മരിച്ചതെപ്പോഴാണെന്നോ മരിച്ചതെന്തിനാണെന്നോ അറിയാതെ ഞാൻ മരിച്ചു. മരിച്ചശേഷം എന്ത് ചെയ്യണം എന്നെനിക്ക് അറിയില്ലായിരുന്നു. കാരണം ഞാൻ ആദ്യമായാണല്ലോ മരിക്കുന്നത്. ഉറവിടമില്ലാത്തൊരു ഊർജം എന്നിൽ നിന്നും പുറത്തേക്കൊഴുകുന്നത് ഞാനറിഞ്ഞു. മരണം, എന്നുമെന്റെ ആത്മാവിന്റെ ആവേശമായിരുന്നു . പക്ഷെ ഇപ്പോൾ, മരിച്ചു നിൽക്കുമ്പോൾ, എനിക്കാത്മാവുണ്ടായിരുന്നോ എന്ന് പോലും എനിക്കോർത്തെടുക്കാനാവുന്നില്ല.

എന്നെ പുറത്താക്കിയ ലോകത്ത് ഞാനൊരു ശൂന്യത മാത്രമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഞാനിപ്പോൾ അവിടെയില്ല എന്ന ഒരു ശൂന്യത.ആ ശൂന്യതയുടെ അടയാളങ്ങൾക്ക് ചുറ്റുമിരുന്ന് ആരെങ്കിലുമൊക്കെ ഇപ്പോൾ വിലപിക്കുന്നുണ്ടാവണം.

എന്റെ രക്തം ഇപ്പോൾ അതിന്റെ ചൂടുപേക്ഷിച്ച് , ഇളം തണുപ്പിന്റെ ആദ്യാനുഭവത്തിന്റെ ആലസ്യത്തിൽ സിരകൾക്കുള്ളിൽ മയങ്ങി കിടക്കുകയാവും.

സമയം വെച്ച് നോക്കുകയാണെങ്കിൽ, എന്നെ  പ്രതിനിധീകരിച്ചിരുന്ന എന്റെ ശരീരമിപ്പോൾ വീടിന്റെ ഉമ്മറത്ത്‌ , ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞു, വടുക്കോറത്തെ കസ്തൂരി പൂവന്റെ ഏറ്റവും വലിയ ഇലയിൽ ഒരു കാഴ്ച വസ്തുവായി കിടക്കുകയായിരിക്കും. ആയിരിക്കും എന്നെ എനിക്ക് പറയാനാവൂ…..കാരണം നമ്മൾ നായകനായുള്ള , എന്നാൽ നമുക്ക് മാത്രം കാണാൻ കഴിയാത്ത ഒരു സിനിമയാണല്ലോ നമ്മുടെ മരണം.

മരണത്തിലേക്കാണ് ഇരുപത്തിനാല് വർഷങ്ങൾക്കു മുൻപ് ഞാൻ നടന്നു തുടങ്ങിയത്. ഒടുവിൽ വഴിതെറ്റി എത്തിയതും മരണത്തിൽ തന്നെ. ഇനിയങ്ങോട്ട് എവിടേക്ക് നടക്കണം എന്നെനിക്ക് അറിയില്ലായിരുന്നു.  അവിടെ ഞാൻ ഒറ്റയ്ക്കാണ് നിന്നത്. എന്തേ , എനിക്കൊപ്പം മരിക്കാൻ ആരും കൂട്ടാക്കിയില്ലേ? ചുറ്റിലും ഇരുട്ടായിരുന്നു. അതുകൊണ്ടാവണം, എന്റെ രൂപത്തെ, എന്റെ ആകാരത്തെ, ഒട്ടനവധി വേഷത്തിൽ കെട്ടിയാടികൊണ്ട് എനിക്കൊപ്പം നടക്കാറുണ്ടായിരുന്ന എന്റെ നിഴലിനെ ഞാൻ കാണാതിരുന്നത്.  ഞാൻ ശബ്ദമുണ്ടാക്കി. പക്ഷെ എന്റെ തന്നെ ശബ്ദത്തിന്റെ പ്രതിധ്വനികൾ എന്നെ ഭയപ്പെടുത്തി. പിന്നെ എന്നിൽ നിന്ന് ഒച്ച പുറത്തു വന്നില്ല .

എവിടെയെങ്കിലും ഒരു വെളിച്ചം കാണുമെന്ന പ്രതീക്ഷയിൽ ഞാൻ നടന്നു തുടങ്ങി. അപ്പോഴും വഴി നീളെ കഥകളുണ്ടായി. കഥകൾ മാത്രം ഉണ്ടായി.

കാതങ്ങൾക്കപ്പുറം ഞാൻ നടത്തം നിർത്തി നിന്നു. എനിക്ക് എന്നോട് തന്നെ ഉത്തരം പറയേണ്ട ഒരു ചോദ്യമുണ്ടായി. “മരണത്തിലേക്കാണ് നമ്മളോരോരുത്തരും ജീവിക്കുന്നത്, മരണത്തിനുശേഷം ഞാൻ ജീവിക്കുന്നതെന്തിനാണ് ?”

എനിക്കുത്തരമുണ്ടായിരുന്നില്ല. ഞാൻ ആത്മഹത്യ ചെയ്തു. അപ്പോഴാണ്‌ ഞാനറിഞ്ഞത്, ഞാൻ അതുവരെ മരിച്ചിട്ടില്ലായിരുന്നു എന്ന്. പിന്നെ കഥകളുണ്ടായില്ല.