നാട്ടിലെ സ്റ്റേഷനിൽ പുതുതായി ചാർജെടുത്തത് അമ്പതിനായിരം mAh ന്റെ ചാർജും, ആന്റണി ദാസന്റെ പാട്ടുകളുടെ എനർജിയുമുള്ള ഒരു പോലീസുകാരനായിരുന്നു, സി ഐ പുഷ്പരാജ്!
സ്റ്റേഷൻ പരിധിയിലുള്ള ഫ്ളഡ് ലൈറ്റ് ടൂർണ്ണമെന്റ് ഉദ്ഘാടനങ്ങൾക്ക് പുഷ്പരാജിനെ വിളിക്കുമ്പൊ അങ്ങേര് ഒരു ടോർച്ചും കയ്യിൽ പിടിച്ച് പോവുമായിരുന്നു. രണ്ട് ഉദ്ഘാടനങ്ങൾ കഴിഞ്ഞു, മൂന്നാമത്തേന് പോവാനും അങ്ങേര് ടോർച്ച് എടുക്കാൻ ഒരുങ്ങിയപ്പോൾ കൊണ്സ്റ്റബിൾ ബോബി പറഞ്ഞു
“സാർ, ലൈറ്റ് നമ്മള് കൊണ്ടുപോവണ്ട.. അവിടെ ഉണ്ടാവും”
അപ്പഴാണ് പുഷ്പരാജ് പണ്ട് കുണ്ടറ സ്റ്റേഷനിലുണ്ടായിരുന്ന കാലത്തെ ഒരു ഫ്ളഡ് ലൈറ്റ് വോളീബോൾ ടൂർണമെന്റ് ഉൽഘടിക്കാൻ പോയ ആ കഥ പറഞ്ഞത്…
നിസ്സാര കേസുകൾക്ക് പോലും ദേശ് വാസിയോംസിന്റെ കട്ടയും പടവും അടിച്ച് മടക്കി ആൾറെഡി നാട്ടിൽ ഒരു ടെറർ അറ്റമോസ്ഫിയർ സൃഷ്ടിച്ചെടുത്തിട്ടുള്ള പുഷ്പൻ സി ഐ, ഉദ്ഘാടകനായി ആ മൈതാനത്തെത്തി വിരിഞ്ഞങ്ങനെ നിന്നു. പക്ഷെ, സി ഐ ടെ കയ്യിന്റെ ചൂടറിഞ്ഞിട്ടുള്ള ഏതോ വിരുതന്മാർ മത്സരത്തിനിടെ ഫ്ളഡ് ലൈറ്റ് ഓഫ് ചെയ്ത് പുഷ്പരാജിനെ പെടച്ച് പപ്പടമാക്കി. വെളിച്ചം തിരിച്ച് വന്നപ്പോ വളഞ്ഞ കൂമ്പും വിളഞ്ഞ കവിളുമായി പുഷ്പരാജ് നിന്നു, തച്ചവർ ആരാണെന്ന് പോലുമറിയാതെ…
“അടി കിട്ടുമ്പോ തിരിച്ചടിക്കാനോ തടുക്കാനോ പറ്റിയില്ലെങ്കിലുത്തെക്കാളും വിഷമമാണ് ബോബീ, അടിച്ചതാരാണെന്ന് അറിയാതിരിക്കുന്ന ആ അവസ്‌ഥ!”
ഒരു ട്രാൻസ്ഫർ ഒപ്പിച്ച്, ഇനിയൊരിക്കലും ആ നശിച്ച നാട്ടിൽ കാലുകുത്തില്ല എന്ന കഠിനപ്രതിജ്ഞ ചൊല്ലി നടന്നിരുന്ന പുഷ്പരാജിന് പക്ഷെ നെക്സ്റ്റ് മിഥുനത്തിൽ തന്നെ വാക്ക് തെറ്റിക്കേണ്ടി വന്നു. ഡിപ്പാർട്ട്‌മെന്റ് വീണ്ടും കുണ്ടറയിലേക്ക് തട്ടിയതല്ല, മാട്രിമോണിയിൽ കണ്ട കുണ്ടറക്കാരി ശോഭിത നെഞ്ചിൽ തട്ടി.
സ്വന്തം നാടായ ആറ്റിങ്ങലിൽ നിന്നും ബന്ധുക്കളെയും കൂട്ടി പുഷ്പരാജ് ശോഭിതയുടെ വീട്ടിലെത്തി പെണ്ണ് കണ്ടു, തട്ടിയ നെഞ്ചിൽ ശോഭിത കയറിയങ്ങിരുന്നു… രണ്ടുപേരും മാത്രമായി മുറിയിൽ ഇരുന്നു സംസാരിക്കുന്ന ആ മൊമെന്റിൽ പുഷ്പരാജ് പറഞ്ഞു,
“എന്റെ കല്യാണം ഗുരുവായൂർ വെച്ച് നടത്തണം എന്ന് അമ്മയ്ക്കൊരു നേർച്ച ഉണ്ട്”
“സാരല്യ ചേട്ടാ, ഇതൊക്കെ പ്രകൃതീല് ഇള്ളതല്ലേ…”
പുഷ്പരാജ് പുഞ്ചിരിച്ചു. ആ പുഞ്ചിരി കെ-റെയിനേക്കാൾ വേഗത്തിൽ പോയി നിന്നത് ആഗസ്റ്റ് 16 നാണ്, പത്തിനും പത്തരയ്ക്കും ഇടയ്ക്കുള്ള ശുഭ മുഹൂർത്തത്തിൽ. ശോഭിത മഞ്ഞ കുറ്റിയിൽ വന്നു നിന്നു, സോറി മഞ്ഞ സാരിയിൽ വന്നു നിന്നു. പുഷ്പരാജ് കെട്ടി.
ഗുരുവായൂർ അമ്പലത്തിന്റെ നടപന്തലിൽ താലികെട്ടലും മാലയിടലും കഴിഞ്ഞു നിൽക്കുമ്പോൾ പുഷ്പരാജിന്റെ അച്ഛൻ ശോഭിതയുടെ അടുത്തേക്ക് വന്നിട്ട് കൈപിടിച്ചിട്ടു പറഞ്ഞു, “മോളെ… കൊളുത്താതെ തന്നെ പൊട്ടുന്ന ഒരു പന്നിപടക്കമാണ് എന്റെ മോൻ… മോളൊന്നു സൂക്ഷിക്കണം”
“സാരല്യ അച്ഛാ, ഇതൊക്കെ പ്രകൃതീല് ഇള്ളതല്ലേ”
അച്ഛനാ മരുമോളെ ഒന്ന് അടിമുടി നോക്കി
‘എവിടെയോ…. എന്തോ തകരാറ് പോലെ…’
ആറ്റിങ്ങലിൽ നിന്ന് ചെക്കന്റെ കാർ കൂടാതെ ഒരു ടൂറിസ്റ്റ് ബസ് ആയിരുന്നു വന്നിട്ടുണ്ടായിരുന്നത്. സദ്യ പെട്ടെന്ന് കഴിച്ചിട്ട് വന്ന പുഷ്പരാജ് പെങ്ങളുടെ ഭർത്താവിന് ഒരു പതിനായിരം രൂപ എടുത്ത് കൊടുത്തിട്ട് പറഞ്ഞു “ടൂറിസ്റ്റ് ബസിലുള്ളവരെ ഗുരുവായൂർ ആനക്കോട്ടയും, തൃശൂർ സൂ വും ഒക്കെ കാണിച്ചിട്ട് ആറ്റിങ്ങലിലേക്ക് പതുക്കെ എത്തിയാ മതി, വളരെ പതുക്കെ…”
കാര്യം മനസ്സിലായ അളിയൻ പുഷ്പരാജിനെ നോക്കി ഒന്നു പുഞ്ചിരിച്ചു. വീട്ടിൽ തനിച്ച് ഫസ്റ്റ് നൈറ്റ് ആഘോഷിക്കാനുള്ള പ്ലാനോടെ പുഷ്പരാജ് ശോഭിതയെ മാത്രം കൂട്ടി ടാക്സി കാറിൽ ആറ്റിങ്ങലിലേക്ക് പറന്നു..
ടൂറിസ്റ്റ് ബസ്സുകാർ എല്ലാവരും സദ്യയും കഴിഞ്ഞ് തലേന്ന് എടുത്ത റൂമും വെക്കേറ്റ് ചെയ്ത് ആനക്കോട്ട എത്തിയപ്പോൾ സമയം പന്ത്രണ്ടര, അവിടുന്നിറങ്ങി തൃശൂർ സൂ എത്തിയപ്പോ മൂന്നര, മൃഗങ്ങളെ മുഴുവൻ കണ്ട് ഭക്ഷണവും കഴിച്ച് രാത്രി ഏഴരയ്ക്ക് ബസ് തൃശൂർ വിടുമ്പോഴേക്കും കല്യാണ കാർ ആറ്റിങ്ങലിലെ വീട്ടിലെത്തിയിരുന്നു. ഇനി അവര് വീടെത്തുമ്പോൾ പുലർച്ചെ രണ്ടു മണി! പുഷ്പരാജിന്റെ കാൽകുലേഷൻ ഒക്കെ കിറുകൃത്യമായിരുന്നു. പക്ഷെ ചെറിയൊരു മിസ്റ്റേക്ക്, വീടിന്റെ താക്കോല് ബസ്സിൽ ഉള്ള ഒരു അമ്മാവന്റെ പോക്കറ്റിലായിരുന്നു!!
ആദ്യരാത്രി ഉമ്മറത്ത് ഗ്രില്ലുള്ള സ്വന്തം വീടിന്റെ കാർ പോർച്ചിൽ ഇരുന്ന് ആഘോഷിക്കാനായിരുന്നു പുഷ്പരാജിന്റെ യോഗം. ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവറെ എല്ലാ അരമണിക്കൂറും വിളിച്ചിട്ട് സ്പീഡ് കൂട്ടാൻ തെറി പറഞ്ഞുകൊണ്ടിരുന്ന പുഷ്പരാജിന്റെ കൈ ഒരു പതിനൊന്നര മണി ആയപ്പോൾ കൂട്ടിപിടിച്ചിട്ട് ശോഭിത പറഞ്ഞു,
“സാരല്യ ചേട്ടാ…”
‘ഇതും പ്രകൃതീല് ഉള്ളതാ’ എന്നുകൂടി ശോഭിത പറയുമെന്ന് പുഷ്പരാജ് കരുതി. പക്ഷെ പറഞ്ഞില്ല… ഇതൊക്കെ എങ്ങനെ ഉണ്ടാവാനാ?
രണ്ടു ഇളം കാറ്റുകൾ വീശിപ്പോയ ശേഷം പുഷ്പരാജ് ചുണ്ടനക്കി…
“വേണമെങ്കിൽ നമുക്ക് അടുക്കള ഭാഗത്ത് പോയി രണ്ടുമ്മ വെച്ചിട്ട് വരാട്ടോ…”
“അതെന്താ ഇവിടെ ആയാല്?”
“പുഷ്പരാജ് ഉത്തരം പറയാതെ വീടിന്റെ ഓപ്പോസിറ്റ് ഉള്ള കടമുറികൾക്ക് മുന്നിലെ സിസിടിവികൾ നോക്കി പല്ലിറുമ്മി.
പിറ്റേന്നായിരുന്നു കുണ്ടറയിലെ ഭാര്യ വീട്ടിലേക്കുള്ള വിരുന്ന്. അന്ന് വൈകുന്നേരം അവിടെയുള്ള ഒരു പുഴക്കരയിൽ വെച്ചായിരുന്നു അവരുടെ പോസ്റ്റ് വെഡിങ്ങ് ഫോട്ടോഷൂട്ട്. ശോഭിതയുടെ അനിയൻ ചെക്കൻ ശോബിത്തിനെയും കൂടെ കൂട്ടി അവർ പോയി. ശോഭിതയുടെയും പുഷ്പരാജിന്റെയും കുറെ പിക്‌സ് എടുത്ത ശേഷം ഫോട്ടോഗ്രാഫർ പറഞ്ഞു, “ഇനി സാറിന്റെ കവിളത്ത് ശോഭിത്ത് പിടിച്ചു നിൽക്കുന്ന ഒരു ഫോട്ടോ എടുക്കാം…”
പുഷ്പരാജിന് ഒരു സംശയം,
“ശോഭിതയല്ലേ പിടിക്കേണ്ടത്?”
“ഭാര്യ കവിളത്ത് പിടിച്ച് നിൽക്കുന്നതൊക്കെ ഔട്ട് ഓഫ് ഫാഷനായി സാറേ”
‘ഇപ്പോഴത്തെ സ്റ്റുഡിയോക്കാരുടെ ഓരോ ഫാഷനേ’ ന്നും പറഞ്ഞ് പുഷ്പരാജ് മുഖം കൊണ്ട് പോസ് ചെയ്തു. ശോബിത്ത് വന്നു പുഷ്പരാജിനെ ഇരുകവിളുകളും കൈ കുമ്പിളിലാക്കി.
‘നല്ല പരിചയമുള്ള കൈ വിരലുകൾ!!’
നവവരന്റെ വേഷമഴിച്ചു വെച്ച സി ഐ പുഷ്പരാജിന്റെ ഓർമ്മകൾ ആ ഫ്ളഡ് ലൈറ്റ് ടൂർണ്ണമെന്റ് നടന്ന രാത്രിയിലേക്ക് പോയപ്പോൾ കാര്യങ്ങൾ വ്യക്തമായി.
“നിങ്ങള് ഇനി ശോഭിതയുടെ കുറച്ച് സോളോ എടുക്ക്” എന്നും പറഞ്ഞ് പുഷ്പനാഥ് അളിയനെയും വിളിച്ച് അവിടെനിന്നും മാറി.
മുഷ്ടി ചുരുട്ടി ഒന്നു വിരട്ടിയപ്പോൾ ചെക്കൻ കരഞ്ഞുകൊണ്ട് കുറ്റം ഏറ്റുപറഞ്ഞു… പുഷ്പരാജിന്റെ കുണ്ടറക്കാലത്തെ ഒരു പോലീസ് ചെക്കിങ്ങ്. ബൈക്കിൽ വന്ന ശോബിത്തിന്റെ പോക്കറ്റിൽ നിന്നും ഒരു നുള്ളു കഞ്ചാവ് കിട്ടിയ കേസിൽ അയാളവനെ ഇടിച്ച് നുരയും പതയും വരുത്തിയിരുന്നു.
ഗ്രാം തികയാത്തതുകൊണ്ടു കേസ് എടുക്കാതെ വിട്ട ശോഭിത്തിനെ പുഷ്പന് അപ്പോൾ ഓർമ്മ വന്നു. ‘ഞാൻ കഞ്ചാവല്ല’ എന്നു പറഞ്ഞ് അവനന്ന് കരഞ്ഞതും തെളിഞ്ഞുവന്നു… ലവനും കൂട്ടുകാരും കിട്ടിയ അടിക്ക് മറുപടി കൊടുത്തതായിരുന്നു ആ ഫ്ളഡ് ലൈറ്റ് റിവഞ്ച്!
പുഷ്പരാജ് മൂന്ന് ഇടി സ്വന്തം നെഞ്ചത്ത് ഇടിച്ചു
“ഈശ്വരാ…. ഒരു കഞ്ചാവിന്റെ പെങ്ങളെ ആണല്ലോ എനിക്ക് കെട്ടേണ്ടി വന്നത്’
“ഞാൻ കഞ്ചാവല്ല!”
“പിന്നെ നിന്റെ അച്ഛനാണോടാ കഞ്ചാവ്?”
“അല്ല, ചേച്ചി!”
പുഷ്പരാജ് ഞെട്ടിത്തിരിഞ്ഞ് പിറകിൽ സോളോ ഫോട്ടോഷൂട്ട് നടക്കുന്നിടത്തേക്ക് നോക്കി,
“അടുത്തത് നമുക്ക് പുഴയിൽ കിടക്കുന്ന മാഡത്തിന്റെ മുന്നിലേക്ക് പാറപ്പുറത്ത് നിന്നും സാറ് ചാടുന്ന പിക്‌സ് എടുത്താലോ… കുറച്ച് റിസ്കി ഷോട്‌സായിരിക്കും”
“സാരല്യ ചേട്ടാ… അതൊക്കെ പ്രകൃതില് ഇള്ളതല്ലേ….”