Tag: ഹാസ്യം

ജോണികുട്ടന്‍റെ ബാല്‍ക്കണി

പേരില്ലൂരിലെ കര്‍ക്കിടകമാസം  ബാക്കിയുള്ള മാസങ്ങളെ പോലെയല്ല… ഇവന്റുകളുടെയും സംഭവപരമ്പരകളുടെയും  ചാകരമാസമാണ്. വേറെയെവിടെയെങ്കിലും വേറെപ്പഴെങ്കിലും നടക്കേണ്ട മേളങ്ങള് വരെ വണ്ടിപിടിച്ച് ഇവിടെവന്ന് പേരില്ലൂരിനെ വേദിയാക്കും. ചിങ്ങത്തില്‍ ഒളിച്ചോടിയാലും പ്രത്യേകിച്ചൊരു മാറ്റവും സംഭവിക്കാനില്ലാത്ത കമിതാക്കൾ കര്‍ക്കിടകത്തിലോടും. ഓടുന്നതിനിടെ വഴുക്കി വീണപ്പൊ കാമുകൻ ചിരിച്ചെന്നു പറഞ്ഞ് ഉടക്കി വീട്ടിലേക്ക് തന്നെ തിരിച്ചു നടന്ന നീലിമയൊക്കെ കഴിഞ്ഞ കൊല്ലത്തെ കര്‍ക്കിടകം സ്റ്റാറാണ്.
കേരളത്തിലെ ഒരു സാധാരണ പഞ്ചായത്തിന്‍റെ ബാൻഡ് വിഡ്ത്തിന് ഒരു മാസം താങ്ങാവുന്നതിലും അധികം പ്രശ്നങ്ങളും കോളിളക്കങ്ങളും ഞങ്ങളുടെ നാട്ടിൽ കര്‍ക്കിടകത്തില്‍ അരങ്ങേറാറുണ്ട്. ചിങ്ങമാസം പകുതി വരെ പേരില്ലൂർ  ആ ഹാങ്ങോവറിൽ ഹാങ്ങായി നിൽക്കും. എന്താന്നറിയില്ല, എല്ലാ കൊല്ലവും അങ്ങനാണ്.
പേരില്ലൂരിൻ്റെ ജ്യോഗ്രഫിയും ഭൂമിയുടെ ജ്യോതിശാസ്ത്രവും ക്ലാഷാവുമ്പോഴുണ്ടാവുന്ന ഒരു പ്രതിഭാസമാണെന്നാണ് അപ്പുവാര്യർ പണ്ട് പറഞ്ഞിട്ടുള്ളത്. പറഞ്ഞത് അപ്പുവാര്യർ ആയോണ്ട് ഒരു പേരില്ലൂരുകാരനും അത്  വിശ്വസിക്കാൻ പോയിട്ടില്ല.
ഇക്കൊല്ലം ഒന്നാം തീയതി തിങ്കളാഴ്‌ തന്നെ തുടങ്ങി. പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് വീട് വെച്ചിട്ടുള്ള ജോണികുട്ടനാണ് അതിന്‍റെ സിബ്ബ് തുറന്നത്. വീടു പണി കാലത്ത് പഞ്ചായത്തുമായുള്ള അതിർത്തി തർക്കത്തിന്‍റെ പേരിൽ, ഒരു സെന്റും രണ്ട് ലിങ്ക്സും നഷ്ടപ്പെട്ടതിന്‍റെ ഒരു പാസ്റ്റുണ്ട് ജോണികുട്ടന്.
ആ വൈരാഗ്യത്തിന്‍റെ പേരില് ദിനവും രാത്രി പത്തേമുക്കാലിന്‍റെ മൂത്രം, ജോണികുട്ടൻ വീടിന്‍റെ ബാൽക്കണിയിൽ നിന്ന് പഞ്ചായത്ത് ഓഫീസിന്‍റെ ബില്ഡിങ്ങിലേക്കാണ്  ഒഴിക്കാറ്. കേമൻ!
ഒന്നാന്തി രാത്രി മൂത്രമൊഴിക്കാൻ ബാൽക്കണിയിലെത്തിയ ജോണികുട്ടൻ തന്‍റെ കുട്ടനെ പുറത്തുകൊണ്ടു വന്നപ്പോഴാണ് അപ്പുറത്ത് നിൽക്കുന്ന തെങ്ങിന്‍റെ മുകളിൽ ഒരു കാഴ്ച കണ്ടത്!  ഒരു വെളുത്ത വസ്തു, അതില്‍  നിന്ന് ‘ബൂ ….’ ന്നൊരു ശബ്ദവും പിന്നാലെ ഒരു വെള്ളപ്രകാശവും!
ജോണികുട്ടൻ അന്നാദ്യമായി രാത്രിമൂത്രം ക്ളോസറ്റിന് കൊടുത്തു.
പിറ്റേന്ന് രാവിലെ അങ്ങാടിയിലെ ചായക്കടയിൽ കാപ്പി കുടിക്കാനെന്ന വ്യാജേനയെത്തിയ ജോണികുട്ടൻ എല്ലാവരോടുമായി പറഞ്ഞു,
“എന്‍റെ പറമ്പിലെ തെങ്ങിന്‍റെ മുകളിൽ എന്തോ ഉണ്ട്”
“തേങ്ങയായിരിക്കും”
“തേങ്ങ! എടോ  ഇത് ശബ്ദവും വെളിച്ചവും  ഒക്കെ ഉണ്ടാക്കുന്നുണ്ടടോ”
ജോണികുട്ടൻ താൻ തലേന്ന് രാത്രി കണ്ടതും കേട്ടതും വിവരിച്ചു.
“നീയെന്തിനാ ജോണികുട്ടാ രാത്രി പത്തേമുക്കാലിന് ബാൽക്കണിയിൽ ഇറങ്ങി നിന്നേ?”
പലചരക്ക് കടക്കാരൻ യാവു ദുരൂഹത മണത്തു.
“അത് ഞാൻ വീമാനത്തിന്‍റെ ശബ്ദം കേട്ടപ്പോ കാണാൻ ഇറങ്ങിയതാ..”
വയസ്സ് മുപ്പത്തിയഞ്ചായിട്ടും തീവണ്ടി പോവുന്നത് കണ്ടാൽ ടാറ്റ കൊടുക്കുക, ജെ സി ബി മണ്ണുമാന്തുന്നത് കണ്ടാൽ നോക്കിനിൽക്കുക, ഹെലികോപ്റ്റർ പോവുന്നത് കണ്ടാൽ പിന്നാലെ ഓടുക തുടങ്ങിയ മച്യൂർഡ് ശീലങ്ങൾ ജോണിക്കുട്ടന് ഉള്ളതായി നാട്ടുകാർക്ക് അറിയാവുന്നതുകൊണ്ട് ആർക്കും ആ കള്ളത്തിൽ പിന്നെ സംശയങ്ങളുണ്ടായില്ല.
“അവിടെ ഉറപ്പായിട്ടും ഒരു അജ്ഞാത വസ്തു ഉണ്ട്!”
ജോണികുട്ടൻ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്  തറപ്പിച്ചു പറഞ്ഞു.
എല്ലാവരും ചായക്കടയുടെ മൂലയ്ക്കിൽ ഇരുന്നിരുന്ന അപ്പൂട്ടൻ വാര്യരെയാണ് നോക്കിയത്.
‘എലിയൻ കുഞ്ഞിന്‍റെ കയ്യീന്ന് വീണ ടെഡിബേർ ആയിരിക്കുമെന്നോ, സ്‌പേസ് ഷിപ്പിൽ നിന്നും തെറിച്ച സ്റ്റിയറിങ് ആയിരിക്കുമെന്നോ അപ്പൂട്ടൻ വാര്യർ പ്രസ്താവിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു… പക്ഷെ വാര്യർക്ക് പഴേ റെയ്ഞ്ച് ഒന്നും ഉണ്ടായിരുന്നില്ല,
“ബോംബായിരിക്കും!!”
“പിന്നെയ്…ബോംബ് തെങ്ങിന്‍റെ മണ്ടയിൽ അല്ലേ വെക്കുന്നത്…”
“വെക്കും… ഞാൻ കഴിഞ്ഞാഴ്ച ഒരു അമേരിക്കൻ ജേർണലിൽ മുൻ സി ഐ എ മേധാവി എഴുതിയ ഒരു ആർട്ടിക്കിളിൽ വായിച്ചിട്ടുണ്ട്..”
Read the rest

സുഡിനാം ക്ലൂരി

തെക്ക് മാണൂർകായലിനും വടക്ക് ഭാരതപുഴയ്ക്കും മധ്യേ, കുഴിമന്തിയിലെ കറുവപ്പട്ട പോലെ കിടക്കുന്ന ഞങ്ങടെ പഞ്ചായത്തിന്‍റെ വൊക്കാബലറിയിലേക്ക് ആ പേര് കൊണ്ടുവന്ന് പ്രതിഷ്ഠിച്ചത് അംബരീഷാണ്.
അംബരീഷ്, സോമൻ പണിക്കരുടെ കാലം തെറ്റിപിറന്ന മൂത്ത സന്തതി. അതെ, കയ്യിലിരുപ്പ് വെച്ച് രണ്ടായിരത്തി അമ്പത്തില്‍ ജനിക്കേണ്ട വിത്തായിരുന്നു. ടൈം ട്രാവൽ, ഏലിയൻ അബ്‌ഡക്ഷൻ, അസ്റൽ പ്രോജക്ഷൻ…. സാധ്യതകൾ പലതാണ്, ഞങ്ങള് പക്ഷെ ചിന്തിച്ച് മിനക്കടാനൊന്നും പോയിട്ടില്ല.
ഗൾഫിൽ ശമ്പളം കൊടുക്കുന്ന അറബിക്ക് ഹനുമാന്‍സ്വാമിടെ ഫോട്ടോ കാണിച്ചുകൊടുത്തിട്ട്, മൂത്ത ജേഷ്ഠനാണെന്നും പറഞ്ഞ് ചുണ്ടിന് സർജറി ചെയ്യാന്‍ വേണ്ടി കാശ് പറ്റിച്ച മൊതലാണ്. അതേ അറബി പിന്നീടൊരിക്കൽ കേരളത്തിൽ ടൂറിന് വന്നപ്പോൾ കയറിയൊരു ഹോട്ടലിൽ, ഹനുമാന്‍റെ ഫോട്ടോ മാല തൂക്കിയിട്ടിരിക്കുന്നത് കണ്ട്, “തിമോത്തി അൽബാനി” എന്ന് പറഞ്ഞ് കണ്ണടച്ച് നിന്നത്രെ. വന്ന ടാക്സിയുടെ ഡ്രൈവർ “കരയണ്ട അറബിയേട്ടാ…. ഹനുമാൻ ചിരഞ്ജീവിയാണ്, മരണമില്ല” ന്ന് പറഞ്ഞ് ആശ്വസിപ്പിച്ചതിന്‍റെ പിറ്റേന്ന് തന്നെ അംബരീഷ് നാട്ടിലെത്തി, ലങ്കാദഹനം!

Continue reading

ഗുണ്ടകൾ കരയാറില്ല – 1

കഴിഞ്ഞേന്റെ കഴിഞ്ഞൊല്ലം ഹംസക്ക ലീവിന് വന്നപ്പോ , മ്മളെ നാട്ടിൽ, തോനെ സംഭവങ്ങള് തോന്ന്യപോലെ അങ്ങട് സംഭവിച്ചു . സാധനം കൊറേശ്ശെ നോണ്‍ ലീനിയരാണ് .ഹംസക്കയുടെ കഥയിൽ നിന്ന് തന്നെ തുടങ്ങാം, കൂട്ടത്തിൽ മൂത്തതാണേ …..

story of Welldone Hamza

എത്തിസലാത്ത് കലണ്ടര്‍ 1998 മേടം 16.
ദുബായി മരുഭൂമിയിലെ എക്സ്പ്രസ്സ് ഹൈ വേയിലൂടെ, 192.62013 km/hr സ്പീഡില്‍ കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുന്ന ഒരു വെള്ള ലാന്റ് ക്രൂയിസര്‍ പ്രാഡോ.
വണ്ടിയോടിക്കുന്നത് ഹംസക്കയാണ് ,അതോണ്ടാണിത്ര സ്പീഡ് എന്ന് ഞാന്‍ പ്രത്യേകം പരാമര്‍ശിക്കുന്നില്ല.
വണ്ടിയിലിരിക്കുന്നത് ഒരു ദുബായി ഷേക്കും അയാളുടെ പാര്‍ട്ട് ണര്‍ ഷേക്കും . വിജനമായ ഹൈ വേ……ഹംസക്ക കണ്ടു, തൊട്ടു മുന്‍പില്‍ , ചവിട്ടിയാ കിട്ടാത്ത ദൂരത്തില്‍…. ഒരു ഒട്ടകം റോഡ്‌ മുറിച്ചു കടക്കുന്നു !!! ഞെട്ട്യാ? പക്ഷെ ഹംസക്ക ഞെട്ടീല …

Continue reading

കട്ട് പീസ്‌ കുട്ടന്‍

ഓന്‍ തന്നെയൊരു കഥയാണ്‌ , ഇതോന്റെ കഥയാണ്
ക്ലൈമാക്സിലെ കൊടും ട്വിസ്റ്റില്‍ ഓന്‍ ശശികുമാറും , ഓള് ശശികലയും ആവണ കഥ.
കൊല്ലം 2009, പിപ്പിരി ബാബൂന് മീശയും താടിയും ജോയിന്റായ കൊല്ലം !
പൊന്നാനി-കുറ്റിപ്പുറം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തി . ഒരു ശനിയാഴ്ച ……..

കുന്നത്ത് കുപ്പിപൊട്ടുന്ന സൌണ്ട് അരക്കിലോമീറ്റര്‍ അപ്പുറത്തുനിന്ന്‍ മണത്തറിഞ്ഞിട്ടാണ് സീനിലേക്ക്‌ കുട്ടന്‍റെ മാസ്സ് എന്‍ട്രി.
കുട്ടന്‍ ! പത്തില്‍ തോറ്റപ്പോ , നാടുവിട്ട് ബോംബെയില്‍ ചെന്ന് വീട്ടിലേക്കു ഫോണ്‍ ചെയ്ത് “ഞാനിനി ഇന്ത്യേക്കില്ല” ന്ന്‍ പറഞ്ഞ കുട്ടന്‍ ! ‘മകനേ തിരിച്ചുവരൂ’ എന്ന് കുട്ടന്റച്ഛന്‍ മാതൃഭൂമി കോഴിക്കോട് എഡിഷനില്‍ ( അന്ന് മലപ്പ്രം എഡിഷന്‍ കോട്ടക്കലില്‍ അടിച്ചു തുടങ്ങീട്ടില്ല) പരസ്യം ചെയ്തതിന്റെ രണ്ടാം നാള്‍ കുട്ടന്‍ നാട്ടിലെത്തി . കോഴിക്കോട് എഡിഷനിലെ പരസ്യം കണ്ടു, ബോംബയിലുള്ള കുട്ടന്‍, കൊങ്കണ്‍ റെയില്‍വേയുടെ സ്ഥലമെടുപ്പ് പോലും കഴിഞ്ഞിട്ടില്ലാത്ത അന്ത കാലത്ത് എങ്ങനെ നാട്ടിലെത്തി എന്നത് ഇപ്പളും ഒരു ചുരുളഴിയാത്ത രഹസ്യമാണ് . കുട്ടന്റച്ഛന്‍ വിചാരിക്കണത് ‘ഒക്കെ മാതൃഭൂമിയുടെ പവറാ’ ണെന്നാണ് . അതുകൊണ്ടാണ് മടങ്ങി വന്ന കുട്ടന് മേലെ അങ്ങാടീല് ടൈലര്‍ ഷാപ്പ് ഇട്ടുകൊടുത്ത്, അതിനു ‘മാതൃഭൂമി കട്ടിങ്ങ്സ്’ എന്ന് പേരിട്ടത് . ടൈലര്‍ഷാപ്പിനൊപ്പവും പ്രചരിപ്പിക്കുന്നുണ്ട് ഒരു സംസ്കാരം , അത് പിന്നെ പറയാം.

Continue reading

കിടുക്കി സുന്ദരി

കഥ തുടങ്ങുന്നത് ഒരു ഫോണ്‍ കോളിലാണ്, ശ്രീകു എന്നു വിളിക്കപെടുന്ന ശ്രീകുമാര്‍ സുരേന്ദ്രന്‍ ബാഗ്ലൂരില്‍ നിന്ന്‍ നാട്ടിലെ ചങ്ങായി അര്‍ജുനെ വിളിക്കുന്ന ഫോണ്‍ കോളില്‍.
“സമ്മെയ്ച്ചളിയാ…….’ഒളിച്ചോടി രെജിസ്റെര്‍ മാര്യേജ് ചെയ്യാണ്’ന്ന് ഫേസ്ബുക്കില് സ്റ്റാറ്റസ് അപ്ടേറ്റ്‌ ഇട്ട് ഒളിച്ചോടാന്‍ നിന്ന ഇയൊക്കെയാണ് യഥാര്‍ത്ഥ ഫേസ്ബുക്ക്‌ അഡിക്റ്റ്…… ഇന്നിട്ടിപ്പോ എന്തായി, അന്‍റെ പെണ്ണിനെ ഓള്‍ടെ വീട്ടാര് അന്‍റെ കൂടെയോടാന്‍ വിട്ടില്ലല്ലോ?”
“ശ്രീകൂ……. ശവത്തില്‍ കുത്തല്ലടാ. ന്‍റെ അവസ്ഥ നിനക്കറിയാഞ്ഞിട്ടാ……. നീ നാട്ടിക്ക് വാ”
“ഞാനവിടെ വന്നിട്ടെന്തിനാ? ഇങ്ങള് രണ്ടാളും ഇനിയീ ജന്മത്തിലൊന്നാവാന്‍ പോണില്ല, എനിക്ക്യാണെങ്കെ നാളത്തേക്ക് കൊറേ പണിയൂണ്ട്, അവിടെ നിന്നെ സമാധാനിപ്പിക്കാന്‍ ടീംസ് ഒക്കെയില്ലേ ?”
“ഉം…….. അറിഞ്ഞപാട് ല്ലാരും എത്തി, സമാധാനിപ്പിക്കാന്‍. പക്ഷെ അപ്പളേക്കും ബിവരേജ് അടച്ചേര്‍ന്നു, ഇനി നാളെ രാവിലെ എടുക്കാന്നു പറഞ്ഞു.”
“അളിയാ…….. രാത്രി പത്തുമണിക്ക് ഒരു ബസ്സുണ്ട്, ഏഴുമണിക്ക് കോഴിക്കോടെത്തും. ഒരു ഒമ്പതരയാവുമ്പോ ചങ്ങരംകുളം ടൌണില്‍ ബൈക്കേട്ട് വരാന്‍ മുത്തുവിനോട് പറയണം “.

Continue reading

പാതിരാത്രിയിലെ പ്രേമം

(മുന്‍കുറിപ്പ് : ഈ കഥ ഉദ്ഭവിച്ച കാലടി , മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത , കാലടി എന്ന കൊച്ചു ഗ്രാമം ആണ് )
ഇത് ലാലുവിന്‍റെ കഥയാണ് , പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കും …..പ്രണയിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും സ്വന്തം ജീവിതം കൊണ്ട് ലാലു രചിച്ച കഥ .
ഞങ്ങളുടെ നാട്ടില്‍….കാലടിയില്‍ ഈ സംഭവത്തിന്‍റെ വിശേഷങ്ങള്‍ ഇനിയും പറഞ്ഞു തീര്‍ന്നിട്ടില്ല …..
ഇപ്പൊ പ്രേമം എന്ന്‍ കേള്‍ക്കുമ്പോ ഞങ്ങള്‍ കാലടിക്കാര്‍ക്ക് ലാലുവിന്‍റെ എലി പുന്നെല്ലു കണ്ട പോലുള്ള മുഖമാണ് മനസ്സില്‍തെളിയുക .
ലാലുവിന്‍റെ മാത്രമല്ല ,ഒരുപാടു പേരുടെ ജീവിതം മാറ്റിമറിച്ച ആ രാത്രി ഇങ്ങനെ തുടങ്ങുന്നു……

എന്നത്തേയും പോലെ കാലടി ഗ്രാമം നേരത്തെ ഉറങ്ങാന്‍ കിടന്നു. കണ്ടനകം ബിവറെജ് അന്ന് മുടക്കമായതിനാല്‍, രാത്രിയിലെ ഓളിയിടലുകളും , അട്ടഹാസങ്ങളും ഇല്ലാതെ നിശബ്ദമായി, പാതിരാത്രിയിലേക്ക്‌ എല്ലാവരും കണ്ണടച്ചു. പക്ഷെ കണ്ണടച്ചു കിടന്നിട്ടും ഒരു കാലടിക്കാരന്‍ മാത്രം ഉറങ്ങിയിട്ടില്ലായിരുന്നു,’ലാലു’.ഉറക്കം വരരുതേ എന്ന് തുപ്രന്‍ങ്കോട്ടപ്പനോട് പ്രാര്‍ത്ഥിച്ചു കിടക്കുകയായിരുന്നു അവന്‍.തലമുഴുവന്‍ മൂടിയിരുന്ന കമ്പിളി പുതപ്പു മാറ്റി അവന്‍ മുറിയുടെ വാതില്‍ തുറന്നു.

Continue reading

%d bloggers like this: