ക്രിഞ്ച് മഹേഷ് സിഗരറ്റ് വലി തുടങ്ങിയിട്ട് എട്ടു വർഷമായെങ്കിലും ഇതേവരെ വീട്ടിൽ പൊക്കിയിട്ടില്ല. കാരണമെന്താ? ആ ആചാരത്തിൽ അവൻ അനുഷ്ഠിച്ച് പോരുന്ന ശ്രദ്ധയും കണിശതയും കരുതലും. വീട്ടിൽ വെച്ചാണെങ്കിൽ രാത്രി മാത്രമേ അവൻ വലിക്കൂ, അതും എല്ലാവരും ഉറങ്ങിയശേഷം മുറിയിലെ ലൈറ്റ് അണച്ച്, ജനാല തുറന്നിട്ട് മാത്രം. തൊട്ടടുത്ത വീട്ടിലെ സുമേച്ചി കാണാതിരിക്കാൻ വേണ്ടി ജനലിന്റെ അടുത്തുനിന്നും മാറി നിന്ന് വലിച്ച്, പുക മാത്രം പുറത്തേക്ക് ഊതി വിടുന്നതായിരുന്നു അവന്റെ രീതി. സുമേച്ചി കണ്ടാൽ, ടെൻ കെ ഫോളോവേഴ്‌സുള്ള പ്രൊഫൈലിൽ നിന്ന് ഫേസ്‌ബുക്ക് ലൈവ് പോയതിലും കൂടുതൽ ആളോളറിയും, അതാണാള്.
കഴിഞ്ഞ മാസം ഒരു സ്നേഹിതൻ ഗൾഫിൽ നിന്ന് വന്നപ്പോൾ മഹേഷിന് സിഗരറ്റിന് പകരം ഉപയോഗിക്കാവുന്ന ഒരു വേപ്പ് ഗിഫ്റ്റ് കൊടുത്തു. സാധനം അവനിഷ്ടപ്പെട്ടു…. മണമില്ല, കൊണ്ടു നടക്കാൻ എളുപ്പം, കത്തിക്കാൻ തീപ്പെട്ടി വേണ്ട, പെട്ടെന്ന് ആരെങ്കിലും കണ്ടാൽ വലിച്ചെറിഞ്ഞു കാശും കളയണ്ട… ശാസ്ത്രത്തിന്റെ ഒരു വളർച്ചേ!
ക്രിഞ്ച് മഹേഷ് പതിവുപോലെ മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത് വേപ്പ് വലിക്കാൻ തുടങ്ങി… പക്ഷെ മാറി നിന്നല്ല, നേരെ ജനാലയുടെ മുന്നിൽ നിന്നു കാറ്റും കൊണ്ട് വലിച്ചു. സുമേച്ചിയോ സുമേച്ചിയുടെ വീട്ടുകാരോ കാണാൻ ഇതിൽ സിഗരറ്റിന്റെ പോലെ തീ ഇല്ലല്ലോ.
പക്ഷേ ഒരു പ്രശ്നമുണ്ടായിരുന്നു…. ഈ വേപ്പിന്റെ മുന്നിൽ ചെറിയ ഒരു ലൈറ്റ് ഉണ്ട്. അകത്തേക്ക് വലിക്കുമ്പോൾ തെളിയുന്ന ഒരു നീല ലൈറ്റ്. ആ വേപ്പ് അവൻ കണ്ണാടി നോക്കി വലിക്കാത്തത് കൊണ്ടും, വേറെ ഒരാൾ ഇത് വലിച്ച് കാണാത്തത് കൊണ്ടും മഹേഷത് കണ്ടില്ല. പക്ഷെ സുമേച്ചി കണ്ടു. മൂന്നു രാത്രികളിലും!
നാലാം നാൾ സുമയുടെ തിക്ക് ഫ്രണ്ട്സ് വാട്‌സപ്പ് ഗ്രൂപ്പിന്റെ ന്യൂസ് അവറിൽ ഈ വിഷയം ചർച്ചയ്ക്കെത്തി.
“രാത്രിയായാൽ അപ്പുറത്തെ വീട്ടിലെ മഹേഷിന്റെ മുറിയിൽ നിന്ന് ഒരു നീല വെളിച്ചം കാണാം…”
“നീലയോ??”
“ആ നീല”
“ചുവപ്പോ മഞ്ഞയോ ആയിരുന്നെങ്കിൽ കുഴപ്പില്ലായിരുന്നു…. നീലയാണെങ്കിൽ സുമേ, നീ സൂക്ഷിക്കണം”
അലിയാർ മാഷ് ഡബ്ബ് ചെയ്യുന്ന സീരിയലിന്റെ പ്രൊമോ പോലെ പ്രക്ഷുബ്ധമായി സുമേച്ചിയുടെ മനസ്സ്.
പിറ്റേന്ന് അതിരാവിലെ തന്നെ മഹേഷിന്റെ വീട്ടിലെത്തിയ സുമ അവന്റെ അമ്മ ഭാരതിയോട് കാര്യം പറഞ്ഞു.
“മഹേഷ് മുറിയിൽ നിന്ന് ഞങ്ങളുടെ വീട്ടിലേക്ക് നോക്കി എന്തോ ഉപകരണം പ്രവർത്തിപ്പിക്കുന്നുണ്ട്” വേറെ പ്ലോട്ടൊക്കെ വന്നു!
അമ്മ ഉടനെ, ‘ഇവിടെ ആരാരും കരയുകില്ല…’ എന്ന പാട്ടും വെച്ചിരിക്കുകയായിരുന്ന മഹേഷിനെ വിളിച്ചു,
“എന്താടാ നീ രാത്രി ഇവരുടെ വീട്ടിലേക്ക് നോക്കി പ്രവർത്തിപ്പിക്കുന്ന ആ ഉപകരണം?”
പെട്ട് എന്നവന് പെട്ടെന്ന് മനസ്സിലായി.
സുമേച്ചി ആന്റ് പാർട്ടി ഇതിന് വേറെ അർത്ഥതലങ്ങള് വരെ ഉണ്ടാക്കി കളയും എന്നുറപ്പായപ്പോൾ അവൻ,
‘അതൊരു സിഗരറ്റാണമ്മേ’ എന്നുപറഞ്ഞു പൊട്ടികരഞ്ഞു കാലിൽ വീണു.
ചുരുക്കിപ്പറഞ്ഞാ, എട്ടുകൊല്ലമായി ആരുമറിയാതെ സിഗരറ്റ് വലിച്ചവനെ, വെറും മൂന്നു ദിവസം വേപ്പ് വലിച്ചപ്പൊ പൊക്കി.
ശാസ്ത്രത്തിന്റെ ഒരു മറ്റേടത്തെ വളർച്ച!
ഈ സമയത്ത് ചെവിക്ക് ലേശം കഷ്ടിയുള്ള മഹേഷിന്റെ അച്ഛമ്മ ഇവരുടെ അടുത്തേക്ക് വന്നു, അവര് വേപ്പ് വേപ്പ് വേപ്പ് എന്ന് കുറച്ചുതവണ കേട്ടല്ലോ…
“ഭാരതീ…. മുറ്റത്ത് നിൽക്കുന്ന വേപ്പിന്റെ കാര്യമാണെങ്കിൽ എനിക്ക് ജീവനുള്ളടത്തോളം കാലം അത് മുറിച്ച് കാർ പോർച്ച് പണിയാൻ ഞാൻ സമ്മതിക്കില്ല!”
പറുദീസാ!! അച്ഛമ്മ വക വേറെ പാർട്ടി സമ്മേളനം.
സുമേച്ചി സ്‌ട്രൈക്ക്ട്! കുടുംബത്തിലും നാട്ടിലും അവന്റെ ഫുൾ നെയിം, ‘ക്രിഞ്ച് മഹേഷി’ൽ നിന്നും ‘വേപ്പ് മഹേഷ്’ ആയി മാറി. മുറ്റത്തേക്ക് ഇറങ്ങിയാൽ ആ വേപ്പ് മരവും!
ഹാ…. ഇരട്ടപ്പേര് മുറ്റത്ത് പന്തലിച്ചു നിൽക്കുന്നത് കാണാനും വേണം ഒരു യോഗം.