അര്‍ജന്ടീനക്കാരുടെ, മറഡോണയ്ക്ക് ശേഷമുള്ള, മെസ്സിക്ക് മുമ്പേയുള്ള ഫുഡ്ബോള്‍ ദൈവം, ശ്രീമാന്‍ ഗബ്രിയേല്‍ ബാറ്റിസ്ട്ട്യൂട്ട, ഇവിടെ ഈ കേരളത്തില്‍ കിടക്കുന്ന ശ്രീമതി വിലാസിനി ചേച്ചിയുടെ പേരിന്‍റെ  അറ്റത്ത് വന്നിരുന്നതിനു പിന്നില്‍ ഒരു കഥയുണ്ട്. കേട്ടോളിം….

കേരളാ സര്‍ക്കാര്‍ ക്ലബ്ബുകള്‍ക്ക് കൊടുക്കുന്ന ഗ്രാന്‍റ് പയിനായിരം രൂപ കയ്യില്‍ കിട്ടിയതോടെ, നീണ്ട ഒമ്പത് മാസത്തിനു ശേഷം ആദ്യമായി ‘ഡെയ്ഞ്ചര്‍ ബോയ്സ്’ ക്ലബ്ബില്‍ ജനറല്‍ബോഡി യോഗം കൂടി. സ്ഥിരവൈരികളായ അയല്‍നാട്ടിലെ ‘പാറപ്പുറം ഫൈറ്റേര്‍സ്‘ കിട്ടിയ ഗ്രാന്ടിലെ ഒമ്പതിനായിരം രൂപയ്ക്ക് പുട്ടടിച്ച്, ബാക്കി ആയിരം രൂപ കൊണ്ട് നടത്തിയ സൌജന്യ കണ്ണു പരിശോധന കഴിഞ്ഞു പോകുന്ന കുഞ്ഞാലിക്ക, ക്ലബ്ബിന്‍റെ ഉമ്മറത്ത്‌ വന്നുനിന്ന് “കണ്ടുപഠി, നിങ്ങളെ കൊണ്ടൊക്കെ എന്തിന് കൊള്ളൂമെടാ? എന്ന് ചോദിച്ച ആ ചോദ്യം, ഞങ്ങടെ അഭിമാനമാകുന്ന മൊട്ടകുന്നില്‍, ജെസിബി മാന്തിയ പോലെ, മാന്തിയങ്ങു പോയി. ഉടനെ തന്നെ, ‘നമ്മക്കും എന്തെങ്കിലും ചെയ്യണം’ എന്ന വിഷയത്തില്‍ കൊണ്ടുപിടിച്ച ചര്‍ച്ചതുടങ്ങി.

സെക്രട്ടറി സുഗ്രീവന്‍ സ്റ്റൂളില്‍ നിന്നും ചാടി എഴുന്നേറ്റുകൊണ്ട് അലറി “നമ്മക്ക് നാടാകെ ഇളക്കിമറിക്കണം”.
“ന്നാ ഇയ് ഒരു ട്രാക്ടര്‍ എടുത്ത് ഇറങ്ങിക്കോ…” ഫ്രം തോറ്റ സെക്രട്ടറി കുഞ്ഞുട്ടി.  പിന്നെ അവര് തമ്മിലായി . രണ്ടിനേം പിടിച്ച് ഓരോ മൂലയ്ക്കിരുത്തിയ ശേഷം സുഭാഷ് എഴുന്നേറ്റു.
“നമ്മള് നടത്തുന്നത് ഒരു ഗ്രാന്‍റ് പരിപാടി ആയിരിക്കണം. അത് കണ്ട് നാട്ടിലെ പെണ്‍കുട്ടികളുടെ തന്തമാര്‍ക്ക്, മകളെ ക്ലബ് അംഗങ്ങള്‍ക്ക് കെട്ടിച്ചുകൊടുക്കാന്‍ വരെ തോന്നണം.
“ഇയ് വേള്‍ഡ്കപ്പ്‌ നടത്തിയാ പോലും അനക്കൊന്നും പെണ്ണുകിട്ടൂലടാ” വീണ്ടും കുഞ്ഞുട്ടി. സുഭാഷിരുന്നു!

അവസാനം പുകഞ്ഞുകൊണ്ടിരുന്ന കുറെ തലകളില്‍ ഒന്നില്‍ മാത്രമാണ് തീയുണ്ടായത്, സുരേട്ടന്‍ !!
“നമ്മക്കൊരു സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കാം…” കയ്യടി… നിലയ്ക്കാത്ത കയ്യടി. ഇടപെട്ട ഏതു സംഗതിയും ഗുലുമാലാക്കി കയ്യില്‍ തന്നിട്ടുള്ള സുരേട്ടന്‍ അങ്ങനെ ഹിസ്റ്ററിയില്‍ ആദ്യമായി ഞങ്ങള്‍ക്ക് ഉപകാരപെട്ടു. കയ്യടി കഴിഞ്ഞപ്പോഴേക്കും സെവന്‍സ് ഫുഡ്ബോള്‍ ടൂര്‍ണ്ണമെന്റ് നടത്താന്‍ തീരുമാനമായികഴിഞ്ഞിരിന്നു. സുരേട്ടന്‍ സ്വയം അഭിനന്ദിച്ച് വിസിലൂതി… മൂപ്പര്‍ക്ക് അങ്ങനൊന്നുമില്ല,നല്ലത് കണ്ടാല്‍ അപ്പൊ തന്നെ പ്രോത്സാഹിപ്പിക്കും.

ടൂര്‍ണ്ണമെന്റ് വെറുതെ നടത്തിയാല്‍ പോരാ… ഇതൊന്നും നമ്മുടെ കുട്ടിക്കളി അല്ല എന്ന് നാട്ടുകാര്‍ക്ക് തോന്നാന്‍ മരിച്ചു പോയ ആരുടെയെങ്കിലും പേരില്‍ നടത്തണം. അംഗങ്ങളുടെ തലകള്‍ അടുത്ത റൌണ്ട് പുകയലിനുവേണ്ടി റെഡി ആയപ്പോഴേക്കും സുരേട്ടന്‍ വീണ്ടും സ്കോര്‍ ചെയ്തു. “ദിവാകരേട്ടന്‍!”.
ക്ലബ് അംഗങ്ങളുടെ ഓര്‍മ്മകള്‍ ഒരു ഇന്നോവ വിളിച്ച്, രണ്ടായിരത്തിരണ്ട് വേള്‍ഡ് കപ്പിന്‍റെ സമയത്തേക്ക് സഞ്ചരിച്ചു. ദിവാകരേട്ടന്‍!! റേഷന്‍ പീടികയുടെ ഒന്നാം നിലയുടെ ചുവരില്‍ ബാറ്റിസ്ട്ട്യൂട്ടയുടെ പടം വരയ്ക്കാന്‍ കേറി നിലത്തുവീണ് പടമായ ദിവാകരേട്ടന്‍. പിന്നൊന്നും നോക്കിയില്ല… അതങ്ങട് ഉറപ്പിച്ചിട്ടാണ് ഞങ്ങള്‍ തിരിച്ചുവന്നത്.

പക്ഷെ ഒരു പ്രശ്നം… ദിവാകരേട്ടനെ ദിവാകരേട്ടന്‍ എന്ന് പറഞ്ഞാല്‍ ആരുമറിയില്ല. മണുങ്ങു ദിവാകരന്‍ എന്ന് പറഞ്ഞാലേ നാട്ടുകാര്‍ അറിയൂ..
“ഛെ ഛെ ഛെ ഛെ ! ‘മണുങ്ങു ദിവാകരന്‍ സ്മാരക ഫുഡ്ബോള്‍ ടൂര്‍ണ്ണമെന്റ്’ എന്നൊക്കെ എങ്ങനെ ഫ്ലെക്സില്‍ എഴുതും?”
ഐഡന്ടിന്റി ക്രൈസിസ്.
“അത് മാറ്റി ബാറ്റിസ്റ്റ്യൂട്ട ദിവാകരന്‍ എന്നാക്കിയാലോ?” അതൊരു കനപ്പെട്ട സജഷനായി എനിക്ക് തോന്നി. അര്‍ജന്റീന ഫാന്‍സുകാര്‍ കുഞ്ഞുട്ടിയും കൂട്ടരും ആര്‍പ്പുവിളികളോടെ അത് സ്വീകരിച്ചു. പക്ഷെ ബ്രസീല്‍ ഫാന്‍സുകാര്‍ സാലിയുടെ നേതൃത്വത്തില്‍ സ്പോട്ടില് ഇളകി.
“അത് നടക്കൂല… ‘റൊണാള്‍ഡോ ദിവാകരന്‍’ എന്നിട്ടാ മതി”.
ബ്രസീല്‍ ഫാന്‍സിനു സഹിഷ്ണുത ഇല്ലാന്ന് പറഞ്ഞ് കുഞ്ഞുട്ടി അവരുടെ തന്തയ്ക്ക് വിളിച്ചു.
പിന്നെ ആ തല്ല് തീരാന്‍ അരമണിക്കൂര്‍ എടുത്തു. അവസാനം ബ്രസീല്‍ ജഴ്സി അണിഞ്ഞു നില്‍ക്കുന്ന ദിവാകരേട്ടന്‍റെ ഫോട്ടോ ഫ്ലെക്സില്‍ വെക്കാം എന്ന ഒത്തുതീര്‍പ്പില്‍ ബാറ്റിസ്റ്റ്യൂട്ട ദിവാകരേട്ടന്‍ എന്നുതന്നെ പേരിട്ടു.
സുഭാഷിനപ്പൊ ഒരു സംശയം. “അല്ലെടോ… അങ്ങനെ നമ്മടെ ഇഷ്ടത്തിനു ഒരു പേരങ്ങട് തീരുമാനിക്കാന്‍ പറ്റ്വോ? ദിവാകരേട്ടന്‍റെ വീട്ടുകാരോടൊക്കെ ഒന്ന് ചോദിക്കണ്ടേ?” അടുത്ത പോയിന്റ്‌. സബാഷ് സുഭാഷ്! കുറച്ചു പൈസ ഗ്രാന്‍റ് കിട്ടിയാല്‍ ഏതു പൊട്ടനും വിവരം വെക്കും എന്നെനിക്ക് മനസ്സിലായി. അങ്ങനെ അവസാനം, ഇപ്പൊ തന്നെ പോയി ദിവാകരേട്ടന്റെ ഭാര്യ വിലാസിനി ചേച്ചിയോട് കാര്യം അവതരിപ്പിച്ച് സമ്മതം വാങ്ങാന്‍ തീരുമാനമായി. അത് കേട്ട പാട്, എട്ടാം ക്ലാസ് മുതല്‍ വിലാസിനിയേച്ചിയെ ലൈനടിക്കുന്ന പരമുവേട്ടന്‍  മൂപ്പത്തിയാരുടെ വീട് ലക്ഷ്യമാക്കി ആദ്യമിറങ്ങി നടന്നു. ഹോ… വര്‍ഷം നാല്‍പ്പത് കഴിഞ്ഞിട്ടും ഫ്ലെയിം കുറയാത്ത പ്രണയത്തിന്റെ തീയ്. തീയ് ന്ന് പറഞ്ഞാ പോരാ… തീപിടുത്തമാണത്.

വിലാസിനിചേച്ചിയുടെ വീടിന്‍റെ പുറകുവശത്ത് ചെന്നുകയറുന്ന ഇടവഴിയിലൂടെ നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു, “അല്ലാ… വിലാസിനിയേട്ത്തി സമ്മതിക്ക്വോ?”
മുന്നില്‍ നടന്നിരുന്ന സുരേട്ടന്‍ അവിടെ നിന്നു.
“ചെന്ന് കേറിയപാട് നമ്മളൊരൊറ്റ പറച്ചിലാ…”ബാറ്റിസ്റ്റ്യൂട്ട ദിവാകരേട്ടന്‍!!” അതില് വിലാസിനിചേച്ചി വീഴും. ഇതേവരെ മണുങ്ങു ദിവാകരന്‍ എന്ന് മാത്രല്ലേ അവര് ഭര്‍ത്താവിനെ കുറിച്ച് കേട്ടിട്ടുള്ളൂ? ചുളുവില് ഒരു പഞ്ച് പേര് കിട്ടിയില്ലേ, അതില് വിലാസിനി ചേച്ചി വീണിരിക്കും, നടക്ക്…” സുരേട്ടന്‍ സറ്റാറാവുകയായിരുന്നു….
തുലാമാസത്തില് നിലത്തിറങ്ങി പൊട്ടിയ ഒരു വെള്ളിടിയുടെ സമയത്താണ് സുരേട്ടന്‍ ജനിക്കുന്നത്. പക്ഷെ സുരേട്ടന്‍ കാരണം എന്നും വെള്ളിടി കിട്ടിയിട്ടുള്ളത് ഞങ്ങള്‍ നാട്ടുകാര്‍ക്കായിരുന്നു. ഇന്നത്തെ ദിവസം ആ പ്രതിഭാസം ഐഡിയകള്‍ വാരിവിതറി എന്നെ ആശ്ചര്യത്തിന്‍റെ തട്ടിന്‍പുറത്ത് കയറ്റിയിരിത്തിയിരിക്കുകയാണ്.

സുരേട്ടന്‍റെ വിളി കേള്‍ക്കാന്‍ പാകത്തിന് വിലാസിനിയേച്ചി ആള്‍മറയില്ലാത്ത കിണറ്റിനോട് ചേര്‍ന്ന കൊട്ടത്തളത്തില്‍ കുമ്പിട്ട്‌ നിന്ന് പാത്രം മോറുകയായിരുന്നു. അത് കണ്ടതോടെ സുരേട്ടന്‍ ഞങ്ങളെ വരെ ഞെട്ടിച്ചുകൊണ്ട് ഉയരത്തിലുള്ള ആ ഇടവഴിയുടെ സൈഡിലെ ശീമകൊന്നകള്‍ വകഞ്ഞുമാറ്റി താഴെ കിണറ്റിന്‍ കരയിലേക്ക് “ബാറ്റിസ്റ്റ്യൂട്ടാ…” എന്ന് വിളിച്ചുകൊണ്ട് ഒരൊറ്റ ചാട്ടം. ‘ദിവാകരന്‍’ എന്ന് ചേര്‍ക്കേണ്ടി വന്നില്ല… അതിനുമുമ്പെതന്നെ ഞെട്ടി പുറകോട്ടു ചാടിയ വിലാസിനിയേച്ചി, നൂറേ നൂറ്റി പത്തില് കിണറ്റിലെത്തി! കിണറിന് ഞങ്ങളോട് പറയാനുണ്ടായിരുന്നത് ‘ബ്ലും’ എന്നായിരുന്നു. അതുകഴിഞ്ഞ് വിലാസിനിയേച്ചിയുടെ കരച്ചില് വന്നു, കരച്ചിലിന്‍റെ എക്കോയും വന്നു.

വീഴ്ത്തുമെന്ന് സുരേട്ടന്‍ പറഞ്ഞപ്പോള്‍ അതിങ്ങനെ ഒരു എപിക് വീഴ്ത്തലാവുമെന്ന് ഞങ്ങളാരും പ്രതീക്ഷിച്ചിരുന്നില്ല.
ആ ഒരൊറ്റ നിമിഷം ഞാന്‍ മനസ്സിലൊരു ഫ്ലെക്സ് കണ്ടു, ‘വിലാസിനി മെമ്മോറിയല്‍ സെവന്‍സ് ടൂര്‍ണ്ണമെന്റ്!’ ഞാന്‍ ചുറ്റിനും നോക്കി… ഇനി ദിവാകരേട്ടനെങ്ങാനും ബീഡിയും വലിച്ച് പ്രത്യക്ഷപെട്ട്, ‘മായാമയൂര’ത്തില് മോഹന്‍ലാല്‍ പറയണപോലെ ‘ഞാനവളെ കൊണ്ടുപോവാടാ, ഏതു ലോകത്തായാലും അവളില്ലാതെ എനിക്ക് വയ്യടാ’ എന്ന് പറയുമോ എന്തോ..

നാട്ടിലെ പെണ്‍കുട്ടികളുടെ തന്തമാര് സ്ഥലത്തെത്തുന്നതിന് മുന്‍പേ സുഭാഷ് ആദ്യം മുങ്ങി. വീണ്ടും സബാഷ്! വെറ്ററന്‍ കാമുകന്‍ മിസ്റ്റര്‍ പരമു, ഇത് തന്നെ താപ്പ് എന്ന് കരുതി കിണറ്റിലേക്ക് ചാടാനൊരുങ്ങി. ധീരതയ്ക്കുള്ള മെഡലിനേക്കാള്‍ ഒരു പ്രണയ സാക്ഷാത്കാരം ആണ് ടിയാന്‍ അവിടെ ലക്ഷ്യമിട്ടിരുന്നത് എന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ… രണ്ടു പേര്‍ക്കുള്ള കാറ്റ് കിണറ്റില്‍ ഇല്ലാത്തതുകൊണ്ടും, രണ്ട് അടിയന്തിരം നടത്താനുള്ള ഫണ്ട് ക്ലബിന്‍റെ കയ്യില്‍ ഇല്ലാത്തതുകൊണ്ടും ഞങ്ങള്‍ പരമുവേട്ടനെ പിടിച്ചുവെച്ചു.

പാത്രം മോറാന്‍ വേണ്ടി കുറച്ചുമുന്പ് അഞ്ച് ബക്കറ്റ് വെള്ളം കോരിയതുകൊണ്ട് ജസ്റ്റ് മിസ്സ്‌, വിലാസിനിയേച്ചിയുടെ കഴുത്തിന്‍റെ അതുവരെയെ വെള്ളം വന്നു നിന്നുള്ളൂ. ബഹളം കേട്ട് പുറത്തേക്ക് വന്ന വിലാസിനിയേച്ചിയുടെ മക്കളോട് സുഗ്രീവന്‍ വളരെ മയത്തില്‍ തന്നെ കാര്യം അവതരിപ്പിച്ചു.
“ഏയ്‌ ഒന്നൂല്ല്യ…. അമ്മ ചെറുതായിട്ടൊന്നു കിണറ്റില്‍ പോയിട്ടുണ്ട് ” ആ ഒരൊറ്റ ഡയലോഗില് സീന്‍ കളറായി, ലൊക്കേഷന്‍ മാസായി.
നാട്ടിലെ പ്രധാന വാട്സപ്പ് ഗ്രൂപ്പിന്റെയെല്ലാം പേരുകള്‍, ‘വി സപ്പോര്‍ട്ട് വിലാസിനിയേച്ചി’,  ‘പ്രേ ഫോര്‍ വിലാസിനിയേച്ചി’,  എന്നൊക്കെയായി. ആര്‍ ഐ പ്പി വിലാസിനിയേച്ചി എന്നിട്ട ഒരു ഗ്രൂപ്പ് വരെയുണ്ട്.

ആ വീടും പറമ്പും കണ്ണടച്ച് തുറക്കും മുന്പ് ഹൌസ് ഫുള്ളായി. ടെക്നോളജിയുടെ ഒരു വളര്‍ച്ചേ…. അഞ്ചു പൈസ ചിലവില്ലാതെ, അഞ്ചു നിമിഷത്തെ അധ്വാനം പോലുമില്ലാതെ നാടുമൊത്തം ഇളകിവന്നു… വിലാസിനിയേച്ചിയുടെ അന്ത്യ നിമിഷങ്ങള്‍ കാണാന്‍ ഓരോരുത്തരായി കിണറ്റിലേക്ക് തലയിട്ടു നോക്കി. ജീവനുണ്ടോ എന്നറിയാന്‍ രണ്ടുമൂന്നെണ്ണം ഉരുളന്‍ കല്ലെടുത്ത് വിലാസിനിയേച്ചിടെ മണ്ടെക്കെറിഞ്ഞും നോക്കി.  അധികം താമസിയാതെതന്നെ ഞങ്ങളുടെ നാട്ടില്‍ ആദ്യമായി ഫയര്‍ ഫോര്‍സ് വണ്ടി വന്നു, അതും നിലവിളി ശബ്ദമിട്ടു തന്നെ. അതെ, ക്ലബിന്‍റെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി.  പിന്നങ്ങോട്ട് വണ്ടര്‍ലായിലെ ‘തണ്ടര്‍ഫാള്‍’ റൈഡില്‍ ഇരുന്ന  പോലായിരുന്നു , ഭയങ്കര എന്റര്‍ടൈനിംഗ് ആന്‍ഡ്‌ എന്‍ഗേജിംഗ് മൊമെന്റ്സ്!

ഫയര്‍ ഫോര്‍സ് എടുത്തു പൊക്കി ഉമ്മറകോലായില്‍ ഇരുത്തിയശേഷം,  ബോധം വന്നപ്പോ  വിലാസിനിയേച്ചി ആദ്യം അന്വേഷിച്ചത് സുരേട്ടനെയായിരുന്നു. അടിനാഭിക്കിട്ട് ചവിട്ടു കിട്ടുമോന്ന് പേടിച്ചിട്ട്‌ സുരേട്ടന്‍ രണ്ട് സ്റ്റെപ്പ് ഗ്യാപ്പിട്ടാണ് വിലാസിനിയേച്ചിയുടെ അടുത്ത് വന്നു നിന്നത്.
“ഒന്നുമില്ല മോനെ സുരേ… എനിക്കൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു…”
രണ്ട് ഗ്ലാസ് ഭവ്യത കൂട്ടികൊണ്ട് സുരേട്ടന്‍, “എന്താ ചേച്ചി ?”
“നീ എന്തോ ഒന്ന് എന്നോട് വന്നു പറഞ്ഞല്ലോ സുരേ, എന്തായിരുന്നു അത്?… കിണറ്റില്‍ പോയോണ്ട് മുഴുവന്‍ കേള്‍ക്കാന്‍ പറ്റീല…
“ബാറ്റിസ്റ്റ്യൂട്ട”
“എന്തൂട്ടാ?’
“ബാറ്റിസ്റ്റ്യൂട്ടാ… അയാള്‍ടെ ചിത്രം വരയ്ക്കുമ്പഴാ ദിവാകരേട്ടന്‍ നിലത്ത് വീണത് മരിച്ചത്”
വിലാസിനിയേച്ചി ഒരു നെടുവീര്‍പ്പിട്ടു.
“ആ… ഞാന്‍ വീണത് കിണറ്റില്‍ ആയോണ്ട് രക്ഷപെട്ടു, അല്ലേല്‍ ദിവാകരേട്ടനെ പോലെ എന്നേം കൊന്നേനെ ആ ദുഷ്ടന്‍”

ആഫ്റ്റര്‍ പാര്‍ട്ടി:
-വെറും വിലാസിനി ആ സംഭവത്തോടെ വിലാസിനി ബാറ്റിസ്റ്റ്യൂട്ട         യായി.
-വിലാസിനിയുടെ അറ്റത്ത് എഴുതിച്ചേര്‍ക്കാന്‍ സ്വന്തം പേരും കൊണ്ട് നാല്‍പതുകൊല്ലം നടന്ന പരമുവേട്ടന്‍ അത് താങ്ങാനാവാതെ നാടുവിട്ടു. അഞ്ചു വരിയില്‍ അമ്പത്തിയഞ്ച് അക്ഷരതെറ്റുള്ള നാടുവിടല്‍കുറിപ്പ്  ക്ലബ്ബിന്‍റെ നോട്ടീസ് ബോര്‍ഡില്‍ നിന്നും കണ്ടുകിട്ടി.
-ക്ലബ്ബിന് കിട്ടിയ ഗ്രാന്‍റ് വിലാസിനിയേച്ചിയുടെ ആശുപത്രി ചിലവായും, ആള്‍ക്കൂട്ടം നശിപ്പിച്ച പറമ്പിലെ ഫല വൃക്ഷതൈകളുടെ നഷ്ടപരിഹാരമായും പോയികിട്ടി. ബാക്കി വന്ന പൈസക്ക് ക്ലബ് തന്നെ മുന്‍കയ്യെടുത്ത്, ആ കിണറിന് ഒരു ആള്‍മറ കെട്ടികൊടുത്തു, ‘ശ്രീ ബാറ്റിസ്റ്റ്യൂട്ടയുടെ പാവന സ്മരണയ്ക്ക്’.