“അഭിലാഷ് മലയോ??” ഞാൻ ചോദിച്ചു.
”അതെ, അഭിലാഷ് മല. തൃശൂർ ജില്ലയിലുള്ള ഒരു കിടുക്കാച്ചി സ്പോട്ടാണ്.”
മിനിഞ്ഞാന്ന് യൂട്യൂബ് ചാനല് തുടങ്ങിയ ഒരു കസിൻ ഇന്നലെ കാണാൻ വന്നിരുന്നു, അവന്‍റെ കന്നി ട്രാവലോഗിന് ഗോപ്രോ സംഘടിപ്പിക്കാൻ. അപ്പഴാണ് അവനീ ഡെസ്റ്റിനേഷനെ പറ്റി പറഞ്ഞത്, അഭിലാഷ് മല! ഫേസ്‌ബുക്കിൽ ഫോട്ടോ കണ്ടതാണത്രേ അവൻ.

“അങ്ങനൊരു മലയെ പറ്റി ഞാനിതേവരെ കേട്ടിട്ടില്ലല്ലോ….”
“അദ്ദാണ്! ഗൂഗിൾ മാപ്പിൽ പോലും തപ്പിയാൽ കിട്ടൂല, അവിടെപ്പോയി ലോക്കൽസിനോടൊക്കെ ചോദിച്ച് വേണം കണ്ടുപിടിക്കാൻ.”
“ഏതായാലും നീ ചാനല് തുടങ്ങി, നല്ല വല്ല സ്ഥലത്തും പൊക്കൂടേടാ ചെക്കാ?”
“അമ്മ കറണ്ട് ബില്ല് അടയ്ക്കാൻ തന്ന പൈസകൊണ്ട് സ്‌കാൻഡിനേവിയൻ രാജ്യങ്ങള് സന്ദർശിക്കാൻ പറ്റില്ലല്ലോ ദീപുവേട്ടാ…”
പിന്നെ എനിക്കൊന്നും പറയാണുണ്ടായിരുന്നില്ല.
“അഭിലാഷ് മല, ആ പേര് കേട്ടപ്പൊ ഒരു കൗതുകം വന്നില്ലേ? അതേ കൗതുകം വ്യൂവേഴ്സിനും കിട്ടും. അപ്പഴേ ചാനല് ഹിറ്റാ…”

ബ്ലഡിൽ പഞ്ചാരയേക്കാൾ കൂടുതൽ കൗതുകമുള്ള ലവൻ ഇന്ന് വണ്ടിയെടുത്ത് പോയിരുന്നു. തൃശ്ശൂർ ജില്ലയുടെ സിംഗഭാഗം മൊത്തം അഭിലാഷ് മല തപ്പി അലഞ്ഞു, ഒരു ഭ്രാന്തനെപോലെ…
എന്നിട്ടും അവന് അങ്ങനെയൊരു മല എവിടെയാണെന്ന് കണ്ടുപിടിക്കാൻ പറ്റിയില്ല. ബാറ്ററി തീർന്ന ഗോപ്രോയുമായി രാത്രി തിരിച്ചുവന്ന് എന്റെ മുന്നിൽ താടിക്ക് കയ്യും വെച്ചിരിക്കുമ്പോൾ അവൻ ചോദിച്ചു,
“എന്നാലും ബ്രോ, ആ മല എവിടെയായിരിക്കും ഒളിച്ചിരിക്കുന്നത്?”
“നീയാ കണ്ടുന്ന് പറഞ്ഞ ആ ഫോട്ടോ ഒന്ന് കാണിച്ചേ”
അവൻ എനിക്ക് ഫോണെടുത്ത് ആ സ്ക്രീൻഷോട്ട് കാണിച്ചുതന്നു. ഒരു ചെറുപ്പക്കാരൻ കിടിലൻ ഒരു മലയുടെ മുന്നിൽ നിൽക്കുന്ന ഫോട്ടോ, താഴെ ഒരു ഡിസ്ക്രിപ്ഷനും,
‘Abilash Mala’. മല അല്ല, മാള!
മാളയിലുള്ള ഒരു അഭിലാഷ് ഏതെങ്കിലും മലയുടെ മുന്നിൽ പോയി നിന്ന് ഫോട്ടോ എടുത്താൽ, അങ്ങനെയല്ലേ എഴുതാൻ പറ്റൂ…
ലേശം കൂടുതലുള്ളത് കൊളസ്‌ട്രോളോ ബിപിയോ ഒക്കെ ആണെങ്കിൽ കുഴപ്പമില്ല, പക്ഷെ കൗതുകമാണെങ്കിൽ സൂക്ഷിക്കണം.

Deepu Pradeep