‘പുറപ്പെട്ടു പുറപ്പെട്ടു… അരമണിക്കൂറ് മുൻപേ പുറപ്പെട്ടു’ എന്നും പറഞ്ഞ് കിടക്കപ്പായയില്‍ നിന്നെഴുന്നേൽക്കുന്ന‌ ആ പരിപാടിയുണ്ടല്ലോ, എല്ലാവരെയും പോലെ ആ അസുഖത്തിന്റെ ഭയാനകമായ ഒരു വേര്‍ഷ¬ന്‍ എനിക്കുമുണ്ട്.

ഒരിക്കൽ തൃശൂര് ഒരു കൂട്ടുകാരനെ, നല്ല എണ്ണംപറഞ്ഞൊരു പോസ്റ്റാക്കി നിർത്തിയിട്ട് എറണാംകുളത്തു നിന്നും കെ.എസ്.ആര്‍.ടി.സിയില്‍ വരികയായിരുന്നു ഞാൻ.
അവനോട് ‘പോന്നു’ എന്നു പറയുമ്പോൾ ഞാന്‍ പോന്നിട്ടില്ല, ‘വൈറ്റില’ എന്നു പറയുമ്പോൾ ഞാൻ ബാത്ത്റൂമിൽ, ‘ആലുവ’ എന്നുപറയുമ്പോൾ ഞാൻ വൈറ്റില, ‘അങ്കമാലി’ എന്ന് പറയുമ്പൊ ഞാൻ കെടക്കണത് ഇടപ്പള്ളി. ഇതായിരുന്നു എന്‍റെ ഒരു ലൈൻ.

ബസ് യഥാർത്ഥ അങ്കമാലി സ്റ്റാന്റിൽ നിൽക്കുമ്പോൾ ആ ക്ഷമയില്ലാത്ത തെണ്ടി വീണ്ടും വിളിച്ചു.
“എവിടെത്തി?”
“ചാലക്കുടിയെത്തിയെടാ” എന്ന് ഞാൻ പറഞ്ഞതും, തൊട്ടപ്പുറത്ത് ബാഗും കെട്ടിപ്പിടിച്ചുറങ്ങുകയായിരുന്ന ഒരു മനുഷ്യൻ, ഞെട്ടിയുണർന്ന് “ഹൈ… ചാലക്കുടിയെത്തിയോ?” എന്ന് ചോദിച്ച് പിടഞ്ഞെണീറ്റ് ബസിൽ നിന്നും ഇറങ്ങിയോടിതും ഒരുമിച്ചായിരുന്നു.
ഞാനിങ്ങനെ മുഖത്തേക്ക് ടോർച്ചടിച്ച പെരുച്ചാഴിയെ പോലെ ഫ്രീസായി നിന്നു, രണ്ട് സെക്കന്റ്.
പിന്നെ സ്ഥലകാലബോധത്തെ തിരിച്ചുവിളിച്ചോണ്ട് വന്ന് വീണ്ടെടുത്തപ്പോഴേക്കും കെഎസ്ആർടി സി ഡ്രൈവർ സെക്കന്റ് ഗിയറിലെത്തിയിരുന്നു.
‘ചാലക്കുടി സ്റ്റാന്റിലെപ്പഴാ ഷോപ്പിങ്ങ് കോമ്പ്ലക്സൊക്കെ വന്നേ?’ എന്ന ആശ്ചര്യത്തോടെ, കാർണിവൽ സിനിമാസിന്റെ മണ്ടയ്ക്ക്‌ നോക്കി നിൽക്കുകയായിരുന്നു ആ മനുഷ്യന് കൊടുക്കാന്‍ എന്റെ കയ്യില്‍ ഈ കഥയുടെ ടൈറ്റില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ…

Deepu Pradeep


Discover more from Deepu Pradeep

Subscribe to get the latest posts sent to your email.