എടപ്പാളിൽ നിന്നും വീട്ടിലേക്ക് പോവുമ്പോൾ, ദാ ഒപോസിറ്റ് സൈഡിൽ ഒരു പോലീസ് ചെക്കിങ്ങ്. അരക്കിലോമീറ്റർ പോയില്ല, അതേ സൈഡിലേക്ക് ഹെൽമെറ്റില്ലാതെ ശിരസ്സും വിരിച്ചുകൊണ്ടു പോവുന്ന കൂട്ടുകാരനെ കണ്ടപ്പോൾ എന്റെ ഉള്ളൊന്നു പിടഞ്ഞു. അവന്റെ പോക്കറ്റിലുള്ള ആയിരംരൂപ ആവിയാവാതിരിക്കാൻ വേണ്ടി ഞാൻ ഉടനെതന്നെ അവനെ ഫോണെടുത്ത് വിളിച്ചു.
മഞ്ഞകുഞ്ഞികാലുള്ള ചക്കി പൂച്ചയ്ക്ക്
ചക്കര തിന്നാൻ ഉള്ളിൽ മോഹമുദിച്ചല്ലോ… (കോളർ ട്യൂണാണ്)
“ഹലോ..”
“ഹലോ..”
“മൊബൈൽ ഫോണിൽ സംസാരിച്ചിട്ടാണോടാ വണ്ടി ഓടിക്കുന്നത്??”
എക്സ്ട്രാ ബാസ്സുള്ള വേറൊരു ശബ്ദം!
ഞാൻ ഫോൺ വെച്ചു.
ഹെൽമെറ്റ് ഇല്ലാത്തതിന് പെറ്റി അടയ്ക്കാൻ പോയവനെകൊണ്ട്, ഫോണിൽ സംസാരിച്ചതിന്റെ ഫൈൻ കൂടി അടപ്പിച്ചു കഴിഞ്ഞപ്പോൾ ഉള്ള് താനേ പിടച്ചില് നിർത്തി. മാലപ്പടക്കം ട്രൗസറിനുള്ളിലിട്ടു പൊട്ടിച്ച ഒരു അനുഭൂതി!
Deepu Pradeep