‍സറും പോലെ വ്യത്യാസണ്ട്…… ഇതില് പോന്നാ ഒരു ബോണസ്സ് കൂടിയുണ്ട് ”
ഡ്രൈവര്‍ തന്റെ സീറ്റിന്റെ പിറകിലെ സീറ്റിലേക്ക് കൈചൂണ്ടി കാണിച്ചു, ശ്രീകു കണ്ടു !!
കിടുക്കി സുന്ദരി !! ലവ് അറ്റ് ഫസ്റ്റ് സൈറ്റ്.
ഡ്രൈവര്‍ സെക്കണ്ടിട്ടു, “മലയാളിയാണ്, കോഴിക്കോട്ടിക്കാണ് ടിക്കറ്റ്, ആ കുട്ട്യീടെ അടുത്ത് സീറ്റൂണ്ട്. പോരുന്നോ?”
ശ്രീകുവിനു നാണം വന്നു, ഡ്രൈവര്‍ക്ക് ടിക്കറ്റൊത്തു.
ശ്രീകു ഉള്ളിലേക്ക് കയറി…….. കുട്ടി കൊള്ളാം. അപ്പൊ,ആ ബസ്സിന്റെ വരാന്തയില്‍ വെച്ച് ശ്രീകു മനസ്സിലുറപ്പിച്ചു….. മറ്റൊരുത്തനും അവളെ വിട്ടുകൊടുക്കില്ലാന്ന്, ഈ മലയാളി കുട്ടി ഓന്റെയാ ന്ന്”
പക്ഷെ അവളെ വളക്കേണ്ടതെങ്ങനെയാണെന്ന് ഇതുവരെ പ്രേമിച്ചിട്ടില്ലാത്ത അവനു അറിയില്ലായിരുന്നു. അതിനവന്‍ എക്സ് പീരിയെന്‍സ്ട് ഗയ് മോനായിയെ വിളിച്ചു, ബി.ടെക് ഓട്ടോ മൊബൈല്‍ കഴിഞ്ഞു ഇവിടെ ജോലി ചെയ്യുന്ന ചങ്ങായി മോനായി.
“അളിയാ കിടുക്കി സുന്ദരി!”
“എത്ര മിനിറ്റുണ്ട്”
“പുന്നാരളിയാ….ഇത് 3 ജി.പി ക്ലിപ്പിന്റെ പേരല്ല….. കന്നടത്തില്‍ കിടുക്കി സുന്ദരിന്ന് പറഞ്ഞാ ‘വിന്‍ഡോ ബ്യൂട്ടി’ എന്നാ അര്‍ഥം. അങ്ങനെയൊന്നു ഞാന്‍ നാട്ടീ പോണ ബസ്സില് ന്‍റെ അടുത്തുണ്ട്, നീ വേഗം ബാഗെടുത്ത് സാറ്റ് ലൈറ്റിലേക്ക് വാ, നീ വേണം ഞങ്ങളെ ഒന്നിപ്പിക്കാന്‍ ”
“നീ നാട്ടീ പോണ വിവരം നീ ഇതുവരെ എന്നെ അറിയിപ്പിച്ചോ? ഇപ്പൊ ഒരുത്തീനെ കണ്ടപ്പോ ഞാന്‍ വേണം ലെ? അല്ലെങ്ങിലും കറണ്ട് പോയാലെ ല്ലാരും മേയ്തിരി തപ്പൂ”, മോനായി ജാതി സെന്റി.
“എടാ ജീവിതത്തിലാദ്യായിട്ടു ഒരു പെണ്ണിനോട് പ്രേമം തോന്നീതാടാ ….. എനിക്കിവളെ വേണം ”
“ശ്രീകോ …… നല്ലടി ചങ്ങരംകുളത്ത് കിട്ടില്ല്യെ? ഈ കന്നഡക്കാരുടെ അടീന്ന് പറഞ്ഞാ ഒരു മയൂല്ല്യാ, ഒരു വണ്ടി കൊണ്ടോയി ചാര്‍ത്ത്യെന് കഴിഞ്ഞാഴ്ച തല്ലു കിട്ടീതോര്‍മ്മല്ല്യെ? മുമ്പ് പലതവണ തല്ലു കിട്ടീട്ടുണ്ടെങ്കിലും തല്ല് ഒരദ്ഭുതമാവുന്നത് ആദ്യായിട്ടായിരുന്നു, ഇക്കിനി വയ്യ ”
“ഏയ്…. ഇത് മലയാളി കുട്ട്യാ, നീ വാ……. മറ്റന്നാ ചാലിശ്ശേരി പൂരല്ലേ? ഇവളേം വളച്ച് പൂരോം കണ്ടിങ്ങു പോരാം, ടിക്കറ്റ് എന്റെ വക”
അതേറ്റു. മോനായി വരാമെന്ന് സമ്മതിച്ചു, ന്നാലും അവസാനം ഇതുകൂടെ ചോദിച്ചു ,
“ന്നാലും ഇത്ര പെട്ടന്ന് നിനക്ക് പ്രേമം തുടങ്ങിയാ ?”
ശ്രീകു നാണത്തോടെ പറഞ്ഞു “എടാ ഒരു പെണ്ണിനോട് പ്രേമം തുടങ്ങാന്‍ ഒരു സിഗറെറ്റ് കത്തിക്കണ ടൈം കൂടി വേണ്ട”
“അത് ശരിയാ, പക്ഷെ ആ സിഗറെറ്റൊരു പൊകയാവും, പെണ്ണ് മ്മളെ പോകയാക്കും ”
പതിനഞ്ചു മിനുട്ടിനുള്ളില്‍ മോനായി ഹാജര്‍ രേഖപെടുത്തി. പുറത്തു കാത്തുനിന്നിരുന്ന ശ്രീകുവിന്റെ അടുത്ത് വന്നു. അവന്‍ ചൂണ്ടി കാണിച്ചു കൊടുത്തു, കിടുക്കി സുന്ദരി!
കണ്ടപാട് മോനായി ശ്രീകുവിനോട് ചോദിച്ചു
“അതാണോ അന്റെ മൊതല് ?”
“ഉം….. ”
“വേറെ ഒന്നിനേം കിട്ടീലേ ?”
“ഇക്കിതുമതി….. ബാഗ്ലൂരില്‍ ഹീലില്ലാത്ത ചെരുപ്പും ലൂസ് ചുരിദാറും ഇട്ടൊരു മലയാളീനെ കാണുന്നത് തന്നെ ആദ്യായിട്ടാണ്, പോരാത്തേന് ഓള് ഇതേവരെ ഫോണ്‍ കയ്യിലെടുത്തിട്ടില്ല. ഇത്രേം നേരായിട്ടും മൊബൈല്‍ എടുത്തിട്ടില്ലെങ്കില്‍ ഒന്നുറപ്പാണ് ഓള്‍ക്ക് വേറെ ലൈനില്ല .”
ഈ സംസാരം കേട്ടു കൊണ്ടുനിന്നിരുന്ന ഡ്രൈവര്‍ അടുത്തേക്ക് വന്നു ചോദിച്ചു “നീയാണോ വളച്ചു കൊടുക്കാന്‍ വന്ന ആള് ?”
മോനായിക്ക് ആ ചോദ്യം ഡൈജസ്റ്റായില്ല “ഞാന്‍ ചെലപ്പോ വളയ്ക്കും, വളച്ചിട്ടു കിട്ടിയില്ലെങ്കെ പൊട്ടിച്ചു വിളക്കിച്ചേര്‍ക്കും, അതൊരു കഴിവാണ് ഇങ്ങള്‍ക്ക് പറഞ്ഞാ മനസ്സിലാവില്ല .”
“പിന്നെ …… ഇത്രേം വല്യ ബസ്സ് വളയ്ക്കണ ഈ എനിക്കാണ് അതിന്റെ ഉള്ളിളിരിക്കണ ആ പെണ്ണിനെ വളയ്ക്കാന്‍ പണി ”
യോ ! ഡ്രൈവറും മോശമില്ലല്ലോ .
ശ്രീകു ഇടങ്കോലിട്ട് മോനായിയുടെ ചെവിട്ടിലോതി
“അളിയാ ഇമ്മാതിരി ഐ റ്റ ങ്ങളോട് വെല്ലുവിളിക്കാന്‍ നിന്ന് അലമ്പാക്കരുത്, ഈ ബസ് ഡ്രൈവര്‍മാര്‍ക്ക് പെണ്ണുങ്ങളെ വളയ്ക്കാന്‍ ഫേസ് ബുക്കും, മൊബൈലുമൊന്നും വേണ്ട, സ്റ്റീറിങ്ങ് മാത്രം മതി.”
മോനായി രംഗം ശാന്തമാക്കി. അയാളുടെ തോളില്‍ തട്ടിയിട്ടു പറഞ്ഞു ,
“തമാശക്കാരാ…..തമാശക്കാരാ …… ഇങ്ങള് ഡ്രൈവര്‍ ആവേണ്ട ആളല്ല, ഒരു കിളി ആവേണ്ട ആളായിരുന്നു ”
ബസ്സിന്റെ വാതില്‍ക്കല്‍ വെച്ച് മോനായി ശ്രീകുവിനു ഗെയിം പ്ലാന്‍ പറഞ്ഞു കൊടുത്തു
“വണ്ടി മൈസൂരെത്തുമ്പഴേക്കും ഓളെ പരിചയപെടണം, ഗുണ്ടല്‍പേട്ട് ബ്രേക്ക് ചവുട്ടുമ്പൊളേക്കും കട്ട ഫ്രെണ്ടായിട്ടുണ്ടാവണം, ബത്തേരി കടക്കുമ്പോ ഓള്‍ടെ ഫോണ്‍ നമ്പര് അന്റെ കയ്യിലിരിക്കണം, താമരശ്ശേരി ചുരമിറങ്ങുമ്പോ ‘ഇഷ്ടാണ്’ ന്ന് പറയണം, കോഴിക്കോടെത്തുമ്പോ ഒള് അന്‍റെയാവണം.”
“അപ്പൊ ഉറങ്ങണ്ടേ ?”
“ന്നാ ഇയ് ഇക്കുള്ള സീറ്റില്‍ കെടന്നു ഉറങ്ങിക്കോ…. ഞാന്‍ ഓള്‍ടെ അടുത്തിരിക്കാം ”
“വേണ്ട…….. ഞാന്‍ തന്നെ ഇരുന്നോളാം.”
2+2 സീറ്റുള്ള സെമി സ്ലീപ്പര്‍ ബസ്സാണ്. ശ്രീകുവിന്റെ സൈഡിലെ സീറ്റില്‍ തന്നെ മോനായി ഇരുന്നു. അവന്‍ എന്നിട്ട് മെസ്സേജ് അയച്ചു ‘സ്റ്റാര്‍ട്ട്’.
മെസ്സേജ് കണ്ട പാട് ശ്രീകു തുടങ്ങി “എന്താ പേര് ”
“ശ്രീ ലക്ഷ്മി”
ശ്രീകു ഇടത്തോട്ട് തിരിഞ്ഞു മോനായിയോടു പറഞ്ഞു
“ശ്രീലക്ഷ്മിന്നാത്രേ ”
“സ്ഥലം ചോദിക്ക്”
“സ്ഥലം ചോദിച്ചു ശ്രീകു വീണ്ടും തിരിഞ്ഞു
“തിരൂരാത്രേ”
“ഉം…… ട്രാന്സ്ഫോമറിനു ഇപ്പളും ‘കറണ്ടും പെട്ടി’ന്ന് പറയണ മ്മടെ അസ്കറിന്റെ നാട്ടാരിയല്ലേ? പ്രൊസീഡ്…”
വണ്ടി ഓടാന്‍ തുടങ്ങി…. അവന്‍ ഇപ്പളും പരിചയപെട്ടുകൊണ്ടിരിക്കാണ്. പൊടുന്നനെ വഴിയരികില്‍ ബസ്സ് നിര്‍ത്തി, തുടയുടെ മോളില്‍ പാന്റിട്ട ഒരുത്തന്‍ (ലോ വെയ്സ്റ്റ്, ലോ വെയ്സ്റ്റ്) വന്നു ബസ്സില്‍ കേറി. കയ്യില്‍ ഗാലക്സി എസ് 3. ദേവ്യേ……തക്കാളിപെട്ടിക്ക് നമ്പര്‍ ലോക്കോ ?
അപ്പൊ തന്നെ ശ്രീലക്ഷ്മിയുടെ ആ ഡയലോഗ് വന്നു ……
“അപ്പളേ…. മുന്നില് കണ്ടക്ടറുടെ അടുത്ത് സീറ്റുണ്ട്, ഒന്ന് മാറി ഇരിക്ക്യോ…. ഇതെന്‍റെ ഫ്രണ്ടാ ”
ട്വിസ്റ്റ് ! ട്വിസ്റ്റ് കം ട്രാജെടി !
പ്രേമം പോകാളിയ ശ്രീകു ബാഗെടുത്ത് മുന്നിലേക്ക് നടക്കുമ്പോ ഡ്രൈവറുടെ മുഖത്തേക്ക് നോക്കി, ശ്രീകുവിന്റെ വള കല്ലത്തായെങ്കിലും മൂപ്പരാളിപ്പളും വണ്ടി വളച്ചു കൊണ്ടേയിരിക്കുകയാണ്”
സീറ്റിലിരുന്നപ്പോ വീണ്ടും മെസ്സേജ്….
‘ഗുഡ് നൈറ്റ്, സ്വീറ്റ് ഡ്രീംസ്, മോനായി ‘
ശ്രീകു തിരിഞ്ഞു നോക്കി,
അപ്പര്‍ത്തിരിക്കണവന്റെ തോളില്‍ ചാരി വായും പൊളിച്ചു മോനായി ജാതി ഉറക്കം, ശ്രീലക്ഷ്മിയും മറ്റവനും ഇരുന്ന് ചിരിച്ചുകൊണ്ട് വര്‍ത്താനം പറയുന്നു.
ശോകം!
അവള്‍ അവന്റെ കൈ ചേര്‍ത്ത് പിടിച്ചിരിക്കുന്നു
ശോകത്തിന്മേല്‍ ശോകം !!
മൈസൂര്‍, ഗുണ്ടല്‍ പേട്ട്, ബത്തേരി ….. സ്ഥലങ്ങള്‍ എല്ലാം കടന്നു പോയി. സൈഡ് ബെഞ്ചില്‍ ഇരിക്കണ ശ്രീകുവിനെന്തു ഗെയിം പ്ലാന്‍ ?
ബസ്സില്‍ അവനും ഡ്രൈവറും മാത്രം ഉറങ്ങാതിരിക്കുന്നു. ഡ്രൈവര്‍ ഇടയ്ക്കിടയ്ക്ക് അരയില്‍ നിന്ന് കുപ്പിയെടുത്ത് വായിലേക്ക് കമുത്തുന്നുണ്ട്.
ഡ്രൈവര്‍ ശ്രീകുവിനെ സമാധാനിപ്പിച്ചു
“പോട്ടെടാ……. ഇതിലും വലുത് അന്നെ തേടി വരും ”
പുലര്‍ച്ചെ മൂന്നര.വണ്ടി താമരശ്ശേരി ചുരം എത്താറായപ്പോള്‍ ഡ്രൈവറുടെ മുഖത്തൊരു ബേജാറ്.
ശ്രീകു ചോദിച്ചു “എന്താ ?”
“ബ്രേക്ക് ചവുട്ടീട്ട് കിട്ടണില്ല”
ഇതിലും വലുത് വരും ന്ന് പറഞ്ഞപ്പോ ഇത്രേം വലുത് വരും ന്ന് ശ്രീകുവും വിചാരിച്ചില്ല. ‘വാരണം ആയിരം’ ആക്കാന്‍ വന്നിട്ട് ‘എങ്കെയും എപ്പോതും’ ആയല്ലോ !
അവന്‍ ഓടി പോയി മോനായിയെ വിളിച്ചു
“ഡാ ….വണ്ടിടെ ബ്രേക്ക് പോയി, നമ്മളിപ്പോ മരിക്കും ”
ആഹാ….. ഉറക്കത്തില്‍ നിന്ന് വിളിച്ചു നീപ്പിച്ചിട്ട് അടിക്കാന്‍ പറ്റിയ ഇതിലും നല്ലൊരു ഡയലോഗില്ല
“പട്ടി ചെറ്റേ…… ഉറങ്ങുമ്പോ മരിക്കല്ലെടാ അതിന്റെ സുഖം, ഒന്നുമറിയണ്ടല്ലോ ”
“നീച്ചു വാ ……. നീ ഓട്ടോ മൊബൈല്‍ എഞ്ചിനീയര്‍ അല്ലെ ? ഈ യന്ത്രങ്ങളുടെ പ്രവര്‍ത്തനമൊക്കെ അറിയുന്നുണ്ടാവുമല്ലോ”
“ഞാന്‍ പോളീ ടെക്നിക്കില്‍ അല്ല ബി.ടെക് പഠിച്ചത് , എഞ്ചിനീറിംഗ് കോളേജിലാ…”
“പിന്നെ ഇയ് നാലുകൊല്ലം ബി.ടെക്കിനു പോയിട്ട് എന്താ പഠിച്ചേ?”
“ബിയര്‍ ബോട്ടില് കടിച്ചു പൊട്ടിക്കാനും, കാറ്റത്ത് സിഗരെട്റ്റ് കത്തിക്കാനും ”
വൊവ്. എപിക്!
ശ്രീകു വീണ്ടും ചോദിച്ചു
“നിനക്കിപ്പോ പെട്ടെന്നെന്തെങ്കിലും ചെയ്യാന്‍ പറ്റോ ?””
“മൂത്രോഴിക്കാം ”
ശ്രീകുവിന്റെ കലിപ്പ് നോട്ടം, മോനായിയുടെ കൈ ചൂണ്ടി റിപ്ലൈ ,
“നോക്കണ്ട ശ്രീകോ ….. അന്‍റെ ഒരൊറ്റാള്‍ടെ ദുല്മിലാണ് ഇതൊക്കെ ഉണ്ടായത് ”
രണ്ടു പേരും മുന്നിലെത്തി, ശ്രീകു ഡ്രൈവര്‍ക്ക് ബുദ്ധി ഉപദേശിച്ചു കൊടുത്തു ,
“താമരശ്ശേരി ചുരാണ് വരാന്‍ പോണത്, അതിന്റെ മുന്നേ വണ്ടി നിര്‍ത്തണം….. ഇങ്ങളാ മരത്തില്‍മ്മെ ഇടിപ്പിച്ചു വണ്ടി നിര്‍ത്തിം ”
ഡ്രൈവര് ശ്രീകുവിന്റെ മുഖത്തേക്ക് ഒരേട്ടെ പത്തു സൈസ് നോട്ടം നോക്കിയിട്ട് പറഞ്ഞു,
“ഞാന്‍ ഹനുമാനല്ല ……… സുലൈമാനാ ”
ശ്രീകു നിലവിളിച്ചു “പടച്ചോനെ…… ഞാനിപ്പോ ചാവൊല്ലോ ”
മോനായി, “അതിന്‍റെ ആളല്ലേ…..ഇയ് അന്‍റെ ആള്‍ക്കാരേനെ ആരെയെങ്കിലും വിളിക്ക് ”
“ഇത്തരം സന്ദര്‍ഭങ്ങളില്‍ അന്‍റെ ഇന്‍റെ ന്നൊന്നും ഇല്ല, അങ്ങട് വിളിക്ക്യെന്നെ”
ശ്രീകുവിന്റെ കുഞ്ഞു കാഞ്ഞ ബുദ്ധി തെളിഞ്ഞു “വണ്ടിയിപ്പോ സ്പീഡ് കൊറവാ….. മ്മക്ക് ഡോര്‍ തുറന്ന് പുറത്തിക്ക് ചാടാടാ ”
ആദ്യം മോനായി ചാടി. പിന്നെ ഡ്രൈവറെയും ഉറങ്ങികിടന്നിരുന്ന ശ്രീലക്ഷ്മിയെയും ഓനെയും നോക്കി ഒരു ചിരി ചിരിച്ചിട്ട് ശ്രീകുവും ചാടി. ‘പ്രതികാരം…… എല്ലാരോടും പ്രതികാരം ‘
കോഴിക്കോട് മെഡിക്കല്‍ കോളേജ്. കഷ്വാലിറ്റി വാര്‍ഡില്‍ രണ്ടു പേരും അടുപ്പിച്ച് കിടന്നു പരസ്പരം നോക്കി.
രണ്ടു കാലിലും പ്ലാസ്റ്ററിട്ട് കെട്ടിത്തൂക്കി വായുവില്‍ ‘V’ എന്നെഴുതിയിട്ടായിരിന്നു മോനായിയുടെ കിടപ്പ്.
ശ്രീകുവിന്റെ മുഖത്താണ് മെയിന്‍ പരുക്ക്. സ്വിമ്മിംഗ് പൂളിലേക്ക് ഡൈവ് ചെയ്യാണ മാര്യാണ് അവന്‍ ബസ്സീന്നു ചാടിയത് എന്ന് തോന്നണു.
മോനായിക്ക് ആ മുഖത്തേക്ക് നോക്കിയപ്പോ ചിരി വന്നു
പല്ലിനു ക്ലിപ്പിട്ട പെണ്ണിനെ ഫ്രഞ്ച് കിസ്സ് കടിച്ചമാരിണ്ട് അവന്‍റെ മുഖം !
പക്ഷെ രണ്ടുപേര്‍ക്കും സന്തോഷം….. അതിസാഹസികമായി മരണത്തില്‍ നിന്നും രക്ഷപെട്ടല്ലോ !
കുറച്ചു കഴിഞ്ഞ് അരക്കിലോ സവര്‍ജിലുമായി ഒരാള്‍ കാണാന്‍ വന്നു.
ഡ്രൈവര്‍ …… സുലൈമാന്‍ ഡ്രൈവര്‍ !
‘ബ്രേക്ക് പോയ വണ്ടിയോടിച്ച ഇയാള്ക്കൊന്നും പറ്റ്യീലെ?’ ന്ന ഭാവത്തില്‍ ശ്രീകു മോനായിയെ നോക്കി
“ബ്രേക്ക് വന്ന്ണ്ടാവും.” മോനായി പറഞ്ഞുകൊടുത്തു
ആ ഡ്രൈവര്‍ മുഖത്ത് കുറ്റബോധം പ്ലാസ്റ്ററൊട്ടിച്ചു വെച്ചിട്ടുണ്ട്. ഹിറ്റ്ലര്‍ സില്മേല് സോമേട്ടന് തോന്നിയതിനേക്കാള്‍ കുറ്റബോധം. സംശയം സുലൈമാന്‍ തന്നെ തീര്‍ത്തു,
“ഞാന്‍ അടിച്ചു പിപ്പിരിയായിരുന്നല്ലോ ………”
“ഉം”
“സത്യത്തില്‍ വണ്ടിടെ ബ്രേക്ക് പോയിട്ടുണ്ടായിരുന്നില്ല…… മറിഞ്ഞു കിടന്നിരുന്ന ന്‍റെ ഹവായി ചെരുപ്പിലാര്‍ന്നു ഞാന്‍ ബ്രേക്കിന് പകരം ചവിട്ടിയിരുന്നത്, സോറി”
.
.
.
.
.
.
.
ശ്രീകുവിന്റെ മേത്തിക്ക് ശരിക്കൊന്നു നോക്കി , സ്വയം മൊത്തത്തിലൊന്നു നോക്കി, മോനായി ശ്രീകുവിനോട് ഒന്നേ ചോദിച്ചുള്ളൂ
“നമ്മളിലാരാ വല്ല്യേ ശശി?”