‘കുഞ്ഞിരാമായണം’ ഷൂട്ട് ചെയ്തത് പാലക്കാട് കൊല്ലങ്കോടായിരുന്നെങ്കിലും, ഞങ്ങള്‍ അതിനു മുന്പ് വയനാട് ജില്ല, വൈത്തിരി മുതല്‍ ബാവുലി വരെയും ബത്തേരി മുതല്‍ തിരുനെല്ലി വരെയും ലൊക്കേഷന്‍ കണ്ട് ഒന്ന് അലഞ്ഞിരുന്നു. ബേസിലും ഞാനും വിഷ്ണുവും പ്രശോബേട്ടനും മനോജേട്ടനും, രണ്ടു അസിസ്റ്റന്റ്സുമായിരുന്നു സംഘത്തില്‍. കാട്ടിക്കുളം ഭാഗത്ത് കറങ്ങുമ്പോള്‍ അവിടുത്തെ സ്ഥലങ്ങള്‍ ഒക്കെ കാണിച്ചുതരാനായി അവിടുത്തുകാരന്‍ ഒരു ചേട്ടനും ഉണ്ടായിരുന്നു കൂടെ. വഴി തെറ്റാതെ കാണിച്ചുതരാന്‍ വേണ്ടി പുള്ളിയെ ഡ്രൈവറേട്ടന്റെ അടുത്ത് തന്നെ പിടിച്ച് ഇരുത്തി.

പറ്റിയ കുറെ വീടുകളും കവലകളും കണ്ടെങ്കിലും ഒന്ന് മാത്രം കൈയ്യിൽ തടഞ്ഞിട്ടില്ലായിരുന്നു, രണ്ടു സൈഡിലും വിശാലമായി കിടക്കുന്ന വയലിന് നടുവിലൂടെയുള്ള ഒരു പാത, അവിടെ ഒരു വീട്.
കുറെ കറങ്ങി അവസാനം ഞങ്ങളുടെ ഇന്നോവ ഒരു വിജനമായ വഴിയില്‍ കേറി… അവിടെ, മനസ്സില്‍ കണ്ടത് അതിനെക്കാള്‍ തെളിമയോടെ ഞങ്ങളെ കാത്തിരുന്നിരുന്നു!
അസ്തമയസൂര്യന്‍, പരന്നുകിടക്കുന്ന വരണ്ട വയലിന് നടുവിലെ മണ്ണിട്ട റോഡ്, പിറകില്‍ ഇളം പച്ചയില്‍ പൊതിഞ്ഞ മലനിരകള്‍…. അതിന്റെ ഏറ്റവും അറ്റത്ത് ഓടുമേഞ്ഞ ഒരു വീടും!
“റിച്ച്, റിച്ച്!” ക്യാമറാമാൻ വിഷ്ണു ആ എക്സൈറ്റ്മെന്റില് വിളിച്ചു പറഞ്ഞു.
പക്ഷെ ഞങ്ങളുടെ ഇന്നോവ ആ വീടിന് അടുത്തെത്തും തോറും, മുറ്റത്തേക്ക് കുറെ കാക്കി വേഷധാരികള്‍ റെഡിയായി വരുന്നതാണ് കണ്ടത്. മുറ്റത്താണെങ്കിൽ രണ്ട് പോലീസ് ബസും, കുറെ ബാരിക്കേഡുകളും!
ഞങ്ങള് മുന്‍സീറ്റുകാരനെ നോക്കി. മൂപ്പര്, “ഇവിടെ എപ്പഴാ പോലീസ് സ്റ്റേഷനൊക്കെ തുറന്നത്?” എന്നും പറഞ്ഞ് ഇരിക്കുകയാണ്.

ഇന്നോവ പടിക്കലെത്തിയതും പോലീസുകാരും തണ്ടർബോൾട്ടുകാരും അടങ്ങുന്ന വലിയൊരു സംഘം വണ്ടിക്ക് ചുറ്റും ചാടി വീണ് ഞങ്ങൾക്ക് നേരെ തോക്ക് ചൂണ്ടി!!
ഞങ്ങള് മലയണ്ണാന്‍ മാല്‍ദ്വീവ്സില്‍ പോയ പോലെ ചുറ്റും നോക്കി ഇരുന്നു.
.
.
.
നാട്ടുകാരൻ ചേട്ടനോ….?
മൂപ്പര് ഇതിന്റെ ഇടയില് കയ്യ് രണ്ടും ഹാന്‍ഡ്സ് അപ്പ് ആക്കി കഴിഞ്ഞിരുന്നു! ഇനി വെടി കൊണ്ടാ മാത്രം മതി.
“ചേട്ടാ… നിങ്ങളല്ലേ ഈ നാട്ടുകാരന്‍… അവരോടു കാര്യം പറ”
എവിടെ, ചേട്ടന്‍ വിരണ്ടു വിവശനായി ‘ഷൂ ഷൂ ഷൂ…’ എന്ന് മാത്രം പറഞ്ഞോണ്ടിരിക്കുന്നു.

സംഭവം കയ്യീന്ന് പോയി ന്ന് മനസ്സിലായപ്പോള്‍ ഡ്രൈവറേട്ടൻ, “എല്ലാവരും അവരവരുടെ ദൈവങ്ങളെ വിളിച്ചോളൂ… ഉം പെട്ടെന്നായിക്കോട്ടെ”
അതിന്‍റെ ഇടയിലൊരു ശബ്ദം, “ഞാൻ നിരീശ്വരവാദിയാ”
“ഈ അഞ്ചാം മിനിറ്റില് വാദിച്ചിട്ടൊന്നും കാര്യമില്ല… ജീവന്‍ വേണമെങ്കില്‍ എന്തെങ്കിലുമൊക്കെ വിളിച്ചോ”
മയ്യത്താവാന്‍ പോവുമ്പോഴും തഗ്, തഗാണ്!
ഞാന്‍ ലാസ് വെഗാസ് ദേവീ ക്ഷേത്രത്തിൽ ഒരു ദീപാരാധന നേർന്നു കഴിഞ്ഞിരുന്നു… ‘അതിന് ലാസ് വെഗാസില്, ദേവി ക്ഷേത്രമൊക്കെയുണ്ടോ’ന്ന് ചോദിക്കരുത്? കാറ്റ് പോവുമെന്നുറപ്പായ നിമിഷത്തില് നമ്മടെ മനസ്സിന് ലോജിക്കൊന്നും കാണൂല, മാഫിയ ശശിനെയൊക്കെ വിളിച്ച് പ്രാർത്ഥിച്ചെന്നിരിക്കും, സുപ്രീം കോടതിയില് വരെ ഉദയാസ്തമനപൂജ നേരും.

പിന്നെ മനോജേട്ടന്‍ ഗ്ലാസ് താഴ്ത്തി തോക്ക് മാറ്റി കാര്യങ്ങള്‍ വിശദീകരിച്ചു. അവര് തോക്ക് വീണ്ടും വെച്ച് തിരിച്ചും വിശദീകരിച്ചു….
അത് മന്ത്രി പി കെ ജയലക്ഷ്മിയുടെ വീടായിരുന്നു! മന്ത്രിയ്ക്ക് മാവോയിസ്റ്റുകളില്‍ നിന്നും വധഭീഷണി നിലനില്‍ക്കുന്ന സമയത്താണ് ദുരൂഹസാഹചര്യത്തില്‍, ഒരു വണ്ടി ആളുകള് രണ്ടും കല്‍പ്പിച്ച് വരുന്നത്!
ഒടുവില്‍ ലൊക്കേഷന്‍ ക്യാമറയില്‍ പകര്‍ത്താന്‍ വന്നവരുടെ മുഖവും ഐഡന്റിറ്റി കാര്‍ഡുകളും അവര് ക്യാമറയില്‍ പകര്‍ത്തിയശേഷമാണ് വിട്ടത് (സിനിമയുടെ ഡിലീറ്റട് സീന്‍ ആയി ഇട്ടിരുന്നെങ്കില്‍ നല്ല റീച്ച് കിട്ടേണ്ട വീഡിയോ ആയിരുന്നു).

അവരുടെ ആതിഥ്യ മര്യാദ തീരെ ഇഷ്ടപെടാത്തതുകൊണ്ട്, വീട് ഷൂട്ടിങ്ങിനു കൊടുക്കുമോ എന്ന് പോലും ചോദിക്കാതെ ഞങ്ങള് ഇന്നോവ തിരിച്ചു.
മുന്‍ സീറ്റിലെ ലൊക്കേഷന്‍ ചേട്ടനപ്പോഴും, തോക്ക് കണ്ട ആ ഷോക്കില്‍ കയറിയ ചെന്തെങ്ങിന്റെ മുകളില്‍നിന്നും താഴെ ഇറങ്ങിയിട്ടില്ലായിരുന്നു….
എല്ലാവരും മൂപ്പരുടെ നേരെ നോക്കി ചോദിച്ചു…
“അല്ല ചേട്ടാ…. നിങ്ങളെന്താണ് അവരോട്, ഷൂ ഷൂ ഷൂ… ന്ന് പറഞ്ഞുകൊണ്ടിരുന്നത്?”
“അത് പേടിച്ചിട്ടു സൗണ്ട് പുറത്തേക്ക് വരാതിരുന്നതാ…”
“എന്നാലും എന്താണ് പറയാൻ ശ്രമിച്ചത്?”
“ഷൂട്ടിംഗിന് വന്നതാണെന്ന്”

ആഹാ…. തോക്ക് നെഞ്ചത്തേക്ക് ചൂണ്ടി ട്രിഗറില് വിരല് വെച്ച്, എന്തിന് വന്നതാണെന്ന് ചോദിച്ച തണ്ടർബോൾട്ടുകാരോട് പറയാൻ പറ്റിയ ഉത്തരം, ഷൂട്ടിംഗ്!!
ഒച്ച പുറത്തേക്ക് വരാത്തത് നന്നായി, എന്തുകൊണ്ടും നന്നായി.

Deepu Pradeep