ജീവിതത്തിൽ നേരിട്ട ഏറ്റവും പ്രൈസ് ലെസ് ചോദ്യം എന്തായിരുന്നു? എനിക്കത് വളരെ പണ്ടൊരു നിലാവില്ലാത്ത രാത്രി, പൊന്നാനി പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരൻ ചോദിച്ച ചോദ്യമാണ്.

അന്നൊക്കെ കൊച്ചിയിലേക്കുള്ള പോക്കും വരവും മിക്കതും ബസ്സിലാണ്. രാത്രി പന്ത്രണ്ടിനോ ഒരു മണിക്കോ ഒക്കെ ഹൈവേയിലെ സ്റ്റോപ്പിൽ ബസ്സിറങ്ങി പിന്നങ്ങോട്ടുള്ള മുക്കാൽ കിലോമീറ്റർ ഇരുട്ടിനോട് മിണ്ടിയും പറഞ്ഞും അങ്ങനെ നടക്കും. രാത്രി ലേറ്റാവുന്നത് കൊണ്ട് ഗേറ്റ് നേരത്തെ പൂട്ടിക്കോളാൻ വിളിച്ചുപറയാറുണ്ട്. എന്നിട്ട് ചിലപ്പൊ ബാഗ് അപ്പുറത്തേക്ക് ഇട്ടിട്ടു ചാടും, അല്ലെങ്കിൽ തോളത്തു തൂക്കി തന്നെ ചാടും, ജസ്റ്റ് തിരക്കഥാകൃത്ത് തിങ്ങ്സ്.

വരിക്ക പ്ലാവിന്റെ ചക്ക പഴുത്ത മണമുള്ള ഒരു രാത്രി. മാണൂർ പള്ളിടെ അവിടെ കെ എസ് ആർ ടി സി ഇറങ്ങി നടന്നു… ഇരുട്ടിലൂടെ നടക്കുമ്പോൾ ലൈറ്റ് അടിക്കുന്നു ശീലം ഇന്നുമില്ല…
നടന്ന് വീടിൻ്റെ തൊട്ടടുത്ത്, ഒരു ഇരുനൂറ്റി അമ്പത് മീറ്റർ എത്തിയപ്പോൾ, ദാ എതിരെ നിന്നും പൊന്നാനി സ്റ്റേഷനിലെ വെള്ള ബൊലേറോ മെല്ലെ വരുന്നു.
അസമയം, സംശയാസ്പദമായ സാഹചര്യം. എൻ്റെ അടുത്ത് വണ്ടി നിർത്തി അതിലുണ്ടായിരുന്ന രണ്ട് പൊലീസുകാരും കാര്യം തിരക്കി. കൊച്ചിയിൽ നിന്ന് വരുന്ന വഴി ബസ് ഇറങ്ങി നടക്കുന്നതാണെന്നു പറഞ്ഞു.
വീട് ആ കാണുന്നതാണെന്നു ചൂണ്ടിക്കാണിക്കുക ചെയ്തത്തോടെ അവര് വിട്ടു. പക്ഷെ ശരിക്കും വിട്ടിട്ടുണ്ടായിരുന്നില്ല. ജീപ്പ് മുന്നോട്ട് ഒന്ന് എടുക്കുന്നതായി കാണിച്ച് അവർ അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു, ഞാൻ എന്റെ വീട്ടിലേക്ക് തന്നെയാണോ കയറി പോവുന്നത് എന്ന് നോക്കാൻ!

‘ഞാൻ എന്തിന് പതറണം, എന്റെ സ്വന്തം വീടല്ലേ’ എന്ന ധൈര്യത്തോടെ ഗേറ്റ് ന് അടുത്തെത്തിയപ്പൊ, ഒൻപത് മണിക്കേ പൂട്ടിയ ഗേറ്റ് എന്നെ നോക്കി ഡർബാർ രാഗത്തിൽ ചിരിക്കുന്നു!
പതറി!!
തിരിഞ്ഞു ബൊലേറോയിലേക്ക് നോക്കിയപ്പോൾ പോലീസുകാരിൽ ഒരാളുടെ കണ്ണ് വണ്ടിയ്ക്കുള്ളിലെ റിയർ വ്യൂ മിററിലും മറ്റേയാളുടെ കണ്ണ് ഡ്രൈവിങ് സൈഡിലെ സൈഡ് മിററിലും ഞാൻ കണ്ടു!

രണ്ട് ഒപ്ഷനാണ് മുന്നിലുള്ളത്.
തിരിച്ച് നടന്നുചെന്ന്… ‘സേർ, ഗെയിറ്റ് പൂട്ടിയിട്ടുണ്ട്… ഞാനൊന്നു ചാടിക്കോട്ടെ?’ എന്ന് ചോദിക്കുക. അപ്പോൾ ഉണ്ടാവുന്ന അവരുടെ മുഖത്തെ റിയാക്ഷൻ മനസിലെ ചില്ലു ഭരണിയിൽ ഉപ്പിലിട്ട് സൂക്ഷിക്കുക. അല്ലെങ്കിൽ അമ്മയെ ഫോൺ വിളിച്ച് റേഷൻ കാർഡ് എടുത്ത് പുറത്തേക്ക് വരാൻ പറയുക.
പക്ഷേ എനിക്കൊരു ഓരോപ്ഷൻ ത്രീ കൂടി ഉണ്ടായിരുന്നു!
ഞാൻ ഗെയിറ്റ് ചാടി!! പോലീസുകാര് രണ്ടും, ജ്ജും ജ്ജും ന്ന് വണ്ടി തുറന്ന് ഓടിവന്ന് അപ്പുറം, ഞാൻ ഇപ്പുറം. നടുവിൽ ഷട്ടിൽ കോർട്ടിൻ്റെ നെറ്റ് പോലെ എൻ്റെ ഗെയിറ്റും.

എന്റെ മതിലിനപ്പുറം കിതച്ചുകൊണ്ട് നിന്നിരുന്ന അവർക്ക്, ഫോണെടുത്ത് വീടിനു മുന്നിൽ നിന്നെടുത്ത എന്റെ സെൽഫികൾ കാണിച്ച്, ഡോക്ടർ സണ്ണിയോട് ഗംഗ, നാഗവല്ലിയുടെ ആഭരണത്തെകുറിച്ച് പറയും പോലെ വിവരിച്ചുകൊടുത്തു.
അവരിലൊരാൾ കൺവിൻസ്ഡായി…
അപ്പോഴും മറ്റെ പോലീസുകാരന്റെ മുഖത്ത് ഒരു വിശ്വാസക്കുറവ്…. അയാൾ പതിയെ നടന്നു ഗേറ്റ് നു അടുത്തേക്ക് വന്നു…
“നിന്നെ കണ്ടാ കള്ളൻ ആയിട്ടൊന്നും തോന്നുന്നില്ല…”
‘ആശ്വാസം!’
“പക്ഷേ സത്യം പറ… ഇത് നിൻ്റെ…. കാമുകിയുടെ വീടല്ലെ?”
നേരത്തെ പറഞ്ഞ ആ പ്രൈസ് ലെസ് ചോദ്യം!
എനിക്കങ്ങട് കണ്ണും മനസ്സും ഒക്കെ നിറഞ്ഞു.
“എന്നെ കണ്ടാൽ ഒരു കാമുകി ഉള്ളവനെ പോലെയൊക്കെ തോന്നും ലേ?”

തിരൂർ ഗൾഫ് മാർക്കറ്റിലൂടെ പോക്കറ്റിലെ ആകെയുള്ള നൂറു രൂപ ചില്ലറയാക്കാൻ നടക്കുമ്പോൾ, അവിടെയുള്ള ഏജന്റുമാർ ‘ഡോളർ മാറാൻ ഉണ്ടോ’ന്ന് ചോദിക്കുമ്പ പോലും കിട്ടാത്ത ഒരു കിക്ക്.